Luke 19:37-48

അവൻ ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ച് അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി: കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവൻ; സ്വർഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്ത്വവും എന്നു പറഞ്ഞു. പുരുഷാരത്തിൽ ചില പരീശന്മാരോ അവനോട്: ഗുരോ, നിന്റെ ശിഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു. അതിന് അവൻ: ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്ന് ഉത്തരം പറഞ്ഞു. അവൻ നഗരത്തിനു സമീപിച്ചപ്പോൾ അതിനെ കണ്ട് അതിനെക്കുറിച്ചു കരഞ്ഞു: ഈ നാളിൽ നിന്റെ സമാധാനത്തിനുള്ളത് നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിനു മറഞ്ഞിരിക്കുന്നു. നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ട് നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞ് നാലു പുറത്തും ഞെരുക്കി നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ട്, നിങ്കൽ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും. പിന്നെ അവൻ ദൈവാലയത്തിൽ ചെന്നു വില്ക്കുന്നവരെ പുറത്താക്കിത്തുടങ്ങി: എന്റെ ആലയം പ്രാർഥനാലയം ആകും എന്ന് എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തു എന്ന് അവരോടു പറഞ്ഞു. അവൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ തക്കം നോക്കി. എങ്കിലും ജനം എല്ലാം അവന്റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാൽ എന്തു ചെയ്യേണ്ടൂ എന്ന് അവർ അറിഞ്ഞില്ല.
ലൂക്കൊസ് 19:37-48