സെഖര്യാവ് 12:1-10

സെഖര്യാവ് 12:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പ്രവാചകം. യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാട്; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാട്. ഞാൻ യെരൂശലേമിനെ ചുറ്റുമുള്ള സകല ജാതികൾക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്റെ നിരോധത്തിങ്കൽ അതു യെഹൂദായ്ക്കും വരും. അന്നാളിൽ ഞാൻ യെരൂശലേമിനെ സകല ജാതികൾക്കും ഭാരമുള്ള കല്ലാക്കി വയ്ക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകല ജാതികളും അതിനു വിരോധമായി കൂടിവരും. അന്നാളിൽ ഞാൻ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേൽ ഞാൻ കണ്ണു തുറക്കയും ജാതികളുടെ ഏതു കുതിരയെയും അന്ധത പിടിപ്പിക്കയും ചെയ്യുമെന്നു യഹോവയുടെ അരുളപ്പാട്. അപ്പോൾ യെഹൂദാമേധാവികൾ: യെരൂശലേംനിവാസികൾ അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ നിമിത്തം നമുക്കു ബലമായിരിക്കുന്നു എന്നു ഹൃദയത്തിൽ പറയും. അന്നാളിൽ ഞാൻ യെഹൂദാമേധാവികളെ വിറകിന്റെ ഇടയിൽ തീച്ചട്ടിപോലെയും കറ്റയുടെ ഇടയിൽ തീപ്പന്തംപോലെയും ആക്കും; അവർ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകല ജാതികളെയും തിന്നുകളയും; യെരൂശലേമിനു സ്വസ്ഥാനത്ത്, യെരൂശലേമിൽ തന്നെ, വീണ്ടും നിവാസികൾ ഉണ്ടാകും. ദാവീദുഗൃഹത്തിന്റെ പ്രശംസയും യെരൂശലേംനിവാസികളുടെ പ്രശംസയും യെഹൂദായുടെ നേരേ ഏറിപ്പോകാതിരിക്കേണ്ടതിനു യഹോവ യെഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും. അന്നാളിൽ യഹോവ യെരൂശലേംനിവാസികളെ പരിചകൊണ്ട് മറയ്ക്കും; അവരുടെ ഇടയിൽ ഇടറിനടക്കുന്നവൻ അന്നാളിൽ ദാവീദിനെപ്പോലെ ആയിരിക്കും; ദാവീദുഗൃഹം ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും. അന്നാളിൽ ഞാൻ യെരൂശലേമിന്റെ നേരേ വരുന്ന സകല ജാതികളെയും നശിപ്പിപ്പാൻ നോക്കും. ഞാൻ ദാവീദുഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തീട്ടുള്ളവങ്കലേക്ക് അവർ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വ്യസനിക്കും.

സെഖര്യാവ് 12:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേലിനെക്കുറിച്ചുള്ള സർവേശ്വരന്റെ അരുളപ്പാട്: “ആകാശവിതാനം നിവർക്കുകയും ഭൂമിയുടെ അടിസ്ഥാനം ഉറപ്പിക്കുകയും മനുഷ്യന്റെ ഉള്ളിൽ ആത്മാവിനെ രൂപപ്പെടുത്തുകയും ചെയ്ത സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യെരൂശലേമിനെയും യെഹൂദായെയും ആക്രമിക്കാൻ വരുന്ന ചുറ്റുമുള്ള ജനതകൾക്ക് ഞാൻ യെരൂശലേമിനെ പരിഭ്രാന്തി നല്‌കുന്ന ഒരു പാനപാത്രം ആക്കാൻ പോകുകയാണ്. അന്നു ഞാൻ യെരൂശലേമിനെ ഒരു ജനതയ്‍ക്കും എടുത്തുമാറ്റാൻ അരുതാത്ത ഭാരമേറിയ ഒരു പാറയാക്കിത്തീർക്കും. അതിനെ പൊക്കുന്നവർക്ക് ഗുരുതരമായ പരുക്കേല്‌ക്കും. ഭൂമിയിലെ സകല ജനതകളും അതിനെതിരെ ഒത്തുകൂടും. അന്നു സകല കുതിരകൾക്കും പരിഭ്രാന്തിയും