തീത്തൊസിന് 3:1-7
തീത്തൊസിന് 3:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരിപ്പാനും സകല സൽപ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകല മനുഷ്യരോടും പൂർണസൗമ്യത കാണിപ്പാനും അവരെ ഓർമപ്പെടുത്തുക. മുമ്പേ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും നാനാമോഹങ്ങൾക്കും ഭോഗങ്ങൾക്കും അധീനരും ഈർഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകയ്ക്കുന്നവരും ആയിരുന്നുവല്ലോ. എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചത്. നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിനു പുനർജനനസ്നാനംകൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടുംതന്നെ.
തീത്തൊസിന് 3:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭരണാധിപന്മാർക്കും മറ്റ് അധികാരികൾക്കും കീഴ്പെട്ടിരിക്കുവാനും, അനുസരണവും ഉത്തമമായ ഏതുജോലിയും ചെയ്യുവാൻ സന്നദ്ധതയും ഉള്ളവർ ആയിരിക്കുവാനും, ശണ്ഠകൾ ഒഴിവാക്കി സൗമ്യശീലരായി എല്ലാവരോടും തികഞ്ഞ മര്യാദ പാലിക്കുവാനും ജനത്തെ അനുസ്മരിപ്പിക്കുക. ഒരു കാലത്ത് നാം തന്നെ ബുദ്ധിയില്ലാത്തവരും, അനുസരണമില്ലാത്തവരും, വഴിപിഴച്ചു പോയവരും, വിവിധ വികാരങ്ങൾക്കും ഭോഗങ്ങൾക്കും അടിമപ്പെട്ടവരും, തിന്മയിലും ശത്രുതയിലും കഴിഞ്ഞിരുന്നവരും, മറ്റുള്ളവരാൽ വെറുക്കപ്പെട്ടവരും, അന്യോന്യം വിദ്വേഷത്തിൽ കഴിഞ്ഞിരുന്നവരും ആയിരുന്നുവല്ലോ. എങ്കിലും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ നന്മയും സ്നേഹനിർഭരമായ ദയയും പ്രത്യക്ഷമായപ്പോൾ അവിടുന്നു നമ്മെ രക്ഷിച്ചു. അത് നമ്മുടെ പുണ്യപ്രവൃത്തികൾകൊണ്ടല്ല, പിന്നെയോ നമ്മെ പുനരുജ്ജീവിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മസ്നാപനം കൊണ്ടാണ്. നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിൽകൂടി പരിശുദ്ധാത്മാവിനെ ദൈവം നമ്മുടെമേൽ സമൃദ്ധമായി വർഷിക്കുന്നു. അവിടുത്തെ കൃപാവരത്താൽ നമുക്കു തന്നോടുള്ള ബന്ധം ക്രമപ്പെടുത്തുന്നതിനും നാം പ്രത്യാശിക്കുന്ന അനശ്വരജീവൻ അവകാശമാക്കുന്നതിനുംവേണ്ടിയാണ് ദൈവം ഇങ്ങനെ ചെയ്തത്.
തീത്തൊസിന് 3:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഭരണകർത്താക്കൾക്കും അധികാരികൾക്കും കീഴടങ്ങുവാനും അനുസരിക്കുവാനും സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിക്കുവാനും ആരെയും കുറിച്ച് ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൗമ്യത കാണിക്കുവാനും അവരെ ഓർമ്മപ്പെടുത്തുക. മുമ്പെ നാമും ഭോഷന്മാരും അനുസരണമില്ലാത്തവരും വഞ്ചിക്കപ്പെട്ടവരും നാനാമോഹങ്ങൾക്കും ഭോഗങ്ങൾക്കും അധീനരും വിദ്വേഷത്തിലും അസൂയയിലും കാലം കഴിക്കുന്നവരും നിന്ദിതരും അന്യോന്യം വെറുക്കുന്നവരും ആയിരുന്നുവല്ലോ. എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യനോടുള്ള സ്നേഹവും ഉദിച്ചപ്പോൾ, അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്‍റെ കാരുണ്യം കൊണ്ടും വീണ്ടും ജനത്തിന്‍റെ ശുദ്ധീകരണം കൊണ്ടും പരിശുദ്ധാത്മാവിനാലുള്ള നവീകരണം കൊണ്ടുമത്രേ രക്ഷിച്ചത്. നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ട് നിത്യജീവൻ്റെ പ്രത്യാശപ്രകാരം അവകാശികളായിത്തീരേണ്ടതിന്, നമ്മുടെ രക്ഷിതാവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെമേൽ അതേ പരിശുദ്ധാത്മാവിനെ ധാരാളമായി പകർന്നു.
തീത്തൊസിന് 3:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
Testing ag live sync നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താൽ തക്കസമയത്തു തന്റെ വചനം വെളിപ്പെടുത്തിയ ഭോഷ്കില്ലാത്ത ദൈവം സകലകാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശഹേതുവായി തന്റെ വൃതന്മാരുടെ വിശ്വാസത്തിന്നും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിന്നുമായി ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൗലൊസ് പൊതുവിശ്വാസത്തിൽ നിജപുത്രനായ തീത്തൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും ഞാൻ നിന്നോടു ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കിവെക്കേണ്ടതിന്നും തന്നേ. മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം. അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുർല്ലാഭമോഹിയും അരുതു.
തീത്തൊസിന് 3:1-7 സമകാലിക മലയാളവിവർത്തനം (MCV)
ഭരണാധികാരികൾക്കും മേധാവികൾക്കും വിധേയരും അനുസരണശീലമുള്ളവരുമായി നല്ലകാര്യങ്ങൾ ചെയ്യുന്നതിൽ ഉത്സാഹം കാണിക്കാൻ വിശ്വാസികളെ നീ ഓർമിപ്പിക്കുക. ആരെക്കുറിച്ചും അപവാദം പറയാതെയും തർക്കങ്ങൾ ഒഴിവാക്കിയും സൗമ്യശീലരായി എല്ലാവരോടും വിനയത്തോടെ പെരുമാറുവാനും നീ ഓർമിപ്പിക്കുക. കാരണം, നാമും ഒരുകാലത്ത് അജ്ഞരും അനുസരണകെട്ടവരും മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ടവരും പലതരം പാപമോഹങ്ങൾക്കും സുഖഭോഗങ്ങൾക്കും അടിമകളും വെറുപ്പിലും അസൂയയിലും ജീവിച്ചവരും പരസ്പരം ഏറ്റവും വെറുക്കുന്നവരും ആയിരുന്നു. എന്നാൽ, നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യരോടുള്ള സ്നേഹവും പ്രത്യക്ഷമായപ്പോൾ, നാം ചെയ്ത നീതികർമങ്ങളാലല്ല, മറിച്ച് അവിടത്തെ കരുണയാൽത്തന്നെ, പുതിയ ജന്മം നൽകുന്ന ശുദ്ധീകരണത്താലും പരിശുദ്ധാത്മാവിലൂടെയുള്ള നവീകരണത്താലും അവിടന്ന് നമ്മെ രക്ഷിച്ചിരിക്കുന്നു. നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് ദൈവം പരിശുദ്ധാത്മാവിനെ നമ്മുടെമേൽ സമൃദ്ധമായി ചൊരിഞ്ഞത്. യേശുവിന്റെ കൃപയാൽ നാം നീതീകരിക്കപ്പെടാനും പ്രത്യാശയായ നിത്യജീവന്റെ അവകാശികൾ ആകാനും ആണ് ഇങ്ങനെ ചെയ്തത്.