ISAIA 51:1-8

ISAIA 51:1-8 MALCLBSI

സർവേശ്വരനെ അന്വേഷിക്കുന്നവരേ, വിമോചനം തേടുന്നവരേ, എന്റെ വചനം ശ്രദ്ധിക്കുവിൻ! നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്ക്, നിങ്ങളെ കുഴിച്ചെടുത്ത ഖനിയിലേക്ക് നോക്കുവിൻ. നിങ്ങളുടെ പിതാവായ അബ്രഹാമിനെയും നിങ്ങളെ പ്രസവിച്ച സാറായെയും നോക്കുവിൻ. അബ്രഹാം ഏകനായിരുന്നപ്പോൾ ഞാൻ അവനെ വിളിച്ച് അനുഗ്രഹിച്ചു സന്താനപുഷ്‍ടിയുള്ളവനാക്കിയല്ലോ. സർവേശ്വരൻ സീയോനെ ആശ്വസിപ്പിക്കും. അവളുടെ സകല ശൂന്യപ്രദേശങ്ങൾക്കും ആശ്വാസം നല്‌കും. അവളുടെ വിജനപ്രദേശത്തെ ഏദൻതോട്ടംപോലെയും മരുഭൂമിയെ സർവേശ്വരന്റെ പൂന്തോട്ടംപോലെയും ആക്കിത്തീർക്കും. സീയോനിൽ ആനന്ദവും ഉല്ലാസവും സ്തോത്രവും ഗാനാലാപവും ഉണ്ടാകും. എന്റെ ജനമേ കേൾക്കുവിൻ. എന്റെ ജനപദമേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുവിൻ. എന്നിൽനിന്ന് ഒരു നിയമം പുറപ്പെടും. എന്റെ നീതി ജനതകൾക്കു പ്രകാശമായിത്തീരും. ഞാൻ വേഗം വന്ന് അവരെ രക്ഷിക്കും. എന്റെ രക്ഷാപ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. എന്റെ കരം ജനതകളെ ഭരിക്കും. വിദൂരദേശങ്ങൾ എനിക്കുവേണ്ടി കാത്തിരിക്കുന്നു. എന്റെ കരങ്ങളിൽ അവർ പ്രത്യാശ അർപ്പിക്കുന്നു. നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്കുയർത്തുകയും താഴെ ഭൂമിയിലേക്കു നോക്കുകയും ചെയ്യുവിൻ. ആകാശം പുകപോലെ മറഞ്ഞുപോകും, ഭൂമി വസ്ത്രംപോലെ ജീർണിച്ചുപോകും. അതിൽ നിവസിക്കുന്നവർ കൊതുകുപോലെ ചത്തൊടുങ്ങും. എന്നാൽ എന്റെ രക്ഷ എന്നേക്കും നിലനില്‌ക്കും. എന്റെ വിടുതൽ നിത്യമാണ്. നീതിയെ അറിയുന്നവരേ, എന്റെ ധർമശാസ്ത്രം ഹൃദയത്തിൽ സൂക്ഷിക്കുന്നവരേ, എന്റെ വാക്കു ശ്രദ്ധിക്കുവിൻ. മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്. അവരുടെ ദൂഷണങ്ങളിൽ പരിഭ്രമിക്കുകയും അരുത്. വസ്ത്രം എന്നപോലെ കീടങ്ങളും കമ്പിളി എന്നപോലെ പുഴുവും അവരെ തിന്നൊടുക്കും. എന്നാൽ എന്റെ വിടുതൽ എന്നേക്കും ഉള്ളത്. എന്റെ രക്ഷ എല്ലാ തലമുറകൾക്കും വേണ്ടിയുള്ളതായിരിക്കും.

ISAIA 51 വായിക്കുക