സെഖര്യാവ് 1:1-6

സെഖര്യാവ് 1:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദാര്യാവേശിന്റെ രണ്ടാം ആണ്ട് എട്ടാം മാസത്തിൽ ഇദ്ദോപ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: യഹോവ നിങ്ങളുടെ പിതാക്കന്മാരോട് അത്യന്തം കോപിച്ചിരിക്കുന്നു. ആകയാൽ നീ അവരോടു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എങ്കലേക്കു തിരിവിൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുത്; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ദുർമാർഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിവിൻ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാർ അവരോടു പ്രസംഗിച്ചിട്ടും അവർ കേൾക്കയോ എനിക്കു ചെവിതരികയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്. നിങ്ങളുടെ പിതാക്കന്മാർ എവിടെ? പ്രവാചകന്മാർ സദാകാലം ജീവിച്ചിരിക്കുമോ? എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടർന്നു പിടിച്ചില്ലയോ? ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും തക്കവണ്ണം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‍വാൻ നിരൂപിച്ചതുപോലെ തന്നെ അവൻ ഞങ്ങളോടു ചെയ്തിരിക്കുന്നു എന്ന് അവർ മനംതിരിഞ്ഞു പറഞ്ഞില്ലയോ?

സെഖര്യാവ് 1:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പേർഷ്യൻചക്രവർത്തിയായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം വർഷം എട്ടാംമാസം ബെരെഖ്യായുടെ പുത്രനും ഇദ്ദോപ്രവാചകന്റെ പൗത്രനുമായ സെഖര്യാക്കു സർവേശ്വരനിൽനിന്ന് അരുളപ്പാടുണ്ടായി. സർവശക്തനായ അവിടുന്നു സെഖര്യായോടു പറഞ്ഞു: “ജനത്തോടു പറയുക. സർവേശ്വരനായ ഞാൻ നിങ്ങളുടെ പിതാക്കന്മാരോട് അത്യന്തം കോപിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ എങ്കലേക്കു തിരിയുക. അപ്പോൾ ഞാനും നിങ്ങളുടെ അടുക്കലേക്കു തിരിയും.” “നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആകരുത്. അവരോടു പ്രവാചകന്മാർ നിങ്ങളുടെ ദുഷ്പ്രവൃത്തികളെയും ദുർമാർഗങ്ങളെയും ഉപേക്ഷിക്കുക” എന്നു പ്രഘോഷിച്ചു. എന്നാൽ അവർ അതു കേൾക്കുകയോ എന്റെ വാക്കുകൾ ശ്രദ്ധിക്കുകയോ ചെയ്തില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. നിങ്ങളുടെ പിതാക്കന്മാർ എവിടെ? പ്രവാചകന്മാർ എന്നും ജീവിച്ചിരിക്കുമോ? എന്നാൽ എന്റെ ദാസന്മാരായ പ്രവാചകന്മാരിലൂടെ ഞാൻ കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പൂർവികരെ പിന്തുടർന്നു പിടികൂടിയില്ലേ? അപ്പോൾ അവർ അനുതപിച്ചു പറഞ്ഞു: ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും അനുസൃതമായി സർവശക്തനായ സർവേശ്വരൻ ഉദ്ദേശിച്ചതുപോലെതന്നെ ഞങ്ങളോടു ചെയ്തിരിക്കുന്നു.

