തീത്തൊസിന് 1:1-16

തീത്തൊസിന് 1:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താൽ തക്കസമയത്ത് തന്റെ വചനം വെളിപ്പെടുത്തിയ ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിനും മുമ്പേ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി തന്റെ വൃതന്മാരുടെ വിശ്വാസത്തിനും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിനുമായി ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൗലൊസ് പൊതുവിശ്വാസത്തിൽ നിജപുത്രനായ തീത്തൊസിന് എഴുതുന്നത്: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽനിന്നും, നിനക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ. ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നത്: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിനും ഞാൻ നിന്നോട് ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കി വയ്ക്കേണ്ടതിനും തന്നെ. മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം. അധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുർലാഭമോഹിയും അരുത്. അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ജിതേന്ദ്രിയനും പഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന് ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം. വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ; വിശേഷാൽ പരിച്ഛേദനക്കാർതന്നെ. അവരുടെ വായ് അടയ്ക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ച് അരുതാത്തത് ഉപദേശിച്ചുകൊണ്ട് കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു. ക്രേത്തർ സർവദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്ന് അവരിൽ ഒരുവൻ, അവരുടെ ഒരു വിദ്വാൻതന്നെ, പറഞ്ഞിരിക്കുന്നു. ഈ സാക്ഷ്യം നേർതന്നെ; അതു നിമിത്തം അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിനും യെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിനും അവരെ കഠിനമായി ശാസിക്ക. ശുദ്ധിയുള്ളവർക്ക് എല്ലാം ശുദ്ധംതന്നെ; എന്നാൽ മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായിത്തീർന്നിരിക്കുന്നു. അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറയ്ക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ല കാര്യത്തിനും കൊള്ളരുതാത്തവരുമാകുന്നു.

