EFESI 4:1-10

EFESI 4:1-10 MALCLBSI

കർത്താവിനെ സേവിക്കുന്നതുകൊണ്ട് തടവുകാരനായിരിക്കുന്ന എനിക്കു നിങ്ങളെ പ്രബോധിപ്പിക്കുവാനുള്ളത് ഇതാണ്: ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നതുകൊണ്ട്, ആ പരമമായ വിളിക്കു യോഗ്യമായ വിധത്തിൽ ജീവിക്കുക. എപ്പോഴും വിനയവും സൗമ്യതയും സഹനശക്തിയും ഉള്ളവരായിരിക്കുക; അന്യോന്യം സഹിഷ്ണുതയോടെ വർത്തിച്ചുകൊണ്ട് നിങ്ങളുടെ സ്നേഹം പ്രകടമാക്കുകയും വേണം. നിങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സമാധാനം മുഖേന, ആത്മാവു നല്‌കുന്ന ഐക്യം നിലനിറുത്തുവാൻ പരമാവധി ശ്രമിക്കുക. നിങ്ങളെ ദൈവം വിളിച്ചിരിക്കുന്നത് ഏകപ്രത്യാശയിലേക്കാണ്. അതുപോലെതന്നെ ശരീരം ഒന്നാണ്, ആത്മാവും ഒന്നാണ്; കർത്താവ് ഒരുവൻ; വിശ്വാസം ഒന്ന്, സ്നാപനവും ഒന്ന്. സർവമനുഷ്യവർഗത്തിന്റെയും പിതാവും ദൈവവും ഒരുവനത്രേ. അവിടുന്ന് പരമോന്നതൻ ആകുന്നു; അവിടുന്ന് എല്ലാവരിലുംകൂടി പ്രവർത്തിക്കുകയും എല്ലാവരിലും വ്യാപരിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിനനുസൃതമായി നമുക്കോരോരുത്തർക്കും പ്രത്യേക കൃപാവരം ലഭിച്ചിരിക്കുന്നു. വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ: അവിടുന്ന് അത്യുന്നതങ്ങളിലേക്കു കയറിയപ്പോൾ അനേകം ബദ്ധന്മാരെ തന്നോടുകൂടി കൊണ്ടുപോയി; അവിടുന്നു മനുഷ്യവർഗത്തിനു വരങ്ങൾ നല്‌കി. ‘അവിടുന്നു കയറിപ്പോയി’ എന്നു പറയുന്നതിന്റെ അർഥം എന്താണ്? ഭൂമിയുടെ അഗാധതലങ്ങളിലേക്ക് ആദ്യം ഇറങ്ങി എന്നതല്ലേ? അതുകൊണ്ട് താഴേക്ക് ഇറങ്ങിയവൻ സകല സ്വർഗങ്ങൾക്കുമുപരി കയറിയവനുമാകുന്നു; അങ്ങനെ തന്റെ സാന്നിധ്യംകൊണ്ട് അവിടുന്ന് പ്രപഞ്ചത്തെ ആകമാനം നിറയ്‍ക്കുന്നു.

EFESI 4 വായിക്കുക