Mufananidzo weYouVersion
Mucherechedzo Wekutsvaka

മീഖാ 6

6
1യഹോവ അരുളിച്ചെയ്യുന്നതു കേൾപ്പിൻ; നീ എഴുന്നേറ്റു പർവ്വതങ്ങളുടെ മുമ്പാകെ വ്യവഹരിക്ക; കുന്നുകൾ നിന്റെ വാക്കു കേൾക്കട്ടെ; 2പർവ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേൾപ്പിൻ! യഹോവെക്കു തന്റെ ജനത്തോടു ഒരു വ്യവഹാരം ഉണ്ടു; അവൻ യിസ്രായേലിനോടു വാദിക്കും. 3എന്റെ ജനമേ, ഞാൻ നിന്നോടു എന്തു ചെയ്തു? ഏതൊന്നിനാൽ ഞാൻ നിന്നെ മുഷിപ്പിച്ചു? എന്റെ നേരെ സാക്ഷീകരിക്ക. 4#പുറപ്പാടു 12:50,51; പുറപ്പാടു 4:10-16; പുറപ്പാടു 15:20ഞാൻ നിന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്നു നിന്നെ വീണ്ടെടുത്തു, മോശെയെയും അഹരോനെയും മിര്യാമിനെയും നിന്റെ മുമ്പിൽ അയച്ചു. 5#സംഖ്യാപുസ്തകം 22:2—24:25; യോശുവ 3:1—4:19എന്റെ ജനമേ, നിങ്ങൾ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിന്നു മോവാബ്‌രാജാവായ ബാലാക്ക് ആലോചിച്ചതും ബെയോരിന്റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും ശിത്തീംമുതൽ ഗില്ഗാൽവരെ സംഭവിച്ചതും ഓർക്കുക. 6എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെന്നു, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടു? ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടും കൂടെ അവന്റെ സന്നിധിയിൽ ചെല്ലേണമോ? 7ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിന്നു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിന്നു വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ? 8മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?
9കേട്ടോ യഹോവ പട്ടണത്തോടു വിളിച്ചു പറയുന്നതു; നിന്റെ നാമത്തെ ഭയപ്പെടുന്നതു ജ്ഞാനം ആകുന്നു; വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിപ്പിൻ. 10ദുഷ്ടന്റെ വീട്ടിൽ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും ശാപകരമായ കള്ളയളവും ഉണ്ടോ? 11കള്ളത്തുലാസ്സും കള്ളപ്പടികൾ ഇട്ട സഞ്ചിയുമുള്ളവനെ ഞാൻ നിർമ്മലനായി എണ്ണുമോ? 12അതിലെ ധനവാന്മാർ സാഹസപൂർണ്ണന്മാർ ആകുന്നു; അതിന്റെ നിവാസികൾ വ്യാജം സംസാരിക്കുന്നു; അവരുടെ വായിൽ അവരുടെ നാവു ചതിവുള്ളതു തന്നേ; 13ആകയാൽ ഞാൻ നിന്നെ കഠിനമായി ദണ്ഡിപ്പിക്കും; നിന്റെ പാപങ്ങൾനിമിത്തം നിന്നെ ശൂന്യമാക്കും. 14നീ ഭക്ഷിക്കും; തൃപ്തി വരികയില്ല, വിശപ്പു അടങ്ങുകയുമില്ല; നീ നീക്കിവെക്കും; ഒന്നും സ്വരൂപിക്കയില്ലതാനും; നീ സ്വരൂപിക്കുന്നതു ഞാൻ വാളിന്നു ഏല്പിച്ചുകൊടുക്കും. 15നീ വിതെക്കും, കൊയ്കയില്ല നീ ഒലീവുകായ് ചവിട്ടും, എണ്ണ പൂശുകയില്ല; മുന്തിരിപ്പഴം ചവിട്ടും, വീഞ്ഞു കുടിക്കയില്ലതാനും. 16#1. രാജാക്കന്മാർ 16:23-28; 1. രാജാക്കന്മാർ 16:29-34; 21:25,26ഞാൻ നിന്നെ ശൂന്യവും നിന്റെ നിവാസികളെ പരിഹാസവിഷയവും ആക്കേണ്ടതിന്നും നിങ്ങൾ എന്റെ ജനത്തിന്റെ നിന്ദവഹിക്കേണ്ടതിന്നും ഒമ്രിയുടെ ചട്ടങ്ങളും ആഹാബ് ഗൃഹത്തിന്റെ സകലപ്രവൃത്തികളും പ്രമാണമാക്കിയിരിക്കുന്നു; അവരുടെ ആലോചനകളെ നിങ്ങൾ അനുസരിച്ചുനടക്കുന്നു.

Sarudza vhesi

Pakurirana nevamwe

Sarudza zvinyorwa izvi

None

Unoda kuti zviratidziro zvako zvichengetedzwe pamidziyo yako yose? Nyoresa kana kuti pinda