സെഖര്യാവ് 3:1-10
സെഖര്യാവ് 3:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം അവൻ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു. യഹോവ സാത്താനോട്: സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നെ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു. എന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്റെ മുമ്പിൽ നില്ക്കയായിരുന്നു. അവൻ തന്റെ മുമ്പിൽ നില്ക്കുന്നവരോട്: മുഷിഞ്ഞ വസ്ത്രം അവങ്കൽനിന്നു നീക്കിക്കളവിൻ എന്നു കല്പിച്ചു; പിന്നെ അവനോട്: ഞാൻ നിന്റെ അകൃത്യം നിന്നിൽനിന്നു പോക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും എന്ന് അരുളിച്ചെയ്തു. അവന്റെ തലയിൽ വെടിപ്പുള്ളോരു മുടി വയ്ക്കട്ടെ എന്ന് അവൻ കല്പിച്ചു; അങ്ങനെ അവർ അവന്റെ തലയിൽ വെടിപ്പുള്ളോരു മുടി വച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു; യഹോവയുടെ ദൂതനോ അടുക്കെ നില്ക്കയായിരുന്നു. യഹോവയുടെ ദൂതൻ യോശുവയോടു സാക്ഷീകരിച്ചതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്റെ വഴികളിൽ നടക്കയും എന്റെ കാര്യം നോക്കുകയും ചെയ്താൽ നീ എന്റെ ആലയത്തെ പരിപാലിക്കയും എന്റെ പ്രാകാരങ്ങളെ സൂക്ഷിക്കയും ഞാൻ നിനക്ക് ഈ നില്ക്കുന്നവരുടെ ഇടയിൽ ആഗമനം അനുവദിക്കയും ചെയ്യും. മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിൽ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊൾവിൻ! അവർ അദ്ഭുതലക്ഷണപുരുഷന്മാരല്ലോ; ഞാൻ എന്റെ ദാസനായ മുള എന്നവനെ വരുത്തും. ഞാൻ യോശുവയുടെ മുമ്പിൽ വച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേൽ ഏഴു കണ്ണും ഉണ്ട്; ഞാൻ അതിന്റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തിൽ ഞാൻ ദേശത്തിന്റെ അകൃത്യം പോക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. അന്നാളിൽ നിങ്ങൾ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനെ മുന്തിരിവള്ളിയുടെ കീഴിലേക്കും അത്തിവൃക്ഷത്തിൻ കീഴിലേക്കും ക്ഷണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
സെഖര്യാവ് 3:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് സർവേശ്വരന്റെ ദൂതൻ തന്റെ മുമ്പിൽ നില്‌ക്കുന്ന മഹാപുരോഹിതനായ യോശുവയെ എനിക്കു കാണിച്ചു തന്നു. അദ്ദേഹത്തിന്റെമേൽ കുറ്റം ആരോപിക്കാനായി സാത്താൻ അദ്ദേഹത്തിന്റെ വലത്തുഭാഗത്തു നില്‌ക്കുന്നുണ്ടായിരുന്നു. സർവേശ്വരന്റെ ദൂതൻ സാത്താനോടു പറഞ്ഞു: “സാത്താനേ, സർവേശ്വരൻ നിന്നെ ശാസിക്കുന്നു. തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിയല്ലേ ഇവൻ? യെരൂശലേമിനെ തിരഞ്ഞെടുത്ത സർവേശ്വരൻ നിന്നെ ശാസിക്കുന്നു.” മുഷിഞ്ഞ വസ്ത്രം ധരിച്ചുകൊണ്ട് യോശുവ ദൂതന്റെ മുമ്പിൽ നില്‌ക്കുകയായിരുന്നു. തന്റെ മുമ്പിൽ നില്‌ക്കുന്നവരോടു ദൂതൻ “യോശുവയുടെ മുഷിഞ്ഞ വസ്ത്രം മാറ്റുവിൻ” എന്നു കല്പിച്ചു. ദൂതൻ യോശുവയോടു പറഞ്ഞു: “നിന്റെ അകൃത്യം നിന്നിൽനിന്നു നീക്കിയിരിക്കുന്നു; ഞാൻ നിന്നെ വിശിഷ്ടവസ്ത്രം ധരിപ്പിക്കും.” ദൂതൻ തുടർന്നു: “വെടിപ്പുള്ള ഒരു ശിരോവസ്ത്രം അവനെ ധരിപ്പിക്കുവിൻ.” അങ്ങനെ യോശുവയെ വസ്ത്രം ധരിപ്പിക്കുകയും നിർമ്മലമായ ശിരോവസ്ത്രം അണിയിക്കുകയും ചെയ്തു. അപ്പോൾ സർവേശ്വരന്റെ ദൂതൻ അടുത്തു നില്‌ക്കുന്നുണ്ടായിരുന്നു. ദൂതൻ യോശുവയോടു കല്പിച്ചു: “സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: നീ എന്റെ വഴികളിൽ നടക്കുകയും; ഞാൻ നിന്നെ ഏല്പിച്ചിരിക്കുന്ന ചുമതലകൾ നിർവഹിക്കുകയും ചെയ്താൽ എന്റെ ആലയത്തെ നീ ഭരിക്കും; എന്റെ അങ്കണങ്ങളുടെ ചുമതല നീ വഹിക്കും; ഈ നില്ക്കുന്നവരുടെ ഇടയിൽ കടന്നുവരാനുള്ള അവകാശവും ഞാൻ നിനക്കു നല്‌കും. മഹാപുരോഹിതനായ യോശുവയും അയാളുടെ മുമ്പിലിരിക്കുന്ന ശുഭലക്ഷണത്തിന്റെ അടയാളങ്ങളായ സഹപുരോഹിതന്മാരും കേൾക്കട്ടെ. എന്റെ ദാസനായ ശാഖയെ ഞാൻ കൊണ്ടുവരും. ഇതാ, യോശുവയുടെ മുമ്പിൽ വച്ചിരിക്കുന്ന കല്ല്; ഏഴു മുഖങ്ങളുള്ള ഈ കല്ലിൽ രേഖപ്പെടുത്തേണ്ടതു ഞാൻ കൊത്തിവയ്‍ക്കും. ഒറ്റ ദിവസംകൊണ്ട് ഞാൻ ഈ ദേശത്തിന്റെ അകൃത്യം നീക്കും എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. അന്നു നിങ്ങൾ ഓരോരുത്തനും സമാധാനവും ഐശ്വര്യവും പങ്കുവയ്‍ക്കാൻ തന്റെ അയൽക്കാരനെ സ്വന്തം മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിലേക്കു ക്ഷണിക്കും എന്നു സർവശക്തനായ സർവേശ്വരന്റെ അരുളപ്പാട്.
സെഖര്യാവ് 3:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനന്തരം അവൻ എനിക്ക് മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു. യഹോവയുടെ ദൂതന്‍ സാത്താനോട്: “സാത്താനേ, യഹോവ നിന്നെ ഭത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നെ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ?” എന്നു കല്പിച്ചു. എന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്റെ മുമ്പിൽ നിൽക്കയായിരുന്നു. യഹോവ തന്‍റെ മുമ്പിൽ നിൽക്കുന്നവരോട്: “മുഷിഞ്ഞ വസ്ത്രം അവങ്കൽനിന്നു നീക്കിക്കളവിൻ” എന്നു കല്പിച്ചു. പിന്നെ അവനോട്: “ഞാൻ നിന്റെ അകൃത്യം നിന്നിൽനിന്നു നീക്കിയിരിക്കുന്നു. നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും” എന്നു അരുളിച്ചെയ്തു. “അവന്റെ തലയിൽ വെടിപ്പുള്ള ഒരു തലപ്പാവ് വെക്കട്ടെ” എന്ന് ഞാന്‍ കല്പിച്ചു. അങ്ങനെ അവർ അവന്റെ തലയിൽ വെടിപ്പുള്ളോരു തലപ്പാവ് വച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു. യഹോവയുടെ ദൂതൻ അടുക്കൽ നിൽക്കയായിരുന്നു. യഹോവയുടെ ദൂതൻ യോശുവയോടു