സെഖര്യാവ് 8:1-8
സെഖര്യാവ് 8:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മഹാതീക്ഷ്ണതയോടെ സീയോനുവേണ്ടി എരിയുന്നു; ഞാൻ അതിനുവേണ്ടി മഹാക്രോധത്തോടെ എരിയുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്റെ മധ്യേ വസിക്കും; യെരൂശലേമിനു സത്യനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവതത്തിനു വിശുദ്ധപർവതം എന്നും പേർ പറയും. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനിയും യെരൂശലേമിന്റെ വീഥികളിൽ വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാർദ്ധക്യം നിമിത്തം ഓരോരുത്തൻ കൈയിൽ വടി പിടിക്കും. നഗരത്തിന്റെ വീഥികൾ ആൺകുട്ടികളെയും പെൺകുട്ടികളെയും കൊണ്ട് നിറഞ്ഞിരിക്കും; അവർ അതിന്റെ വീഥികളിൽ കളിച്ചുകൊണ്ടിരിക്കും. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അത് ഈ കാലത്തിൽ ഈ ജനത്തിന്റെ ശേഷിപ്പുള്ളവർക്ക് അതിശയമായി തോന്നുന്നു എങ്കിൽ എനിക്കും അതിശയമായി തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ ജനത്തെ ഉദയദേശത്തുനിന്നും അസ്തമയദേശത്തുനിന്നും രക്ഷിക്കും. ഞാൻ അവരെ കൊണ്ടുവരും; അവർ യെരൂശലേമിൽ പാർക്കും; സത്യത്തിലും നീതിയിലും അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും.
സെഖര്യാവ് 8:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവശക്തനായ സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: സീയോനെക്കുറിച്ചു ഞാൻ അതീവതല്പരനായിരിക്കുന്നു. അതിനോടുള്ള എന്റെ സ്നേഹം അതിരറ്റതാണ്. ഞാൻ സീയോനിലേക്കു മടങ്ങിവരും; യെരൂശലേമിൽ വസിക്കും. യെരൂശലേമേ, വിശ്വസ്തനഗരമെന്നും സർവശക്തനായ സർവേശ്വരന്റെ പർവതമെന്നും വിശുദ്ധഗിരി എന്നും നീ വിളിക്കപ്പെടും. സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: വടിയൂന്നി നടക്കുന്ന വൃദ്ധന്മാരും വൃദ്ധകളും യെരൂശലേമിന്റെ തെരുവീഥികളിൽ ഉണ്ടാകും. കളിച്ചുല്ലസിക്കുന്ന ബാലികാബാലന്മാരെക്കൊണ്ട് നഗരവീഥികൾ നിറയും. അവശേഷിക്കുന്ന ജനത്തിന് ഈ കാഴ്ച അന്ന് അദ്ഭുതകരമായി തോന്നും. എന്നാൽ എനിക്കും അത് അദ്ഭുതമായി തോന്നണമോ” എന്നു സർവശക്തനായ സർവേശ്വരൻ ചോദിക്കുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു: “കിഴക്കേദേശത്തുനിന്നും പടിഞ്ഞാറേദേശത്തുനിന്നും ഞാൻ എന്റെ ജനത്തെ രക്ഷിക്കും. യെരൂശലേമിൽ വസിക്കാൻ ഞാൻ അവരെ അവിടെനിന്നു കൊണ്ടുവരും. സത്യത്തിലും നീതിയിലും അവർ എനിക്കു ജനവും ഞാൻ അവർക്ക് ദൈവവും ആയിരിക്കും.”
സെഖര്യാവ് 8:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ മഹാതീക്ഷ്ണതയോടെ സീയോനുവേണ്ടി എരിയുന്നു; ഞാൻ അതിനുവേണ്ടി മഹാക്രോധത്തോടെ എരിയുന്നു.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്‍റെ മദ്ധ്യത്തിൽ വസിക്കും; യെരൂശലേമിനു സത്യനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവ്വതത്തിനു വിശുദ്ധപർവ്വതം എന്നും പേർ പറയും.” സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇനിയും യെരൂശലേമിന്റെ വീഥികളിൽ വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാർദ്ധക്യം നിമിത്തം ഓരോ വ്യക്തിയും കയ്യിൽ വടി പിടിക്കും. നഗരത്തിന്റെ വീഥികൾ ആൺകുട്ടികളെയും പെൺകുട്ടികളെയുംകൊണ്ട് നിറഞ്ഞിരിക്കും; അവർ അതിന്റെ വീഥികളിൽ കളിച്ചുകൊണ്ടിരിക്കും.” സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് ഈ കാലത്തിൽ ഈ ജനത്തിൽ ശേഷിപ്പുള്ളവർക്ക് അതിശയമായി തോന്നുന്നു എങ്കിൽ എനിക്കും അതിശയമായി തോന്നുമോ?” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എന്റെ ജനത്തെ ഉദയദേശത്തുനിന്നും അസ്തമയദേശത്തുനിന്നും രക്ഷിക്കും. ഞാൻ അവരെ കൊണ്ടുവരും; അവർ യെരൂശലേമിൽ പാർക്കും; സത്യത്തിലും നീതിയിലും അവർ എനിക്ക് ജനമായും ഞാൻ അവർക്ക് ദൈവമായും ഇരിക്കും.”
