Mufananidzo weYouVersion
Mucherechedzo Wekutsvaka

സെഫന്യാവു 3

3
1മത്സരവും മലിനതയും ഉള്ളതും പീഡിപ്പിക്കുന്നതും ആയ നഗരത്തിന്നു അയ്യോ കഷ്ടം! 2അവൾ വാക്കു കേട്ടനുസരിച്ചിട്ടില്ല; പ്രബോധനം കൈക്കൊണ്ടിട്ടില്ല; യഹോവയിൽ ആശ്രയിച്ചിട്ടില്ല; തന്റെ ദൈവത്തോടു അടുത്തുവന്നിട്ടുമില്ല. 3അതിന്നകത്തു അതിന്റെ പ്രഭുക്കന്മാർ ഗർജ്ജിക്കുന്ന സിംഹങ്ങൾ; അതിന്റെ ന്യായാധിപതിമാർ വൈകുന്നേരത്തെ ചെന്നായ്ക്കൾ; അവർ പ്രഭാതകാലത്തേക്കു ഒന്നും ശേഷിപ്പിക്കുന്നില്ല. 4അതിന്റെ പ്രവാചകന്മാർ ലഘുബുദ്ധികളും വിശ്വാസപാതകന്മാരും ആകുന്നു; അതിന്റെ പുരോഹിതന്മാർ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കി, ന്യായപ്രമാണത്തെ ബലാൽക്കാരം ചെയ്തിരിക്കുന്നു. 5യഹോവ അതിന്റെ മദ്ധ്യേ നീതിമാനാകുന്നു; അവൻ നീതികേടു ചെയ്യുന്നില്ല; രാവിലേരാവിലേ അവൻ തന്റെ ന്യായത്തെ തെറ്റാതെ വെളിച്ചത്താക്കുന്നു; നീതികെട്ടവനോ നാണം എന്തെന്നറിഞ്ഞുകൂടാ. 6ഞാൻ ജാതികളെ ഛേദിച്ചുകളഞ്ഞു; അവരുടെ കൊത്തളങ്ങൾ ശൂന്യമായിരിക്കുന്നു; ഞാൻ അവരുടെ വീഥികളെ ആരും കടന്നുപോകാതവണ്ണം ശൂന്യമാക്കി, അവരുടെ പട്ടണങ്ങൾ ഒരു മനുഷ്യനും നിവാസിയും ഇല്ലാതെ നശിച്ചിരിക്കുന്നു. 7നീ എന്നെ ഭയപ്പെട്ടു പ്രബോധനം കൈക്കൊൾക എന്നു ഞാൻ കല്പിച്ചു; എന്നാൽ ഞാൻ അവളെ സന്ദർശിച്ചതുപോലെ ഒക്കെയും അവളുടെ പാർപ്പിടം ഛേദിക്കപ്പെടുകയില്ലായിരുന്നു; എങ്കിലും അവർ ജാഗ്രതയോടെ തങ്ങളുടെ ദുഷ്പ്രവൃത്തികൾ ഒക്കെയും ചെയ്തുപോന്നു. 8അതുകൊണ്ടു ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിൻ എന്നു യഹോവയുടെ അരുളപ്പാടു; എന്റെ ക്രോധവും എന്റെ ഉഗ്രകോപവും പകരേണ്ടതിന്നു ജാതികളെ ചേർക്കുവാനും രാജ്യങ്ങളെ കൂട്ടുവാനും ഞാൻ നിർണ്ണയിച്ചിരിക്കുന്നു; സർവ്വഭൂമിയും എന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും. 9അപ്പോൾ സകലജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാൻ അവർക്കു നിർമ്മലമായുള്ള അധരങ്ങളെ വരുത്തും. 10കൂശ് നദികളുടെ അക്കരെനിന്നു എന്റെ നമസ്കാരികൾ, എന്റെ ചിതറിപ്പോയവരുടെ സഭ തന്നേ, എനിക്കു വഴിപാടു കൊണ്ടുവരും. 11അന്നാളിൽ ഞാൻ നിന്റെ മദ്ധ്യേനിന്നു നിന്റെ ഗർവ്വോല്ലസിതന്മാരെ നീക്കിക്കളയും നീ എന്റെ വിശുദ്ധപർവ്വതത്തിൽ ഇനി ഗർവ്വിക്കാതിരിക്കയും ചെയ്യുന്നതുകൊണ്ടു നീ എന്നോടു അതിക്രമമായി ചെയ്തിരിക്കുന്ന സകലപ്രവൃത്തികളുംനിമിത്തം നീ അന്നാളിൽ ലജ്ജിക്കേണ്ടിവരികയില്ല. 12ഞാൻ നിന്റെ നടുവിൽ താഴ്മയും ദാരിദ്ര്യവും ഉള്ളോരു ജനത്തെ ശേഷിപ്പിക്കും; അവർ യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കും. 13#വെളിപ്പാടു 14:5യിസ്രായേലിൽ ശേഷിപ്പുള്ളവർ നീതികേടു പ്രവർത്തിക്കയില്ല; ഭോഷ്കുപറകയുമില്ല; ചതിവുള്ള നാവു അവരുടെ വായിൽ ഉണ്ടാകയില്ല; അവർ മേഞ്ഞുകിടക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല. 14സീയോൻ പുത്രിയേ, ഘോഷിച്ചാനന്ദിക്ക; യിസ്രായേലേ, ആർപ്പിടുക; യെരൂശലേം പുത്രിയേ, പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക. 15യഹോവ നിന്റെ ന്യായവിധികളെ മാറ്റി, നിന്റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കുന്നു; ഇനി നീ അനർത്ഥം കാണുകയില്ല. 16അന്നാളിൽ അവർ യെരൂശലേമിനോടു: ഭയപ്പെടരുതെന്നും സീയോനോടു: അധൈര്യപ്പെടരുതെന്നും പറയും. 17നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും. 18ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദുഃഖിക്കുന്നവരെ ഞാൻ ചേർത്തുകൊള്ളും. 19നിന്നെ ക്ലേശിപ്പിക്കുന്ന ഏവരോടും ഞാൻ ആ കാലത്തു ഇടപെടും; മുടന്തിനടക്കുന്നതിനെ ഞാൻ രക്ഷിക്കയും ചിതറിപ്പോയതിനെ ശേഖരിക്കയും സർവ്വഭൂമിയിലും ലജ്ജ നേരിട്ടവരെ പ്രശംസയും കീർത്തിയുമാക്കിത്തീർക്കുകയും ചെയ്യും. 20ആ കാലത്തു ഞാൻ നിങ്ങളെ വരുത്തുകയും ആ കാലത്തു ഞാൻ നിങ്ങളെ ശേഖരിക്കയും ചെയ്യും; നിങ്ങൾ കാൺകെ ഞാൻ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ ഞാൻ നിങ്ങളെ ഭൂമിയിലെ സകലജാതികളുടെയും ഇടയിൽ കീർത്തിയും പ്രശംസയും ആക്കിത്തീർക്കുമെന്നു യഹോവ അരുളിച്ചെയ്യുന്നു.

Sarudza vhesi

Pakurirana nevamwe

Sarudza zvinyorwa izvi

None

Unoda kuti zviratidziro zvako zvichengetedzwe pamidziyo yako yose? Nyoresa kana kuti pinda