Chapa ya Youversion
Ikoni ya Utafutaji

പുറപ്പാട് 36

36
1ബെസലേലും ഒഹൊലീയാബും വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്ക് യഹോവ കല്പിച്ചതുപോലെയൊക്കെയും സകല പ്രവൃത്തിയും ചെയ്‍വാൻ അറിയേണ്ടതിന് യഹോവ ജ്ഞാനവും ബുദ്ധിയും നല്കിയ സകല ജ്ഞാനികളും പ്രവൃത്തി ചെയ്യേണം.
2അങ്ങനെ മോശെ ബെസലേലിനെയും ഒഹൊലീയാബിനെയും യഹോവ മനസ്സിൽ ജ്ഞാനം നല്കിയിരുന്ന എല്ലാവരെയും പ്രവൃത്തിയിൽ ചേരുവാൻ മനസ്സിൽ ഉത്സാഹം തോന്നിയ എല്ലാവരെയും വിളിച്ചുവരുത്തി. 3വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയുടെ പ്രവൃത്തി ചെയ്‍വാൻ യിസ്രായേൽമക്കൾ കൊണ്ടുവന്ന വഴിപാടൊക്കെയും അവർ മോശെയുടെ പക്കൽനിന്നു വാങ്ങി; എന്നാൽ അവർ പിന്നെയും രാവിലെതോറും സ്വമേധാദാനങ്ങളെ അവന്റെ അടുക്കൽ കൊണ്ടുവന്നു. 4അപ്പോൾ വിശുദ്ധമന്ദിരത്തിന്റെ സകല പ്രവൃത്തിയും ചെയ്യുന്ന ജ്ഞാനികളൊക്കെയും താന്താൻ ചെയ്തുവന്ന പണി നിർത്തി വന്നു മോശെയോട്: 5യഹോവ ചെയ്‍വാൻ കല്പിച്ച ശുശ്രൂഷയുടെ പ്രവൃത്തിക്കു വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു എന്നു പറഞ്ഞു. 6അതിനു മോശെ: പുരുഷന്മാരാകട്ടെ സ്ത്രീകളാകട്ടെ വിശുദ്ധമന്ദിരത്തിന്റെ വഴിപാടുവകയ്ക്കു മേലാൽ പ്രവൃത്തി ചെയ്യേണ്ട എന്നു കല്പിച്ചു; അവർ അതു പാളയത്തിൽ പ്രസിദ്ധമാക്കി. അങ്ങനെ ജനം കൊണ്ടുവരുന്നതു നിർത്തലായി. 7കിട്ടിയ സാമാനങ്ങളോ സകല പ്രവൃത്തിയും ചെയ്‍വാൻ വേണ്ടുവോളവും അധികവും ഉണ്ടായിരുന്നു.
8പണി ചെയ്യുന്നവരിൽ ജ്ഞാനികളായ എല്ലാവരും പഞ്ഞിനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടുള്ള പത്തു മൂടുശീലകൊണ്ടു തിരുനിവാസം ഉണ്ടാക്കി; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ട് അതിനെ ഉണ്ടാക്കി. 9ഓരോ മൂടുശീലയ്ക്ക് ഇരുപത്തെട്ടു മുഴം നീളവും ഓരോ മൂടുശീലയ്ക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; എല്ലാ മൂടുശീലകൾക്കും ഒരു അളവുതന്നെ. 10അഞ്ചു മൂടുശീല ഒന്നോടൊന്ന് ഇണച്ചു; മറ്റേ അഞ്ചു മൂടുശീലയും ഒന്നോടൊന്ന് ഇണച്ചു. 11അങ്ങനെ ഇണച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ നീലനൂലുകൊണ്ട് കണ്ണികൾ ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെതന്നെ ഉണ്ടാക്കി. 12ഒരു മൂടുശീലയിൽ അമ്പതു കണ്ണി ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കി; കണ്ണികൾ നേർക്കുനേരേ ആയിരുന്നു. 13അവൻ പൊന്നുകൊണ്ട് അമ്പതു കൊളുത്തും ഉണ്ടാക്കി; കൊളുത്തുകൊണ്ട് മൂടുശീലകളെ ഒന്നോടൊന്ന് ഇണച്ചു; അങ്ങനെ തിരുനിവാസം ഒന്നായിത്തീർന്നു. 14തിരുനിവാസത്തിന്മേൽ മൂടുവിരിയായി കോലാട്ടുരോമംകൊണ്ടുള്ള മൂടുശീലകൾ ഉണ്ടാക്കി, പതിനൊന്നു മൂടുശീലയായി അവയെ ഉണ്ടാക്കി. 15ഓരോ മൂടുശീലയ്ക്കു മുപ്പതു മുഴം നീളവും ഓരോ മൂടുശീലയ്ക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; മൂടുശീല പതിനൊന്നിനും ഒരു അളവുതന്നെ. 16അവൻ അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണച്ചു. 17ഇങ്ങനെ ഇണച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും ഉണ്ടാക്കി. 18കൂടാരം ഒന്നായിരിക്കേണ്ടതിന് അത് ഇണപ്പാൻ താമ്രംകൊണ്ട് അമ്പതു കൊളുത്തും ഉണ്ടാക്കി. 19ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടു കൂടാരത്തിന് ഒരു പുറമൂടിയും അതിന്റെ മീതെ തഹശുതോൽകൊണ്ട് ഒരു പുറമൂടിയും അവൻ ഉണ്ടാക്കി.
