സെഖര്യാവ് 8:1-23
സെഖര്യാവ് 8:1-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മഹാതീക്ഷ്ണതയോടെ സീയോനുവേണ്ടി എരിയുന്നു; ഞാൻ അതിനുവേണ്ടി മഹാക്രോധത്തോടെ എരിയുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്റെ മധ്യേ വസിക്കും; യെരൂശലേമിനു സത്യനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവതത്തിനു വിശുദ്ധപർവതം എന്നും പേർ പറയും. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനിയും യെരൂശലേമിന്റെ വീഥികളിൽ വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാർദ്ധക്യം നിമിത്തം ഓരോരുത്തൻ കൈയിൽ വടി പിടിക്കും. നഗരത്തിന്റെ വീഥികൾ ആൺകുട്ടികളെയും പെൺകുട്ടികളെയും കൊണ്ട് നിറഞ്ഞിരിക്കും; അവർ അതിന്റെ വീഥികളിൽ കളിച്ചുകൊണ്ടിരിക്കും. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അത് ഈ കാലത്തിൽ ഈ ജനത്തിന്റെ ശേഷിപ്പുള്ളവർക്ക് അതിശയമായി തോന്നുന്നു എങ്കിൽ എനിക്കും അതിശയമായി തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ ജനത്തെ ഉദയദേശത്തുനിന്നും അസ്തമയദേശത്തുനിന്നും രക്ഷിക്കും. ഞാൻ അവരെ കൊണ്ടുവരും; അവർ യെരൂശലേമിൽ പാർക്കും; സത്യത്തിലും നീതിയിലും അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സൈന്യങ്ങളുടെ യഹോവയുടെ ആലയമായ മന്ദിരം പണിയേണ്ടതിന് അടിസ്ഥാനം ഇട്ട നാളിൽ ഉണ്ടായിരുന്ന പ്രവാചകന്മാരുടെ വായിൽനിന്ന് ഈ വചനങ്ങളെ ഈ കാലത്തു കേൾക്കുന്നവരേ, ധൈര്യപ്പെടുവിൻ. ഈ കാലത്തിനു മുമ്പേ മനുഷ്യനു കൂലിയില്ല, മൃഗത്തിനു കൂലിയില്ല; പോക്കുവരത്തു ചെയ്യുന്നവനു വൈരി നിമിത്തം സമാധാനവുമില്ല; ഞാൻ സകല മനുഷ്യരെയും തമ്മിൽ തമ്മിൽ വിരോധമാക്കിയിരുന്നു. ഇപ്പോഴോ ഞാൻ ഈ ജനത്തിന്റെ ശേഷിപ്പുള്ളവരോടു മുമ്പിലത്തെ കാലത്ത് എന്നപോലെയല്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. വിത സമാധാനത്തോടെ ആയിരിക്കും; മുന്തിരിവള്ളി ഫലം കായ്ക്കും; ഭൂമി അനുഭവം നല്കും; ആകാശം മഞ്ഞു പെയ്യിക്കും; ഈ ജനത്തിന്റെ ശേഷിപ്പുള്ളവർക്കു ഞാൻ ഇവയൊക്കെയും അവകാശമായി കൊടുക്കും. യെഹൂദാഗൃഹവും യിസ്രായേൽഗൃഹവുമായുള്ളോരേ, നിങ്ങൾ ജാതികളുടെ ഇടയിൽ ശാപമായിരുന്നതുപോലെ ഞാൻ നിങ്ങളെ രക്ഷിച്ചിട്ടു നിങ്ങൾ അനുഗ്രഹമായിത്തീരും; നിങ്ങൾ ഭയപ്പെടാതെ ധൈര്യമായിരിപ്പിൻ. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; നിങ്ങളുടെ പിതാക്കന്മാർ എന്നെ കോപിപ്പിച്ചപ്പോൾ ഞാൻ നിങ്ങൾക്കു തിന്മ വരുത്തുവാൻ വിചാരിക്കയും അനുതപിക്കാതിരിക്കയും ചെയ്തതുപോലെ ഞാൻ ഈ കാലത്തു യെരൂശലേമിനും യെഹൂദാഗൃഹത്തിനും വീണ്ടും നന്മ വരുത്തുവാൻ വിചാരിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ ഇവയാകുന്നു: ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം പറവിൻ; നിങ്ങളുടെ ഗോപുരങ്ങളിൽ നേരോടും സമാധാനത്തോടുംകൂടെ ന്യായപാലനം ചെയ്വിൻ. നിങ്ങളിൽ ആരും തന്റെ കൂട്ടുകാരന്റെ നേരേ ഹൃദയത്തിൽ ദോഷം നിരൂപിക്കരുത്; കള്ളസ്സത്യത്തിൽ ഇഷ്ടം തോന്നുകയും അരുത്; ഇതെല്ലാം ഞാൻ വെറുക്കുന്നതല്ലോ എന്നു യഹോവയുടെ അരുളപ്പാട്. സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാലാം മാസത്തെ ഉപവാസവും അഞ്ചാം മാസത്തെ ഉപവാസവും ഏഴാം മാസത്തെ ഉപവാസവും പത്താം മാസത്തെ ഉപവാസവും യെഹൂദാഗൃഹത്തിന് ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവങ്ങളും ആയിരിക്കേണം; അതുകൊണ്ടു സത്യവും സമാധാനവും ഇഷ്ടപ്പെടുവിൻ. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി ജാതികളും അനേക പട്ടണങ്ങളിലെ നിവാസികളും വരുവാൻ ഇടയാകും. ഒരു പട്ടണത്തിലെ നിവാസികൾ മറ്റൊന്നിലേക്കു ചെന്ന്: വരുവിൻ, നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിനും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിനും പോകാം; ഞാനും പോരുന്നു എന്നു പറയും. അങ്ങനെ അനേകജാതികളും ബഹുവംശങ്ങളും യെരൂശലേമിൽ സൈന്യങ്ങളുടെ യഹോവയെ അന്വേഷിപ്പാനും യഹോവയെ പ്രസാദിപ്പിപ്പാനും വരും. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ കാലത്തു ജാതികളുടെ സകല ഭാഷകളിലുംനിന്ന് പത്തു പേർ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു; ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.
സെഖര്യാവ് 8:1-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവശക്തനായ സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: സീയോനെക്കുറിച്ചു ഞാൻ അതീവതല്പരനായിരിക്കുന്നു. അതിനോടുള്ള എന്റെ സ്നേഹം അതിരറ്റതാണ്. ഞാൻ സീയോനിലേക്കു മടങ്ങിവരും; യെരൂശലേമിൽ വസിക്കും. യെരൂശലേമേ, വിശ്വസ്തനഗരമെന്നും സർവശക്തനായ സർവേശ്വരന്റെ പർവതമെന്നും വിശുദ്ധഗിരി എന്നും നീ വിളിക്കപ്പെടും. സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: വടിയൂന്നി നടക്കുന്ന വൃദ്ധന്മാരും വൃദ്ധകളും യെരൂശലേമിന്റെ തെരുവീഥികളിൽ ഉണ്ടാകും. കളിച്ചുല്ലസിക്കുന്ന ബാലികാബാലന്മാരെക്കൊണ്ട് നഗരവീഥികൾ നിറയും. അവശേഷിക്കുന്ന ജനത്തിന് ഈ കാഴ്ച അന്ന് അദ്ഭുതകരമായി തോന്നും. എന്നാൽ എനിക്കും അത് അദ്ഭുതമായി തോന്നണമോ” എന്നു സർവശക്തനായ സർവേശ്വരൻ ചോദിക്കുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു: “കിഴക്കേദേശത്തുനിന്നും പടിഞ്ഞാറേദേശത്തുനിന്നും ഞാൻ എന്റെ ജനത്തെ രക്ഷിക്കും. യെരൂശലേമിൽ വസിക്കാൻ ഞാൻ അവരെ അവിടെനിന്നു കൊണ്ടുവരും. സത്യത്തിലും നീതിയിലും അവർ എനിക്കു ജനവും ഞാൻ അവർക്ക് ദൈവവും