സെഖര്യാവ് 10:1-12

സെഖര്യാവ് 10:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിന്മഴയുടെ കാലത്ത് യഹോവയോടു മഴയ്ക്ക് അപേക്ഷിപ്പിൻ; യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ; അവൻ അവർക്കു വയലിലെ ഏതു സസ്യത്തിനുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും. ഗൃഹബിംബങ്ങൾ മിഥ്യാത്വം സംസാരിക്കയും ലക്ഷണം പറയുന്നവർ വ്യാജം ദർശിച്ചു വ്യർഥസ്വപ്നം പ്രസ്താവിച്ചു വൃഥാ ആശ്വസിപ്പിക്കയും ചെയ്യുന്നു; അതുകൊണ്ട് അവർ ആടുകളെപ്പോലെ പുറപ്പെട്ട് ഇടയൻ ഇല്ലായ്കകൊണ്ടു വലഞ്ഞിരിക്കുന്നു. എന്റെ കോപം ഇടയന്മാരുടെ നേരേ ജ്വലിച്ചിരിക്കുന്നു; ഞാൻ കോലാട്ടുകൊറ്റന്മാരെ സന്ദർശിക്കും; സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്റെ ആട്ടിൻകൂട്ടത്തെ സന്ദർശിച്ച് അവരെ പടയിൽ തനിക്കു മനോഹര തുരഗം ആക്കും. അവന്റെ പക്കൽനിന്നു മൂലക്കല്ലും അവന്റെ പക്കൽനിന്ന് ആണിയും അവന്റെ പക്കൽനിന്നു പടവില്ലും അവന്റെ പക്കൽനിന്ന് ഏതു അധിപതിയും വരും. അവർ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെ ആകും; യഹോവ അവരോടുകൂടെയുള്ളതുകൊണ്ട് അവർ കുതിരച്ചേവകർ ലജ്ജിച്ചു പോവാൻ തക്കവണ്ണം പൊരുതും. ഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ്ഗൃഹത്തെ രക്ഷിക്കയും എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട് അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ; ഞാൻ അവർക്ക് ഉത്തരമരുളും. എഫ്രയീമ്യർ വീരനെപ്പോലെയാകും; അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്ന പോലെ സന്തോഷിക്കും; അവരുടെ പുത്രന്മാർ അതുകണ്ട് സന്തോഷിക്കും; അവരുടെ ഹൃദയം യഹോവയിൽ ഘോഷിച്ചാനന്ദിക്കും. ഞാൻ അവരെ വീണ്ടെടുത്തിരിക്കയാൽ അവരെ ചൂളകുത്തി ശേഖരിക്കും; അവർ പെരുകിയിരുന്നതുപോലെ പെരുകും. ഞാൻ അവരെ ജാതികളുടെ ഇടയിൽ വിതറും; ദൂരദേശങ്ങളിൽ വച്ച് അവർ എന്നെ ഓർക്കും; അവർ മക്കളോടുകൂടെ ജീവിച്ചു മടങ്ങിവരും. ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും; അശ്ശൂരിൽനിന്ന് അവരെ ശേഖരിക്കും; ഗിലെയാദ്‍ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും; അവർക്ക് ഇടംപോരാതെവരും. അവൻ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, സമുദ്രത്തിലെ ഓളങ്ങളെ അടിക്കും; നീലനദിയുടെ ആഴങ്ങളൊക്കെയും വറ്റിപ്പോകയും അശ്ശൂരിന്റെ ഗർവം താഴുകയും മിസ്രയീമിന്റെ ചെങ്കോൽ നീങ്ങിപ്പോകയും ചെയ്യും. ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും; അവർ അവന്റെ നാമത്തിൽ സഞ്ചരിക്കും എന്നു യഹോവയുടെ അരുളപ്പാട്.

