സെഖര്യാവ് 9:9-17

സെഖര്യാവ് 9:9-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു. ഞാൻ എഫ്രയീമിൽനിന്നു രഥത്തെയും യെരൂശലേമിൽനിന്നു കുതിരയെയും ഛേദിച്ചുകളയും; പടവില്ലും ഒടിഞ്ഞുപോകും; അവൻ ജാതികളോടു സമാധാനം കല്പിക്കും; അവന്റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും. നീയോ- നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽനിന്നും വിട്ടയയ്ക്കും. പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങിവരുവിൻ; ഞാൻ നിനക്ക് ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നുതന്നെ പ്രസ്താവിക്കുന്നു. ഞാൻ എനിക്കു യെഹൂദായെ വില്ലായി കുലച്ചും എഫ്രയീമിനെ നിറച്ചുമിരിക്കുന്നു; സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ യവനദേശമേ, നിന്റെ പുത്രന്മാരുടെ നേരേ ഉണർത്തി നിന്നെ ഒരു വീരന്റെ വാൾപോലെ ആക്കും. യഹോവ അവർക്കു മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നൽപോലെ പുറപ്പെടും; യഹോവയായ കർത്താവ് കാഹളം ഊതി തെക്കൻചുഴലിക്കാറ്റുകളിൽ വരും. സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ട് മറയ്ക്കും; അവർ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളകയും രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കയും യാഗകലശങ്ങൾപോലെയും യാഗപീഠത്തിന്റെ കോണുകൾപോലെയും നിറഞ്ഞിരിക്കയും ചെയ്യും. അന്നാളിൽ അവരുടെ ദൈവമായ യഹോവ അവരെ തന്റെ ജനമായ ആട്ടിൻകൂട്ടത്തെപ്പോലെ രക്ഷിക്കും; അവർ അവന്റെ ദേശത്ത് ഒരു കിരീടത്തിന്റെ രത്നംപോലെ പൊങ്ങി ശോഭിക്കും. അതിന് എത്ര ശ്രീത്വവും അതിന് എത്ര സൗന്ദര്യവും ഉണ്ട്; ധാന്യം യുവാക്കളെയും വീഞ്ഞ് യുവതികളെയും പുഷ്ടീകരിക്കുന്നു.

സെഖര്യാവ് 9:9-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സീയോൻനിവാസികളേ, അത്യന്തം ആനന്ദിക്കുവിൻ! യെരൂശലേംനിവാസികളേ, ഉദ്‌ഘോഷിക്കുവിൻ. ഇതാ, നിങ്ങളുടെ രാജാവ് വരുന്നു. അവിടുന്നു പ്രതാപത്തോടെ വിജയശ്രീലാളിതനായി വരുന്നു. വിനീതനായി ചെറിയ കഴുതക്കുട്ടിയുടെ പുറത്തു കയറി വരുന്നു. സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഞാൻ എഫ്രയീമിൽനിന്നു രഥങ്ങളെയും യെരൂശലേമിൽനിന്നു പോർക്കുതിരകളെയും ഛേദിച്ചു കളയും. പടവില്ല് നശിപ്പിക്കപ്പെടും. അവൻ ജനതകൾക്കിടയിൽ സമാധാനം വരുത്തും. അവന്റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറുതിവരെയും ആയിരിക്കും. സർവേശ്വരൻ അരുളിച്ചെയ്യുന്നു: നിങ്ങളെ സംബന്ധിച്ചിടത്തോളം യാഗരക്തംകൊണ്ടു മുദ്രവച്ച നിങ്ങളുമായുള്ള എന്റെ ഉടമ്പടി നിമിത്തം നിങ്ങളുടെ പ്രവാസികളെ വെള്ളമില്ലാത്ത കുഴിയിൽനിന്നു വിട്ടയയ്‍ക്കും. പ്രത്യാശയുള്ള ബന്ദികളേ, നിങ്ങളുടെ രക്ഷാദുർഗത്തിലേക്കു മടങ്ങിവരുവിൻ! നിങ്ങൾക്ക് ഇരട്ടി മടക്കിത്തരുമെന്നു ഞാൻ ഇന്നു പ്രഖ്യാപിക്കുന്നു. ഞാൻ യെഹൂദായെ എന്റെ വില്ലുപോലെ കുലച്ചു; എഫ്രയീമിനെ അതിന്റെ ശരമാക്കി. സീയോനേ, നിന്റെ നിവാസികളെ യവനദേശത്തിലെ നിവാസികൾക്കെതിരെ ഒരു പടവാൾപോലെ ഞാൻ പ്രയോഗിക്കും. അപ്പോൾ സർവേശ്വരൻ അവർക്കുമീതെ ദൃശ്യനാകും. അവിടുത്തെ ശരം മിന്നൽപ്പോലെ പായും. ദൈവമായ സർവേശ്വരൻ കാഹളം ഊതും; തെക്കൻ ചുഴലിക്കാറ്റിൽ അവിടുന്നു മുന്നേറും. സർവശക്തനായ സർവേശ്വരൻ സ്വന്തം ജനതയെ രക്ഷിക്കും. അവർ കവണക്കാരെ നശിപ്പിക്കും. പടവെട്ടുമ്പോൾ കുടിച്ചു മദിച്ചവരെപ്പോലെ അവർ യുദ്ധാങ്കണത്തിൽ അലറും. അവർ വൈരികളുടെ ചോര ചിന്തും; യാഗകലശം നിറയുന്നതുപോലെ അവിടം രക്തംകൊണ്ടു നിറയും. യാഗപീഠത്തിന്റെ കോണുകൾപോലെ അവിടം രക്തംകൊണ്ടു കുതിരും. തന്റെ അജഗണമായ ജനത്തെ ദൈവമായ സർവേശ്വരൻ അന്നു രക്ഷിക്കും. കിരീടത്തിൽ ശോഭിക്കുന്ന രത്നങ്ങൾപോലെ അവിടുത്തെ ദേശത്ത് അവർ തിളങ്ങും. ആ കാഴ്ച എത്ര ശ്രേഷ്ഠവും രമ്യവും ആയിരിക്കും! ധാന്യവും വീഞ്ഞും യുവതീയുവാക്കൾക്ക് ശക്തിപകരും.

