1 CHRONICLE 16:23-34

1 CHRONICLE 16:23-34 MALCLBSI

സർവഭൂതലമേ, സർവേശ്വരനു സ്തുതി പാടുക അവിടുന്നു രക്ഷകനെന്നു ദിനംതോറും പ്രഘോഷിക്കുവിൻ; അവിടുത്തെ മഹത്ത്വം ജനതകളുടെ ഇടയിൽ വിളംബരം ചെയ്യുവിൻ അന്യജനതകളുടെ ഇടയിൽ അവിടുത്തെ അദ്ഭുതപ്രവൃത്തികൾ പ്രഘോഷിക്കുവിൻ. കാരണം സർവേശ്വരൻ വലിയവൻ, അവിടുന്ന് ഏറ്റവും സ്തുത്യനും അർഹനുമാകുന്നു. സകല ദേവന്മാരെയുംകാൾ ഭയഭക്തിക്കർഹനുമാണ്. ജനതകളുടെ ദേവന്മാരോ വിഗ്രഹങ്ങൾ മാത്രം എന്നാൽ സർവേശ്വരനാണ് ആകാശത്തെ സൃഷ്‍ടിച്ചത്. മഹത്ത്വവും തേജസ്സും തിരുമുമ്പിലുണ്ട്. ബലവും ആനന്ദവും അവിടുത്തെ വാസസ്ഥലത്തുണ്ട്. ജനപദങ്ങളേ, സർവേശ്വരനെ മഹത്ത്വപ്പെടുത്തുവിൻ അവിടുത്തെ മഹത്ത്വവും ശക്തിയും പ്രഘോഷിക്കുവിൻ! സർവേശ്വരന്റെ നാമം എത്ര മഹിമയേറിയതെന്നു ഉദ്ഘോഷിക്കുവിൻ. കാഴ്ചകളുമായി തിരുമുമ്പിൽ ചെല്ലുവിൻ. വിശുദ്ധ വസ്ത്രാലങ്കാരത്തോടെ അവിടുത്തെ ആരാധിക്കുവിൻ. സർവഭൂവാസികളും അവിടുത്തെ മുമ്പിൽ വിറയ്‍ക്കട്ടെ. ഭൂലോകം ഇളകാത്തവിധം ഉറച്ചുനില്‌ക്കുന്നു. ആകാശം ആഹ്ലാദിക്കട്ടെ! ഭൂമി ആനന്ദിക്കട്ടെ! “സർവേശ്വരൻ വാഴുന്നു” എന്നു ജനതകളുടെ ഇടയിൽ അവ പ്രഘോഷിക്കട്ടെ. സമുദ്രവും അതിലുള്ള സർവവും ആർത്തുഘോഷിക്കട്ടെ; വയലും അതിലുള്ള സകലവും സന്തോഷിക്കട്ടെ. അന്ന് വനത്തിലെ മരങ്ങൾ സർവേശ്വരസന്നിധിയിൽ ആനന്ദഗീതം ആലപിക്കും. അവിടുന്നു ഭൂമിയെ വിധിക്കാൻ വരുന്നുവല്ലോ. സർവേശ്വരനു സ്തോത്രമർപ്പിക്കുക അവിടുന്നു നല്ലവനാണല്ലോ; അവിടുത്തെ സ്നേഹം ശാശ്വതമാണല്ലോ.

1 CHRONICLE 16 വായിക്കുക