1 Peter 2:16-25

സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതയ്ക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ. എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ. വേലക്കാരേ, പൂർണഭയത്തോടെ യജമാനന്മാർക്ക്, നല്ലവർക്കും ശാന്തന്മാർക്കും മാത്രമല്ല, മൂർഖന്മാർക്കുംകൂടെ കീഴടങ്ങിയിരിപ്പിൻ. ഒരുത്തൻ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാൽ അതു പ്രസാദം ആകുന്നു. നിങ്ങൾ കുറ്റം ചെയ്തിട്ട് അടി കൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളൂ? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിനു പ്രസാദം. അതിനായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തുവും നിങ്ങൾക്കുവേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വച്ചേച്ചു പോയിരിക്കുന്നു. അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല. തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തത്. നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന് അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു. നിങ്ങൾ തെറ്റി ഉഴലുന്ന ആടുകളെപ്പോലെ ആയിരുന്നു; ഇപ്പോഴോ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും അധ്യക്ഷനുമായവങ്കലേക്കു മടങ്ങിവന്നിരിക്കുന്നു.
1 പത്രൊസ് 2:16-25