JAKOBA 4:7-17

JAKOBA 4:7-17 MALCLBSI

അതുകൊണ്ട് നിങ്ങൾ നിങ്ങളെത്തന്നെ ദൈവത്തിനു വിധേയരാക്കുക; പിശാചിനോടു ചെറുത്തു നില്‌ക്കുക; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും. ദൈവത്തെ സമീപിക്കുക; എന്നാൽ ദൈവവും നിങ്ങളുടെ അടുത്തുവരും. പാപികളേ! നിങ്ങളുടെ കരങ്ങൾ വെടിപ്പാക്കുക; കപടഭക്തരേ! നിങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുക. നിങ്ങൾ ദുഃഖിച്ചു വിലപിച്ചു കരയുക. നിങ്ങളുടെ ചിരി കരച്ചിലായും, സന്തോഷം വിഷാദമായും തീരട്ടെ. കർത്താവിന്റെ മുമ്പിൽ നിങ്ങൾ താഴുക; എന്നാൽ അവിടുന്നു നിങ്ങളെ ഉയർത്തും. സഹോദരരേ, നിങ്ങൾ അന്യോന്യം ദുഷിക്കരുത്. സഹോദരനെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നവൻ നിയമസംഹിതയെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നു. നീ നിയമത്തെ വിധിക്കുന്നവനാണെങ്കിൽ അതിനെ അനുസരിക്കുന്നവനല്ല, പ്രത്യുത വിധികർത്താവാണ്. നിയമകർത്താവും വിധികർത്താവും ആയി നമ്മെ രക്ഷിക്കുവാനും നശിപ്പിക്കുവാനും കഴിവുള്ള ഒരുവനേയുള്ളൂ. നിന്റെ അയൽക്കാരനെ വിധിക്കുവാൻ നീ ആരാണ്? “ഇന്നോ നാളെയോ ഞങ്ങൾ പട്ടണത്തിൽപോയി ഒരു വർഷം അവിടെ താമസിച്ചു വ്യാപാരം ചെയ്തു ലാഭമുണ്ടാക്കും” എന്നു പറയുന്നവരേ, എന്റെ വാക്കുകൾ കേൾക്കൂ. നാളത്തെ കാര്യം നീ അറിയുന്നില്ലല്ലോ. നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതാകുന്നു? അല്പസമയത്തേക്കു കാണപ്പെടുകയും അടുത്ത ക്ഷണത്തിൽ കാണാതാകുകയും ചെയ്യുന്ന മൂടൽമഞ്ഞുപോലെ മാത്രമേയുള്ളൂ നിങ്ങൾ. “ദൈവം അനുവദിക്കുന്നപക്ഷം ഞങ്ങൾ ജീവിച്ചിരുന്ന് ഇന്നതു ചെയ്യും” എന്നാണ് നിങ്ങൾ പറയേണ്ടത്. അതിനുപകരം ഗർവ്വുകൊണ്ട് നീ വമ്പു പറയുന്നു. ഇങ്ങനെയുള്ള എല്ലാ വമ്പു പറച്ചിലും തിന്മയാണ്. നന്മ എന്താണെന്ന് അറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നത് പാപമാണ്.

JAKOBA 4 വായിക്കുക