സെഖര്യാവ് 13:1-9
സെഖര്യാവ് 13:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നാളിൽ ദാവീദുഗൃഹത്തിനും യെരൂശലേംനിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവു തുറന്നിരിക്കും. അന്നാളിൽ ഞാൻ ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേർ ഇല്ലാതാക്കും; ഇനി അവയെ ഓർക്കയുമില്ല; ഞാൻ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും എന്നു യഹോവയുടെ അരുളപ്പാട്. ആരെങ്കിലും ഇനി പ്രവചിക്കുമ്പോൾ അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവനോട്: യഹോവയുടെ നാമത്തിൽ ഭോഷ്കു സംസാരിക്കുന്നതുകൊണ്ടു നീ ജീവനോടിരിക്കയില്ല എന്നു പറകയും അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവൻ പ്രവചിക്കയിൽ തന്നെ അവനെ കുത്തിക്കളകയും ചെയ്യും. അന്നാളിൽ പ്രവാചകന്മാർ പ്രവചിക്കയിൽ ഓരോരുത്തൻ താന്താന്റെ ദർശനത്തെക്കുറിച്ചു ലജ്ജിക്കും; ലജ്ജിക്കേണ്ടതിന് അവർ രോമമുള്ള മേലങ്കി ധരിക്കയുമില്ല. ഞാൻ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്റെ ബാല്യത്തിൽതന്നെ ഒരാൾ എന്നെ വിലയ്ക്കു മേടിച്ചിരിക്കുന്നു എന്ന് അവൻ പറയും. എന്നാൽ അവനോട്: നിന്റെ കൈയിൽ കാണുന്ന ഈ മുറിവുകൾ എന്ത് എന്നു ചോദിക്കുന്നതിന് അവൻ: എന്നെ സ്നേഹിക്കുന്നവരുടെ വീട്ടിൽവച്ചു ഞാൻ അടികൊണ്ടതാകുന്നു എന്ന് ഉത്തരം പറയും. വാളേ, എന്റെ ഇടയന്റെ നേരേയും എന്റെ കൂട്ടാളിയായ പുരുഷന്റെ നേരേയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; ആടുകൾ ചിതറിപ്പോകേണ്ടതിന് ഇടയനെ വെട്ടുക; ഞാൻ ചെറിയവരുടെ നേരേ കൈ തിരിക്കും. എന്നാൽ സർവദേശത്തിലും മൂന്നിൽ രണ്ടംശം ഛേദിക്കപ്പെട്ടു പ്രാണനെ വിടും; മൂന്നിൽ ഒരംശം ശേഷിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാട്. മൂന്നിൽ ഒരംശം ഞാൻ തീയിൽ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധന കഴിക്കും; അവർ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാൻ അവർക്ക് ഉത്തരം അരുളുകയും ചെയ്യും; അവർ എന്റെ ജനം എന്നു ഞാൻ പറയും; യഹോവ എന്റെ ദൈവം എന്ന് അവരും പറയും.