സെഖര്യാവ് 1:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദാര്യാവേശിന്‍റെ രണ്ടാം വർഷം എട്ടാം മാസത്തിൽ ഇദ്ദോപ്രവാചകന്‍റെ മകനായ ബെരെഖ്യാവിന്‍റെ മകനായ സെഖര്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: “യഹോവ നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാരോട് അത്യന്തം കോപിച്ചിരിക്കുന്നു. ആകയാൽ നീ അവരോടു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്നിലേക്കു തിരിയുവിൻ’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; ‘എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാരെപ്പോലെ ആയിത്തീരരുത്; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിയുവിൻ’ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാർ അവരോടു പ്രസംഗിച്ചിട്ടും അവർ കേൾക്കുകയോ എനിക്ക് ചെവി തരുകയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്. നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാർ എവിടെ? പ്രവാചകന്മാർ സദാകാലം ജീവിച്ചിരിക്കുമോ? എന്നാൽ ഞാൻ എന്‍റെ ദാസന്മാരായ പ്രവാചകന്മാരോട് കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാരെ തുടർന്നുപിടിച്ചില്ലയോ? ‘ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും തക്കവിധം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‌വാൻ നിരൂപിച്ചതുപോലെ തന്നെ അവിടുന്ന് ഞങ്ങളോടു ചെയ്തിരിക്കുന്നു’ എന്ന് അവർ മനംതിരിഞ്ഞു പറഞ്ഞില്ലയോ?”

സെഖര്യാവ് 1:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദാര്യാവേശിന്റെ രണ്ടാം ആണ്ടു എട്ടാം മാസത്തിൽ ഇദ്ദോപ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: യഹോവ നിങ്ങളുടെ പിതാക്കന്മാരോടു അത്യന്തം കോപിച്ചിരിക്കുന്നു. ആകയാൽ നീ അവരോടു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എങ്കലേക്കു തിരിവിൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുതു; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിവിൻ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാർ അവരോടു പ്രസംഗിച്ചിട്ടും അവർ കേൾക്കയോ എനിക്കു ചെവി തരികയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു. നിങ്ങളുടെ പിതാക്കന്മാർ എവിടെ? പ്രവാചകന്മാർ സദാകാലം ജീവിച്ചിരിക്കുമോ? എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടർന്നുപിടിച്ചില്ലയോ? ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും തക്കവണ്ണം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‌വാൻ നിരൂപിച്ചതുപോലെ തന്നേ അവൻ ഞങ്ങളോടു ചെയ്തിരിക്കുന്നു എന്നു അവർ മനംതിരിഞ്ഞു പറഞ്ഞില്ലയോ?

സെഖര്യാവ് 1:1-6 സമകാലിക മലയാളവിവർത്തനം (MCV)

ദാര്യാവേശിന്റെ രണ്ടാംവർഷം എട്ടാംമാസത്തിൽ, ഇദ്ദോയുടെ മകനായ ബേരെഖ്യാവിന്റെ മകൻ സെഖര്യാപ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി: “യഹോവ നിങ്ങളുടെ പിതാക്കന്മാരോട് അത്യധികം കോപിച്ചിരുന്നു. അതിനാൽ ജനത്തോടു പറയുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ അടുക്കൽ മടങ്ങിവരിക, എങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും,’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങളുടെ ദുർമാർഗങ്ങളെയും ദുഷ്‌പ്രവൃത്തികളെയും വിട്ടുതിരിയുക, എന്നാൽ അവർ ശ്രദ്ധിക്കുകയോ എനിക്കു ചെവിതരുകയോ ചെയ്തിട്ടില്ല,’ എന്നു പൂർവകാല പ്രവാചകന്മാർ നിങ്ങളുടെ പിതാക്കന്മാരോട് സംസാരിച്ചല്ലോ, നിങ്ങൾ അവരെപ്പോലെ ആകരുത്, എന്ന് യഹോവ അരുളിച്ചെയ്യുന്നു. നിങ്ങളുടെ പിതാക്കന്മാർ ഇപ്പോൾ എവിടെ? പ്രവാചകന്മാർ, അവർ എന്നേക്കും ജീവിച്ചിരിക്കുമോ? എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോട് കൽപ്പിച്ച എന്റെ വചനങ്ങളും ഉത്തരവുകളും നിങ്ങളുടെ പിതാക്കന്മാരുടെ കാലശേഷവും നിലനിന്നില്ലയോ? “അപ്പോൾ അവർ അനുതപിച്ചു: ‘ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും അർഹിക്കുന്നതുതന്നെ സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്തിരിക്കുന്നു; അവിടന്ന് ചെയ്യാൻ തീരുമാനിച്ചതുപോലെതന്നെ’ എന്നു പറഞ്ഞു.”