ദൈവത്തെയും നമ്മുടെ കർത്താവായ യേശുവിനെയും കുറിച്ചുള്ള പരിജ്ഞാനംമൂലം നിങ്ങൾക്കു കൃപയും സമാധാനവും ധാരാളമായി ഉണ്ടാകട്ടെ. തന്റെ മഹത്ത്വത്തിലും നന്മയിലും പങ്കാളികൾ ആകുന്നതിനു നമ്മെ വിളിച്ച ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂടെ ഭക്തിപൂർവം ജീവിക്കുന്നതിനു വേണ്ടതൊക്കെ അവിടുത്തെ ദിവ്യശക്തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു. അവിടുന്നു വാഗ്ദാനം ചെയ്തിരുന്ന അതിമഹത്തും അമൂല്യവുമായ വരങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ട്. ഈ ലോകത്തിലെ വിനാശകരമായ വിഷയാസക്തിയിൽനിന്നു രക്ഷപെടുവാനും ദിവ്യസ്വഭാവത്തിൽ നിങ്ങൾ പങ്കുകാരായിത്തീരുവാനും ഈ വരങ്ങൾ ഇടയാക്കുന്നു. ഇക്കാരണത്താൽ വിശ്വാസത്തോടു സ്വഭാവശുദ്ധിയും സ്വഭാവശുദ്ധിയോടു പരിജ്ഞാനവും പരിജ്ഞാനത്തോട് ആത്മസംയമനവും ആത്മസംയമനത്തോടു സ്ഥൈര്യവും സ്ഥൈര്യത്തോടു ദൈവഭക്തിയും ദൈവഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും ചേർക്കുവാൻ സർവാത്മനാ ശ്രമിക്കുക. ഇവ നിങ്ങൾക്കു സമൃദ്ധമായി ഉണ്ടായിരിക്കുന്ന പക്ഷം കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള നിങ്ങളുടെ പരിജ്ഞാനത്തിൽ നിങ്ങൾ പ്രയോജനമുള്ളവരും ഫലം പുറപ്പെടുവിക്കുന്നവരും ആയിരിക്കും. ഇവ ഇല്ലാത്തവൻ പഴയ പാപങ്ങളിൽനിന്നുള്ള ശുദ്ധീകരണം പ്രാപിച്ചിരിക്കുന്നതു മറന്നിരിക്കുന്നു. അവൻ ഹ്രസ്വദൃഷ്‍ടി ആയതിനാൽ ഒന്നും ശരിയായി കാണുന്നില്ല. അതുകൊണ്ടു സഹോദരരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും യഥാർഥമാക്കുന്നതിനു തീവ്രയത്നം ചെയ്യുക. അങ്ങനെ നിങ്ങൾ ചെയ്യുന്നതായാൽ നിങ്ങൾ ഒരിക്കലും വീണുപോകുകയില്ല. നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനത്തിന് ആവശ്യമുള്ളതെല്ലാം സമൃദ്ധമായി ലഭിക്കുകയും ചെയ്യും. ഇക്കാര്യങ്ങളെല്ലാം നിങ്ങൾക്ക് അറിവുള്ളതാണ്. നിങ്ങൾക്കു ലഭിച്ച സത്യത്തിൽ നിങ്ങൾ ഉറച്ചു നില്‌ക്കുന്നവരുമാണ്. എങ്കിലും ഇവ ഞാൻ എപ്പോഴും നിങ്ങളെ അനുസ്മരിപ്പിക്കും. ഈ ശരീരത്തിൽ ഇരിക്കുന്നിടത്തോളം ഇക്കാര്യങ്ങൾ ഓർമിപ്പിച്ച് നിങ്ങളെ ഉണർത്തുന്നത് ഉചിതമാണെന്നു ഞാൻ കരുതുന്നു. എന്തെന്നാൽ ഈ ശരീരം ഉപേക്ഷിക്കേണ്ട സമയം ആസന്നമാണെന്നു ഞാൻ അറിയുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽനിന്ന് എനിക്കു ലഭിച്ച വെളിപാടാണ് ഇത്. ഇക്കാര്യങ്ങൾ എന്റെ നിര്യാണശേഷവും ഏതു സമയത്തും നിങ്ങൾ ഓർമിക്കുവാൻ തക്കവണ്ണം ഞാൻ പരിശ്രമിക്കും. ഞങ്ങൾ ബുദ്ധിപൂർവം കെട്ടിച്ചമച്ച കല്പിത കഥകളിലൂടെയല്ല നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയെയും പ്രത്യാഗമനത്തെയും കുറിച്ച് നിങ്ങളെ അറിയിച്ചത്; പ്രത്യുത ഞങ്ങൾ അവിടുത്തെ തേജസ്സിനു ദൃക്സാക്ഷികളാണ്. അവിടുന്നു പിതാവായ ദൈവത്തിൽനിന്നു ബഹുമതിയും തേജസ്സും പ്രാപിച്ചപ്പോൾ ‘ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു’ എന്ന ശബ്ദം ഉജ്ജ്വല തേജസ്സിൽനിന്നു പുറപ്പെട്ടു.
2 PETERA 1 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 PETERA 1:2-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