YouVersion လိုဂို
ရွာရန္ အိုင္ကြန္

EZEKIELA 47

47
ദേവാലയത്തിൽനിന്നുള്ള നീർച്ചാൽ
1പിന്നീട് അയാൾ എന്നെ ദേവാലയവാതില്‌ക്കലേക്കു മടക്കിക്കൊണ്ടുവന്നു. അതാ, ദേവാലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴിൽനിന്ന് വെള്ളം കിഴക്കോട്ട് ഒഴുകുന്നു (ദേവാലയത്തിന്റെ ദർശനം കിഴക്കോട്ടാണല്ലോ) ഉമ്മരപ്പടിയുടെ താഴെ ദേവാലയ പൂമുഖത്തിന്റെ വടക്കുഭാഗത്ത് യാഗപീഠത്തിന്റെ തെക്കു നിന്നായിരുന്നു നീരൊഴുക്ക്. 2പിന്നീട് എന്നെ അയാൾ വടക്കേ പടിപ്പുരവഴി വെളിയിലേക്കു കൊണ്ടുവന്നു. അതിനുശേഷം പുറത്തുകൂടി കിഴക്കോട്ടു ദർശനമുള്ള പടിപ്പുരയിലേക്കു നയിച്ചു. വെള്ളം പടിപ്പുരയുടെ തെക്കുവശത്തുകൂടി ഒഴുകുന്നുണ്ടായിരുന്നു.
3കൈയിൽ ഒരളവുനൂലുമായി അയാൾ കിഴക്കോട്ടു നടന്ന് ആയിരം മുഴം അളന്നു. വെള്ളത്തിൽ കൂടിയാണ് അയാൾ എന്നെ നയിച്ചത്. വെള്ളം എന്റെ കണങ്കാൽവരെ ഉണ്ടായിരുന്നു. 4വീണ്ടും അയാൾ ആയിരം മുഴം ദൂരം അളന്നപ്പോൾ വെള്ളം മുട്ടോളമായി. പിന്നെയും ആയിരം മുഴംകൂടി അളന്ന് അയാൾ എന്നെ വെള്ളത്തിലൂടെ നയിച്ചു. അപ്പോൾ വെള്ളം അരയറ്റമായി. 5ആയിരം മുഴം കൂടി അളന്നപ്പോൾ എനിക്കു കടന്നുപോകാൻ കഴിയാത്ത ഒരു ജലപ്രവാഹമായി അതുയർന്നു. നീന്താതെ കടക്കാൻ കഴിയാത്ത ഒരു നദി; 6“മനുഷ്യപുത്രാ, ഇതുകണ്ടോ?” എന്ന് അയാൾ എന്നോടു ചോദിച്ചു. പിന്നീട് അയാൾ എന്നെ നദീതീരത്തേക്ക് കൊണ്ടുവന്നു. 7ഞാൻ തിരിച്ചുവരുമ്പോൾ നദിയുടെ ഇരുകരകളിലും നിരവധി വൃക്ഷങ്ങൾ നില്‌ക്കുന്നതായി കണ്ടു. 8അയാൾ എന്നോടു പറഞ്ഞു: ഈ ജലം കിഴക്കോട്ടൊഴുകി അരാബായിൽ ചെന്നു ചേരുന്നു. ഇതു ചെന്നു ചേരുമ്പോൾ കടലിലെ കെട്ടിക്കിടക്കുന്ന ജലം ശുദ്ധമായിത്തീരുന്നു. 9ഈ നദി ഒഴുകിച്ചെല്ലുന്നിടത്തെല്ലാം ധാരാളം ജീവജാലങ്ങളും മത്സ്യങ്ങളും ഉണ്ടായിരിക്കും. കാരണം ഈ നദിയിലെ വെള്ളം ചെന്നുചേരുമ്പോൾ സമുദ്രജലം ശുദ്ധമായിത്തീരുന്നു. ഇതിലെ ജലം ഒഴുകി ചെല്ലുന്നിടത്തെല്ലാം സർവ ജീവജാലങ്ങൾക്കും ജീവിക്കാൻ കഴിയും. 10കടല്‌ക്കരയിൽ മീൻപിടിത്തക്കാർ നിന്നു വലവീശും. ഏൻ-ഗെദിമുതൽ ഏൻ-എഗ്ലയീംവരെ വല വിരിച്ചിടുന്ന സ്ഥലമാണ്. അവിടെ മഹാസമുദ്രത്തിലെപ്പോലെ നാനാതരത്തിലുള്ള മത്സ്യങ്ങൾ ധാരാളം ഉണ്ടായിരിക്കും. 11എന്നാൽ ചേറും ചതുപ്പും നിറഞ്ഞ സ്ഥലങ്ങൾ ശുദ്ധമായിരിക്കുകയില്ല. അവ ഉപ്പു വിളയുന്ന സ്ഥലങ്ങളായിത്തീരും. 12നദിയുടെ ഇരുകരകളിലും നാനാതരം ഫലവൃക്ഷങ്ങൾ ഉണ്ടായിരിക്കും. അവയുടെ ഇല വാടുകയില്ല. അവ ഫലം നല്‌കാതിരിക്കുകയുമില്ല. വിശുദ്ധമന്ദിരത്തിൽ നിന്ന് ഒഴുകിവരുന്ന ജലം ലഭിക്കുന്നതുകൊണ്ട് ആ വൃക്ഷങ്ങളിൽ മാസംതോറും പുതിയ കനികൾ ഉണ്ടാകുന്നു. അവയുടെ ഫലങ്ങൾ ആഹാരത്തിനും ഇലകൾ രോഗസൗഖ്യത്തിനും ഉപകരിക്കുന്നു.
