ഉല്പത്തി 33

33
1അനന്തരം യാക്കോബ് തലപൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറു ആളും വരുന്നതു കണ്ടു; തന്റെ മക്കളെ ലേയയുടെ അടുക്കലും റാഹേലിന്റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചുനിർത്തി. 2അവൻ ദാസിമാരെയും അവരുടെ മക്കളെയും മുമ്പായും ലേയയെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും ഒടുക്കമായും നിർത്തി. 3അവൻ അവർക്കു മുമ്പായി കടന്നു ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ടു തന്റെ സഹോദരനോടു അടുത്തുചെന്നു. 4ഏശാവ് ഓടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു. 5പിന്നെ അവൻ തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടു: നിന്നോടുകൂടെയുള്ള ഇവർ ആർ എന്നു ചോദിച്ചുതിന്നു: ദൈവം അടിയന്നു നല്കിയിരിക്കുന്ന മക്കൾ എന്നു അവൻ പറഞ്ഞു. 6അപ്പോൾ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു; 7ലേയയും മക്കളും അടുത്തുവന്നു നമസ്കരിച്ചു; ഒടുവിൽ യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു. 8ഞാൻ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്നു എന്നു അവൻ ചോദിച്ചതിന്നു: യജമാനന്നു എന്നോടു കൃപതോന്നേണ്ടതിന്നു ആകുന്നു എന്നു അവൻ പറഞ്ഞു. 9അതിന്നു ഏശാവ്: സഹോദരാ, എനിക്കു വേണ്ടുന്നതു ഉണ്ടു; നിനക്കുള്ളതു നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു. 10അതിന്നു യാക്കോബ്: അങ്ങനെയല്ല, എന്നോടു കൃപ ഉണ്ടെങ്കിൽ എന്റെ സമ്മാനം എന്റെ കയ്യിൽനിന്നു വാങ്ങേണമേ; ദൈവത്തിന്റെ മുഖം കാണുന്നതുപോലെ ഞാൻ നിന്റെ മുഖം കാണുകയും നിനക്കു എന്നോടു ദയ തോന്നുകയും ചെയ്തുവല്ലോ; 11ഞാൻ അയച്ചിരിക്കുന്ന കാഴ്ച വാങ്ങേണമേ; ദൈവം എന്നോടു കൃപ ചെയ്തിരിക്കുന്നു; എനിക്കു വേണ്ടുവോളം ഉണ്ടു എന്നു പറഞ്ഞു അവനെ നിർബ്ബന്ധിച്ചു; അങ്ങനെ അവൻ അതു വാങ്ങി. 12പിന്നെ അവൻ: നാം പ്രയാണംചെയ്തു പോക; ഞാൻ നിനക്കു മുമ്പായി നടക്കാം എന്നു പറഞ്ഞു. 13അതിന്നു അവൻ അവനോടു: കുട്ടികൾ നന്നാ ഇളയവർ എന്നും കറവുള്ള ആടുകളും കന്നുകാലികളും കൂടെ ഉണ്ടെന്നും യജമാനൻ അറിയുന്നുവല്ലോ; അവയെ ഒരു ദിവസം അധികമായി ഓടിച്ചാൽ കൂട്ടമെല്ലാം ചത്തുപോകും. 14യജമാനൻ അടിയന്നു മുമ്പായി പോയാലും; എന്റെ കൂടെയുള്ള കന്നുകാലികളുടെയും കുഞ്ഞുങ്ങളുടെയും പ്രാപ്തിക്കു ഒത്തവണ്ണം ഞാൻ സാവധാനത്തിൽ അവയെ നടത്തിക്കൊണ്ടു സേയീരിൽ യജമാനന്റെ അടുക്കൽ വന്നുകൊള്ളാം എന്നു പറഞ്ഞു. 15എന്റെ ആളുകളിൽ ചിലരെ ഞാൻ നിന്റെ അടുക്കൽ നിർത്തട്ടെ എന്നു ഏശാവു പറഞ്ഞതിന്നു: എന്തിന്നു? യജമാനന്റെ കൃപയുണ്ടായാൽ മതി എന്നു അവൻ പറഞ്ഞു. 16അങ്ങനെ ഏശാവ് അന്നു തന്റെ വഴിക്കു സേയീരിലേക്കു മടങ്ങിപ്പോയി. 17യാക്കോബോ സുക്കോത്തിന്നു യാത്ര പുറപ്പെട്ടു; തനിക്കു ഒരു വീടു പണിതു; കന്നുകാലിക്കൂട്ടത്തിന്നു തൊഴുത്തുകളും കെട്ടി; അതുകൊണ്ടു ആ സ്ഥലത്തിന്നു സുക്കോത്ത് എന്നു പേർ പറയുന്നു.
18യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം കനാൻദേശത്തിലെ ശേഖേംപട്ടണത്തിൽ സമാധാനത്തോടെ എത്തി പട്ടണത്തിന്നരികെ പാളയമടിച്ചു. 19#യോശുവ 24:32; യോഹന്നാൻ 4:5താൻ കൂടാരമടിച്ച നിലം ശെഖേമിന്റെ അപ്പനായ ഹമോരിന്റെ പുത്രന്മാരോടു നൂറു വെള്ളിക്കാശിന്നു വാങ്ങി. 20അവിടെ അവൻ ഒരു യാഗപീഠം പണിതു, അതിന്നു ഏൽ-എലോഹേ-യിസ്രായേൽ എന്നു പേർ ഇട്ടു.

Markering

Del

Kopiér

None

Vil du have dine markeringer gemt på tværs af alle dine enheder? Tilmeld dig eller log ind