അവയുടെ പുറത്തിരിക്കുന്നവർക്കു ഭ്രാന്തും പിടിപ്പിക്കുമെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. എന്നാൽ ജനതകളുടെ കുതിരകൾക്കെല്ലാം അന്ധത വരുത്തുമ്പോൾ യെഹൂദാജനത്തെ ഞാൻ കടാക്ഷിക്കും. യെരൂശലേംനിവാസികൾക്കു തങ്ങളുടെ ദൈവവും സർവശക്തനുമായ സർവേശ്വരൻ നിമിത്തം കരുത്തു ലഭിക്കുന്നു എന്നു യെഹൂദാവംശജർ പറയും. “അന്നു ഞാൻ യെഹൂദാവംശങ്ങളെ വിറകിന്റെ നടുവിൽ ഇരുന്നു ജ്വലിക്കുന്ന കനൽ നിറച്ച ചട്ടിപോലെയും കറ്റകളുടെ നടുവിലെ തീപ്പന്തംപോലെയും ആക്കും; അവർ ഇടത്തും വലത്തും ചുറ്റും ഉള്ള എല്ലാ ജനതകളെയും നശിപ്പിക്കും. അപ്പോൾ യെരൂശലേം നിവാസികൾ സുരക്ഷിതരായി വസിക്കും. ദാവീദുവംശജർക്കും യെരൂശലേംനിവാസികൾക്കും ലഭിക്കുന്ന കീർത്തി യെഹൂദായെക്കാൾ ഏറിപ്പോകാതിരിക്കാൻ സർവേശ്വരൻ ആദ്യം യെഹൂദാവംശജർക്ക് വിജയം നല്‌കും. അന്നു ഞാൻ യെരൂശലേംനിവാസികളെ പരിചകൊണ്ടു മറയ്‍ക്കും. അവരിൽ ഏറ്റവും ദുർബലൻപോലും ദാവീദിനെപ്പോലെ ശക്തിയുള്ളവനാകും. ദാവീദുവംശജർ മാലാഖയെപ്പോലെയും ദൈവത്തെപ്പോലെയും അവരെ നയിക്കും. അന്ന് യെരൂശലേമിന്റെ നേർക്കു വരുന്ന സകല ജനതകളെയും ഞാൻ നശിപ്പിക്കും.” ഞാൻ ദാവീദുവംശജരുടെമേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും പ്രാർഥനയുടെയും ആത്മാവിനെ പകരും. തങ്ങൾ കുത്തിത്തുളച്ചവനെ നോക്കി, ഏക ശിശുവിനെക്കുറിച്ചു വിലപിക്കുന്ന ഒരുവനെപ്പോലെ അവർ വിലപിക്കും; അതേ, ആദ്യജാതനെക്കുറിച്ചു ദുഃഖിക്കുന്നവനെപ്പോലെ അവർ അവനെക്കുറിച്ച് അതിവേദനയോടെ ദുഃഖിക്കും.

സെഖര്യാവ് 12:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഒരു പ്രവചനം: യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാട്: ആകാശം വിരിക്കുകയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്‍റെ ആത്മാവിനെ അവന്‍റെ ഉള്ളിൽ നിർമ്മിക്കുകയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാട്. “ഞാൻ യെരൂശലേമിനെ ചുറ്റുമുള്ള സകലജനതകൾക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്‍റെ ഉപരോധത്തിങ്കൽ അത് യെഹൂദയ്ക്കും എതിരായിരിക്കും. ആ നാളിൽ ഞാൻ യെരൂശലേമിനെ സകലജനതകൾക്കും ഭാരമുള്ള കല്ലാക്കി വയ്ക്കും; അതിനെ ചുമക്കുന്നവരെല്ലാം കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജനതകളും അതിന് വിരോധമായി കൂടിവരും. “അന്നാളിൽ ഞാൻ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേൽ ഞാൻ കണ്ണ് തുറക്കുകയും ജനതകളുടെ ഏതു കുതിരയെയും അന്ധതപിടിപ്പിക്കുകയും ചെയ്യും” എന്നു യഹോവയുടെ അരുളപ്പാട്. “അപ്പോൾ യെഹൂദാമേധാവികൾ: ‘യെരൂശലേം നിവാസികൾ അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ നിമിത്തം നമുക്ക് ബലമായിരിക്കുന്നു’ എന്നു ഹൃദയത്തിൽ പറയും. ആ നാളിൽ ഞാൻ യെഹൂദാമേധാവികളെ വിറകിന്‍റെ ഇടയിൽ തീച്ചട്ടിപോലെയും കറ്റയുടെ ഇടയിൽ തീപ്പന്തംപോലെയും