തീത്തൊസിന് 2:6-8
തീത്തൊസിന് 2:6-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവ്വണ്ണം യൗവനക്കാരെയും സുബോധമുള്ളവരായിരിപ്പാൻ പ്രബോധിപ്പിക്ക. വിരോധി നമ്മെക്കൊണ്ട് ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിനു സകലത്തിലും നിന്നെത്തന്നെ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക. ഉപദേശത്തിൽ നിർമ്മലതയും ഗൗരവവും ആക്ഷേപിച്ചുകൂടാത്ത പഥ്യവചനവും ഉള്ളവൻ ആയിരിക്ക.
തീത്തൊസിന് 2:6-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുപോലെതന്നെ ആത്മനിയന്ത്രണമുള്ളവരായിരിക്കുവാൻ യുവാക്കന്മാരെ ഉദ്ബോധിപ്പിക്കുക. എല്ലാ സൽപ്രവൃത്തികൾക്കും നീ നിന്നെത്തന്നെ മാതൃകയായി കാണിക്കുക. നിന്റെ പ്രബോധനങ്ങൾ ആത്മാർഥതയും ഗൗരവവും ഉള്ളതായിരിക്കട്ടെ. ശത്രുക്കൾ വിമർശിക്കുവാൻ കഴിയാത്ത വിധത്തിൽ കുറ്റമറ്റതായിരിക്കണം നിന്റെ വാക്കുകൾ. നമ്മെപ്പറ്റി ഒരു തിന്മയും പറയുവാൻ കഴിയാതെ ശത്രു ലജ്ജിക്കട്ടെ.
തീത്തൊസിന് 2:6-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്രകാരം യൗവനക്കാരെയും സുബോധമുള്ളവരായിരിക്കുവാൻ പ്രബോധിപ്പിക്കുക. വിരോധി നമ്മെക്കൊണ്ട് ഒരു തിന്മയും പറയുവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന് സകലത്തിലും നിന്നെത്തന്നെ സൽപ്രവൃത്തികൾക്ക് മാതൃകയാക്കി കാണിക്കുകയും, നിന്റെ ഉപദേശത്തിൽ സത്യസന്ധതയും ഗൗരവവും വാക്കുകളിൽ ആക്ഷേപിക്കാൻ കഴിയാത്ത കൃത്യതയും വേണം.
തീത്തൊസിന് 2:6-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം. അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുർല്ലാഭമോഹിയും അരുതു. അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ജിതേന്ദ്രിയനും
തീത്തൊസിന് 2:6-8 സമകാലിക മലയാളവിവർത്തനം (MCV)
അതുപോലെതന്നെ, യുവാക്കന്മാരെയും അവർ ആത്മനിയന്ത്രണമുള്ളവരായിരിക്കാൻ പ്രോത്സാഹിപ്പിക്കുക. സകലസൽപ്രവൃത്തികൾക്കും നീ മാതൃക കാണിക്കുക. നിന്റെ ഉപദേശങ്ങൾ നിർവ്യാജവും ഗൗരവമേറിയതും നിന്റെ സംഭാഷണം അപവാദങ്ങൾക്കിടവരുത്താത്തതും ആയിരിക്കണം. അപ്പോൾ എതിരാളികൾ നമ്മിൽ ഒരു അധാർമികതയും ആരോപിക്കാൻ അവസരമില്ലാതെ ലജ്ജിതരാകും.