സാക്ഷീകരിച്ചത് എന്തെന്നാൽ: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ എന്റെ വഴികളിൽ നടക്കുകയും എന്‍റെ കാര്യം നോക്കുകയും ചെയ്താൽ നീ എന്റെ ആലയത്തെ പരിപാലിക്കുകയും എന്‍റെ പ്രാകാരങ്ങളെ സൂക്ഷിക്കുകയും ഞാൻ നിനക്ക് ഈ നില്ക്കുന്നവരുടെ ഇടയിൽ ആഗമനം അനുവദിക്കുകയും ചെയ്യും. “മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിൽ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊള്ളുവിൻ! അവർ അത്ഭുതലക്ഷണപുരുഷന്മാരല്ലയോ; ഞാൻ എന്റെ ദാസനായ മുള എന്നവനെ വരുത്തും. ഞാൻ യോശുവയുടെ മുമ്പിൽ വച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേൽ ഏഴു കണ്ണും ഉണ്ട്; ഞാൻ അതിന്റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തിൽ ഞാൻ ദേശത്തിന്റെ അകൃത്യം നീക്കും’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. “ആ നാളിൽ നിങ്ങൾ ഓരോരുത്തൻ അവനവന്‍റെ കൂട്ടുകാരനെ മുന്തിരിവള്ളിയുടെ കീഴിലേക്കും അത്തിവൃക്ഷത്തിൻ കീഴിലേക്കും ക്ഷണിക്കും” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
സെഖര്യാവ് 3:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം അവൻ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു. യഹോവ സാത്താനോടു: സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നേ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു. എന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്റെ മുമ്പിൽ നിൽക്കയായിരുന്നു. അവൻ തന്റെ മുമ്പിൽ നില്ക്കുന്നവരോടു: മുഷിഞ്ഞ വസ്ത്രം അവങ്കൽനിന്നു നീക്കിക്കളവിൻ എന്നു കല്പിച്ചു; പിന്നെ അവനോടു: ഞാൻ നിന്റെ അകൃത്യം നിന്നിൽനിന്നു പോക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും എന്നു അരുളിച്ചെയ്തു. അവന്റെ തലയിൽ വെടിപ്പുള്ളോരു മുടി വെക്കട്ടെ എന്നു അവൻ കല്പിച്ചു; അങ്ങനെ അവർ അവന്റെ തലയിൽ വെടിപ്പുള്ളോരു മുടി വെച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു യഹോവയുടെ ദൂതനോ അടുക്കെ നിൽക്കയായിരുന്നു. യഹോവയുടെ ദൂതൻ യോശുവയോടു സാക്ഷീകരിച്ചതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്റെ വഴികളിൽ നടക്കയും എന്റെ കാര്യം നോക്കുകയും ചെയ്താൽ നീ എന്റെ ആലയത്തെ പരിപാലിക്കയും എന്റെ പ്രാകാരങ്ങളെ സൂക്ഷിക്കയും ഞാൻ നിനക്കു ഈ നില്ക്കുന്നവരുടെ ഇടയിൽ ആഗമനം അനുവദിക്കയും ചെയ്യും. മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിൽ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊൾവിൻ! അവർ അത്ഭുതലക്ഷണപുരുഷന്മാരല്ലോ; ഞാൻ എന്റെ ദാസനായ മുള എന്നവനെ വരുത്തും. ഞാൻ യോശുവയുടെ മുമ്പിൽ വെച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേൽ ഏഴു കണ്ണും ഉണ്ടു; ഞാൻ അതിന്റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തിൽ ഞാൻ ദേശത്തിന്റെ അകൃത്യം പോക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. അന്നാളിൽ നിങ്ങൾ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനെ മുന്തിരിവള്ളിയുടെ കീഴിലേക്കും അത്തിവൃക്ഷത്തിൻ കീഴിലേക്കും ക്ഷണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
