ലേവ്യാപുസ്തകം 24

24
1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: 2ദീപങ്ങൾ നിത്യം കത്തിക്കൊണ്ടിരിക്കേണ്ടതിന് യിസ്രായേൽമക്കൾ നിലവിളക്കിന് ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരേണമെന്ന് അവരോടു കല്പിക്ക. 3സമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന്റെ തിരശ്ശീലയ്ക്കു പുറത്തു വൈകുന്നേരംമുതൽ രാവിലെവരെ കത്തേണ്ടതിന് അഹരോൻ അത് യഹോവയുടെ സന്നിധിയിൽ നിത്യം ഒരുക്കിവയ്ക്കേണം; ഇത് തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആകുന്നു. 4അവൻ നിത്യവും യഹോവയുടെ സന്നിധിയിൽ തങ്കനിലവിളക്കിന്മേൽ ദീപങ്ങൾ ഒരുക്കിവയ്ക്കേണം.
5നീ നേരിയ മാവ് എടുത്ത് അതുകൊണ്ടു പന്ത്രണ്ടു ദോശ ചുടേണം; ഓരോ ദോശ രണ്ടിടങ്ങഴി മാവുകൊണ്ട് ആയിരിക്കേണം. 6അവയെ യഹോവയുടെ സന്നിധിയിൽ തങ്കമേശമേൽ രണ്ട് അടുക്കായിട്ട് ഓരോ അടുക്കിൽ ആറാറു വീതം വയ്ക്കേണം. 7ഓരോ അടുക്കിന്മേൽ നിർമ്മലമായ കുന്തുരുക്കം വയ്ക്കേണം; അത് അപ്പത്തിന്മേൽ നിവേദ്യമായി യഹോവയ്ക്കു ദഹനയാഗമായിരിക്കേണം. 8അവൻ അതു നിത്യനിയമമായിട്ടു യിസ്രായേൽമക്കളോടു വാങ്ങി ശബ്ബത്തുതോറും യഹോവയുടെ സന്നിധിയിൽ നിരന്തരമായി അടുക്കിവയ്ക്കേണം. 9അത് അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കേണം; അവർ അത് ഒരു വിശുദ്ധസ്ഥലത്തു വച്ച് തിന്നേണം; അത് അവനു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളിൽ അതിവിശുദ്ധം ആകുന്നു.
10അനന്തരം ഒരു യിസ്രായേല്യസ്ത്രീയുടെയും ഒരു മിസ്രയീമ്യന്റെയും മകനായ ഒരുത്തൻ യിസ്രായേൽമക്കളുടെ മധ്യേ പുറപ്പെട്ടു; യിസ്രായേല്യസ്ത്രീയുടെ ഈ മകനും ഒരു യിസ്രായേല്യനും തമ്മിൽ പാളയത്തിൽവച്ചു ശണ്ഠയിട്ടു. 11യിസ്രായേല്യസ്ത്രീയുടെ മകൻ തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ട് അവർ അവനെ മോശെയുടെ അടുക്കൽ കൊണ്ടുവന്നു; അവന്റെ അമ്മയ്ക്കു ശെലോമീത്ത് എന്നു പേർ. അവൾ ദാൻഗോത്രത്തിൽ ദിബ്രി എന്നൊരുവന്റെ മകൾ ആയിരുന്നു. 12യഹോവയുടെ അരുളപ്പാട് കിട്ടേണ്ടതിന് അവർ അവനെ തടവിൽവച്ചു.
13അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്: 14ശപിച്ചവനെ പാളയത്തിനു പുറത്തു കൊണ്ടുപോക; കേട്ടവർ എല്ലാവരും അവന്റെ തലയിൽ കൈ വച്ചശേഷം സഭയൊക്കെയും അവനെ കല്ലെറിഞ്ഞു കൊല്ലേണം. 15എന്നാൽ യിസ്രായേൽമക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാൽ അവൻ തന്റെ പാപം വഹിക്കും. 16യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടെ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം. 17മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം. 18മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിനു പകരം മൃഗത്തെ കൊടുക്കേണം. 19ഒരുത്തൻ കൂട്ടുകാരനു കേടുവരുത്തിയാൽ അവൻ ചെയ്തതുപോലെതന്നെ അവനോടും ചെയ്യേണം. 20ഒടിവിനു പകരം ഒടിവ്, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്; ഇങ്ങനെ അവൻ മറ്റവനു കേടുവരുത്തിയതുപോലെതന്നെ അവനും വരുത്തേണം. 21മൃഗത്തെ കൊല്ലുന്നവൻ അതിനു പകരം കൊടുക്കേണം; മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം. 22നിങ്ങൾക്കു പരദേശിക്കും സ്വദേശിക്കും ഒരു പ്രമാണംതന്നെ ആയിരിക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. 23ദുഷിച്ചവനെ പാളയത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിയേണമെന്നു മോശെ യിസ്രായേൽമക്കളോടു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു.

Pati Souliye

Pataje

Kopye

None

Ou vle gen souliye ou yo sere sou tout aparèy ou yo? Enskri oswa konekte