ദേശത്തിന്റെ അതിരുകൾ
13സർവേശ്വരനായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങൾക്ക് അവകാശമായി ദേശത്തെ വിഭജിക്കുന്ന അതിരുകൾ ഇവയാണ്: യോസേഫിന്റെ ഗോത്രത്തിനു രണ്ടു പങ്കുണ്ടായിരിക്കണം. 14ഈ ദേശം നിങ്ങളുടെ പിതാക്കന്മാർക്കു നല്‌കുമെന്നു ഞാൻ വാഗ്ദാനം ചെയ്തിരുന്നു. അതു നിങ്ങൾക്ക് അവകാശമായി ലഭിക്കും. നിങ്ങൾ അത് തുല്യമായി ഭാഗിക്കണം. 15ദേശത്തിന്റെ അതിരുകൾ ഇവയാണ്: വടക്കു മഹാസമുദ്രംമുതൽ ഹെത്‍ലോൻ വഴി ഹമാത്ത്കവാടംവരെയും 16അവിടെനിന്ന് സെദാദ് ബെരോത്താ ദമാസ്കസിനും ഹാമാത്തിനും ഇടയിലുള്ള സിബ്രയീം എന്നിവ വഴി ഹൗറാന്റെ അതിർത്തിയിലെ 17ഹാസർ ഏനോൻ വരെയും വടക്കോട്ടും ആയിരിക്കും വടക്കേ അതിര്.
18കിഴക്കേ അതിര് ഹൗറാനിനും ദമാസ്കസിനും ഇടയ്‍ക്കുള്ള ഹാസർ ഏനോൻമുതൽ ഗിലെയാദിനും ഇസ്രായേൽദേശത്തിനും യോർദ്ദാൻനദി വഴി കിഴക്കേ സമുദ്രവും താമാറുംവരെ.
19തെക്കേ അതിരു താമാർ തൊട്ട് മെരിബോത് കാദേശ് ജലാശയംവരെയും അവിടെനിന്ന് ഈജിപ്തുതോടു വഴി മഹാസമുദ്രം വരെയും ആയിരിക്കും.
20പടിഞ്ഞാറേ അതിര് ഹാമാത്തിലേക്കുള്ള തിരിവിന്റെ എതിർവശം വരെ മഹാസമുദ്രം ആയിരിക്കും.
21ഇസ്രായേൽഗോത്രങ്ങളുടെ എണ്ണമനുസരിച്ച് ഈ പ്രദേശം നിങ്ങൾ വിഭജിക്കണം. 22നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ വന്നു പാർത്തശേഷം ജനിച്ച കുട്ടികളോടുകൂടി കഴിയുന്ന പരദേശികൾക്കും പൈതൃകാവകാശമായി ദേശം പങ്കുവയ്‍ക്കണം. അവർ സ്വദേശികളായി ജനിച്ച ഇസ്രായേൽപുത്രന്മാരെപ്പോലെതന്നെ ആയിരിക്കണം. ഇസ്രായേൽഗോത്രങ്ങൾക്കിടയിൽ നിങ്ങൾക്കെന്നപോലെ അവർക്കും നിങ്ങളുടെ ഇടയിൽ അവകാശം ലഭിക്കണം. 23പരദേശി പാർക്കുന്നത് ഏതു ഗോത്രത്തോടൊത്തായാലും അവിടെ അവന് അവകാശം നല്‌കണം; സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.

လက္ရွိေရြးခ်ယ္ထားမွု

EZEKIELA 47: malclBSI

အေရာင္မွတ္ခ်က္

မၽွေဝရန္

ကူးယူ

None

မိမိစက္ကိရိယာအားလုံးတြင္ မိမိအေရာင္ခ်ယ္ေသာအရာမ်ားကို သိမ္းဆည္းထားလိုပါသလား။ စာရင္းသြင္းပါ (သို႔) အေကာင့္ဝင္လိုက္ပါ