തീത്തൊസിന് 2:1-13

തീത്തൊസിന് 2:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നീയോ പഥ്യോപദേശത്തിനു ചേരുന്നതു പ്രസ്താവിക്ക. വൃദ്ധന്മാർ നിർമദവും ഗൗരവവും സുബോധവും ഉള്ളവരും വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും ആരോഗ്യമുള്ളവരും ആയിരിക്കേണം എന്നും വൃദ്ധമാരും അങ്ങനെതന്നെ നടപ്പിൽ പവിത്രയോഗ്യമാരും ഏഷണി പറയാത്തവരും വീഞ്ഞിന് അടിമപ്പെടാത്തവരുമായിരിക്കേണം എന്നും ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിനു യൗവനക്കാരത്തികളെ ഭർത്തൃപ്രിയമാരും പുത്രപ്രിയമാരും സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭർത്താക്കന്മാർക്കു കീഴ്പെടുന്നവരും ആയിരിപ്പാൻ ശീലിപ്പിക്കേണ്ടതിന് നന്മ ഉപദേശിക്കുന്നവരായിരിക്കേണം എന്നും പ്രബോധിപ്പിക്ക. അവ്വണ്ണം യൗവനക്കാരെയും സുബോധമുള്ളവരായിരിപ്പാൻ പ്രബോധിപ്പിക്ക. വിരോധി നമ്മെക്കൊണ്ട് ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിനു സകലത്തിലും നിന്നെത്തന്നെ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക. ഉപദേശത്തിൽ നിർമ്മലതയും ഗൗരവവും ആക്ഷേപിച്ചുകൂടാത്ത പഥ്യവചനവും ഉള്ളവൻ ആയിരിക്ക. ദാസന്മാർ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടതിന് യജമാനന്മാർക്കു കീഴടങ്ങി സകലവിധത്തിലും പ്രസാദം വരുത്തുന്നവരും എതിർ പറകയോ വഞ്ചിച്ചെടുക്കയോ ചെയ്യാതെ സകലത്തിലും നല്ല വിശ്വസ്തത കാണിക്കുന്നവരുമായി ഇരിപ്പാൻ (കല്പിക്ക). സകല മനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ; നാം ഭാഗ്യകരമായ പ്രത്യാശയ്ക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതയ്ക്കായിട്ടും കാത്തുകൊണ്ട് ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജിച്ചിട്ട് ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന് അതു നമ്മെ ശിക്ഷിച്ചുവളർത്തുന്നു.

തീത്തൊസിന് 2:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്നാൽ നീ ശരിയായ ഉപദേശത്തിനു ചേർന്ന കാര്യങ്ങൾ പഠിപ്പിക്കുക. പ്രായംചെന്ന പുരുഷന്മാർ പക്വതയും കാര്യഗൗരവവും വിവേകവും ആത്മനിയന്ത്രണവും ഉള്ളവരും, വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും അടിയുറപ്പുള്ളവരും ആയിരിക്കണമെന്ന് ഉപദേശിക്കുക. അതുപോലെ തന്നെ പ്രായംചെന്ന സ്‍ത്രീകൾ ആദരപൂർവം പെരുമാറുകയും നുണ പറഞ്ഞു പരത്താതിരിക്കുകയും മദ്യപിക്കാത്തവരും ആയിരിക്കണമെന്ന് ഉപദേശിക്കണം. തങ്ങളുടെ ഭർത്താക്കന്മാരെയും കുട്ടികളെയും സ്നേഹിക്കുക, വിവേകവും പാതിവ്രത്യവും കുടുംബകാര്യങ്ങളിൽ ശ്രദ്ധയും ദയാശീലവും ഉള്ളവരായിരിക്കുക, ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കുക മുതലായവ പരിശീലിക്കത്തക്കവിധം പെൺകുട്ടികളെ അവർ നല്ല കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്യട്ടെ. അല്ലെങ്കിൽ ദൈവവചനം ദുഷിക്കപ്പെടും. അതുപോലെതന്നെ ആത്മനിയന്ത്രണമുള്ളവരായിരിക്കുവാൻ യുവാക്കന്മാരെ ഉദ്ബോധിപ്പിക്കുക. എല്ലാ സൽപ്രവൃത്തികൾക്കും നീ നിന്നെത്തന്നെ മാതൃകയായി കാണിക്കുക. നിന്റെ പ്രബോധനങ്ങൾ ആത്മാർഥതയും ഗൗരവവും ഉള്ളതായിരിക്കട്ടെ. ശത്രുക്കൾ വിമർശിക്കുവാൻ കഴിയാത്ത വിധത്തിൽ കുറ്റമറ്റതായിരിക്കണം നിന്റെ വാക്കുകൾ. നമ്മെപ്പറ്റി ഒരു തിന്മയും പറയുവാൻ കഴിയാതെ ശത്രു ലജ്ജിക്കട്ടെ. യജമാനന്മാർക്കു കീഴ്പെട്ടിരിക്കുവാനും എല്ലാവിധത്തിലും അവരെ പ്രീതിപ്പെടുത്തുവാനും അടിമകളെ ഉപദേശിക്കുക. അവർ യജമാനന്മാരോട് എതിർത്തു സംസാരിക്കുകയോ, അവരുടെ യാതൊന്നും അപഹരിക്കുകയോ ചെയ്യരുത്; എല്ലാ കാര്യങ്ങളിലും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ ഉപദേശങ്ങൾക്കു ഭൂഷണമായിരിക്കത്തക്കവിധം, പൂർണവും ആത്മാർഥവുമായ വിശ്വസ്തത അവർ പാലിക്കണം. സകല മനുഷ്യരുടെയും രക്ഷയ്‍ക്കായുള്ള ദൈവകൃപ പ്രത്യക്ഷമായിരിക്കുന്നു. വിലക്കപ്പെട്ടതും പ്രാപഞ്ചികമോഹങ്ങളും പരിത്യജിക്കുവാനും, സമചിത്തതയോടും നീതിനിഷ്ഠയോടും ദൈവഭക്തിയോടുംകൂടി ജീവിക്കുവാനും ദൈവകൃപ നമ്മെ പരിശീലിപ്പിക്കുന്നു. നമ്മുടെ മഹോന്നതനായ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തേജസ്സ് പ്രത്യക്ഷമാകുന്ന അനുഗ്രഹിക്കപ്പെട്ട ആ ദിവസത്തിനുവേണ്ടി നാം കാത്തിരിക്കുകയാണ്.

