JOHANA 14:1-18

JOHANA 14:1-18 MALCLBSI

“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്; ദൈവത്തിൽ വിശ്വസിക്കുക; എന്നിലും വിശ്വസിക്കുക. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്ക് ഒരു വാസസ്ഥലം ഒരുക്കുവാൻ പോകുന്നു എന്നു ഞാൻ പറയുമായിരുന്നുവോ? ഞാൻ എവിടെ ആയിരിക്കുന്നുവോ, അവിടെ നിങ്ങളും ഉണ്ടായിരിക്കേണ്ടതിന് ഞാൻ പോയി സ്ഥലം ഒരുക്കിയശേഷം വീണ്ടും വന്ന് നിങ്ങളെ കൂട്ടിക്കൊണ്ടുപോകും. ഞാൻ പോകുന്നിടത്തേക്കുള്ള വഴി നിങ്ങൾക്കറിയാം.” തോമസ് യേശുവിനോട്, “ഗുരോ, എവിടേക്കാണ് അങ്ങു പോകുന്നതെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ; പിന്നെ എങ്ങനെയാണു വഴി അറിയുക” എന്നു ചോദിച്ചു. യേശു മറുപടി പറഞ്ഞു: “വഴിയും സത്യവും ജീവനും ഞാൻ തന്നെയാണ്; എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. നിങ്ങൾ എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇപ്പോൾമുതൽ നിങ്ങൾ അവിടുത്തെ അറിയുന്നു, നിങ്ങൾ അവിടുത്തെ ദർശിച്ചുമിരിക്കുന്നു.” അപ്പോൾ ഫീലിപ്പോസ്, “ഗുരോ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതന്നാലും; ഞങ്ങൾക്ക് അതുമാത്രം മതി” എന്നു പറഞ്ഞു. യേശു ഇപ്രകാരം അരുൾചെയ്തു: “ഇത്രയുംകാലം ഞാൻ നിങ്ങളോടുകൂടി ഉണ്ടായിരുന്നിട്ടും നിനക്ക് എന്നെ മനസ്സിലായില്ലല്ലോ ഫീലിപ്പോസേ; എന്നെ കണ്ടിട്ടുള്ളവൻ എന്റെ പിതാവിനെയും കണ്ടിരിക്കുന്നു. പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരണമെന്നു നീ പറയുന്നത് എന്താണ്! ഞാൻ പിതാവിലും പിതാവ് എന്നിലുമാകുന്നു എന്നു നീ വിശ്വസിക്കുന്നില്ലേ? നിങ്ങളോടു ഞാൻ പറയുന്ന ഈ വാക്കുകൾ എന്റെ സ്വന്തമല്ല; പിതാവ് എന്നിൽ വസിച്ച് എന്നിലൂടെ തന്റെ പ്രവൃത്തികൾ നിർവഹിക്കുന്നു. ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു ഞാൻ പറയുന്നതു വിശ്വസിക്കുക, അല്ലെങ്കിൽ എന്റെ പ്രവൃത്തികൾകൊണ്ടെങ്കിലും വിശ്വസിക്കുക. ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു; എന്നിൽ വിശ്വസിക്കുന്നവൻ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് അവയെക്കാൾ വലിയ പ്രവൃത്തികളും ചെയ്യും. പിതാവിന്റെ മഹത്ത്വം പുത്രനിൽക്കൂടി വെളിപ്പെടുന്നതിന് എന്റെ നാമത്തിൽ നിങ്ങൾ എന്തുതന്നെ അപേക്ഷിച്ചാലും ഞാൻ നിങ്ങൾക്കു ചെയ്തുതരും. എന്റെ നാമത്തിൽ നിങ്ങൾ എന്തെങ്കിലും അപേക്ഷിക്കുന്നെങ്കിൽ അതു ഞാൻ ചെയ്തുതരും. “നിങ്ങൾ എന്നെ സ്നേഹിക്കുന്നെങ്കിൽ എന്റെ കല്പനകൾ അനുസരിക്കും. ഞാൻ പിതാവിനോട് അപേക്ഷിക്കുകയും അവിടുന്നു സത്യത്തിന്റെ ആത്മാവിനെ മറ്റൊരു സഹായകനായി നിങ്ങളോടുകൂടി എന്നേക്കും ഇരിക്കുവാൻ നിങ്ങൾക്കു നല്‌കുകയും ചെയ്യും. ലോകം ആ ആത്മാവിനെ കാണുകയോ അറിയുകയോ ചെയ്തിട്ടില്ല; അതിനാൽ ലോകത്തിന് അവിടുത്തെ സ്വീകരിക്കുവാനും കഴിയുകയില്ല. നിങ്ങൾ അവിടുത്തെ അറിയുന്നു; എന്തെന്നാൽ അവിടുന്നു നിങ്ങളോടുകൂടി ഇരിക്കുകയും നിങ്ങളിൽ വസിക്കുകയും ചെയ്യുന്നു. “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.

JOHANA 14 വായിക്കുക