സെഖര്യാവ് 3:1-10 സമകാലിക മലയാളവിവർത്തനം (MCV)
പിന്നീട്, മഹാപുരോഹിതനായ യോശുവ യഹോവയുടെ ദൂതന്റെ മുമ്പാകെ നിൽക്കുന്നതും അദ്ദേഹത്തെ കുറ്റംചുമത്തുന്നതിനു സാത്താൻ അദ്ദേഹത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതും ദൂതൻ എന്നെ കാണിച്ചു. യഹോവ സാത്താനോട്, “സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു! ജെറുശലേമിനെ തെരഞ്ഞെടുത്ത യഹോവ നിന്നെ ഭർത്സിക്കുന്നു! ഈ മനുഷ്യൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളി അല്ലയോ?” എന്നു പറഞ്ഞു. യോശുവ ദൂതന്റെ മുമ്പിൽ, മുഷിഞ്ഞവസ്ത്രം ധരിച്ചുകൊണ്ടാണ് നിന്നിരുന്നത്. അദ്ദേഹത്തിന്റെമുമ്പിൽ നിൽക്കുന്നവരോട് ദൂതൻ പറഞ്ഞു: “അവന്റെ മുഷിഞ്ഞവസ്ത്രം നീക്കിക്കളയുക.” പിന്നീട് ദൂതൻ യോശുവയോടു പറഞ്ഞു: “നോക്കുക, ഞാൻ നിന്റെ പാപം നിന്നിൽനിന്നു നീക്കിയിരിക്കുന്നു; ഞാൻ നിന്നെ മനോഹരവസ്ത്രം ധരിപ്പിക്കും.” അപ്പോൾ ഞാൻ പറഞ്ഞു, “അദ്ദേഹത്തിന്റെ തലയിൽ വെടിപ്പുള്ള ഒരു തലപ്പാവണിയിക്കുക.” യഹോവയുടെ ദൂതൻ അവിടെ നിൽക്കുമ്പോൾത്തന്നെ അവർ അദ്ദേഹത്തിന്റെ തലയിൽ വെടിപ്പുള്ള തലപ്പാവുവെച്ചു. അദ്ദേഹത്തെ ഉത്സവവസ്ത്രം ധരിപ്പിക്കുകയും ചെയ്തു. യഹോവയുടെ ദൂതൻ യോശുവയ്ക്കു ഈ നിർദേശംനൽകി: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ എന്നെ അനുസരിച്ചു ജീവിക്കുകയും എന്റെ നിബന്ധനകൾ അനുസരിക്കുകയും ചെയ്താൽ നീ എന്റെ ആലയത്തെ പരിപാലിക്കുകയും എന്റെ അങ്കണങ്ങൾ സംരക്ഷിക്കുകയും ചെയ്യും. ഇവിടെ നിൽക്കുന്നവരുടെ മധ്യത്തിൽ ഞാൻ നിനക്ക് ഒരു സ്ഥാനം നൽകും. “ ‘മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിലിരിക്കുന്ന സഹപ്രവർത്തകരും ഇതു കേൾക്കുക, വരാനിരിക്കുന്ന കാര്യങ്ങളുടെ പ്രതീകമാണ് നിങ്ങൾ. ഞാൻ എന്റെ ദാസനെ, എന്റെ “ശാഖയെത്തന്നെ,” വരുത്തും. ഞാൻ യോശുവയുടെ മുമ്പിൽവെച്ചിരിക്കുന്ന കല്ലിനെ ശ്രദ്ധിക്കുക! ആ കല്ലിൽ ഏഴു കണ്ണുകളുണ്ട്. ഞാൻ അതിൽ കൊത്തുപണിയായി ഒരു മേലെഴുത്ത് എഴുതും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ‘ഞാൻ ഈ ദേശത്തിന്റെ പാപത്തെ ഒറ്റദിവസംകൊണ്ട് നീക്കിക്കളയും. “ ‘ആ ദിവസത്തിൽ നിങ്ങൾ ഓരോരുത്തരും തന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിൽ ഇരിക്കാൻ തങ്ങളുടെ അയൽവാസിയെ ക്ഷണിക്കും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”