തീത്തൊസിന് 2:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നീയോ ആരോഗ്യകരമായ ഉപദേശത്തിന് യോഗ്യമായത് പ്രസ്താവിക്കുക. വൃദ്ധന്മാർ സമചിത്തരും ആദരണീയരും സുബോധം ഉള്ളവരും വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും ദൃഢതയുള്ളവരും ആയിരിക്കേണം എന്നും വൃദ്ധമാരും അങ്ങനെ തന്നെ സ്വഭാവത്തിൽ മാന്യതയുള്ളവരും ഏഷണി പറയാത്തവരോ വീഞ്ഞിന് അടിമപ്പെടാത്തവരോ ആയിരിക്കേണം എന്നും ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന് യൗവനക്കാരത്തികളെ തങ്ങളുടെ ഭർത്താക്കന്മാരേയും കുട്ടികളെയും സ്നേഹിക്കുന്നവരായും സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും തങ്ങളുടെ സ്വന്ത ഭർത്താക്കന്മാർക്ക് കീഴ്പെടുന്നവരും ആയിരിക്കുവാൻ പരിശീലിപ്പിക്കേണ്ടതിന് നന്മ ഉപദേശിക്കുന്നവരായിരിക്കേണം എന്നും പ്രബോധിപ്പിക്കുക. അപ്രകാരം യൗവനക്കാരെയും സുബോധമുള്ളവരായിരിക്കുവാൻ പ്രബോധിപ്പിക്കുക. വിരോധി നമ്മെക്കൊണ്ട് ഒരു തിന്മയും പറയുവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന് സകലത്തിലും നിന്നെത്തന്നെ സൽപ്രവൃത്തികൾക്ക് മാതൃകയാക്കി കാണിക്കുകയും, നിന്‍റെ ഉപദേശത്തിൽ സത്യസന്ധതയും ഗൗരവവും വാക്കുകളിൽ ആക്ഷേപിക്കാൻ കഴിയാത്ത കൃത്യതയും വേണം. ദാസന്മാർ നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടതിന് യജമാനന്മാർക്ക് കീഴടങ്ങി സകലവിധത്തിലും പ്രസാദം വരുത്തുന്നവരും എതിർ പറയുകയോ വഞ്ചിച്ചെടുക്കുകയോ ചെയ്യാതെ, എന്നാൽ സകലത്തിലും നല്ല വിശ്വസ്തത കാണിക്കുന്നവരുമായിരിക്കേണം. സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ; ഭാഗ്യകരമായ പ്രത്യാശയ്ക്കായിട്ടും നമ്മുടെ മഹാദൈവവും രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ തേജസ്സിൻ്റെ പ്രത്യക്ഷതയ്ക്കായിട്ടും നാം കാത്തുകൊണ്ട്, ഭക്തികേടും ലൗകികമോഹങ്ങളും വർജ്ജിക്കുവാനും, ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടും കൂടെ ജീവിക്കുവാനും അത് നമ്മെ ശിക്ഷിച്ചുവളർത്തുന്നു.