20ഖദിരമരംകൊണ്ടു തിരുനിവാസത്തിനു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കി. 21ഓരോ പലകയ്ക്ക് പത്തു മുഴം നീളവും ഓരോ പലകയ്ക്കു ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു. 22ഓരോ പലകയ്ക്കു തമ്മിൽ ചേർന്നിരിക്കുന്ന ഈരണ്ടു കുടുമ ഉണ്ടായിരുന്നു ; ഇങ്ങനെ തിരുനിവാസത്തിന്റെ എല്ലാ പലകയ്ക്കും ഉണ്ടാക്കി. 23അവൻ തിരുനിവാസത്തിനു പലക ഉണ്ടാക്കിയതു തെക്കുവശത്തേക്ക് ഇരുപതു പലക: 24ഒരു പലകയുടെ അടിയിൽ രണ്ടു കുടുമയ്ക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമയ്ക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെ അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവട് അവൻ ഉണ്ടാക്കി. 25തിരുനിവാസത്തിന്റെ മറുപുറത്ത് വടക്കുവശത്തേക്കും ഇരുപതു പലക ഉണ്ടാക്കി. 26ഒരു പലകയുടെ അടിയിൽ രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു ചുവടും ഇങ്ങനെ അവയ്ക്കു നാല്പതു വെള്ളിച്ചുവട് ഉണ്ടാക്കി. 27തിരുനിവാസത്തിന്റെ പടിഞ്ഞാറേ വശത്തേക്ക് ആറു പലക ഉണ്ടാക്കി. 28തിരുനിവാസത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്ക് ഈരണ്ടു പലക ഉണ്ടാക്കി. 29അവ താഴെ ഇരട്ടയായും മേലറ്റത്ത് ഒന്നാമത്തെ വളയംവരെ തമ്മിൽ ചേർന്ന് ഒറ്റയായും ഇരുന്നു. രണ്ടു മൂലയിലുമുള്ള രണ്ടിനും അങ്ങനെതന്നെ ചെയ്തു. 30ഇങ്ങനെ എട്ടു പലകയും ഓരോ പലകയുടെ അടിയിൽ ഈരണ്ടു ചുവടായി പതിനാറു വെള്ളിച്ചുവടും ഉണ്ടായിരുന്നു. 31അവൻ ഖദിരമരംകൊണ്ട് അന്താഴങ്ങളും ഉണ്ടാക്കി; തിരുനിവാസത്തിന്റെ ഒരു വശത്തെ പലകയ്ക്ക് അഞ്ച് അന്താഴം; 32തിരുനിവാസത്തിന്റെ മറുവശത്തെ പലകയ്ക്ക് അഞ്ച് അന്താഴം; തിരുനിവാസത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് പിൻവശത്തെ പലകയ്ക്ക് അഞ്ച് അന്താഴം. 33നടുവിലത്തെ അന്താഴം പലകയുടെ ഒത്തനടുവിൽ ഒരു അറ്റത്തുനിന്നു മറ്റേ അറ്റത്തോളം ചെല്ലുവാൻ തക്കവണ്ണം ഉണ്ടാക്കി. 34പലകകൾ പൊന്നുകൊണ്ടു പൊതിഞ്ഞു; അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ട് ഉണ്ടാക്കി, അന്താഴം പൊന്നുകൊണ്ടു പൊതിഞ്ഞു.
35നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് അവൻ ഒരു തിരശ്ശീലയും ഉണ്ടാക്കി: നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ട് അതിനെ ഉണ്ടാക്കി. 36അതിന് ഖദിരമരംകൊണ്ട് നാലു തൂണും ഉണ്ടാക്കി, പൊന്നുകൊണ്ടു പൊതിഞ്ഞു; അവയുടെ കൊളുത്തുകൾ പൊന്നുകൊണ്ട് ആയിരുന്നു; അവയ്ക്കു വെള്ളികൊണ്ട് നാലു ചുവടു വാർപ്പിച്ചു. 37കൂടാരത്തിന്റെ വാതിലിനു നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽക്കാരന്റെ പണിയായ ഒരു മറശ്ശീലയും 38അതിന് അഞ്ചു തൂണും അവയ്ക്കു കൊളുത്തും ഉണ്ടാക്കി; അവയുടെ കുമിഴുകളും മേൽചുറ്റുപടികളും പൊന്നുകൊണ്ടു പൊതിഞ്ഞു; എന്നാൽ അവയുടെ ചുവട് അഞ്ചും താമ്രംകൊണ്ട് ആയിരുന്നു.

Kuonyesha

Shirikisha

Nakili

None

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia