മീഖാ 1

1
1യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്ത് മോരസ്ത്യനായ മീഖക്കു ഉണ്ടായതും അവൻ ശമര്യയെയും യെരൂശലേമിനെയും കുറിച്ച് ദർശിച്ചതുമായ യഹോവയുടെ അരുളപ്പാട്.
ശമര്യയിലെ ന്യായവിധി
2സകലജാതികളുമായുള്ളവരേ, കേൾക്കുവിൻ;
ഭൂമിയും അതിലുള്ള സകല നിവാസികളുമായുള്ളവരേ, ചെവിക്കൊള്ളുവിൻ;
യഹോവയായ കർത്താവ്,
തന്‍റെ വിശുദ്ധമന്ദിരത്തിൽനിന്നു കർത്താവ് തന്നെ,
നിങ്ങൾക്ക് വിരോധമായി സാക്ഷിയായിരിക്കട്ടെ.
3യഹോവ തന്‍റെ സ്ഥലത്തുനിന്ന് പുറപ്പെട്ടു ഇറങ്ങി
ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു.
4തീയുടെ മുമ്പിൽ മെഴുകുപോലെയും
മലഞ്ചരുവിൽ ചാടുന്ന വെള്ളംപോലെയും
പർവ്വതങ്ങൾ അവന്‍റെ കീഴിൽ ഉരുകുകയും
താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു.
5ഇതൊക്കെയും യാക്കോബിന്‍റെ അതിക്രമംനിമിത്തവും
യിസ്രായേൽ ഗൃഹത്തിന്‍റെ പാപങ്ങൾനിമിത്തവുമാകുന്നു.
യാക്കോബിന്‍റെ അതിക്രമം എന്ത്?
ശമര്യയല്ലയോ?
യെഹൂദായുടെ പൂജാഗിരികൾ ഏവ?
യെരൂശലേം അല്ലയോ?
6അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കല്ക്കുന്നു പോലെയും,
മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും;
ഞാൻ അതിന്‍റെ കല്ല് താഴ്വരയിലേക്ക് തള്ളിയിടുകയും
അതിന്‍റെ അടിസ്ഥാനങ്ങളെ തുറക്കുമാറാക്കുകയും ചെയ്യും.
7അതിലെ സകലവിഗ്രഹങ്ങളും തകർന്നുപോകും;
അതിന്‍റെ സകലവേശ്യാസമ്മാനങ്ങളും തീ പിടിച്ചുവെന്തുപോകും;
അതിലെ സകലബിംബങ്ങളെയും ഞാൻ ശൂന്യമാക്കും;
വേശ്യാസമ്മാനംകൊണ്ടല്ലയോ അവൾ അത് സ്വരൂപിച്ചത്;
അവ വീണ്ടും വേശ്യാസമ്മാനമായിത്തീരും.
8അതുകൊണ്ട് ഞാൻ വിലപിച്ചു മുറയിടും;
ഞാൻ ചെരുപ്പില്ലാത്തവനും നഗ്നനുമായി നടക്കും;
ഞാൻ കുറുനരികളെപ്പോലെ വിലപിച്ച്,
ഒട്ടകപ്പക്ഷികളെപ്പോലെ കരയും.
9അവളുടെ മുറിവ് സുഖപ്പെടാത്തതല്ലയോ;
അത് യെഹൂദയോളം വന്ന്,
എന്‍റെ ജനത്തിന്‍റെ ഗോപുരമായ
യെരൂശലേമിനോളം എത്തിയിരിക്കുന്നു.
10അത് ഗത്തിൽ പ്രസ്താവിക്കരുത്;
ഒട്ടും കരയരുത്;
ബേത്ത്-അഫ്രയിൽ (പൊടിവീട്)
ഞാൻ പൊടിയിൽ ഉരുണ്ടിരിക്കുന്നു.
11ശാഫീർ (അലങ്കാര) നഗരനിവാസികളേ,
ലജ്ജയും നഗ്നതയും പൂണ്ട് കടന്നുപോകുവിൻ;
സയനാൻ (പുറപ്പാട്) നിവാസികൾ പുറപ്പെടുവാൻ തുനിയുന്നില്ല;
ബേത്ത്-ഏസെലിന്‍റെ വിലാപം
നിങ്ങൾക്ക് അവിടെ താമസിക്കുവാൻ മുടക്കമാകും.
12യഹോവയുടെ പക്കൽനിന്ന്
യെരൂശലേംഗോപുരത്തിങ്കൽ തിന്മ ഇറങ്ങിയിരിക്കുകയാൽ
മാരോത്ത് (കയ്പ്) നിവാസികൾ
നന്മയ്ക്കായി കാത്തു വിങ്ങിപ്പൊട്ടുന്നു.
13ലാക്കീശ് (ത്വരിത) നഗരനിവാസികളേ,
കുതിരകളെ രഥത്തിനു കെട്ടുവിൻ;
അവർ സീയോൻപുത്രിക്ക് പാപകാരണമായ്ത്തീർന്നു;
യിസ്രായേലിന്‍റെ അതിക്രമങ്ങൾ നിന്നിൽ കണ്ടിരിക്കുന്നു.
14അതുകൊണ്ട് നീ മോരേശെത്ത്-ഗത്തിന് ഉപേക്ഷണസമ്മാനം കൊടുക്കേണ്ടിവരും;
ബേത്ത്-അക്സീബിലെ (വ്യാജഗൃഹം) വീടുകൾ യിസ്രായേൽരാജാക്കന്മാരെ നിരാശരാക്കും.
15മാരേശാ (കൈവശം) നിവാസികളേ,
കൈവശമാക്കുന്ന ഒരുവനെ ഞാൻ നിങ്ങളുടെനേരെ വരുത്തും;
യിസ്രായേലിന്‍റെ നായകന്മാര്‍#1:15 നായകന്മാര്‍ മഹത്തുക്കൾ
അദുല്ലാം വരെ പോകേണ്ടിവരും.
16നിന്‍റെ ഓമനക്കുഞ്ഞുങ്ങൾനിമിത്തം
നിന്നെത്തന്നെ ക്ഷൗരം ചെയ്തു മൊട്ടയാക്കുക;
കഴുകനെപ്പോലെ നിന്‍റെ കഷണ്ടിയെ വിസ്താരമാക്കുക;
അവർ നിന്നെ വിട്ട് പ്രവാസത്തിലേക്കു പോയല്ലോ.

Áherslumerki

Deildu

Afrita

None

Want to have your highlights saved across all your devices? Sign up or sign in