സെഖര്യാവ് 10:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

വസന്തകാലത്തെ മഴയ്‍ക്കുവേണ്ടി സർവേശ്വരനോടു പ്രാർഥിക്കുക. മഴയും മഴക്കാറും അയച്ച് സർവമനുഷ്യർക്കും വിളഭൂമിയിലെ സസ്യജാലങ്ങൾക്കും ജലം നല്‌കുന്നത് സർവേശ്വരനാണ്; കുലദേവവിഗ്രഹങ്ങൾ നിരർഥകവാക്കുകൾ പുലമ്പുന്നു; ലക്ഷണം നോക്കുന്നവർ അസത്യം ദർശിക്കുന്നു; സ്വപ്നദർശകൻ വ്യാജസ്വപ്നം കണ്ട് പൊള്ളയായ ആശ്വാസം നല്‌കുന്നു. അതുകൊണ്ടു ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ വലയുന്നു. “എന്റെ കോപം ഇടയന്മാരുടെ നേരെ ജ്വലിക്കുന്നു. ഞാൻ ഇവരുടെ നേതാക്കന്മാരെ ശിക്ഷിക്കും.” സർവശക്തനായ സർവേശ്വരൻ തന്റെ ആട്ടിൻപറ്റമായ യെഹൂദാജനത്തെ പരിപാലിക്കും. യുദ്ധക്കളത്തിൽ അവരെ തലയെടുപ്പുള്ള പടക്കുതിരകളാക്കും. അവരിൽനിന്നു മൂലക്കല്ലും കൂടാരത്തിന്റെ കുറ്റിയും പുറപ്പെടും. പടവില്ലും ഭരണാധിപന്മാരും അവരിൽനിന്നു വരും. വീഥികളിലെ ചേറിൽ ശത്രുക്കളെ ചവുട്ടിത്താഴ്ത്തുന്ന യുദ്ധവീരന്മാരെപ്പോലെ അവർ ആയിത്തീരും. സർവേശ്വരൻ അവരുടെകൂടെ ഉള്ളതുകൊണ്ട് അവർ പടപൊരുതും. അവർ ശത്രുക്കളായ കുതിരപ്പടയാളികളെ സംഭീതരാക്കും. യെഹൂദാജനത്തെ ഞാൻ ബലപ്പെടുത്തും; യോസേഫിന്റെ സന്തതികളെ ഞാൻ രക്ഷിക്കും. എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട് അവരെ മടക്കിവരുത്തും. ഞാൻ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലാത്തവരെപ്പോലെ അവർ ആയിത്തീരും; ഞാൻ അവരുടെ ദൈവമായ സർവേശ്വരനാണല്ലോ; ഞാൻ അവർക്ക് ഉത്തരമരുളും. അപ്പോൾ ഇസ്രായേൽജനം ശക്തരായ യുദ്ധവീരന്മാരെപ്പോലെയാകും; വീഞ്ഞുകൊണ്ടെന്നപോലെ അവരുടെ ഹൃദയം ഉല്ലസിക്കും; അവരുടെ പുത്രന്മാർ അതു കണ്ട് ആനന്ദിക്കും. അവരുടെ ഹൃദയം സർവേശ്വരനിൽ സന്തോഷിക്കും. അടയാളം നല്‌കി ഞാൻ അവരെ വിളിച്ചുകൂട്ടും. ഞാൻ അവരെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. അവർ പണ്ടെന്നപോലെ അസംഖ്യമാകും. ഞാൻ അവരെ ജനതകളുടെ ഇടയിൽ ചിതറിച്ചെങ്കിലും വിദൂരദേശങ്ങളിൽവച്ച് അവർ എന്നെ ഓർക്കും. അവർ മക്കളോടുകൂടി ജീവിക്കുകയും തിരിച്ചുവരികയും ചെയ്യും. ഞാൻ അവരെ ഈജിപ്തിൽനിന്നു തിരിച്ചുവരുത്തും. അസ്സീറിയായിൽനിന്ന് ഒരുമിച്ചുകൂട്ടും. ഗിലെയാദുദേശത്തിലേക്കും ലെബാനോനിലേക്കും ഞാൻ അവരെ കൊണ്ടുവരും. അവിടെ അവർക്ക് ഇടംപോരാതെ വരും. അവർ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നുപോകും. അപ്പോൾ ആ സമുദ്രത്തിലെ തിരമാലകൾ ഞാൻ അടിച്ചമർത്തും. നൈൽനദിയിലെ ആഴങ്ങളെല്ലാം വറ്റിപ്പോകും. അസ്സീറിയായുടെ ഗർവം അടങ്ങും; ഈജിപ്തിന്റെ അധികാരം നഷ്ടപ്പെടും. സർവേശ്വരനായ ഞാൻ അവരെ ശക്തിപ്പെടുത്തും; അവർ എന്റെ നാമത്തിൽ അഭിമാനംകൊള്ളും എന്ന് സർവേശ്വരൻ അരുളിച്ചെയ്യുന്നു.

സെഖര്യാവ് 10:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പിന്മഴയുടെ കാലത്ത് യഹോവയോടു മഴയ്ക്ക് അപേക്ഷിക്കുവിൻ; യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ; അവൻ അവർക്ക് വയലിലെ ഏതു സസ്യത്തിനുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും. ഗൃഹബിംബങ്ങൾ മിഥ്യാത്വം സംസാരിക്കുകയും ലക്ഷണം പറയുന്നവർ വ്യാജം ദർശിച്ചു വ്യർത്ഥസ്വപ്നം പ്രസ്താവിച്ച് വൃഥാ ആശ്വസിപ്പിക്കുകയും ചെയ്യുന്നു; അതുകൊണ്ട് അവർ ആടുകളെപ്പോലെ പുറപ്പെട്ടു ഇടയൻ ഇല്ലാത്തതുകൊണ്ട് വലഞ്ഞിരിക്കുന്നു. “എന്‍റെ കോപം ഇടയന്മാരുടെ നേരെ ജ്വലിച്ചിരിക്കുന്നു; ഞാൻ നായകന്മാരെ ശിക്ഷിക്കും; സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്‍റെ ആട്ടിൻകൂട്ടത്തെ സന്ദർശിച്ച് അവരെ യുദ്ധത്തിൽ തന്‍റെ രാജകീയകുതിരകളെ പോലെയാക്കും. അവന്‍റെ പക്കൽനിന്ന് മൂലക്കല്ലും അവന്‍റെ പക്കൽനിന്ന് ആണിയും അവന്‍റെ പക്കൽനിന്ന് പടവില്ലും അവന്‍റെ പക്കൽനിന്ന് ഏതു അധിപതിയും വരും. അവർ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും; യഹോവ അവരോടുകൂടിയുള്ളതുകൊണ്ട് അവർ കുതിരപ്പടയാളികൾ ലജ്ജിച്ചുപോകുവാൻ തക്കവണ്ണം പൊരുതും. ഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ് ഗൃഹത്തെ രക്ഷിക്കുകയും എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട് അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ; ഞാൻ അവർക്ക് ഉത്തരമരുളും. എഫ്രയീമ്യർ വീരനെപ്പോലെയാകും; അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്നപോലെ സന്തോഷിക്കും; അവരുടെ പുത്രന്മാർ അത് കണ്ടു സന്തോഷിക്കും; അവരുടെ ഹൃദയം യഹോവയിൽ ഘോഷിച്ചാനന്ദിക്കും. ഞാൻ അവരെ വീണ്ടെടുത്തിരിക്കുകയാൽ അവരെ ചൂളമടിച്ചു ശേഖരിക്കും; അവർ പെരുകിയിരുന്നതുപോലെ പെരുകും. ഞാൻ അവരെ ജനതകളുടെ ഇടയിൽ വിതറും; ദൂരദേശങ്ങളിൽവച്ച് അവർ എന്നെ ഓർക്കും; അവർ മക്കളോടുകൂടി ജീവിച്ചു മടങ്ങിവരും. ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും; അശ്ശൂരിൽനിന്ന് അവരെ ശേഖരിക്കും; ഗിലെയാദ്‌ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും; അവർക്ക് ഇടം പോരാതെവരും. അവൻ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, സമുദ്രത്തിലെ ഓളങ്ങളെ അടിക്കും; നീലനദിയുടെ ആഴങ്ങളെല്ലാം വറ്റിപ്പോകുകയും അശ്ശൂരിന്‍റെ അഹങ്കാരം താഴുകയും മിസ്രയീമിന്‍റെ ചെങ്കോൽ നീങ്ങിപ്പോകുകയും ചെയ്യും. ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും; അവർ അവന്‍റെ നാമത്തിൽ സഞ്ചരിക്കും” എന്നു യഹോവയുടെ അരുളപ്പാട്.

