Zechariah 14:8-16

അന്നാളിൽ ജീവനുള്ള വെള്ളം യെരൂശലേമിൽനിന്നു പുറപ്പെട്ടു പാതി കിഴക്കേ കടലിലേക്കും പാതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും; അത് ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും; യഹോവ സർവഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവുമായിരിക്കും. ദേശം മുഴുവനും മാറി ഗേബമുതൽ യെരൂശലേമിനു തെക്ക് രിമ്മോൻവരെ സമഭൂമിയായിത്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീൻ ഗോപുരംമുതൽ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോൺഗോപുരംവരെ തന്നെ, ഹനനേൽഗോപുരം മുതൽ രാജാവിന്റെ ചക്കാലകൾവരെയും നിവാസികൾ ഉള്ളതാകും. അവർ അതിൽ പാർക്കും; ഇനി സംഹാരശപഥം ഉണ്ടാകയില്ല; യെരൂശലേം നിർഭയം വസിക്കും. യെരൂശലേമിനോടു യുദ്ധം ചെയ്ത സകല ജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിത്: അവർ നിവിർന്നു നില്ക്കുമ്പോൾ തന്നെ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണ് തടത്തിൽ തന്നെ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവ് വായിൽ തന്നെ ചീഞ്ഞഴുകിപ്പോകും. അന്നാളിൽ യഹോവയാൽ ഒരു മഹാപരാഭവം അവരുടെ ഇടയിൽ ഉണ്ടാകും; അവർ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ കൈപിടിക്കും; ഒരുവന്റെ കൈ മറ്റവന്റെ നേരേ പൊങ്ങും. യെഹൂദായും യെരൂശലേമിൽവച്ചു യുദ്ധം ചെയ്യും; ചുറ്റുമുള്ള സകല ജാതികളുടെയും ധനമായ പൊന്നും വെള്ളിയും വസ്ത്രവും അനവധിയായി ശേഖരിക്കപ്പെടും. അങ്ങനെ ഈ പാളയങ്ങളിലുള്ള കുതിര, കോവർകഴുത, ഒട്ടകം, കഴുത എന്നീ സകല മൃഗങ്ങൾക്കും ഈ ബാധപോലെയുള്ള ഒരു ബാധയുണ്ടാകും. എന്നാൽ യെരൂശലേമിനു നേരേ വന്ന സകല ജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുന്നാൾ ആചരിപ്പാനും ആണ്ടുതോറും വരും.
സെഖര്യാവ് 14:8-16