സെഖര്യാവ് 8:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മഹാതീക്ഷ്ണതയോടെ സീയോന്നുവേണ്ടി എരിയുന്നു; ഞാൻ അതിന്നുവേണ്ടി മഹാക്രോധത്തോടെ എരിയുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്റെ മദ്ധ്യേ വസിക്കും; യെരൂശലേമിന്നു സത്യനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവ്വതത്തിന്നു വിശുദ്ധപർവ്വതം എന്നും പേർ പറയും. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനിയും യെരൂശലേമിന്റെ വീഥികളിൽ വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാർദ്ധക്യംനിമിത്തം ഓരോരുത്തൻ കയ്യിൽ വടി പിടിക്കും. നഗരത്തിന്റെ വീഥികൾ ആൺകുട്ടികളെയും പെൺകുട്ടികളെയുംകൊണ്ടു നിറഞ്ഞിരിക്കും; അവർ അതിന്റെ വീഥികളിൽ കളിച്ചുകൊണ്ടിരിക്കും. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു ഈ കാലത്തിൽ ഈ ജനത്തിന്റെ ശേഷിപ്പുള്ളവർക്കു അതിശയമായി തോന്നുന്നു എങ്കിൽ എനിക്കും അതിശയമായി തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ ജനത്തെ ഉദയദേശത്തുനിന്നും അസ്തമയദേശത്തുനിന്നും രക്ഷിക്കും. ഞാൻ അവരെ കൊണ്ടുവരും; അവർ യെരൂശലേമിൽ പാർക്കും; സത്യത്തിലും നീതിയിലും അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും.
സെഖര്യാവ് 8:1-8 സമകാലിക മലയാളവിവർത്തനം (MCV)
അതിനുശേഷം സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ സീയോനെക്കുറിച്ച് അത്യധികം തീക്ഷ്ണതയുള്ളവനാണ്; അവൾക്കുവേണ്ടിയുള്ള തീക്ഷ്ണത എന്നിൽ ജ്വലിക്കുന്നു.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ സീയോനിലേക്കു മടങ്ങിവന്ന് ജെറുശലേമിൽ വസിക്കും. അപ്പോൾ ജെറുശലേം വിശ്വസ്തനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവതം വിശുദ്ധപർവതം എന്നും വിളിക്കപ്പെടും.” സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇനി ഒരിക്കൽക്കൂടി ജെറുശലേമിന്റെ തെരുവീഥികളിൽ വൃദ്ധന്മാരും വൃദ്ധകളും ഇരിക്കും. പ്രായാധിക്യംനിമിത്തം ഓരോരുത്തൻ വടി കൈയിൽ പിടിച്ചിരിക്കും. പട്ടണവീഥികൾ കളിക്കുന്ന ബാലികാബാലന്മാരെക്കൊണ്ട് നിറഞ്ഞിരിക്കും.” സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് ഈ ജനങ്ങളുടെ അക്കാലത്തെ ശേഷിപ്പിന് അസാധ്യമെന്നു തോന്നിയാലും, എനിക്ക് അത് അസാധ്യമായിരിക്കുമോ?” എന്ന് സൈന്യങ്ങളുടെ യഹോവ പ്രസ്താവിക്കുന്നു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങളിൽനിന്നു ഞാൻ എന്റെ ജനത്തെ രക്ഷിക്കും. അവർ ജെറുശലേമിൽ വസിക്കേണ്ടതിന് ഞാൻ അവരെ മടക്കിക്കൊണ്ടുവരും; അവർ എന്റെ ജനമായിരിക്കും, ഞാൻ അവർക്കു നീതിയും വിശ്വസ്തതയുമുള്ള ദൈവമായിരിക്കും.”