YouVersion လိုဂို
ရွာရန္ အိုင္ကြန္

GENESIS 43

43
ബെന്യാമീനും ഈജിപ്തിലേക്ക്
1ക്ഷാമം ദേശത്ത് അതിരൂക്ഷമായിത്തീർന്നു. 2ഈജിപ്തിൽനിന്നു കൊണ്ടുവന്നിരുന്ന ധാന്യം തീർന്നപ്പോൾ പിതാവ് അവരോടു പറഞ്ഞു: “നിങ്ങൾ പോയി കുറെ ധാന്യംകൂടി വാങ്ങിക്കൊണ്ടു വരിക.” 3യെഹൂദാ പറഞ്ഞു: “സഹോദരനെ കൂടാതെ വന്നാൽ നിങ്ങൾക്കിനി എന്നെ കാണാനാവുകയില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. 4ബെന്യാമീനെ ഞങ്ങളോടുകൂടി അയച്ചാൽ ഞങ്ങൾ പോയി ഭക്ഷണസാധനങ്ങൾ വാങ്ങിക്കൊണ്ടുവരാം. 5സഹോദരനെ കൂടാതെവന്നാൽ നിങ്ങൾക്കിനി എന്നെ കാണാനാവുകയില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അവനെ ഞങ്ങളോടൊപ്പം അയയ്‍ക്കുന്നില്ലെങ്കിൽ ഞങ്ങൾ പോകുകയില്ല.” 6അപ്പോൾ യാക്കോബു പറഞ്ഞു: “മറ്റൊരു സഹോദരനുണ്ടെന്ന് അദ്ദേഹത്തോടു പറഞ്ഞ് എന്നെ ഈ വിഷമസന്ധിയിലാക്കിയത് എന്തിന്?” 7അവർ മറുപടി പറഞ്ഞു: “ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയുംപറ്റി അദ്ദേഹം താൽപര്യപൂർവം അന്വേഷിച്ചു. നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുവോ, നിങ്ങൾക്കു വേറെ സഹോദരനുണ്ടോ എന്നെല്ലാം വിശദമായി ചോദിച്ചപ്പോൾ ഞങ്ങൾ അതിനു മറുപടി പറഞ്ഞു. എന്നാൽ നിങ്ങളുടെ സഹോദരനെയും കൂട്ടിക്കൊണ്ടു വരിക എന്ന് അദ്ദേഹം പറയുമെന്ന് ഞങ്ങൾക്കെങ്ങനെ മുൻകൂട്ടി അറിയാൻ കഴിയും?” 8യെഹൂദാ യാക്കോബിനോടു പറഞ്ഞു: “ബാലനെ എന്റെകൂടെ അയച്ചാലും; അങ്ങും ഞങ്ങളും നമ്മുടെ കൊച്ചുകുഞ്ഞുങ്ങളും പട്ടിണികൊണ്ടു മരിക്കാതെയിരിക്കാൻ ധാന്യങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ ഉടൻതന്നെ പോകാം. 9അവന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. അവനെ എന്നോടുതന്നെ ചോദിച്ചുകൊള്ളുക. ഞാൻ അവനെ അങ്ങയുടെ അടുക്കൽ തിരികെ കൊണ്ടുവരുന്നില്ലെങ്കിൽ അങ്ങയുടെ മുമ്പാകെ ഞാൻ എന്നും കുറ്റക്കാരനായിരുന്നുകൊള്ളാം. 10ഇത്രയും താമസിക്കാതിരുന്നെങ്കിൽ രണ്ടു തവണ പോയി വരാമായിരുന്നു.” 11പിതാവ് അവരോടു പറഞ്ഞു: “വേറെ മാർഗമില്ലെങ്കിൽ അപ്രകാരം ചെയ്യുക; ദേശാധിപതിക്കു സമ്മാനിക്കാനായി ഈ ദേശത്തിലെ വിശിഷ്ടവസ്തുക്കളായ സുഗന്ധപ്പശ, തേൻ, സാമ്പ്രാണി, സന്നിനായകം, ബോടനണ്ടി, ബദാംപരിപ്പ് ഇവ നിങ്ങളുടെ ചാക്കുകളിൽ എടുത്തുകൊള്ളുക. 12ആവശ്യമുള്ളതിന്റെ ഇരട്ടി പണവും കൊണ്ടുപോകണം; ചാക്കിൽ ഇരുന്ന പണം തിരിച്ചുകൊണ്ടുപോകുക. അത് അറിയാതെ സംഭവിച്ചതായിരിക്കും. 13നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടു ദേശാധിപതിയുടെ അടുക്കലേക്കു പൊയ്‍ക്കൊള്ളുക; 14അദ്ദേഹത്തിനു നിങ്ങളോടു കരുണ തോന്നാൻ സർവശക്തനായ ദൈവം ഇടവരുത്തട്ടെ. അങ്ങനെ നിങ്ങളുടെ മറ്റേ സഹോദരനെയും ബെന്യാമീനെയും തിരിച്ചയയ്‍ക്കട്ടെ. പുത്രദുഃഖമാണ് എനിക്കു നിശ്ചയിച്ചിരിക്കുന്നതെങ്കിൽ അങ്ങനെയും ആകട്ടെ.” 15വിശിഷ്ടവസ്തുക്കളും ഇരട്ടി പണവുമെടുത്തു ബെന്യാമീനെയും കൂട്ടി അവർ ഈജിപ്തിലേക്കു പോയി യോസേഫിന്റെ മുമ്പിൽ ചെന്നുനിന്നു. 16അവരുടെ കൂടെ ബെന്യാമീനെ കണ്ടപ്പോൾ യോസേഫ് കാര്യസ്ഥനെ വിളിച്ചു പറഞ്ഞു: “ഇവരെ എന്റെ ഗൃഹത്തിലേക്കു കൊണ്ടുപോകുക. മൃഗത്തെ കൊന്ന് ഭക്ഷണം തയ്യാറാക്കുക. ഇന്ന് അവരുടെ ഉച്ചഭക്ഷണം എന്റെ കൂടെയാണ്. 17യോസേഫ് ആജ്ഞാപിച്ചതുപോലെ അയാൾ ചെയ്തു; അവരെ അദ്ദേഹത്തിന്റെ ഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. 18യോസേഫിന്റെ ഭവനത്തിലേക്കു തങ്ങളെ കൂട്ടിക്കൊണ്ടുപോയതുകൊണ്ട് അവർ ഭയപ്പെട്ടു. “ആദ്യത്തെ തവണ കൊണ്ടുപോയ ധാന്യങ്ങളുടെ പണം ചാക്കിൽ നിക്ഷേപിച്ചിട്ടു നമുക്കെതിരായ കുറ്റം കണ്ടുപിടിക്കുകയും നമ്മെ അടിമകളാക്കിയിട്ട് കഴുതകളെ കൈവശപ്പെടുത്തുകയുമായിരിക്കും ലക്ഷ്യം” എന്നവർ ചിന്തിച്ചു. 19അതുകൊണ്ട് വീടിന്റെ വാതില്‌ക്കൽവച്ചു യോസേഫിന്റെ ഗൃഹവിചാരകനോട് അവർ പറഞ്ഞു: 20“യജമാനനേ, സത്യമായി ധാന്യം വാങ്ങുന്നതിനായിരുന്നു മുമ്പു ഞങ്ങൾ അങ്ങയുടെ അടുക്കൽ വന്നത്. 21ഞങ്ങൾ രാത്രി വിശ്രമത്തിനു സത്രത്തിൽ ചെന്നു ചാക്കഴിക്കുമ്പോഴാണ് പണം മുഴുവനും ഓരോരുത്തന്റെയും ചാക്കിന്റെ വായ്‍ക്കൽ ഇരിക്കുന്നതു കണ്ടത്. അതു ഞങ്ങൾ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. 22ധാന്യം വാങ്ങാൻ വേറെ പണവും കൊണ്ടുവന്നിരിക്കുന്നു; ചാക്കുകളിൽ പണം വച്ചതാരാണെന്നു ഞങ്ങൾക്കറിവില്ല.” 23കാര്യസ്ഥൻ പറഞ്ഞു: “ഭയപ്പെടാതെ ധൈര്യമായിരിക്കുക; നിങ്ങളുടെയും നിങ്ങളുടെ പിതാവിന്റെയും ദൈവം നിങ്ങളുടെ ചാക്കുകളിൽ നിധി നിക്ഷേപിച്ചതായിരിക്കണം. നിങ്ങളുടെ പണം എനിക്കു കിട്ടിയതാണല്ലോ.” അതിനുശേഷം ശിമെയോനെ അവരുടെ അടുക്കൽ കൊണ്ടുവന്നു. 