സെഖര്യാവ് 14:3-9
സെഖര്യാവ് 14:3-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും. അന്നാളിൽ അവന്റെ കാൽ യെരൂശലേമിനെതിരേ കിഴക്കുള്ള ഒലിവുമലയിൽ നില്ക്കും; ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളർന്നുപോകും; ഏറ്റവും വലിയൊരു താഴ്‌വര ഉളവായിവരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റേ പാതി തെക്കോട്ടും വാങ്ങിപ്പോകും. എന്നാൽ മലകളുടെ താഴ്വര ആസൽവരെ എത്തുന്നതുകൊണ്ട് നിങ്ങൾ എന്റെ മലകളുടെ താഴ്വരയിലേക്ക് ഓടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു നിങ്ങൾ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകല വിശുദ്ധന്മാരും വരും. അന്നാളിൽ വെളിച്ചം ഉണ്ടാകയില്ല; ജ്യോതിർഗോളങ്ങൾ മറഞ്ഞുപോകും. യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല; രാത്രിയുമല്ല; സന്ധ്യാസമയത്തോ വെളിച്ചമാകും. അന്നാളിൽ ജീവനുള്ള വെള്ളം യെരൂശലേമിൽനിന്നു പുറപ്പെട്ടു പാതി കിഴക്കേ കടലിലേക്കും പാതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും; അത് ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും; യഹോവ സർവഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവുമായിരിക്കും.
സെഖര്യാവ് 14:3-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യുദ്ധദിനത്തിൽ എന്നപോലെ സർവേശ്വരൻ പടയ്‍ക്കു പുറപ്പെട്ട് ആ ജനതകളോടു പോരാടും. യെരൂശലേമിനു കിഴക്കുള്ള ഒലിവുമലയിൽ അന്ന് അവിടുന്നു നില്‌ക്കും; ഒലിവുമല കിഴക്കുപടിഞ്ഞാറായി പിളരും; അവയ്‍ക്കു നടുവിൽ വിശാലമായ ഒരു താഴ്‌വര ഉണ്ടാകും. മലയുടെ ഒരു പകുതി വടക്കോട്ടും മറ്റേ പകുതി തെക്കോട്ടും നീങ്ങും. മലയെ രണ്ടായി ഭാഗിക്കുന്ന താഴ്‌വര ആസൽവരെ എത്തും. യെഹൂദാരാജാവായ ഉസ്സിയായുടെ കാലത്ത് ഭൂകമ്പമുണ്ടായപ്പോൾ നിങ്ങളുടെ പൂർവികർ ഓടി രക്ഷപെട്ടതുപോലെ നിങ്ങൾ ഈ താഴ്‌വരയിലൂടെ ഓടി രക്ഷപെടും. അപ്പോൾ എന്റെ ദൈവമായ സർവേശ്വരൻ അവിടുത്തെ സകല വിശുദ്ധരോടുമൊപ്പം എഴുന്നള്ളും. അന്നു ശൈത്യമോ മൂടൽമഞ്ഞോ ഉണ്ടാകുകയില്ല. ദിനരാത്രങ്ങൾ അന്നുണ്ടായിരിക്കുകയില്ല. എപ്പോഴും പകലായിരിക്കും. രാത്രിയിലും വെളിച്ചമുണ്ടായിരിക്കും. ഇത് എപ്പോഴെന്നു സർവേശ്വരനു മാത്രമേ അറിയാവൂ.” അന്നു യെരൂശലേമിൽനിന്നു ജീവജലം ഒഴുകും. പകുതി കിഴക്കേകടലിലേക്കും പകുതി പടിഞ്ഞാറേകടലിലേക്കും ഒഴുകും. ശീതകാലത്തും ഉഷ്ണകാലത്തും ഒരുപോലെ അത് ഒഴുകിക്കൊണ്ടിരിക്കും.” സർവേശ്വരൻ സർവഭൂമിയുടെയും രാജാവാകും. അന്നു സർവേശ്വരനായി അവിടുന്നു മാത്രം; അവിടുത്തേക്ക് ഒരു നാമം മാത്രം.
