നെബുഖദ്നേസർ രാജാവ് ലോകത്തെമ്പാടുമുള്ള എല്ലാ ജനങ്ങൾക്കും രാജ്യങ്ങൾക്കും ഭാഷക്കാർക്കും ഇപ്രകാരം എഴുതി: നിങ്ങൾക്ക് മംഗളം ഭവിക്കട്ടെ! അത്യുന്നതനായ ദൈവം എനിക്കു കാണിച്ചുതന്ന അദ്ഭുതങ്ങളും അടയാളങ്ങളും പ്രസിദ്ധമാക്കുന്നതു നല്ലതെന്ന് എനിക്കു തോന്നുന്നു. അവിടുന്നു കാട്ടിയ അടയാളങ്ങൾ എത്ര മഹനീയം! അദ്ഭുതങ്ങൾ എത്ര ശക്തമായവ! അവിടുത്തെ ആധിപത്യം തലമുറകളോളം ഉള്ളത്. നെബുഖദ്നേസർ എന്ന ഞാൻ എന്റെ കൊട്ടാരത്തിൽ സ്വൈരമായും ആഢംബര സമൃദ്ധിയോടുകൂടിയും വസിക്കുമ്പോൾ ഒരു സ്വപ്നം കണ്ടു. അത് എന്നെ ഭയപ്പെടുത്തി. ഞാൻ ഉറങ്ങുമ്പോൾ കണ്ട ദർശനങ്ങൾ എന്നിൽ ഭീതി ഉളവാക്കി. സ്വപ്നത്തിന്റെ പൊരുൾ വ്യാഖ്യാനിച്ചു തരാൻ ബാബിലോണിലെ സകല വിദ്വാന്മാരെയും എന്റെ മുമ്പിൽ ഹാജരാക്കാൻ ഞാൻ കല്പിച്ചു. അങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും ബാബിലോണിലെ വിദ്വാന്മാരും ജ്യോത്സ്യന്മാരും എന്റെ അടുക്കൽ വന്നു. ഞാൻ കണ്ട സ്വപ്നം അവരോടു വിവരിച്ചു. പക്ഷേ അതിന്റെ സാരം എന്തെന്നു പറയാൻ അവർക്കു കഴിഞ്ഞില്ല. ഒടുവിൽ എന്റെ ദേവനായ ബേൽത്ത്ശസ്സറിന്റെ പേരിൽ വിളിക്കപ്പെടുന്നവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനിയേൽ എന്റെ മുമ്പിൽവന്നു. അയാളോട് സ്വപ്നത്തെപ്പറ്റി ഞാൻ ഇങ്ങനെ പറഞ്ഞു: “മാന്ത്രികരിൽ മുഖ്യനായ ബേൽത്ത്ശസ്സറേ, വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നിലുണ്ടെന്നും അതുകൊണ്ട് ഒരു രഹസ്യവും നിനക്ക് ദുർഗ്രഹമല്ലെന്നും ഞാൻ മനസ്സിലാക്കുന്നു. ഇതാണ് ഞാൻ കണ്ട സ്വപ്നം. അതിന്റെ പൊരുൾ എന്തെന്നു പറയുക. കിടക്കയിൽ വച്ച് എനിക്കുണ്ടായ ദർശനത്തിൽ, ഭൂമിയുടെ മധ്യത്തിൽ വളരെ ഉയരമുള്ള ഒരു വൃക്ഷം നില്‌ക്കുന്നതു ഞാൻ കണ്ടു. അതു വളർന്നു ബലപ്പെട്ടു. അത് ആകാശം തൊട്ടുരുമ്മി നിന്നു. ഭൂമിയുടെ ഏതറ്റത്തുനിന്നു നോക്കിയാലും അതു കാണാമായിരുന്നു. ഭംഗിയുള്ള ഇലകളോടുകൂടിയ ആ വൃക്ഷം ഫലസമൃദ്ധമായിരുന്നു. എല്ലാവർക്കും ആവശ്യമുള്ള ആഹാരം അതിൽനിന്നു ലഭിച്ചിരുന്നു. വന്യമൃഗങ്ങൾ അതിന്റെ തണലിൽ വസിച്ചു. ആകാശത്തിലെ പക്ഷികൾ അതിന്റെ കൊമ്പുകളിൽ പാർത്തു. സർവ ജീവജാലങ്ങൾക്കും വേണ്ട ഭക്ഷണം അതിൽനിന്നു ലഭിച്ചു. അതാ, ഒരു ദൂതൻ, ഒരു പരിശുദ്ധൻ സ്വർഗത്തിൽനിന്ന് ഇറങ്ങി വരുന്നതു ഞാൻ ദർശനത്തിൽ കണ്ടു. ആ ദൂതൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ആ വൃക്ഷം വെട്ടി കൊമ്പുകൾ മുറിച്ച് ഇലകൾ തല്ലിക്കൊഴിച്ച് ഫലങ്ങൾ ചിതറിച്ചുകളയുക; മൃഗങ്ങൾ അതിന്റെ കീഴിൽനിന്ന് ഓടിപ്പോകട്ടെ; പക്ഷികൾ അതിന്റെ കൊമ്പുകളിൽനിന്ന് പറന്നകലട്ടെ. അതിന്റെ കുറ്റി ഇരുമ്പും ഓടുംകൊണ്ടു ബന്ധിക്കുക. വയലിലെ ഇളമ്പുല്ലിനിടയിൽ അത് ഇരിക്കട്ടെ. ആകാശത്തിലെ മഞ്ഞുകൊണ്ട് അവൻ നനയട്ടെ; മൃഗങ്ങളെപ്പോലെ നിലത്തെ പുല്ലുതിന്ന് അവൻ ഉപജീവിക്കട്ടെ. അവന്റെ മനുഷ്യസ്വഭാവം മാറി മൃഗത്തിന്റെ സ്വഭാവം ഉണ്ടാകട്ടെ. അങ്ങനെ ഏഴുവർഷം കഴിയട്ടെ. ഈ വിധി ദൂതന്മാരുടെ തീരുമാനവും വിശുദ്ധന്മാരുടെ കല്പനയും ആകുന്നു. അത്യുന്നതദൈവം മനുഷ്യരുടെ രാജ്യങ്ങളെ വാഴുന്നു; താൻ ഇച്ഛിക്കുന്നവർക്ക് അതു നല്‌കുന്നു. മനുഷ്യരിൽ വച്ച് എളിയവനെ അതിന്റെ അധിപതിയാക്കുന്നു. ഇതു സകല മനുഷ്യരും അറിഞ്ഞിരിക്കണം. നെബുഖദ്നേസർ രാജാവായ ഞാൻ ഈ സ്വപ്നം കണ്ടു: “ബേൽത്ത്ശസ്സറേ, ഇതിന്റെ സാരം എന്തെന്നു പറയുക. ഇതിന്റെ അർഥം പറഞ്ഞുതരാൻ എന്റെ രാജ്യത്തുള്ള വിദ്വാന്മാർക്ക് ആർക്കുംതന്നെ കഴിഞ്ഞില്ല. എന്നാൽ വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിലുള്ളതുകൊണ്ട് നിനക്കതു കഴിയും.”
DANIELA 4 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: DANIELA 4:1-18
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