തീത്തൊസിന് 2:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

Testing ag live sync നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താൽ തക്കസമയത്തു തന്റെ വചനം വെളിപ്പെടുത്തിയ ഭോഷ്കില്ലാത്ത ദൈവം സകലകാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശഹേതുവായി തന്റെ വൃതന്മാരുടെ വിശ്വാസത്തിന്നും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിന്നുമായി ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൗലൊസ് പൊതുവിശ്വാസത്തിൽ നിജപുത്രനായ തീത്തൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും ഞാൻ നിന്നോടു ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കിവെക്കേണ്ടതിന്നും തന്നേ. മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം. അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുർല്ലാഭമോഹിയും അരുതു. അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ജിതേന്ദ്രിയനും പത്ഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം. വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ; വിശേഷാൽ പരിച്ഛേദനക്കാർ തന്നേ. അവരുടെ വായ് അടെക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിച്ചുകൊണ്ടു കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു. ക്രേത്തർ സർവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരിൽ ഒരുവൻ, അവരുടെ ഒരു വിദ്വാൻ തന്നേ, പറഞ്ഞിരിക്കുന്നു. ഈ സാക്ഷ്യം നേർ തന്നേ; അതുനിമിത്തം അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്നും

തീത്തൊസിന് 2:1-13 സമകാലിക മലയാളവിവർത്തനം (MCV)

എന്നാൽ, നിർമലോപദേശത്തിന് യോഗ്യമായതുമാത്രം നീ പഠിപ്പിക്കുക. നിന്നെക്കാൾ പ്രായമുള്ള പുരുഷന്മാർ സമചിത്തരും ബഹുമാന്യരും ബുദ്ധിപൂർവം പ്രവർത്തിക്കുന്നവരും അചഞ്ചലമായ വിശ്വാസവും സ്നേഹവും സഹിഷ്ണുതയും ഉള്ളവരും ആയിരിക്കാൻ നീ ഉപദേശിക്കുക. അങ്ങനെതന്നെ, നിന്നെക്കാൾ പ്രായമുള്ള സ്ത്രീകളും ജീവിതത്തിൽ നല്ല പെരുമാറ്റമുള്ളവരും പരദൂഷണം പറയാത്തവരും മദ്യപിക്കാത്തവരും നല്ലതു പഠിപ്പിക്കുന്നവരുമായിരിക്കാൻ ഉപദേശിക്കുക. ദൈവവചനം അപകീർത്തിപ്പെടാതെ ഇരിക്കേണ്ടതിന് സ്വന്തം ഭർത്താക്കന്മാരെയും മക്കളെയും സ്നേഹിക്കുന്നവരും ആത്മനിയന്ത്രണമുള്ളവരും നിർമലരും വീട്ടുകാര്യങ്ങൾ നന്നായി നോക്കുന്നവരും ദയാശീലരും തങ്ങളുടെ ഭർത്താക്കന്മാർക്കു വിധേയപ്പെടുന്നവരും ആയിരിക്കാൻ യുവതികളെ പ്രോത്സാഹിപ്പിക്കുക. അതുപോലെതന്നെ, യുവാക്കന്മാരെയും അവർ ആത്മനിയന്ത്രണമുള്ളവരായിരിക്കാൻ പ്രോത്സാഹിപ്പിക്കുക. സകലസൽപ്രവൃത്തികൾക്കും നീ മാതൃക കാണിക്കുക. നിന്റെ ഉപദേശങ്ങൾ നിർവ്യാജവും ഗൗരവമേറിയതും നിന്റെ സംഭാഷണം അപവാദങ്ങൾക്കിടവരുത്താത്തതും ആയിരിക്കണം. അപ്പോൾ എതിരാളികൾ നമ്മിൽ ഒരു അധാർമികതയും ആരോപിക്കാൻ അവസരമില്ലാതെ ലജ്ജിതരാകും. അടിമകൾ തങ്ങളുടെ യജമാനന്മാർക്ക് എല്ലാറ്റിലും വിധേയരായിരിക്കണം. യജമാനന്മാരെ പ്രീതിപ്പെടുത്തുന്നവരും എതിരുപറയാത്തവരും ആയിരിക്കണം. ധനം അപഹരിക്കാതെ, നമ്മുടെ രക്ഷകനായ ദൈവത്തിന്റെ ഉപദേശത്തിന് എല്ലാ ബഹുമതിയും ലഭിക്കത്തക്കവിധം സകലത്തിലും നല്ല വിശ്വസ്തത പുലർത്താനും അവരെ പ്രോത്സാഹിപ്പിക്കുക. സകലമനുഷ്യരുടെയും രക്ഷയ്ക്കായി ദൈവകൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഭക്തിയില്ലായ്മയും ലൗകികമോഹങ്ങളും ഉപേക്ഷിച്ച്, ഈ കാലഘട്ടത്തിൽ ആത്മനിയന്ത്രണവും നീതിയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാൻ അത് നമ്മെ അഭ്യസിപ്പിക്കുന്നു. അനുഗൃഹീത പ്രത്യാശയ്ക്കായും ഉന്നതനായ നമ്മുടെ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്ത്വപ്രത്യക്ഷതയ്ക്കായും നാം കാത്തിരിക്കുന്നു.