സെഖര്യാവ് 14:3-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതിയതുപോലെ ആ ജനതകളോടു പൊരുതും. ആ നാളിൽ അവന്‍റെ കാൽ യെരൂശലേമിനെതിരെ കിഴക്കുള്ള ഒലിവുമലയിൽ നില്ക്കും; ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളർന്നുപോകും; ഏറ്റവും വലിയൊരു താഴ്വര ഉളവായി വരും; മലയുടെ ഒരു പകുതി വടക്കോട്ടും മറ്റേ പകുതി തെക്കോട്ടും നീങ്ങിപ്പോകും. എന്നാൽ മലകളുടെ താഴ്വര ആസൽവരെ എത്തുന്നതുകൊണ്ട് നിങ്ങൾ യഹോവയുടെ മലകളുടെ താഴ്വരയിലേക്ക് ഓടിപ്പോകും; യെഹൂദാ രാജാവായ ഉസ്സീയാവിന്‍റെ കാലത്ത് നിങ്ങൾ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും. ആ നാളിൽ വെളിച്ചം ഉണ്ടാകയില്ല; ജ്യോതിർഗ്ഗോളങ്ങൾ മറഞ്ഞുപോകും. യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അത് പകലല്ല, രാത്രിയുമല്ല. സന്ധ്യാസമയത്തോ വെളിച്ചമാകും. ആ നാളിൽ ജീവനുള്ള വെള്ളം യെരൂശലേമിൽ നിന്നു പുറപ്പെട്ടു പകുതി കിഴക്കേ കടലിലേക്കും പകുതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും; അത് ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും. യഹോവ സർവ്വഭൂമിക്കും രാജാവാകും; ആ നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.
സെഖര്യാവ് 14:3-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും. അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവുമലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്‌വര ഉളവായ്‌വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും. എന്നാൽ മലകളുടെ താഴ്വര ആസൽവരെ എത്തുന്നതുകൊണ്ടു നിങ്ങൾ എന്റെ മലകളുടെ താഴ്‌വരയിലേക്കു ഓടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു നിങ്ങൾ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും. അന്നാളിൽ വെളിച്ചം ഉണ്ടാകയില്ല; ജ്യോതിർഗ്ഗോളങ്ങൾ മറഞ്ഞുപോകും. യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല, രാത്രിയുമല്ല. സന്ധ്യാസമയത്തോ വെളിച്ചമാകും. അന്നാളിൽ ജീവനുള്ള വെള്ളം യെരൂശലേമിൽ നിന്നു പുറപ്പെട്ടു പാതി കിഴക്കെ കടലിലേക്കും പാതി പടിഞ്ഞാറെ കടലിലേക്കും ഒഴുകും; അതു ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും; യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.
സെഖര്യാവ് 14:3-9 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ യഹോവ, യുദ്ധദിനത്തിലെന്നപോലെ പുറത്തുവന്ന് ആ രാജ്യങ്ങളോടു യുദ്ധംചെയ്യും. ആ ദിവസത്തിൽ അവിടത്തെ കാൽ ജെറുശലേമിനു കിഴക്കുള്ള ഒലിവുമലയിൽ നിൽക്കും. അപ്പോൾ ഒലിവുമല കിഴക്കുപടിഞ്ഞാറായി, രണ്ടുഭാഗമായി പിളർന്നുപോകും. മലയുടെ ഒരുപകുതി വടക്കോട്ടും മറ്റേപകുതി തെക്കോട്ടും നീങ്ങിപ്പോകുന്നതിനാൽ നടുവിൽ ഒരു വലിയ താഴ്വര രൂപപ്പെടും. നിങ്ങൾ എന്റെ മലയുടെ താഴ്വരകളിലൂടെ ഓടിപ്പോകും, കാരണം ആ താഴ്വര ആസൽവരെ എത്തും. യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു ഭൂകമ്പത്തിൽനിന്നു നിങ്ങൾ ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും. അപ്പോൾ എന്റെ ദൈവമായ യഹോവ വരും, അവിടത്തെ സകലവിശുദ്ധന്മാരോടുംകൂടി എഴുന്നള്ളും. ആ ദിവസത്തിൽ വെളിച്ചമോ തണുപ്പോ മൂടൽമഞ്ഞോ ഉണ്ടായിരിക്കുകയില്ല. അതു നിസ്തുലമായ ഒരു ദിവസം ആയിരിക്കും; അതിനു പകലോ രാത്രിയോ ഉണ്ടായിരിക്കുകയില്ല; യഹോവമാത്രം അറിയുന്ന ഒരു ദിവസം. സന്ധ്യയാകുമ്പോഴും വെളിച്ചമുണ്ടായിരിക്കും. ആ ദിവസത്തിൽ ജെറുശലേമിൽനിന്നുള്ള ജീവജലം പ്രവഹിക്കും; പകുതി കിഴക്ക് ഉപ്പുകടലിലേക്കും പകുതി പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും ഒഴുകും. അതു വേനൽക്കാലത്തും ശീതകാലത്തും ഉണ്ടാകും. യഹോവ സകലഭൂമിക്കും രാജാവായിരിക്കും. ആ ദിവസത്തിൽ അവിടന്ന് ഏകകർത്താവും അവിടത്തെ നാമം ഏകനാമവും ആയിരിക്കും.