തീത്തൊസിന് 1:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പോസ്തോലനുമായ പൗലൊസ്, നമ്മുടെ പൊതുവിശ്വാസത്തിൽ എന്റെ യഥാർഥ പുത്രനായ തീത്തോസിന് എഴുതുന്നത്: പിതാവായ ദൈവത്തിൽനിന്നും നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിൽനിന്നും നിനക്കു കൃപയും സമാധാനവും ലഭിക്കട്ടെ. ദൈവം തിരഞ്ഞെടുത്തവരുടെ വിശ്വാസവും ദൈവഭക്തിയിലേക്കു നയിക്കുന്ന സത്യത്തിന്റെ പരിജ്ഞാനവും വർധിപ്പിക്കുന്നതിനുവേണ്ടി എന്നെ നിയോഗിച്ചു. ആ വിശ്വാസവും പരിജ്ഞാനവും അനശ്വരജീവനുവേണ്ടിയുള്ള പ്രത്യാശയിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഒരിക്കലും വ്യാജം പറയാത്ത ദൈവം യുഗാരംഭത്തിനുമുമ്പ് വാഗ്ദാനം ചെയ്തതും അവിടുത്തെ വചനത്തിൽ യഥാകാലം വെളിപ്പെടുത്തിയതുമാണ് ഈ പ്രത്യാശ. ആ വചനം പ്രസംഗിക്കുവാനുള്ള ചുമതല നമ്മുടെ രക്ഷകനായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ചു. ഞാൻ നിന്നെ ക്രീറ്റിൽ വിട്ടിട്ടു പോന്നത് അവിടെ ഇനിയും ചെയ്യുവാനുള്ള കാര്യങ്ങൾ ക്രമപ്പെടുത്തുന്നതിനും, ഞാൻ നിർദേശിച്ച പ്രകാരം ഓരോ പട്ടണത്തിലും സഭാമുഖ്യന്മാരെ നിയമിക്കുന്നതിനുമാണ്. സഭാമുഖ്യൻ കുറ്റമറ്റവനും ഏകപത്നീവ്രതക്കാരനും ആയിരിക്കണം. അയാളുടെ മക്കളും വിശ്വാസികളായിരിക്കണം. ദുഷ്പ്രവൃത്തികളിൽ മുഴുകിയിരിക്കുന്നവരെന്നോ, അനുസരണയില്ലാത്തവരെന്നോ ഉള്ള ദുഷ്പേരുള്ളവർ ആയിരിക്കയുമരുത്. ദൈവത്തിന്റെ കാര്യസ്ഥൻ എന്ന നിലയ്‍ക്ക് സഭയുടെ അധ്യക്ഷൻ കുറ്റമറ്റവനായിരിക്കേണ്ടതാണ്. അയാൾ അഹങ്കാരിയോ, ക്ഷിപ്രകോപിയോ, മദ്യപനോ, അക്രമാസക്തനോ, അമിതലാഭം മോഹിക്കുന്നവനോ ആയിരിക്കരുത്. പകരം അയാൾ അതിഥിസൽക്കാരപ്രിയനും നന്മയെ സ്നേഹിക്കുന്നവനും ആത്മനിയന്ത്രണമുള്ളവനും നീതിനിഷ്ഠനും നിർമ്മലനും സുശിക്ഷിതനും ആയിരിക്കണം. വിശ്വാസയോഗ്യമായ ഉപദേശം പഠിപ്പിക്കുവാനും അതിനെ എതിർക്കുന്നവരുടെ വാദത്തെ ഖണ്ഡിക്കുവാനും കഴിയേണ്ടതിന്, താൻ പഠിച്ച സത്യവചനത്തെ അയാൾ മുറുകെപ്പിടിക്കുകയും വേണം. എന്തെന്നാൽ വഴങ്ങാത്ത പ്രകൃതമുള്ളവരും കഴമ്പില്ലാത്ത സംഭാഷണത്തിൽ ഏർപ്പെടുന്നവരും വഞ്ചകരുമായ ധാരാളം ആളുകളുണ്ടല്ലോ; പ്രത്യേകിച്ചു പരിച്ഛേദനകർമവാദികൾ. അവരെ മൊഴിമുട്ടിക്കണം. പഠിപ്പിക്കരുതാത്ത കാര്യങ്ങൾ അധമമായ ലാഭത്തിനുവേണ്ടി പഠിപ്പിച്ച്, കുടുംബങ്ങളെ അവർ വഴിതെറ്റിക്കുന്നു. “ക്രീറ്റിലുള്ളവർ അസത്യം പറയുന്നവരും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും ആണ്” എന്ന് അവരിലൊരാൾ, ഒരു പ്രവാചകൻതന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഈ സാക്ഷ്യം ശരിയാണ്. അതുകൊണ്ട് യെഹൂദന്മാരുടെ കെട്ടുകഥകൾക്കോ, സത്യത്തെ നിരാകരിക്കുന്നവരുടെ ആജ്ഞകൾക്കോ ചെവികൊടുക്കാതെ, വിശ്വാസത്തിന്റെ ഭദ്രമായ അടിസ്ഥാനത്തിൽ ഉറച്ചു നില്‌ക്കണമെന്നു കർശനമായി ശാസിക്കുക. ശുദ്ധമനസ്കർക്ക് എല്ലാം ശുദ്ധമാകുന്നു. എന്നാൽ മലിനഹൃദയർക്കും അവിശ്വാസികൾക്കും ഒന്നുംതന്നെ ശുദ്ധമല്ല. അവരുടെ മനസ്സും മനസ്സാക്ഷിയും ദുഷിച്ചതാണല്ലോ. തങ്ങൾ ദൈവത്തെ അറിയുന്നു എന്ന് അവർ അവകാശപ്പെടുന്നു; പക്ഷേ പ്രവൃത്തികൾക്കൊണ്ട് ദൈവത്തെ നിഷേധിക്കുന്നു. അവർ വെറുക്കത്തക്കവരും അനുസരണമില്ലാത്തവരും യാതൊരു നല്ലകാര്യത്തിനും കൊള്ളരുതാത്തവരും ആകുന്നു.

