RORELTUTE 7:9-15

RORELTUTE 7:9-15 MALCLBSI

“ശത്രുപാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാൻ അവരുടെമേൽ നിങ്ങൾക്കു വിജയം നല്‌കിയിരിക്കുന്നു” എന്നു സർവേശ്വരൻ ഗിദെയോനോട് അന്നു രാത്രിയിൽ കല്പിച്ചു: “അവിടെ പോകാൻ നിനക്കു ഭയമാണെങ്കിൽ നിന്റെ ഭൃത്യൻ പൂരയെക്കൂടി അവരുടെ പാളയത്തിലേക്കു കൊണ്ടുപോകുക; അവരുടെ സംഭാഷണം കേൾക്കുമ്പോൾ അവരെ ആക്രമിക്കാനുള്ള ധൈര്യം നിനക്കു ലഭിക്കും.” ഗിദെയോനും ഭൃത്യനായ പൂരയുംകൂടി ശത്രുപാളയത്തിന്റെ കാവൽമാടംവരെ പോയി. മിദ്യാന്യരും അമാലേക്യരും കിഴക്കുള്ള മരുഭൂവാസികളും വെട്ടുക്കിളികളെപ്പോലെ അസംഖ്യമായി താഴ്‌വര മുഴുവൻ നിറഞ്ഞിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു. ഗിദെയോൻ അവരുടെ പാളയത്തിൽ ചെന്നപ്പോൾ ഒരാൾ താൻ കണ്ട സ്വപ്നം അയാളുടെ സുഹൃത്തിനോട് വിവരിക്കുന്നതു കേട്ടു; അയാൾ പറഞ്ഞു: “ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു ബാർലി അപ്പം പാളയത്തിലേക്ക് ഉരുണ്ടുവന്നു. അതു കൂടാരത്തെ ഇടിച്ചു മറിച്ചിട്ടു; കൂടാരം വീണുകിടക്കുന്നു.” അപ്പോൾ കൂട്ടുകാരൻ പറഞ്ഞു: “ഇത് ഇസ്രായേല്യനായ യോവാശിന്റെ പുത്രൻ ഗിദെയോന്റെ വാൾ തന്നെയാണ്; മറ്റൊന്നുമായിരിക്കാൻ ഇടയില്ല. ദൈവം മിദ്യാന്യരെയും നമ്മുടെ സർവസൈന്യത്തെയും ഗിദെയോന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു.” ഗിദെയോൻ സ്വപ്നവും അതിന്റെ വ്യാഖ്യാനവും കേട്ടപ്പോൾ ദൈവത്തെ നമസ്കരിച്ചു. അയാൾ ഇസ്രായേൽപാളയത്തിൽ മടങ്ങിച്ചെന്നു പറഞ്ഞു: “എഴുന്നേല്‌ക്കുക, മിദ്യാൻ സൈന്യത്തിന്റെമേൽ സർവേശ്വരൻ നിങ്ങൾക്കു വിജയം നല്‌കാൻ പോകുകയാണ്.”

RORELTUTE 7 വായിക്കുക