സെഖ. 9

9
യിസ്രായേലിന്‍റെ ശത്രുക്കളുടെമേൽ ന്യായവിധി
1ഒരു പ്രവചനം:
യഹോവയുടെ അരുളപ്പാട് ഹദ്രാക്ക്ദേശത്തിനു വിരോധമായിരിക്കുന്നു;
ദമ്മേശെക്കിന്മേൽ അത് വന്നമരും;
യഹോവ, മനുഷ്യരിലും യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിലും ദൃഷ്ടിവക്കുന്നു.
2ദമ്മേശെക്കിനോടു ചേർന്നുകിടക്കുന്ന ഹമാത്തിനും
ജ്ഞാനം ഏറിയ സോരിനും സീദോനും അങ്ങനെ തന്നെ.
3സോർ തനിക്കു ഒരു കോട്ട പണിത്,
പൊടിപോലെ വെള്ളിയും
വീഥികളിലെ ചെളിപോലെ തങ്കവും കൂട്ടിവച്ചു.
4എന്നാൽ കർത്താവ് അവളെ ഇറക്കും#9:4 ഇറക്കും പുറത്താക്കും എന്ന് മറ്റ് ഭാഷാന്തരത്തിൽ കാണാം. ,
അവളുടെ കൊത്തളം#9:4 കൊത്തളം മറ്റ് ഭാഷാന്തരത്തിൽ ധനം എന്നും കാണാം. കടലിൽ ഇട്ടുകളയും;
അവൾ തീക്ക് ഇരയായ്തീരുകയും ചെയ്യും.
5അസ്കലോൻ അത് കണ്ടു ഭയപ്പെടും;
ഗസ്സയും എക്രോനും കണ്ടു ഏറ്റവും വിറയ്ക്കും;
അവളുടെ പ്രത്യാശക്കു ഭംഗം വരുമല്ലോ;
ഗസ്സയിൽനിന്ന് രാജാവ് നശിച്ചുപോകും;
അസ്കലോനു നിവാസികൾ ഇല്ലാതെയാകും.
6അസ്തോദിൽ ജാരസന്തതികൾ പാർക്കും;
ഫെലിസ്ത്യരുടെ അഹങ്കാരം ഞാൻ ഛേദിച്ചുകളയും.
7ഞാൻ അവന്‍റെ രക്തം അവന്‍റെ വായിൽനിന്നും
അവന്‍റെ വെറുപ്പുകൾ അവന്‍റെ പല്ലിനിടയിൽനിന്നും നീക്കിക്കളയും;
എന്നാൽ അവനും നമ്മുടെ ദൈവത്തിന് ഒരു ശേഷിപ്പായിത്തീരും;
അവൻ യെഹൂദയിൽ ഒരു മേധാവിയെപ്പോലെയും
എക്രോൻ ഒരു യെബൂസ്യനെപ്പോലെയും ആകും.
8ആരും വരുകയും പോകുകയും ചെയ്യാതിരിക്കേണ്ടതിനു
ഞാൻ ഒരു പട്ടാളമായി എന്‍റെ ആലയത്തിന് ചുറ്റും പാളയമിറങ്ങും;
ഇനി ഒരു പീഡകനും അവരുടെ ഇടയിൽകൂടി കടക്കുകയില്ല;
ഇപ്പോൾ ഞാൻ സ്വന്തകണ്ണുകൊണ്ടു കണ്ടുവല്ലോ.
സീയോൻ രാജാവ് വരുന്നു
9സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക;
യെരൂശലേം പുത്രിയേ, ആർപ്പിടുക!
ഇതാ, നിന്‍റെ രാജാവ് നിന്‍റെ അടുക്കൽ വരുന്നു;
അവൻ നീതിമാനും ജയശാലിയും
താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും
പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു. 10ഞാൻ എഫ്രയീമിൽനിന്നു രഥത്തെയും
യെരൂശലേമിൽ നിന്നു കുതിരയെയും ഛേദിച്ചുകളയും;
പടവില്ലും#9:10 പടവില്ലും യുദ്ധത്തിനു ഉപയോഗിക്കുന്ന വില്ല്. ഒടിഞ്ഞുപോകും;
അവൻ ജനതകളോടു സമാധാനം കല്പിക്കും;
അവന്‍റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും
നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും.
11നീയോ - നിന്‍റെ നിയമരക്തം ഹേതുവായി
ഞാൻ നിന്‍റെ ബദ്ധന്മാരെ#9:11 ബദ്ധന്മാരെ ബന്ദികളെ, തടവുകാരെ എന്നും ആകാം. വെള്ളമില്ലാത്ത കുഴിയിൽനിന്നു വിട്ടയക്കും.
12പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്ക് മടങ്ങിവരുവിൻ;
ഞാൻ നിനക്ക് ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നുതന്നെ പ്രസ്താവിക്കുന്നു.
13ഞാൻ എനിക്ക് യെഹൂദയെ വില്ലായി കുലച്ചും
എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു;
സീയോനേ, ഞാൻ നിന്‍റെ പുത്രന്മാരെ യവനദേശമേ,
നിന്‍റെ പുത്രന്മാരുടെ നേരെ ഉണർത്തി
നിന്നെ ഒരു വീരന്‍റെ വാൾപോലെയാക്കും.
14യഹോവ അവർക്ക് മീതെ പ്രത്യക്ഷനാകും;
അവന്‍റെ അസ്ത്രം മിന്നൽപോലെ പുറപ്പെടും;
യഹോവയായ കർത്താവ് കാഹളം ഊതി
തെക്കൻ ചുഴലിക്കാറ്റുകളിൽ വരും.
15സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ട് മറയ്ക്കും;
അവർ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളയുകയും
രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കുകയും
യാഗകലശങ്ങൾപോലെയും യാഗപീഠത്തിന്‍റെ കോണുകൾപോലെയും നിറഞ്ഞിരിക്കുകയും ചെയ്യും.
16ആ നാളിൽ അവരുടെ ദൈവമായ യഹോവ അവരെ തന്‍റെ ജനമായ ആട്ടിൻകൂട്ടത്തെപ്പോലെ രക്ഷിക്കും;
അവർ അവന്‍റെ ദേശത്ത് ഒരു കിരീടത്തിന്‍റെ രത്നംപോലെ പൊങ്ങി ശോഭിക്കും.
17അതിന്‍റെ ശ്രേഷ്ഠതയും സൗന്ദര്യവും എത്ര വലുതായിരിക്കും!
ധാന്യം യുവാക്കളെയും വീഞ്ഞ് യുവതികളെയും പുഷ്ടീകരിക്കുന്നു.

Áherslumerki

Deildu

Afrita

None

Want to have your highlights saved across all your devices? Sign up or sign in