സെഖര്യാവ് 10:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിന്മഴയുടെ കാലത്തു യഹോവയോടു മഴെക്കു അപേക്ഷിപ്പിൻ; യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ; അവൻ അവർക്കു വയലിലെ ഏതു സസ്യത്തിന്നുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും. ഗൃഹബിംബങ്ങൾ മിത്ഥ്യാത്വം സംസാരിക്കയും ലക്ഷണം പറയുന്നവർ വ്യാജം ദർശിച്ചു വ്യർത്ഥസ്വപ്നം പ്രസ്താവിച്ചു വൃഥാ ആശ്വസിപ്പിക്കയും ചെയ്യുന്നു; അതുകൊണ്ടു അവർ ആടുകളെപ്പോലെ പുറപ്പെട്ടു ഇടയൻ ഇല്ലായ്കകൊണ്ടു വലഞ്ഞിരിക്കുന്നു. എന്റെ കോപം ഇടയന്മാരുടെ നേരെ ജ്വലിച്ചിരിക്കുന്നു; ഞാൻ കോലാട്ടുകൊറ്റന്മാരെ സന്ദർശിക്കും; സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്റെ ആട്ടിൻകൂട്ടത്തെ സന്ദർശിച്ചു അവരെ പടയിൽ തനിക്കു മനോഹരതുരഗം ആക്കും. അവന്റെ പക്കൽനിന്നു മൂലക്കല്ലും അവന്റെ പക്കൽനിന്നു ആണിയും അവന്റെ പക്കൽനിന്നു പടവില്ലും അവന്റെ പക്കൽനിന്നു ഏതു അധിപതിയും വരും. അവർ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും; യഹോവ അവരോടുകൂടെയുള്ളതുകൊണ്ടു അവർ കുതിരച്ചേവകർ ലജ്ജിച്ചുപോവാൻ തക്കവണ്ണം പൊരുതും. ഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ്ഗൃഹത്തെ രക്ഷിക്കയും എനിക്കു അവരോടു കരുണയുള്ളതുകൊണ്ടു അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ; ഞാൻ അവർക്കു ഉത്തരമരുളും. എഫ്രയീമ്യർ വീരനെപ്പോലെയാകും; അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്നപോലെ സന്തോഷിക്കും; അവരുടെ പുത്രന്മാർ അതു കണ്ടു സന്തോഷിക്കും; അവരുടെ ഹൃദയം യഹോവയിൽ ഘോഷിച്ചാനന്ദിക്കും. ഞാൻ അവരെ വീണ്ടെടുത്തിരിക്കയാൽ അവരെ ചൂളകുത്തി ശേഖരിക്കും; അവർ പെരുകിയിരുന്നതുപോലെ പെരുകും. ഞാൻ അവരെ ജാതികളുടെ ഇടയിൽ വിതറും; ദൂരദേശങ്ങളിൽവെച്ചു അവർ എന്നെ ഓർക്കും; അവർ മക്കളോടുകൂടെ ജീവിച്ചു മടങ്ങിവരും. ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും; അശ്ശൂരിൽനിന്നു അവരെ ശേഖരിക്കും; ഗിലെയാദ്‌ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും; അവർക്കു ഇടം പോരാതെവരും. അവൻ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, സമുദ്രത്തിലെ ഓളങ്ങളെ അടിക്കും; നീലനദിയുടെ ആഴങ്ങളൊക്കെയും വറ്റിപ്പോകയും അശ്ശൂരിന്റെ ഗർവ്വം താഴുകയും മിസ്രയീമിന്റെ ചെങ്കോൽ നീങ്ങിപ്പോകയും ചെയ്യും. ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും; അവർ അവന്റെ നാമത്തിൽ സഞ്ചരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

സെഖര്യാവ് 10:1-12 സമകാലിക മലയാളവിവർത്തനം (MCV)