ആയിരിക്കും.” സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “സർവേശ്വരന്റെ ആലയം വീണ്ടും പണിയുന്നതിനുവേണ്ടി അടിസ്ഥാനമിട്ട നാൾ മുതൽ പ്രവാചകന്മാർ പ്രസ്താവിച്ച ഈ വചനങ്ങൾ ഇപ്പോഴും കേൾക്കുന്നവരേ, നിങ്ങൾ ധൈര്യമുള്ളവരായിരിക്കുവിൻ. ആ നാളുകൾക്കുമുമ്പ് മനുഷ്യനോ മൃഗത്തിനോ കൂലി കൊടുക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. പോകുകയോ വരികയോ ചെയ്യുന്നവന് ശത്രുവിൽനിന്നു വിടുതലും ഉണ്ടായിരുന്നില്ല. കാരണം ഞാൻ സകല മനുഷ്യരെയും അന്യോന്യം ശത്രുക്കളാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അവശേഷിച്ചിരിക്കുന്ന ജനത്തോടു ഞാൻ മുമ്പത്തെപ്പോലെയല്ല പെരുമാറുക” എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. അവർ സമാധാനത്തോടെ വിതയ്‍ക്കും; മുന്തിരി ഫലം നല്‌കും; ഭൂമിയും അതിൽനിന്നു വിളവു നല്‌കും; ആകാശം മഞ്ഞുപൊഴിക്കും. ഈ ജനത്തിൽ അവശേഷിക്കുന്നവരെ ഞാൻ ഇവയ്‍ക്കെല്ലാം അവകാശികളാക്കിത്തീർക്കും. യെഹൂദാജനങ്ങളേ, ഇസ്രായേൽജനങ്ങളേ, ജനതകളുടെ ഇടയിൽ നിങ്ങൾ ശപിക്കപ്പെട്ടവരായിരുന്നല്ലോ; ഞാൻ നിങ്ങളെ രക്ഷിച്ച് ജനതകളുടെ ഇടയിൽ നിങ്ങളെ അനുഗൃഹീതരാക്കും. നിങ്ങൾ ഭയപ്പെടാതെ ധൈര്യമായിരിക്കുവിൻ.” സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പിതാക്കന്മാർ എന്നെ പ്രകോപിപ്പിച്ചപ്പോൾ നിങ്ങളെ നശിപ്പിക്കണമെന്നു ഞാൻ തീരുമാനിച്ചു. എന്റെ തീരുമാനത്തിൽനിന്നു ഞാൻ പിന്മാറിയില്ല. എന്നാൽ ഇപ്പോൾ യെരൂശലേമിനും യെഹൂദാജനത്തിനും നന്മവരുത്തണമെന്നു ഞാൻ ഉറച്ചിരിക്കുന്നു. നിങ്ങൾ ഭയപ്പെടേണ്ടാ എന്ന് സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. നിങ്ങൾ ചെയ്യേണ്ടത് ഇവയാണ്: സത്യം പറയുക; നഗരകവാടങ്ങളിൽ സത്യസന്ധമായി ന്യായവിധി നടത്തുക. അങ്ങനെ സമാധാനം പാലിക്കുക. നിങ്ങൾ അപരനെതിരെ തിന്മ ആലോചിക്കരുത്. കള്ളസ്സത്യം ചെയ്യാൻ താൽപര്യപ്പെടരുത്. ഇവയെല്ലാം ഞാൻ വെറുക്കുന്നു എന്ന് അവിടുന്നു അരുളിച്ചെയ്യുന്നു.” എനിക്കു സർവശക്തനായ സർവേശ്വരന്റെ അരുളപ്പാടുണ്ടായി: “നാലും അഞ്ചും ഏഴും പത്തും മാസങ്ങളിലെ ഉപവാസങ്ങൾ യെഹൂദാജനത്തിന് സന്തോഷവും ഉല്ലാസപ്രദവുമായ ആനന്ദോത്സവങ്ങൾ ആയിരിക്കണം. അതുകൊണ്ട് സത്യത്തെയും സമാധാനത്തെയും സ്നേഹിക്കുവിൻ. സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: അനേകം ജനതകൾ, നിരവധി നഗരങ്ങളിലെ നിവാസികൾ ഇനിയും വരും. ഒരു നഗരത്തിലെ നിവാസികൾ മറ്റൊന്നിലേക്ക് ചെന്നു പറയും: വരിക, സർവേശ്വരനെ പ്രസാദിപ്പിക്കാനും അവിടുത്തെ ആരാധിക്കാനും നമുക്ക് ഉടനെ പോകാം. നമുക്ക് ഒന്നിച്ചുപോകാം. അങ്ങനെ സർവശക്തനായ സർവേശ്വരനെ ആരാധിക്കാനും അവിടുത്തെ പ്രസാദം അർഥിക്കാനും അനേകം ജനങ്ങളും ശക്തരായ ജനതകളും യെരൂശലേമിൽ വരും. സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: വിവിധ ഭാഷകൾ സംസാരിക്കുന്ന ജനതകളിൽനിന്നുള്ള പത്തുപേർ അന്ന് ഒരു യെഹൂദന്റെ വസ്ത്രത്തുമ്പിൽ പിടിച്ചുകൊണ്ടു പറയും: ഞങ്ങളും നിങ്ങളുടെകൂടെ വരട്ടേ. ദൈവം നിങ്ങളുടെകൂടെ ഉണ്ടെന്ന് ഞങ്ങൾ കേട്ടിരിക്കുന്നു.”
