John 6:51-58

സ്വർഗത്തിൽനിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു. ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിനു തരുവാൻ ഇവന് എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു. യേശു അവരോടു പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്ക് ഉള്ളിൽ ജീവൻ ഇല്ല. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്; ഞാൻ ഒടുക്കത്തെനാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവും ആകുന്നു. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. ജീവനുള്ള പിതാവ് എന്നെ അയച്ചിട്ടു ഞാൻ പിതാവിന്മൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എന്മൂലം ജീവിക്കും. സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം ഇത് ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും.
യോഹന്നാൻ 6:51-58