പുറപ്പാടു 17

17
1 # സംഖ്യാപുസ്തകം 20:2-13 അനന്തരം യിസ്രായേൽമക്കളുടെ സംഘം എല്ലാം സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം ചെയ്ത പ്രയാണങ്ങളിൽ രെഫീദീമിൽ എത്തി പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാൻ വെള്ളമില്ലായിരുന്നു. 2അതുകൊണ്ടു ജനം മോശെയോടു: ഞങ്ങൾക്കു കുടിപ്പാൻ വെള്ളം തരിക എന്നു കലഹിച്ചു പറഞ്ഞതിന്നു മോശെ അവരോടു: നിങ്ങൾ എന്നോടു എന്തിന്നു കലഹിക്കുന്നു? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നതു എന്തു എന്നു പറഞ്ഞു. 3ജനത്തിന്നു അവിടെവെച്ചു നന്നാ ദാഹിച്ചതുകൊണ്ടു ജനം മോശെയുടെ നേരെ പിറുപിറുത്തു: ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹംകൊണ്ടു ചാകേണ്ടതിന്നു നീ ഞങ്ങളെ മിസ്രയീമിൽനിന്നു കൊണ്ടുവന്നതു എന്തിന്നു എന്നു പറഞ്ഞു. 4മോശെ യഹോവയോടു നിലവിളിച്ചു: ഈ ജനത്തിന്നു ഞാൻ എന്തു ചെയ്യേണ്ടു? അവർ എന്നെ കല്ലെറിവാൻ പോകുന്നുവല്ലോ എന്നു പറഞ്ഞു. 5യഹോവ മോശെയോടു: യിസ്രായേൽമൂപ്പന്മാരിൽ ചിലരെ കൂട്ടിക്കൊണ്ടു നീ നദിയെ അടിച്ച വടിയും കയ്യിൽ എടുത്തു ജനത്തിന്റെ മുമ്പാകെ കടന്നുപോക. 6ഞാൻ ഹോരേബിൽ നിന്റെ മുമ്പാകെ പാറയുടെ മേൽ നില്ക്കും; നീ പാറയെ അടിക്കേണം; ഉടനെ ജനത്തിന്നു കുടിപ്പാൻ വെള്ളം അതിൽനിന്നു പുറപ്പെടും എന്നു കല്പിച്ചു. യിസ്രായേൽമൂപ്പന്മാർ കാൺകെ മോശെ അങ്ങനെ ചെയ്തു. 7യിസ്രായേൽമക്കളുടെ കലഹം നിമിത്തവും യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ എന്നു അവർ യഹോവയെ പരീക്ഷിക്ക നിമിത്തവും അവൻ ആ സ്ഥലത്തിന്നു മസ്സാ (പരീക്ഷ) എന്നും മെരീബാ (കലഹം) എന്നും പേരിട്ടു.
8രെഫീദീമിൽവെച്ചു അമാലേക്ക് വന്നു യിസ്രായേലിനോടു യുദ്ധംചെയ്തു. 9അപ്പോൾ മോശെ യോശുവയോടു: നീ ആളുകളെ തിരഞ്ഞെടുത്തു പുറപ്പെട്ടു അമാലേക്കിനോടു യുദ്ധം ചെയ്ക; ഞാൻ നാളെ കുന്നിൻ മുകളിൽ ദൈവത്തിന്റെ വടി കയ്യിൽ പിടിച്ചുംകൊണ്ടു നില്ക്കും എന്നു പറഞ്ഞു. 10മോശെ തന്നോടു പറഞ്ഞതുപോലെ യോശുവ ചെയ്തു, അമാലേക്കിനോടു പൊരുതു; എന്നാൽ മോശെയും അഹരോനും ഹൂരും കുന്നിൻമുകളിൽ കയറി. 11മോശെ കൈ ഉയർത്തിയിരിക്കുമ്പോൾ യിസ്രായേൽ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോൾ അമാലേക്ക് ജയിക്കും. 12എന്നാൽ മോശെയുടെ കൈ ഭാരം തോന്നിയപ്പോൾ അവർ ഒരു കല്ലു എടുത്തുവെച്ചു, അവൻ അതിന്മേൽ ഇരുന്നു; അഹരോനും ഹൂരും ഒരുത്തൻ ഇപ്പുറത്തും ഒരുത്തൻ അപ്പുറത്തും നിന്നു അവന്റെ കൈ താങ്ങി; അങ്ങനെ അവന്റെ കൈ സൂര്യൻ അസ്തമിക്കുംവരെ ഉറെച്ചുനിന്നു. 13യോശുവ അമാലേക്കിനെയും അവന്റെ ജനത്തെയും വാളിന്റെ വായ്ത്തലയാൽ തോല്പിച്ചു. 14#ആവർത്തനപുസ്തകം 25:17-19; 1. ശമൂവേൽ 15:2-9യഹോവ മോശെയോടു: നീ ഇതു ഓർമ്മെക്കായിട്ടു ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്ക; ഞാൻ അമാലേക്കിന്റെ ഓർമ്മ ആകാശത്തിന്റെ കീഴിൽനിന്നു അശേഷം മായിച്ചുകളയും എന്നു കല്പിച്ചു. 15പിന്നെ മോശെ ഒരു യാഗപീഠം പണിതു, അതിന്നു യഹോവനിസ്സി (യഹോവ എന്റെ കൊടി) എന്നു പേരിട്ടു. 16യഹോവയുടെ സിംഹാസനത്താണ യഹോവെക്കു അമാലേക്കിനോടു തലമുറതലമുറയായി യുദ്ധം ഉണ്ടു എന്നു അവൻ പറഞ്ഞു.

Markering

Del

Kopiér

None

Vil du have dine markeringer gemt på tværs af alle dine enheder? Tilmeld dig eller log ind