സെഖര്യാവ് 8:1-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ മഹാതീക്ഷ്ണതയോടെ സീയോനുവേണ്ടി എരിയുന്നു; ഞാൻ അതിനുവേണ്ടി മഹാക്രോധത്തോടെ എരിയുന്നു.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്‍റെ മദ്ധ്യത്തിൽ വസിക്കും; യെരൂശലേമിനു സത്യനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവ്വതത്തിനു വിശുദ്ധപർവ്വതം എന്നും പേർ പറയും.” സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇനിയും യെരൂശലേമിന്റെ വീഥികളിൽ വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാർദ്ധക്യം നിമിത്തം ഓരോ വ്യക്തിയും കയ്യിൽ വടി പിടിക്കും. നഗരത്തിന്റെ വീഥികൾ ആൺകുട്ടികളെയും പെൺകുട്ടികളെയുംകൊണ്ട് നിറഞ്ഞിരിക്കും; അവർ അതിന്റെ വീഥികളിൽ കളിച്ചുകൊണ്ടിരിക്കും.” സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് ഈ കാലത്തിൽ ഈ ജനത്തിൽ ശേഷിപ്പുള്ളവർക്ക് അതിശയമായി തോന്നുന്നു എങ്കിൽ എനിക്കും അതിശയമായി തോന്നുമോ?” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എന്റെ ജനത്തെ ഉദയദേശത്തുനിന്നും അസ്തമയദേശത്തുനിന്നും രക്ഷിക്കും. ഞാൻ അവരെ കൊണ്ടുവരും; അവർ യെരൂശലേമിൽ പാർക്കും; സത്യത്തിലും നീതിയിലും അവർ എനിക്ക് ജനമായും ഞാൻ അവർക്ക് ദൈവമായും ഇരിക്കും.” സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സൈന്യങ്ങളുടെ യഹോവയുടെ ആലയമായ മന്ദിരം പണിയേണ്ടതിന് അടിസ്ഥാനം ഇട്ട നാളിൽ ഉണ്ടായിരുന്ന പ്രവാചകന്മാരുടെ വായിൽനിന്ന് ഈ വചനങ്ങളെ ഈ കാലത്ത് കേൾക്കുന്നവരേ, ധൈര്യപ്പെടുവിൻ. ഈ കാലത്തിന് മുമ്പ് മനുഷ്യന് കൂലിയില്ല, മൃഗത്തിനു കൂലിയില്ല; വരുകയും പോകുകയും ചെയ്യുന്നവർക്ക് ശത്രുനിമിത്തം സമാധാനവുമില്ല; ഞാൻ സകലമനുഷ്യരെയും തമ്മിൽതമ്മിൽ വിരോധമാക്കിയിരുന്നു. ഇപ്പോഴോ ഞാൻ ഈ ജനത്തിൽ ശേഷിപ്പുള്ളവരോടു മുമ്പിലത്തെ കാലത്ത് എന്നപോലെ പെരുമാറുകയില്ല” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. “വിത സമാധാനത്തോടെ ആയിരിക്കും; മുന്തിരിവള്ളി ഫലം കായ്ക്കും; ഭൂമി അനുഭവം നല്കും; ആകാശം മഞ്ഞു പെയ്യിക്കും; ഈ ജനത്തിൽ ശേഷിപ്പുള്ളവർക്കു ഞാൻ ഇവയെല്ലാം അവകാശമായി കൊടുക്കും. യെഹൂദാഗൃഹവും യിസ്രായേൽഗൃഹവുമായുള്ളവരേ, നിങ്ങൾ ജനതകളുടെ ഇടയിൽ ശാപമായിരുന്നതുപോലെ ഞാൻ നിങ്ങളെ രക്ഷിച്ചിട്ടു നിങ്ങൾ അനുഗ്രഹമായിത്തീരും; നിങ്ങൾ ഭയപ്പെടാതെ ധൈര്യമായിരിക്കുവിൻ.” സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പൂര്‍വ പിതാക്കന്മാർ എന്നെ കോപിപ്പിച്ചപ്പോൾ ഞാൻ നിങ്ങൾക്ക് തിന്മ വരുത്തുവാൻ വിചാരിക്കുകയും അനുതപിക്കാതിരിക്കുകയും ചെയ്തതുപോലെ ഞാൻ ഈ കാലത്ത് യെരൂശലേമിനും യെഹൂദാഗൃഹത്തിനും വീണ്ടും നന്മ വരുത്തുവാൻ വിചാരിക്കുന്നു; നിങ്ങൾ ഭയപ്പെടണ്ടാ” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ ഇവയാകുന്നു: ഓരോരുത്തൻ അവനവന്‍റെ കൂട്ടുകാരനോട് സത്യം പറവിൻ; നിങ്ങളുടെ ഗോപുരങ്ങളിൽ നേരോടും സമാധാനത്തോടുംകൂടെ ന്യായപാലനം ചെയ്യുവിൻ. നിങ്ങളിൽ ആരും തന്റെ കൂട്ടുകാരന്‍റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കരുത്; കള്ളസ്സത്യത്തിൽ ഇഷ്ടം തോന്നുകയും അരുത്; ഇതെല്ലാം ഞാൻ വെറുക്കുന്നതല്ലയോ” എന്നു യഹോവയുടെ അരുളപ്പാട്. സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നാലാം മാസത്തെ ഉപവാസവും അഞ്ചാം മാസത്തെ ഉപവാസവും ഏഴാം മാസത്തെ ഉപവാസവും പത്താം മാസത്തെ ഉപവാസവും യെഹൂദാഗൃഹത്തിന് ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവങ്ങളും ആയിരിക്കേണം; അതുകൊണ്ട് സത്യവും സമാധാനവും ഇഷ്ടപ്പെടുവിൻ.” സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇനി ജനതകളും അനേക പട്ടണങ്ങളിലെ നിവാസികളും വരുവാൻ ഇടയാകും. ഒരു പട്ടണത്തിലെ നിവാസികൾ മറ്റൊന്നിലേക്ക് ചെന്നു: ‘വരുവിൻ, നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിനും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിനും പോകാം; ഞാനും പോരുന്നു’ എന്നു പറയും. അങ്ങനെ അനേകജനതകളും ബഹുവംശങ്ങളും യെരൂശലേമിൽ സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുവാനും യഹോവയെ പ്രസാദിപ്പിക്കുവാനും വരും.” സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ആ കാലത്ത് ജനതകളുടെ സകലഭാഷകളിലും നിന്ന് പത്തുപേർ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു: ‘ദൈവം നിങ്ങളോടുകൂടി ഉണ്ടെന്ന് ഞങ്ങൾ കേട്ടിരിക്കുകയാൽ ഞങ്ങൾ നിങ്ങളോടുകൂടി പോരുന്നു’ എന്നു പറയും.”
സെഖര്യാവ് 8:1-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മഹാതീക്ഷ്ണതയോടെ സീയോന്നുവേണ്ടി എരിയുന്നു; ഞാൻ അതിന്നുവേണ്ടി മഹാക്രോധത്തോടെ എരിയുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്റെ മദ്ധ്യേ വസിക്കും; യെരൂശലേമിന്നു സത്യനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവ്വതത്തിന്നു വിശുദ്ധപർവ്വതം എന്നും പേർ പറയും. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനിയും യെരൂശലേമിന്റെ വീഥികളിൽ വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാർദ്ധക്യംനിമിത്തം ഓരോരുത്തൻ കയ്യിൽ വടി പിടിക്കും. നഗരത്തിന്റെ വീഥികൾ ആൺകുട്ടികളെയും പെൺകുട്ടികളെയുംകൊണ്ടു നിറഞ്ഞിരിക്കും; അവർ അതിന്റെ വീഥികളിൽ കളിച്ചുകൊണ്ടിരിക്കും. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു ഈ കാലത്തിൽ ഈ ജനത്തിന്റെ ശേഷിപ്പുള്ളവർക്കു അതിശയമായി തോന്നുന്നു എങ്കിൽ എനിക്കും അതിശയമായി തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ ജനത്തെ ഉദയദേശത്തുനിന്നും അസ്തമയദേശത്തുനിന്നും രക്ഷിക്കും. ഞാൻ അവരെ കൊണ്ടുവരും; അവർ യെരൂശലേമിൽ പാർക്കും; സത്യത്തിലും നീതിയിലും അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സൈന്യങ്ങളുടെ യഹോവയുടെ ആലയമായ മന്ദിരം പണിയേണ്ടതിന്നു അടിസ്ഥാനം ഇട്ട നാളിൽ ഉണ്ടായിരുന്ന പ്രവാചകന്മാരുടെ വായിൽനിന്നു ഈ വചനങ്ങളെ ഈ കാലത്തു കേൾക്കുന്നവരേ, ധൈര്യപ്പെടുവിൻ. ഈ കാലത്തിന്നുമുമ്പെ മനുഷ്യന്നു കൂലിയില്ല, മൃഗത്തിന്നു കൂലിയില്ല; പോക്കുവരത്തു ചെയ്യുന്നവന്നു വൈരിനിമിത്തം സമാധാനവുമില്ല; ഞാൻ സകലമനുഷ്യരെയും തമ്മിൽ തമ്മിൽ വിരോധമാക്കിയിരുന്നു. ഇപ്പോഴോ ഞാൻ ഈ ജനത്തിന്റെ ശേഷിപ്പുള്ളവരോടു മുമ്പിലത്തെ കാലത്തു എന്നപോലെയല്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. വിത സമാധാനത്തോടെ ആയിരിക്കും; മുന്തിരിവള്ളി ഫലം കായ്ക്കും; ഭൂമി അനുഭവം നല്കും; ആകാശം മഞ്ഞു പെയ്യിക്കും; ഈ ജനത്തിന്റെ ശേഷിപ്പുള്ളവർക്കു ഞാൻ ഇവയൊക്കെയും അവകാശമായി കൊടുക്കും. യെഹൂദാഗൃഹവും യിസ്രായേൽഗൃഹവുമായുള്ളോരേ, നിങ്ങൾ ജാതികളുടെ ഇടയിൽ ശാപമായിരുന്നതുപോലെ ഞാൻ നിങ്ങളെ രക്ഷിച്ചിട്ടു നിങ്ങൾ അനുഗ്രഹമായ്തീരും; നിങ്ങൾ ഭയപ്പെടാതെ ധൈര്യമായിരിപ്പിൻ. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നെ കോപിപ്പിച്ചപ്പോൾ ഞാൻ നിങ്ങൾക്കു തിന്മ വരുത്തുവാൻ വിചാരിക്കയും അനുതപിക്കാതിരിക്കയും ചെയ്തതുപോലെ ഞാൻ ഈ കാലത്തു യെരൂശലേമിന്നും യെഹൂദാഗൃഹത്തിന്നും വീണ്ടും നന്മ വരുത്തുവാൻ വിചാരിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ ഇവയാകുന്നു: ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം പറവിൻ; നിങ്ങളുടെ ഗോപുരങ്ങളിൽ നേരോടും സമാധാനത്തോടുംകൂടെ ന്യായപാലനം ചെയ്വിൻ. നിങ്ങളിൽ ആരും തന്റെ കൂട്ടുകാരന്റെനേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കരുതു; കള്ളസ്സത്യത്തിൽ ഇഷ്ടം തോന്നുകയും അരുതു; ഇതെല്ലാം ഞാൻ വെറുക്കുന്നതല്ലോ എന്നു യഹോവയുടെ അരുളപ്പാടു. സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാലാം മാസത്തെ ഉപവാസവും അഞ്ചാം മാസത്തെ ഉപവാസവും ഏഴാം മാസത്തെ ഉപവാസവും പത്താം മാസത്തെ ഉപവാസവും യെഹൂദാഗൃഹത്തിന്നു ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവങ്ങളും ആയിരിക്കേണം; അതുകൊണ്ടു സത്യവും സമാധാനവും ഇഷ്ടപ്പെടുവിൻ. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി ജാതികളും അനേക പട്ടണങ്ങളിലെ നിവാസികളും വരുവാൻ ഇടയാകും. ഒരു പട്ടണത്തിലെ നിവാസികൾ മറ്റൊന്നിലേക്കു ചെന്നു: വരുവിൻ, നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിന്നും പോകാം; ഞാനും പോരുന്നു എന്നു പറയും. അങ്ങനെ അനേകജാതികളും ബഹുവംശങ്ങളും യെരൂശലേമിൽ സൈന്യങ്ങളുടെ യഹോവയെ അന്വേഷിപ്പാനും യഹോവയെ പ്രസാദിപ്പിപ്പാനും വരും. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ കാലത്തു ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേർ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു: ദൈവം നിങ്ങളോടു കൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.
സെഖര്യാവ് 8:1-23 സമകാലിക മലയാളവിവർത്തനം (MCV)
അതിനുശേഷം സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ സീയോനെക്കുറിച്ച് അത്യധികം തീക്ഷ്ണതയുള്ളവനാണ്; അവൾക്കുവേണ്ടിയുള്ള തീക്ഷ്ണത എന്നിൽ ജ്വലിക്കുന്നു.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ സീയോനിലേക്കു മടങ്ങിവന്ന് ജെറുശലേമിൽ വസിക്കും. അപ്പോൾ ജെറുശലേം വിശ്വസ്തനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവതം വിശുദ്ധപർവതം എന്നും വിളിക്കപ്പെടും.” സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇനി ഒരിക്കൽക്കൂടി ജെറുശലേമിന്റെ തെരുവീഥികളിൽ വൃദ്ധന്മാരും വൃദ്ധകളും ഇരിക്കും. പ്രായാധിക്യംനിമിത്തം ഓരോരുത്തൻ വടി കൈയിൽ പിടിച്ചിരിക്കും. പട്ടണവീഥികൾ കളിക്കുന്ന ബാലികാബാലന്മാരെക്കൊണ്ട് നിറഞ്ഞിരിക്കും.” സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് ഈ ജനങ്ങളുടെ അക്കാലത്തെ ശേഷിപ്പിന് അസാധ്യമെന്നു തോന്നിയാലും, എനിക്ക് അത് അസാധ്യമായിരിക്കുമോ?” എന്ന് സൈന്യങ്ങളുടെ യഹോവ പ്രസ്താവിക്കുന്നു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങളിൽനിന്നു ഞാൻ എന്റെ ജനത്തെ രക്ഷിക്കും. അവർ ജെറുശലേമിൽ വസിക്കേണ്ടതിന് ഞാൻ അവരെ മടക്കിക്കൊണ്ടുവരും; അവർ എന്റെ ജനമായിരിക്കും, ഞാൻ അവർക്കു നീതിയും വിശ്വസ്തതയുമുള്ള ദൈവമായിരിക്കും.” സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക, ‘ആലയം പണിയുന്നതിന് നിങ്ങളുടെ കരങ്ങൾ ബലമുള്ളവ ആയിരിക്കട്ടെ.’ സൈന്യങ്ങളുടെ യഹോവയുടെ ആലയം പണിയുന്നതിന് അടിസ്ഥാനമിട്ടപ്പോൾ അന്നു സന്നിഹിതരായിരുന്ന പ്രവാചകന്മാർ സംസാരിച്ച വചനങ്ങൾ ഇതുതന്നെ ആയിരുന്നു. ആ കാലത്തിനുമുമ്പ് മനുഷ്യനു ശമ്പളമോ മൃഗത്തിനു കൂലിയോ ഇല്ല. ഞാൻ മനുഷ്യരെ അവരുടെ അയൽവാസിക്കുനേരേ തിരിച്ചിരുന്നു. തന്റെ ശത്രുനിമിത്തം ആർക്കുംതന്നെ സുരക്ഷിതമായി അധ്വാനത്തിനു പോകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഞാൻ പണ്ടത്തെപ്പോലെ, ഈ ജനത്തിന്റെ ശേഷിപ്പിനോട് ഇപ്പോൾ ഇടപെടുകയില്ല,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “വിത്ത് നന്നായി വളരും, മുന്തിരിവള്ളി അതിന്റെ ഫലംതരും, നിലം ധാന്യം വിളയിക്കും, ആകാശം മഞ്ഞുപൊഴിക്കും. ഈ ജനത്തിന്റെ ശേഷിപ്പിന് ഇതെല്ലാം ഒരു അവകാശമായി നൽകും. നിങ്ങൾ രാഷ്ട്രങ്ങൾക്കിടയിൽ ഒരു ശാപകാരണം ആയിരുന്നതുപോലെ, യെഹൂദയേ, ഇസ്രായേലേ, ഞാൻ നിങ്ങളെ രക്ഷിക്കുകയും നിങ്ങൾ ഒരു അനുഗ്രഹമായിരിക്കുകയും ചെയ്യും. ഭയപ്പെടരുത്; നിങ്ങളുടെ കൈകൾ ബലപ്പെട്ടിരിക്കട്ടെ.” സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പിതാക്കന്മാർ എന്നെ പ്രകോപിപ്പിച്ചപ്പോൾ ഞാൻ നിങ്ങളുടെമേൽ അനർഥം വരുത്താൻ നിശ്ചയിക്കുകയും നിങ്ങളോട് ദയ കാണിക്കാതിരിക്കുകയും ചെയ്തതുപോലെ, ഞാൻ ഇക്കാലത്ത് ജെറുശലേമിനും യെഹൂദയ്ക്കും നന്മചെയ്യാൻ നിശ്ചയിച്ചിരിക്കുന്നു എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ഭയപ്പെടരുത്. നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്: നിങ്ങൾ പരസ്പരം സത്യം സംസാരിക്കുക, നിങ്ങളുടെ ന്യായസ്ഥാനങ്ങളിൽ സത്യമായും ന്യായമായും വിധിക്കുക; നിങ്ങൾ പരസ്പരം ദോഷം നിരൂപിക്കരുത്, വ്യാജശപഥംചെയ്യാൻ ഇഷ്ടപ്പെടരുത്. ഇവയൊക്കെയും ഞാൻ വെറുക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. സൈന്യങ്ങളുടെ യഹോവയുടെ വചനം വീണ്ടും എനിക്കുണ്ടായി. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നാലാമത്തെയും അഞ്ചാമത്തെയും ഏഴാമത്തെയും പത്താമത്തെയും മാസങ്ങളിലെ ഉപവാസങ്ങൾ, യെഹൂദയ്ക്കു സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും സന്ദർഭങ്ങളും ഉല്ലാസത്തിന്റെ ഉത്സവങ്ങളും ആയിരിക്കും. അതുകൊണ്ട് സത്യവും സമാധാനവും ഇഷ്ടപ്പെടുക.” സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അനേകം ജനതകളും പട്ടണവാസികളും ഇനിയും വരും. ഒരു പട്ടണത്തിൽ വസിക്കുന്നവർ അടുത്തൊരു പട്ടണത്തിൽപോയി ഇങ്ങനെ പറയും. ‘നമുക്ക് ഉടനെ പോയി യഹോവയെ പ്രസാദിപ്പിക്കാം, സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കാം. ഞാൻ പോകാൻ തീരുമാനിച്ചിരിക്കുന്നു.’ അങ്ങനെ അനേകം ജനതകളും ശക്തരായ രാജ്യങ്ങളും സൈന്യങ്ങളുടെ യഹോവയെ പ്രസാദിപ്പിക്കേണ്ടതിനു ജെറുശലേമിലേക്കു വരും.” സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ആ കാലത്ത്, സകലഭാഷക്കാരിൽനിന്നും ജനതകളിൽനിന്നും പത്തു പുരുഷന്മാർ, ഒരു യെഹൂദന്റെ വസ്ത്രത്തെ ബലമായി പിടിച്ചുകൊണ്ട്, ‘ദൈവം നിങ്ങളോടുകൂടെയുണ്ട് എന്നു ഞങ്ങൾ കേട്ടിരിക്കയാൽ, ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു,’ എന്നു പറയും.”