തീത്തൊസിന് 3:5-8

തീത്തൊസിന് 3:5-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചത്. നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിനു പുനർജനനസ്നാനംകൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടുംതന്നെ. ഈ വചനം വിശ്വാസയോഗ്യം; ദൈവത്തിൽ വിശ്വസിച്ചവർ സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിപ്പാൻ കരുതേണ്ടതിന് നീ ഇത് ഉറപ്പിച്ചു പറയേണം എന്ന് ഞാൻ ഇച്ഛിക്കുന്നു. ഇത് ശുഭവും മനുഷ്യർക്ക് ഉപകാരവും ആകുന്നു.

തീത്തൊസിന് 3:5-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അത് നമ്മുടെ പുണ്യപ്രവൃത്തികൾകൊണ്ടല്ല, പിന്നെയോ നമ്മെ പുനരുജ്ജീവിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മസ്നാപനം കൊണ്ടാണ്. നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിൽകൂടി പരിശുദ്ധാത്മാവിനെ ദൈവം നമ്മുടെമേൽ സമൃദ്ധമായി വർഷിക്കുന്നു. അവിടുത്തെ കൃപാവരത്താൽ നമുക്കു തന്നോടുള്ള ബന്ധം ക്രമപ്പെടുത്തുന്നതിനും നാം പ്രത്യാശിക്കുന്ന അനശ്വരജീവൻ അവകാശമാക്കുന്നതിനുംവേണ്ടിയാണ് ദൈവം ഇങ്ങനെ ചെയ്തത്. ഇതു സത്യമാണ്. ദൈവത്തിൽ വിശ്വസിച്ചവർ സൽപ്രവൃത്തികളിൽ ദത്തശ്രദ്ധരായിരിക്കേണ്ടതിന് ഇതു നീ ഊന്നിപ്പറയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ഇവയെല്ലാം ശ്രേഷ്ഠവും മനുഷ്യനു പ്രയോജനകരവും ആകുന്നു.

തീത്തൊസിന് 3:5-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്‍റെ കാരുണ്യം കൊണ്ടും വീണ്ടും ജനത്തിന്‍റെ ശുദ്ധീകരണം കൊണ്ടും പരിശുദ്ധാത്മാവിനാലുള്ള നവീകരണം കൊണ്ടുമത്രേ രക്ഷിച്ചത്. നാം അവന്‍റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ട് നിത്യജീവൻ്റെ പ്രത്യാശപ്രകാരം അവകാശികളായിത്തീരേണ്ടതിന്, നമ്മുടെ രക്ഷിതാവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെമേൽ അതേ പരിശുദ്ധാത്മാവിനെ ധാരാളമായി പകർന്നു. ഈ വചനം വിശ്വാസയോഗ്യം; ദൈവത്തിൽ വിശ്വസിച്ചവർ സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിക്കുവാൻ കരുതേണ്ടതിന് നീ ഇത് ഉറപ്പിച്ചു പറയേണം എന്നു ഞാൻ ഇച്ഛിക്കുന്നു. ഇത് ശുഭവും മനുഷ്യർക്ക് ഉപകാരവും ആകുന്നു.

തീത്തൊസിന് 3:5-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും ഞാൻ നിന്നോടു ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കിവെക്കേണ്ടതിന്നും തന്നേ. മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം. അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുർല്ലാഭമോഹിയും അരുതു. അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ജിതേന്ദ്രിയനും

തീത്തൊസിന് 3:5-8 സമകാലിക മലയാളവിവർത്തനം (MCV)

നാം ചെയ്ത നീതികർമങ്ങളാലല്ല, മറിച്ച് അവിടത്തെ കരുണയാൽത്തന്നെ, പുതിയ ജന്മം നൽകുന്ന ശുദ്ധീകരണത്താലും പരിശുദ്ധാത്മാവിലൂടെയുള്ള നവീകരണത്താലും അവിടന്ന് നമ്മെ രക്ഷിച്ചിരിക്കുന്നു. നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് ദൈവം പരിശുദ്ധാത്മാവിനെ നമ്മുടെമേൽ സമൃദ്ധമായി ചൊരിഞ്ഞത്. യേശുവിന്റെ കൃപയാൽ നാം നീതീകരിക്കപ്പെടാനും പ്രത്യാശയായ നിത്യജീവന്റെ അവകാശികൾ ആകാനും ആണ് ഇങ്ങനെ ചെയ്തത്. ഇത് വിശ്വാസയോഗ്യമായ വചനമാണ്. ദൈവത്തിൽ വിശ്വസിച്ചവർ ഊർജസ്വലതയോടെ സൽപ്രവൃത്തികളിൽ വ്യാപൃതരാകാനായി ഇക്കാര്യങ്ങൾക്കെല്ലാം നീ പ്രാധാന്യം നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് നല്ലതും മനുഷ്യർക്കെല്ലാം ഉപകാരപ്രദവുമാണ്.