സെഖര്യാവ് 13:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്ന് ദാവീദുവംശജരുടെയും യെരൂശലേംനിവാസികളുടെയും പാപവും മാലിന്യവും കഴുകി വെടിപ്പാക്കാൻ ഒരു നീരുറവ തുറക്കും. സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അന്നു വിഗ്രഹങ്ങളുടെ നാമങ്ങൾ ദേശത്തുനിന്നു ഞാൻ നീക്കം ചെയ്യും. പിന്നീട് അവയെ ആരും ഓർക്കുകയില്ല; പ്രവാചകന്മാരെയും അശുദ്ധാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും. “പിന്നീട് ആരെങ്കിലും പ്രവാചകനായി പ്രത്യക്ഷപ്പെട്ടാൽ സർവേശ്വരന്റെ നാമത്തിൽ നീ കളവു പറയുന്നതുകൊണ്ട് നീ ജീവനോടിരുന്നുകൂടാ എന്നു പറഞ്ഞുകൊണ്ട് അവന്റെ മാതാപിതാക്കൾ അവൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ അവനെ കുത്തിപ്പിളർക്കും. അന്നു പ്രവാചകന്മാർ പ്രവചിക്കുമ്പോൾ തങ്ങളുടെ ദർശനത്തെക്കുറിച്ചു ലജ്ജിക്കും. കബളിപ്പിക്കാനായി രോമക്കുപ്പായം അവർ ധരിക്കുകയില്ല. പിന്നെയോ, ഞാൻ പ്രവാചകനല്ല; വെറും ഒരു കൃഷിക്കാരൻ; ഈ ഭൂമി ബാല്യംമുതൽ എന്റെ കൈവശമാണ് എന്ന് അയാൾ പറയും. ‘നിന്റെ പുറത്തു കാണുന്ന ഈ മുറിവുകൾ എന്ത്’ എന്ന് ആരെങ്കിലും ചോദിച്ചാൽ ‘എന്റെ സ്നേഹിതന്മാരുടെ വീട്ടിൽവച്ച് എനിക്ക് ഏറ്റ മുറിവുകളാണിവ’ എന്ന് അയാൾ പറയും.” സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ ഇടയനെതിരെ, എന്റെ സമീപത്തു നില്‌ക്കുന്നവനെതിരെ; വാളേ, നീ ഉയരുക. ഇടയനെ വെട്ടുക, ആടുകൾ ചിതറിപ്പോകട്ടെ; ആ ചെറിയവർക്കെതിരെ ഞാൻ കരം ഉയർത്തും. ദേശത്ത് ആകെയുള്ളവരിൽ മൂന്നിൽ രണ്ടു ഭാഗം വിച്ഛേദിക്കപ്പെട്ട് നശിച്ചുപോകും; മൂന്നിൽ ഒന്നു ജീവനോടെ അവശേഷിക്കും. ഈ മൂന്നിലൊരു ഭാഗത്തെ ഞാൻ തീയിലിട്ടു വെള്ളി ശുദ്ധീകരിക്കുന്നതുപോലെ ശുദ്ധീകരിക്കും. സ്വർണം ശോധന ചെയ്യുന്നതുപോലെ അവരെ ശോധന ചെയ്യും. അവർ എന്റെ നാമം വിളിച്ചപേക്ഷിക്കും; ഞാൻ അവർക്ക് ഉത്തരം അരുളും. ‘അവർ എന്റെ ജനം’ എന്നു ഞാൻ പറയും. ‘സർവേശ്വരൻ ഞങ്ങളുടെ ദൈവം’ എന്ന് അവരും പറയും.”
സെഖര്യാവ് 13:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ആ നാളിൽ ദാവീദുഗൃഹത്തിനും യെരൂശലേം നിവാസികൾക്കും പാപത്തിന്‍റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവ തുറന്നിരിക്കും. “ആ നാളിൽ ഞാൻ ദേശത്തുനിന്ന് വിഗ്രഹങ്ങളുടെ പേര് ഇല്ലാതാക്കും; ഇനി അവയെ ഓർക്കുകയുമില്ല; ഞാൻ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്ന് നീക്കിക്കളയും” എന്ന് യഹോവയുടെ അരുളപ്പാട്. ആരെങ്കിലും ഇനി പ്രവചിക്കുമ്പോൾ അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവനോട്: “യഹോവയുടെ നാമത്തിൽ ഭോഷ്ക്കു സംസാരിക്കുന്നതുകൊണ്ടു നീ ജീവനോടിരിക്കുകയില്ല” എന്നു പറയുകയും അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവൻ പ്രവചിക്കുമ്പോൾ തന്നെ അവനെ കുത്തിക്കളയുകയും ചെയ്യും. “ആ നാളിൽ പ്രവാചകന്മാർ പ്രവചിക്കുമ്പോൾ ഓരോരുത്തൻ അവനവന്‍റെ ദർശനത്തെക്കുറിച്ച് ലജ്ജിക്കും; വഞ്ചിക്കാനായി അവർ രോമമുള്ള മേലങ്കി ധരിക്കുകയുമില്ല. ‘ഞാൻ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്റെ ബാല്യത്തിൽ തന്നെ ഒരാൾ എന്നെ വിലയ്ക്കു വാങ്ങിയിരിക്കുന്നു’ എന്ന് അവൻ പറയും.” എന്നാൽ അവനോട്: “നിന്‍റെ കയ്യിൽ കാണുന്ന ഈ മുറിവുകൾ എന്ത്?” എന്നു ചോദിക്കുന്നതിന് അവൻ: “എന്നെ സ്നേഹിക്കുന്നവരുടെ വീട്ടിൽവച്ച് ഞാൻ അടികൊണ്ടതാകുന്നു” എന്ന് ഉത്തരം പറയും. “വാളേ, എന്റെ ഇടയന്റെ നേരെയും എന്റെ കൂട്ടാളിയായ പുരുഷന്റെ നേരെയും ഉണരുക” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; “ആടുകൾ ചിതറിപ്പോകേണ്ടതിന് ഇടയനെ വെട്ടുക; ഞാൻ ചെറിയവരുടെ നേരെ കൈ തിരിക്കും. എന്നാൽ സർവ്വദേശത്തിലും മൂന്നിൽ രണ്ടംശം ഛേദിക്കപ്പെട്ടു പ്രാണനെ വിടും; മൂന്നിൽ ഒരംശം ശേഷിച്ചിരിക്കും” എന്നു യഹോവയുടെ അരുളപ്പാട്. “മൂന്നിൽ ഒരംശം ഞാൻ തീയിൽകൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവർ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കുകയും ഞാൻ അവർക്ക് ഉത്തരം അരുളുകയും ചെയ്യും. 'അവർ എന്റെ ജനം’ എന്നു ഞാൻ പറയും; 'യഹോവ എന്റെ ദൈവം’ എന്ന് അവരും പറയും.”
സെഖര്യാവ് 13:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അന്നാളിൽ ദാവീദുഗൃഹത്തിന്നും യെരൂശലേംനിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിന്നായി ഒരു ഉറവു തുറന്നിരിക്കും. അന്നാളിൽ ഞാൻ ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേർ ഇല്ലാതാക്കും; ഇനി അവയെ ഓർക്കയുമില്ല; ഞാൻ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും എന്നു യഹോവയുടെ അരുളപ്പാടു. ആരെങ്കിലും ഇനി പ്രവചിക്കുമ്പോൾ അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവനോടു: യഹോവയുടെ നാമത്തിൽ ഭോഷ്ക്കു സംസാരിക്കുന്നതുകൊണ്ടു നീ ജീവനോടിരിക്കയില്ല എന്നു പറകയും അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവൻ പ്രവചിക്കയിൽതന്നേ അവനെ കുത്തിക്കളകയും ചെയ്യും. അന്നാളിൽ പ്രവാചകന്മാർ പ്രവചിക്കയിൽ ഓരോരുത്തൻ താന്താന്റെ ദർശനത്തെക്കുറിച്ചു ലജ്ജിക്കും; ലജ്ജിക്കേണ്ടതിന്നു അവർ രോമമുള്ള മേലങ്കി ധരിക്കയുമില്ല. ഞാൻ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്റെ ബാല്യത്തിൽ തന്നേ ഒരാൾ എന്നെ വിലെക്കു മേടിച്ചിരിക്കുന്നു എന്നു അവൻ പറയും. എന്നാൽ അവനോടു: നിന്റെ കയ്യിൽ കാണുന്ന ഈ മുറിവുകൾ എന്തു എന്നു ചോദിക്കുന്നതിന്നു അവൻ: എന്നെ സ്നേഹിക്കുന്നവരുടെ വീട്ടിൽവെച്ചു ഞാൻ അടികൊണ്ടതാകുന്നു എന്നു ഉത്തരം പറയും. വാളേ, എന്റെ ഇടയന്റെ നേരെയും എന്റെ കൂട്ടാളിയായ പുരുഷന്റെ നേരെയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; ആടുകൾ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക; ഞാൻ ചെറിയവരുടെ നേരെ കൈ തിരിക്കും. എന്നാൽ സർവ്വദേശത്തിലും മൂന്നിൽ രണ്ടംശം ഛേദിക്കപ്പെട്ടു പ്രാണനെ വിടും; മൂന്നിൽ ഒരംശം ശേഷിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാടു. മൂന്നിൽ ഒരംശം ഞാൻ തീയിൽ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവർ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാൻ അവർക്കു ഉത്തരം അരുളുകയും ചെയ്യും; അവർ എന്റെ ജനം എന്നു ഞാൻ പറയും; യഹോവ എന്റെ ദൈവം എന്നു അവരും പറയും.