സെഖര്യാവ് 9:9-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക; യെരൂശലേം പുത്രിയേ, ആർപ്പിടുക! ഇതാ, നിന്‍റെ രാജാവ് നിന്‍റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു. ഞാൻ എഫ്രയീമിൽനിന്നു രഥത്തെയും യെരൂശലേമിൽ നിന്നു കുതിരയെയും ഛേദിച്ചുകളയും; പടവില്ലും ഒടിഞ്ഞുപോകും; അവൻ ജനതകളോടു സമാധാനം കല്പിക്കും; അവന്‍റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും. നീയോ - നിന്‍റെ നിയമരക്തം ഹേതുവായി ഞാൻ നിന്‍റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽനിന്നു വിട്ടയക്കും. പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്ക് മടങ്ങിവരുവിൻ; ഞാൻ നിനക്ക് ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നുതന്നെ പ്രസ്താവിക്കുന്നു. ഞാൻ എനിക്ക് യെഹൂദയെ വില്ലായി കുലച്ചും എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു; സീയോനേ, ഞാൻ നിന്‍റെ പുത്രന്മാരെ യവനദേശമേ, നിന്‍റെ പുത്രന്മാരുടെ നേരെ ഉണർത്തി നിന്നെ ഒരു വീരന്‍റെ വാൾപോലെയാക്കും. യഹോവ അവർക്ക് മീതെ പ്രത്യക്ഷനാകും; അവന്‍റെ അസ്ത്രം മിന്നൽപോലെ പുറപ്പെടും; യഹോവയായ കർത്താവ് കാഹളം ഊതി തെക്കൻ ചുഴലിക്കാറ്റുകളിൽ വരും. സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ട് മറയ്ക്കും; അവർ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളയുകയും രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കുകയും യാഗകലശങ്ങൾപോലെയും യാഗപീഠത്തിന്‍റെ കോണുകൾപോലെയും നിറഞ്ഞിരിക്കുകയും ചെയ്യും. ആ നാളിൽ അവരുടെ ദൈവമായ യഹോവ അവരെ തന്‍റെ ജനമായ ആട്ടിൻകൂട്ടത്തെപ്പോലെ രക്ഷിക്കും; അവർ അവന്‍റെ ദേശത്ത് ഒരു കിരീടത്തിന്‍റെ രത്നംപോലെ പൊങ്ങി ശോഭിക്കും. അതിന്‍റെ ശ്രേഷ്ഠതയും സൗന്ദര്യവും എത്ര വലുതായിരിക്കും! ധാന്യം യുവാക്കളെയും വീഞ്ഞ് യുവതികളെയും പുഷ്ടീകരിക്കുന്നു.

സെഖര്യാവ് 9:9-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു. ഞാൻ എഫ്രയീമിൽനിന്നു രഥത്തെയും യെരൂശലേമിൽനിന്നു കുതിരയെയും ഛേദിച്ചുകളയും; പടവില്ലും ഒടിഞ്ഞുപോകും; അവൻ ജാതികളോടു സമാധാനം കല്പിക്കും; അവന്റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും. നീയോ - നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽനിന്നു വിട്ടയക്കും. പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങിവരുവിൻ; ഞാൻ നിനക്കു ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നുതന്നേ പ്രസ്താവിക്കുന്നു. ഞാൻ എനിക്കു യെഹൂദയെ വില്ലായി കുലെച്ചും എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു; സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ യവനദേശമേ, നിന്റെ പുത്രന്മാരുടെ നേരെ ഉണർത്തി നിന്നെ ഒരു വീരന്റെ വാൾപോലെയാക്കും. യഹോവ അവർക്കു മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നൽപോലെ പുറപ്പെടും; യഹോവയായ കർത്താവു കാഹളം ഊതി തെക്കൻ ചുഴലിക്കാറ്റുകളിൽ വരും. സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ടു മറെക്കും; അവർ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളകയും രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കയും യാഗകലശങ്ങൾപോലെയും യാഗപീഠത്തിന്റെ കോണുകൾപോലെയും നിറഞ്ഞിരിക്കയും ചെയ്യും. അന്നാളിൽ അവരുടെ ദൈവമായ യഹോവ അവരെ തന്റെ ജനമായ ആട്ടിൻ കൂട്ടത്തെപ്പോലെ രക്ഷിക്കും; അവർ അവന്റെ ദേശത്തു ഒരു കിരീടത്തിന്റെ രത്നംപോലെ പൊങ്ങി ശോഭിക്കും. അതിന്നു എത്ര ശ്രീത്വവും അതിന്നു എത്ര സൗന്ദര്യവും ഉണ്ടു; ധാന്യം യുവാക്കളെയും വീഞ്ഞു യുവതികളെയും പുഷ്ടീകരിക്കുന്നു.

സെഖര്യാവ് 9:9-17 സമകാലിക മലയാളവിവർത്തനം (MCV)

സീയോൻപുത്രീ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക! ജെറുശലേംപുത്രീ, ആർപ്പിടുക! ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്കു വരുന്നു— നീതിമാനും വിജയശ്രീലാളിതനും സൗമ്യതയുള്ളവനുമായി, കഴുതപ്പുറത്തുകയറി, പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തുകയറി വരുന്നു! ഞാൻ എഫ്രയീമിൽനിന്നു രഥങ്ങളെയും ജെറുശലേമിൽനിന്നു യുദ്ധക്കുതിരകളെയും എടുത്തുകളയും, യുദ്ധത്തിനുള്ള വില്ല് ഒടിച്ചുകളയും. അവിടന്ന് രാജ്യങ്ങൾക്ക് സമാധാനം പ്രഖ്യാപിക്കും. അവിടത്തെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റത്തോളവും ആയിരിക്കും. നീയോ, നിന്നോടുള്ള എന്റെ ഉടമ്പടിയുടെ രക്തംമൂലം ഞാൻ നിന്റെ ബന്ധിതരെ വെള്ളമില്ലാത്ത കുഴികളിൽനിന്നു മോചിപ്പിക്കും. പ്രത്യാശയുള്ള ബന്ധിതരേ, നിങ്ങളുടെ കോട്ടയിലേക്കു മടങ്ങിപ്പോകുവിൻ; നിങ്ങൾക്ക് ഇരട്ടിയായി മടക്കിത്തരുമെന്ന് ഞാൻ പ്രഖ്യാപിക്കുന്നു. ഞാൻ എന്റെ വില്ല് കുലയ്ക്കുന്നതുപോലെ യെഹൂദയെ വളയ്ക്കും, എഫ്രയീമിനെ ഞാൻ അസ്ത്രംകൊണ്ടു നിറച്ചുമിരിക്കുന്നു. സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ ഉണർത്തി ഒരു യുദ്ധവീരന്റെ വാൾപോലെയാക്കും; ഗ്രീക്കുദേശമേ, നിന്റെ പുത്രന്മാർക്കെതിരേതന്നെ. അപ്പോൾ അവരുടെമേൽ യഹോവ പ്രത്യക്ഷനാകും; അവിടത്തെ അമ്പ് മിന്നൽപ്പിണർപോലെ ചീറിപ്പായും. യഹോവയായ കർത്താവ് കാഹളംധ്വനിപ്പിക്കും; അവിടന്ന് തെക്കൻകാറ്റുകളിൽ മുന്നേറും. സൈന്യങ്ങളുടെ യഹോവ അവരെ സംരക്ഷിക്കും. അവർ കവിണക്കല്ലുകളാൽ വിനാശംവരുത്തി വിജയംനേടും; അവർ കുടിക്കും, മദ്യപരെപ്പോലെ അട്ടഹസിക്കും. അവർ യാഗപീഠത്തിന്റെ കോണുകളിൽ തളിക്കാനുള്ള നിറഞ്ഞ പാത്രംപോലെ ആയിരിക്കും. ഇടയൻ തന്റെ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കുന്നതുപോലെ ആ ദിവസം അവരുടെ ദൈവമായ യഹോവ തന്റെ ജനത്തെ സംരക്ഷിക്കും. ഒരു കിരീടത്തിൽ രത്നങ്ങൾപോലെ അവർ അവിടത്തെ ദേശത്തു മിന്നിത്തിളങ്ങും. അവർ എത്ര ആകർഷണീയരും സൗന്ദര്യപൂർണരും ആയിരിക്കും! ധാന്യം യുവാക്കന്മാരെയും പുതുവീഞ്ഞ് യുവതികളെയും പുഷ്ടിയുള്ളവരാക്കും.