24കാര്യസ്ഥൻ അവരെ യോസേഫിന്റെ ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി, അവർക്കു കാൽ കഴുകാൻ വെള്ളം കൊടുത്തു. അവർ പാദങ്ങൾ കഴുകി ശുദ്ധിയാക്കി; അവരുടെ കഴുതകൾക്കു തീറ്റയും കൊടുത്തു. 25ഭക്ഷണം കഴിക്കുന്നത് അവിടെയാണെന്നു മനസ്സിലാക്കിയപ്പോൾ യോസേഫിന് കൊടുക്കാനുള്ള സമ്മാനങ്ങൾ അവർ ഒരുക്കിവച്ചു. 26യോസേഫ് വീട്ടിലെത്തിയപ്പോൾ അവർ ആ സമ്മാനങ്ങൾ അദ്ദേഹത്തിനു സമർപ്പിച്ചശേഷം അദ്ദേഹത്തിന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചു. 27അവരുടെ ക്ഷേമം അന്വേഷിച്ചുകൊണ്ട് യോസേഫ് ചോദിച്ചു: “നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ വൃദ്ധനായ പിതാവ് ജീവിച്ചിരിക്കുന്നുവോ? അദ്ദേഹത്തിനു സുഖം തന്നെയോ?” 28“അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവ് ജീവിച്ചിരിക്കുന്നു; അദ്ദേഹത്തിനു സുഖംതന്നെ” എന്നു പറഞ്ഞ് അവർ താണുവണങ്ങി. 29തന്റെ അനുജനായ ബെന്യാമീനെ കണ്ടപ്പോൾ യോസേഫ് ചോദിച്ചു: “നിങ്ങൾ പറഞ്ഞിരുന്ന ഇളയ സഹോദരൻ തന്നെയോ ഇവൻ? എന്റെ കുഞ്ഞേ, ദൈവം നിന്നോടു കരുണകാണിക്കട്ടെ.” 30തന്റെ സഹോദരനെ കണ്ടപ്പോൾ വികാരഭരിതനായിത്തീർന്ന യോസേഫ് പെട്ടെന്ന് സ്വകാര്യമുറിയിൽ പ്രവേശിച്ചു കരഞ്ഞു. 31പിന്നീട് മുഖം കഴുകി പുറത്തുവന്നു. സ്വയം നിയന്ത്രിച്ചുകൊണ്ട് യോസേഫ് ഭക്ഷണം വിളമ്പാൻ പറഞ്ഞു. 32ഭൃത്യന്മാർ അദ്ദേഹത്തിന് ഒരിടത്തും സഹോദരന്മാർക്കു മറ്റൊരിടത്തും കൂടെയുള്ള ഈജിപ്തുകാർക്കു വേറൊരിടത്തും ഭക്ഷണം വിളമ്പി; എബ്രായരോടുകൂടി ഭക്ഷണം കഴിക്കുന്നത് ഈജിപ്തുകാർക്ക് നിഷിദ്ധമായിരുന്നു. 33യോസേഫിന് അഭിമുഖമായി സഹോദരന്മാരെ മൂപ്പുമുറയ്‍ക്ക് ഭക്ഷണത്തിനിരുത്തിയപ്പോൾ അവർ അമ്പരന്നു പരസ്പരം നോക്കി. 34യോസേഫിന്റെ മേശയിൽനിന്നായിരുന്നു അവർക്ക് ഭക്ഷണം വിളമ്പിയത്. ബെന്യാമീന്റെ മുമ്പിൽ മറ്റുള്ളവരുടേതിലും അഞ്ചിരട്ടി ആഹാരം വിളമ്പി. അവർ യോസേഫിനോടൊത്ത് വിരുന്നിൽ സന്തോഷപൂർവം പങ്കെടുത്തു.

လက္ရွိေရြးခ်ယ္ထားမွု

GENESIS 43: malclBSI

အေရာင္မွတ္ခ်က္

မၽွေဝရန္

ကူးယူ

None

မိမိစက္ကိရိယာအားလုံးတြင္ မိမိအေရာင္ခ်ယ္ေသာအရာမ်ားကို သိမ္းဆည္းထားလိုပါသလား။ စာရင္းသြင္းပါ (သို႔) အေကာင့္ဝင္လိုက္ပါ