സെഖര്യാവ് 13:1-9 സമകാലിക മലയാളവിവർത്തനം (MCV)
“ആ ദിവസത്തിൽ ദാവീദുഗൃഹത്തിന്റെയും ജെറുശലേംനിവാസികളുടെയും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവ തുറക്കപ്പെട്ടിരിക്കും. “ആ ദിവസത്തിൽ, വിഗ്രഹങ്ങളുടെ പേരുകൾ ഞാൻ ദേശത്തുനിന്നു നീക്കിക്കളയും, അവ പിന്നെ ഒരിക്കലും ഓർമിക്കപ്പെടുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ പ്രവാചകന്മാരെയും അശുദ്ധാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും. പിന്നെ ആരെങ്കിലും പ്രവചിക്കുന്നെങ്കിൽ അവനു ജന്മംനൽകിയ മാതാപിതാക്കൾ അവനോടു പറയും: ‘യഹോവയുടെ നാമത്തിൽ വ്യാജം പറഞ്ഞിരിക്കുകയാൽ നീ മരിക്കണം.’ അവൻ പ്രവചിക്കുമ്പോൾ അവന്റെ മാതാപിതാക്കൾതന്നെ അവനെ കുത്തും. “ആ ദിവസത്തിൽ ഓരോ പ്രവാചകനും തന്റെ പ്രവചനദർശനത്തെക്കുറിച്ച് ലജ്ജിക്കും. ചതിക്കേണ്ടതിന് അവർ പ്രവാചകന്റെ രോമമുള്ള അങ്കി ധരിക്കുകയുമില്ല. ‘ഞാൻ പ്രവാചകനല്ല, ഒരു കൃഷിക്കാരനത്രേ; എന്റെ യൗവനംമുതൽ ഒരാൾ എന്നെ വിലയ്ക്കു വാങ്ങിയിരിക്കുന്നു,’ എന്ന് ഓരോരുത്തരും പറയും. ആരെങ്കിലും അവനോട്: ‘നിന്റെ ശരീരത്തിൽ ഏറ്റിരിക്കുന്ന മുറിവുകൾ എന്ത്,’ എന്നു ചോദിച്ചാൽ, ‘എന്റെ സ്നേഹിതരുടെ വീട്ടിൽവെച്ച് എനിക്കേറ്റ മുറിവുകൾതന്നെ’ എന്ന് അവൻ ഉത്തരം പറയും. “വാളേ, എന്റെ ഇടയന്റെനേരേയും എന്റെ പ്രിയപുരുഷന്റെനേരേയും ഉണരുക!” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “ഇടയനെ വെട്ടുക; ആടുകൾ ചിതറിപ്പോകും, ഞാൻ ചെറിയവരുടെനേർക്ക് എന്റെ കൈ തിരിക്കും.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സർവദേശത്തിലും മൂന്നിൽരണ്ടുഭാഗം ഛേദിക്കപ്പെട്ടു നശിച്ചുപോകും; എങ്കിലും അതിൽ മൂന്നിലൊരംശം ശേഷിച്ചിരിക്കും. ഈ മൂന്നിലൊരംശത്തെ ഞാൻ അഗ്നിയിൽക്കൂടി കടത്തും; ഞാൻ അവരെ വെള്ളിപോലെ സ്‌ഫുടംചെയ്യും സ്വർണംപോലെ അവരെ ശുദ്ധീകരിക്കും. അവർ എന്റെ നാമം വിളിച്ചപേക്ഷിക്കും ഞാൻ അവർക്ക് ഉത്തരമരുളും; ‘അവർ എന്റെ ജനം,’ എന്നു ഞാൻ പറയും ‘യഹോവ ഞങ്ങളുടെ ദൈവം’ എന്ന് അവരും പറയും.”