ആക്കും; അവർ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകലജനതകളെയും തിന്നുകളയും; യെരൂശലേമിനു സ്വസ്ഥാനത്ത്, യെരൂശലേമിൽ തന്നെ, വീണ്ടും നിവാസികൾ ഉണ്ടാകും. ദാവീദുഗൃഹത്തിന്‍റെ പ്രശംസയും യെരൂശലേംനിവാസികളുടെ പ്രശംസയും യെഹൂദായുടെ നേരേ ഏറിപ്പോകാതിരിക്കേണ്ടതിനു യഹോവ യെഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും. ആ നാളിൽ യഹോവ യെരൂശലേം നിവാസികളെ പരിചകൊണ്ട് മറയ്ക്കും; അവരുടെ ഇടയിൽ ഇടറിനടക്കുന്നവൻ അന്നാളിൽ ദാവീദിനെപ്പോലെ ആയിരിക്കും; ദാവീദുഗൃഹം ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും. ആ നാളിൽ ഞാൻ യെരൂശലേമിന്‍റെ നേരെ വരുന്ന സകലജനതകളെയും നശിപ്പിക്കുവാൻ നോക്കും. “ഞാൻ ദാവീദുഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തിയിട്ടുള്ളവനിലേക്കു അവർ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വ്യസനിക്കും.

സെഖര്യാവ് 12:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പ്രവാചകം. യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു. ഞാൻ യെരൂശലേമിനെ ചുറ്റുമുള്ള സകലജാതികൾക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്റെ നിരോധത്തിങ്കൽ അതു യെഹൂദെക്കും വരും. അന്നാളിൽ ഞാൻ യെരൂശലേമിനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വെക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും. അന്നാളിൽ ഞാൻ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേൽ ഞാൻ കണ്ണു തുറക്കയും ജാതികളുടെ ഏതു കുതിരയെയും അന്ധതപിടിപ്പിക്കയും ചെയ്യുമെന്നു യഹോവയുടെ അരുളപ്പാടു. അപ്പോൾ യെഹൂദാമേധാവികൾ: യെരൂശലേംനിവാസികൾ അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ നിമിത്തം നമുക്കു ബലമായിരിക്കുന്നു എന്നു ഹൃദയത്തിൽ പറയും. അന്നാളിൽ ഞാൻ യെഹൂദാമേധാവികളെ വിറകിന്റെ ഇടയിൽ തീച്ചട്ടിപോലെയും കറ്റയുടെ ഇടയിൽ തീപ്പന്തംപോലെയും ആക്കും; അവർ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകലജാതികളെയും തിന്നുകളയും; യെരൂശലേമിന്നു സ്വസ്ഥാനത്തു, യെരൂശലേമിൽ തന്നേ, വീണ്ടും നിവാസികൾ ഉണ്ടാകും. ദാവീദുഗൃഹത്തിന്റെ പ്രശംസയും യെരൂശലേംനിവാസികളുടെ പ്രശംസയും യെഹൂദയുടെ നേരെ ഏറിപ്പോകാതിരിക്കേണ്ടതിന്നു യഹോവ യെഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും. അന്നാളിൽ യഹോവ യെരൂശലേംനിവാസികളെ പരിചകൊണ്ടു മറെക്കും; അവരുടെ ഇടയിൽ ഇടറിനടക്കുന്നവൻ അന്നാളിൽ ദാവീദിനെപ്പോലെ ആയിരിക്കും; ദാവീദുഗൃഹം ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും. അന്നാളിൽ ഞാൻ യെരൂശലേമിന്റെ നേരെ വരുന്ന സകലജാതികളെയും നശിപ്പിപ്പാൻ നോക്കും. ഞാൻ ദാവീദുഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തീട്ടുള്ളവങ്കലേക്കു അവർ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വ്യസനിക്കും.

