തീത്തൊസിന് 1:5-9
തീത്തൊസിന് 1:5-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നത്: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിനും ഞാൻ നിന്നോട് ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കി വയ്ക്കേണ്ടതിനും തന്നെ. മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം. അധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുർലാഭമോഹിയും അരുത്. അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ജിതേന്ദ്രിയനും പഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന് ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.
തീത്തൊസിന് 1:5-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ നിന്നെ ക്രീറ്റിൽ വിട്ടിട്ടു പോന്നത് അവിടെ ഇനിയും ചെയ്യുവാനുള്ള കാര്യങ്ങൾ ക്രമപ്പെടുത്തുന്നതിനും, ഞാൻ നിർദേശിച്ച പ്രകാരം ഓരോ പട്ടണത്തിലും സഭാമുഖ്യന്മാരെ നിയമിക്കുന്നതിനുമാണ്. സഭാമുഖ്യൻ കുറ്റമറ്റവനും ഏകപത്നീവ്രതക്കാരനും ആയിരിക്കണം. അയാളുടെ മക്കളും വിശ്വാസികളായിരിക്കണം. ദുഷ്പ്രവൃത്തികളിൽ മുഴുകിയിരിക്കുന്നവരെന്നോ, അനുസരണയില്ലാത്തവരെന്നോ ഉള്ള ദുഷ്പേരുള്ളവർ ആയിരിക്കയുമരുത്. ദൈവത്തിന്റെ കാര്യസ്ഥൻ എന്ന നിലയ്‍ക്ക് സഭയുടെ അധ്യക്ഷൻ കുറ്റമറ്റവനായിരിക്കേണ്ടതാണ്. അയാൾ അഹങ്കാരിയോ, ക്ഷിപ്രകോപിയോ, മദ്യപനോ, അക്രമാസക്തനോ, അമിതലാഭം മോഹിക്കുന്നവനോ ആയിരിക്കരുത്. പകരം അയാൾ അതിഥിസൽക്കാരപ്രിയനും നന്മയെ സ്നേഹിക്കുന്നവനും ആത്മനിയന്ത്രണമുള്ളവനും നീതിനിഷ്ഠനും നിർമ്മലനും സുശിക്ഷിതനും ആയിരിക്കണം. വിശ്വാസയോഗ്യമായ ഉപദേശം പഠിപ്പിക്കുവാനും അതിനെ എതിർക്കുന്നവരുടെ വാദത്തെ ഖണ്ഡിക്കുവാനും കഴിയേണ്ടതിന്, താൻ പഠിച്ച സത്യവചനത്തെ അയാൾ മുറുകെപ്പിടിക്കുകയും വേണം.
തീത്തൊസിന് 1:5-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ ക്രേത്തയിൽ നിന്നെ വിട്ടിട്ടുപോന്നത്: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിനും ഞാൻ നിന്നോട് ആജ്ഞാപിച്ചതുപോലെ എല്ലാ പട്ടണത്തിലും മൂപ്പന്മാരെ നിയമിക്കേണ്ടതിനും തന്നെ. മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിൻ്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം. അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ കുറ്റമില്ലാത്തവനായിരിക്കേണം; തന്നിഷ്ടക്കാരനും മുൻകോപിയും മദ്യപ്രിയനും കലഹക്കാരനും ദുർല്ലാഭമോഹിയും അരുത്. എന്നാൽ അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ഇന്ദ്രിയജയമുള്ളവനും ആരോഗ്യകരമായ ഉപദേശത്താൽ പ്രബോധിപ്പിക്കുവാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്, ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.
തീത്തൊസിന് 1:5-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും ഞാൻ നിന്നോടു ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കിവെക്കേണ്ടതിന്നും തന്നേ. മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം. അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുർല്ലാഭമോഹിയും അരുതു. അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ജിതേന്ദ്രിയനും പത്ഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.
തീത്തൊസിന് 1:5-9 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ കൽപ്പിച്ചപ്രകാരം ന്യൂനതകൾ പരിഹരിക്കാനും എല്ലാ പട്ടണങ്ങളിലും സഭാമുഖ്യന്മാരെ അധികാരപ്പെടുത്താനും ആയിരുന്നു ഞാൻ നിന്നെ ക്രേത്തയിൽ വിട്ടിട്ടുപോന്നത്. സഭാമുഖ്യൻ കുറ്റമില്ലാത്തവനും ഏകപത്നീവ്രതനും ആയിരിക്കണം. അദ്ദേഹത്തിന്റെ മക്കൾ വിശ്വാസികളും വഴിപിഴച്ചവർ എന്ന കുറ്റാരോപണമോ അനുസരണക്കേടോ ഇല്ലാത്തവരും ആകണം. അധ്യക്ഷൻ ദൈവത്തിന്റെ കാര്യസ്ഥനാണ്. അതുകൊണ്ട് അദ്ദേഹം കുറ്റാരോപിതനായിരിക്കരുത്. ശാഠ്യബുദ്ധിക്കാരനും മുൻകോപിയും മദ്യാസക്തി ഉള്ളവനും അക്രമവാസനയുള്ളവനും അത്യാഗ്രഹിയും ആകരുത്. എന്നാൽ, അതിഥിയെ സൽക്കരിക്കുന്നവനും നല്ലതിഷ്ടപ്പെടുന്നവനും സ്വയം നിയന്ത്രിക്കുന്നവനും നീതിമാനും ഭക്തനും ജിതേന്ദ്രിയനും ആയിരിക്കണം അധ്യക്ഷൻ. നിർമലോപദേശംകൊണ്ട് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അതിനെ എതിർക്കുന്നവരെ ഖണ്ഡിക്കാനും കഴിയേണ്ടതിന് തനിക്കു ലഭിച്ച വിശ്വാസയോഗ്യമായസന്ദേശം മുറുകെപ്പിടിക്കുന്നവനും ആയിരിക്കണം.