വസന്തകാലത്ത് മഴയ്ക്കുവേണ്ടി യഹോവയോട് അപേക്ഷിക്കുക; യഹോവയാണല്ലോ മിന്നൽപ്പിണർ അയയ്ക്കുന്നത്. അവിടന്ന് സകലജനത്തിനും മഴ വർഷിപ്പിക്കുന്നു എല്ലാവർക്കും വയലിലെ സസ്യങ്ങളും നൽകുന്നു. വിഗ്രഹങ്ങൾ വഞ്ചന സംസാരിക്കുന്നു, ദേവപ്രശ്നംവെക്കുന്നവർ വ്യാജം ദർശിക്കുന്നു; അവർ വ്യാജസ്വപ്നങ്ങൾ പറയുന്നു, അവർ വൃഥാ ആശ്വസിപ്പിക്കുന്നു. അതിനാൽ ജനം ആടുകളെപ്പോലെ അലയുന്നു. ഇടയൻ ഇല്ലാത്തതിനാൽ അവർ പീഡിപ്പിക്കപ്പെടുന്നു. “എന്റെ കോപം ഇടയന്മാർക്കുനേരേ ജ്വലിക്കുന്നു, ഞാൻ നായകന്മാരെ ശിക്ഷിക്കും; സൈന്യങ്ങളുടെ യഹോവ തന്റെ ആട്ടിൻകൂട്ടമായ യെഹൂദയ്ക്കുവേണ്ടി കരുതും, അവിടന്ന് അവരെ യുദ്ധത്തിൽ ഗർവിഷ്ഠനായ കുതിരയാക്കും. യെഹൂദയിൽനിന്ന് മൂലക്കല്ലും അവനിൽനിന്ന് കൂടാരത്തിന്റെ ആണിയും അവനിൽനിന്ന് യുദ്ധത്തിനുള്ള വില്ലും അവനിൽനിന്ന് ഓരോ അധിപതിയും വരും. അവർ യുദ്ധത്തിൽ ശത്രുക്കളെ ചെളിനിറഞ്ഞ വീഥികളിൽ ഇട്ടു മെതിക്കുന്ന വീരയോദ്ധാക്കളെപ്പോലെ ആയിരിക്കും. യഹോവ അവരോടുകൂടെ ഉള്ളതുകൊണ്ട്, അവർ ശത്രുക്കളുടെ കുതിരച്ചേവകരെ യുദ്ധത്തിൽ തോൽപ്പിക്കും. “ഞാൻ യെഹൂദാഗൃഹത്തെ ശക്തിപ്പെടുത്തും യോസേഫുഗൃഹത്തെ രക്ഷിക്കും. എനിക്ക് അവരോടു മനസ്സലിവുള്ളതുകൊണ്ട് ഞാൻ അവരെ യഥാസ്ഥാനപ്പെടുത്തും. ഞാൻ ഒരിക്കലും നിരസിക്കാത്തവരെപ്പോലെ അവർ ആയിരിക്കും; ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ, ഞാൻ അവർക്ക് ഉത്തരമരുളും. എഫ്രയീമ്യർ വീരയോദ്ധാക്കളെപ്പോലെ ആകും അവരുടെ ഹൃദയത്തിൽ വീഞ്ഞിനാലെന്നപോലെ സന്തോഷമായിരിക്കും. അവരുടെ കുഞ്ഞുങ്ങൾ അതുകണ്ട് സന്തോഷിക്കും അവരുടെ ഹൃദയം യഹോവയിൽ സന്തോഷിക്കും. ഞാൻ അവർക്കു ചിഹ്നം കാണിച്ച് അവരെ അകത്തുവരുത്തും. കാരണം ഞാൻ അവരെ വീണ്ടെടുത്തിരിക്കുന്നു. അവർ പണ്ടത്തെപ്പോലെതന്നെ അസംഖ്യമായിരിക്കും. ഞാൻ അവരെ ജനതകൾക്കിടയിൽ ചിതറിച്ചുകളയുമെങ്കിലും വിദൂരദേശങ്ങളിൽ അവർ എന്നെ ഓർക്കും. അവരും അവരുടെ കുഞ്ഞുങ്ങളും ജീവിച്ചിരിക്കും, അവർ ഇസ്രായേലിലേക്കു മടങ്ങിവരും. ഞാൻ അവരെ ഈജിപ്റ്റിൽനിന്നു മടക്കിവരുത്തും അശ്ശൂരിൽനിന്ന് അവരെ ശേഖരിക്കും. ഞാൻ അവരെ ഗിലെയാദിലേക്കും ലെബാനോനിലേക്കും കൊണ്ടുപോകും, അവിടെ അവർക്കു സ്ഥലം മതിയാകുകയില്ല. അവർ കഷ്ടതയുടെ സമുദ്രത്തിലൂടെ കടക്കും; ഇളകിമറിയുന്ന സമുദ്രം ശാന്തമാകും. നൈലിന്റെ അഗാധതകൾ വരണ്ടുപോകും; അശ്ശൂരിന്റെ അഹങ്കാരം തകർക്കപ്പെടും ഈജിപ്റ്റിന്റെ ചെങ്കോൽ അവസാനിക്കും. ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും അവിടത്തെ നാമത്തിൽ അവർ സുരക്ഷിതരായി ജീവിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.