സെഖര്യാവ് 12:1-10 സമകാലിക മലയാളവിവർത്തനം (MCV)

ഒരു പ്രവചനം: ഇസ്രായേലിനെക്കുറിച്ച് യഹോവയുടെ അരുളപ്പാട്. ആകാശത്തെ വിരിക്കുകയും ഭൂമിക്ക് അടിസ്ഥാനമിടുകയും മനുഷ്യരുടെ ആത്മാക്കളെ അവരുടെ ഉള്ളിൽ രൂപപ്പെടുത്തുകയുംചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ജെറുശലേമിനെ അതിനുചുറ്റുമുള്ള സകലജനങ്ങളെയും ചാഞ്ചാടിക്കുന്ന ഒരു പാനപാത്രമാക്കും; യെഹൂദയും ജെറുശലേമും ഉപരോധിക്കപ്പെടും. ഭൂമിയിലെ സകലരാജ്യങ്ങളും അവൾക്കെതിരേ കൂടിവരുന്ന ആ ദിവസത്തിൽ, ഞാൻ ജെറുശലേമിനെ, സകലരാഷ്ട്രങ്ങൾക്കും ചലിപ്പിക്കാൻ കഴിയാത്ത ഒരു പാറയാക്കിമാറ്റും. അതിനെ ചലിപ്പിക്കാൻ ശ്രമിക്കുന്നവർ സ്വയം മുറിവേൽപ്പിക്കും. ആ ദിവസത്തിൽ, ഞാൻ സകലകുതിരകൾക്കും പരിഭ്രമംവരുത്തും; കുതിരച്ചേവകരെ ഭ്രാന്തുപിടിപ്പിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ യെഹൂദാഗൃഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കും; ഇതര രാഷ്ട്രങ്ങളുടെ കുതിരകൾക്കു ഞാൻ അന്ധത വരുത്തും. അപ്പോൾ യെഹൂദാഗോത്രത്തലവന്മാർ: ‘സൈന്യങ്ങളുടെ യഹോവ തങ്ങളുടെ ദൈവം ആയിരിക്കുന്നതുകൊണ്ട് ജെറുശലേംനിവാസികൾ ശക്തരായിരിക്കുന്നു,’ എന്നു ഹൃദയത്തിൽ പറയും. “ആ ദിവസത്തിൽ ഞാൻ യെഹൂദാഗോത്രത്തലവന്മാരെ വിറകിനിടയിൽ തീച്ചട്ടിപോലെയും, കറ്റകൾക്കിടയിൽ കത്തുന്ന പന്തംപോലെയും ആക്കും. അവർ വലത്തും ഇടത്തുമായി ചുറ്റുമുള്ള സകലജനത്തെയും നിശ്ശേഷം ഭസ്മീകരിക്കും. എന്നാൽ ജെറുശലേം സ്വസ്ഥാനത്ത് അതിലെ നിവാസികളുമായി സുരക്ഷിതരായിരിക്കും. “ദാവീദുഗൃഹത്തിന്റെയും ജെറുശലേംനിവാസികളുടെയും അഭിമാനം യെഹൂദയുടെ അഭിമാനത്തെക്കാൾ ഉന്നതമാകാതിരിക്കേണ്ടിതിന് യഹോവ യെഹൂദാനിവാസികളെ ആദ്യം രക്ഷിക്കും. ആ ദിവസത്തിൽ യഹോവ ജെറുശലേംനിവാസികളെ സംരക്ഷിക്കും. അവരിൽ ഏറ്റവും ബലഹീനൻ ദാവീദിനെപ്പോലെയും ദാവീദുഗൃഹം ദൈവത്തെപ്പോലെയും അവരുടെമുമ്പിൽ നടക്കുന്ന യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും. ആ ദിവസത്തിൽ ജെറുശലേമിനെ ആക്രമിക്കുന്ന സകലരാജ്യങ്ങളെയും ഞാൻ നശിപ്പിക്കാൻ ആരംഭിക്കും. “ഞാൻ, ദാവീദുഗൃഹത്തിന്മേലും ജെറുശലേംനിവാസികളിന്മേലും കൃപയുടെയും അഭയയാചനകളുടെയും ആത്മാവിനെ പകരും. അവർ എങ്കലേക്കു നോക്കും, അവർ കുത്തിയവങ്കലേക്കുതന്നെ. ഏകജാതനെക്കുറിച്ച് വിലപിക്കുന്നതുപോലെ അവനെക്കുറിച്ച് അവർ വിലപിക്കും, ആദ്യജാതനെക്കുറിച്ച് ദുഃഖിക്കുന്നതുപോലെ അവർ കയ്‌പോടെ ദുഃഖിക്കും.