തീത്തൊസിന് 1:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താൽ തക്കസമയത്ത് തന്‍റെ വചനം വെളിപ്പെടുത്തിയ, ഭോഷ്ക് പറയാത്ത ദൈവം സകലകാലത്തിനും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവൻ്റെ പ്രത്യാശയിൽ താൻ തിരഞ്ഞെടുത്തവരുടെ വിശ്വാസത്തിനും ഭക്തിക്കനുസാരമായ സത്യത്തിന്‍റെ പരിജ്ഞാനത്തിനുമായി, ദൈവത്തിന്‍റെ ദാസനും യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനുമായ പൗലൊസ്, നമ്മുടെ പൊതുവിശ്വാസത്തിൽ യഥാർത്ഥപുത്രനായ തീത്തൊസിന് എഴുതുന്നത്: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. ഞാൻ ക്രേത്തയിൽ നിന്നെ വിട്ടിട്ടുപോന്നത്: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിനും ഞാൻ നിന്നോട് ആജ്ഞാപിച്ചതുപോലെ എല്ലാ പട്ടണത്തിലും മൂപ്പന്മാരെ നിയമിക്കേണ്ടതിനും തന്നെ. മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിൻ്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം. അദ്ധ്യക്ഷൻ ദൈവത്തിന്‍റെ ഗൃഹവിചാരകനാകയാൽ കുറ്റമില്ലാത്തവനായിരിക്കേണം; തന്നിഷ്ടക്കാരനും മുൻകോപിയും മദ്യപ്രിയനും കലഹക്കാരനും ദുർല്ലാഭമോഹിയും അരുത്. എന്നാൽ അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ഇന്ദ്രിയജയമുള്ളവനും ആരോഗ്യകരമായ ഉപദേശത്താൽ പ്രബോധിപ്പിക്കുവാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്, ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം. വൃഥാവാചാലന്മാരും, ജനങ്ങളെ വഞ്ചിക്കുന്നവരുമായ കീഴടങ്ങാത്ത പലരും ഉണ്ട്; വിശേഷാൽ പരിച്ഛേദനക്കാർ തന്നെ. അവരുടെ വായ് അടയ്ക്കേണ്ടതാകുന്നു. അവർ ദുരാദായത്തിനു വേണ്ടി, ഉപദേശിക്കരുതാത്തത് ഉപദേശിച്ചുകൊണ്ട് കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു. “ക്രേത്തർ സദാ നുണയന്മാരും, ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ” എന്നു അവരിൽ ഒരുവൻ, അവരുടെ ഒരു പ്രവാചകൻ തന്നെ, പറഞ്ഞിരിക്കുന്നു. ഈ സാക്ഷ്യം സത്യം തന്നെ; അതുകൊണ്ട് അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിനും യെഹൂദകെട്ടുകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിനും അവരെ കഠിനമായി ശാസിക്കുക. ശുദ്ധിയുള്ളവർക്കു എല്ലാം ശുദ്ധം തന്നെ; എന്നാൽ മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരുടെ ഹൃദയവും മനസ്സാക്ഷിയും മലിനമായിത്തീർന്നിരിക്കുന്നു. അവർ ദൈവത്തെ അറിയുവാൻ പ്രഖ്യാപിക്കുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറപ്പുളവാക്കുന്നവരും അനുസരണംകെട്ടവരും യാതൊരു നല്ലകാര്യത്തിനും കൊള്ളരുതാത്തവരുമാകുന്നു.

തീത്തൊസിന് 1:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

Testing ag live sync നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താൽ തക്കസമയത്തു തന്റെ വചനം വെളിപ്പെടുത്തിയ ഭോഷ്കില്ലാത്ത ദൈവം സകലകാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശഹേതുവായി തന്റെ വൃതന്മാരുടെ വിശ്വാസത്തിന്നും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിന്നുമായി ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൗലൊസ് പൊതുവിശ്വാസത്തിൽ നിജപുത്രനായ തീത്തൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും ഞാൻ നിന്നോടു ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കിവെക്കേണ്ടതിന്നും തന്നേ. മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം. അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുർല്ലാഭമോഹിയും അരുതു. അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ജിതേന്ദ്രിയനും പത്ഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം. വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ; വിശേഷാൽ പരിച്ഛേദനക്കാർ തന്നേ. അവരുടെ വായ് അടെക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിച്ചുകൊണ്ടു കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു. ക്രേത്തർ സർവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരിൽ ഒരുവൻ, അവരുടെ ഒരു വിദ്വാൻ തന്നേ, പറഞ്ഞിരിക്കുന്നു. ഈ സാക്ഷ്യം നേർ തന്നേ; അതുനിമിത്തം അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്നും യെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിന്നും അവരെ കഠിനമായി ശാസിക്ക. ശുദ്ധിയുള്ളവർക്കു എല്ലാം ശുദ്ധം തന്നേ; എന്നാൽ മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായി തീർന്നിരിക്കുന്നു. അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറെക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ലകാര്യത്തിന്നും കൊള്ളരുതാത്തവരുമാകുന്നു.

തീത്തൊസിന് 1:1-16 സമകാലിക മലയാളവിവർത്തനം (MCV)

ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൗലോസ്, നമുക്കു പൊതുവായുള്ള വിശ്വാസത്തിൽ എന്റെ യഥാർഥ പുത്രതുല്യനായ തീത്തോസിന്, എഴുതുന്നത്: നിനക്കു പിതാവായ ദൈവത്തിൽനിന്നും നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിൽനിന്നും കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ. ദൈവം തെരഞ്ഞെടുത്തവർ വിശ്വസിക്കാനും ഭക്തിയിലേക്കു നയിക്കുന്ന സത്യത്തിന്റെ പരിപൂർണജ്ഞാനം അവർക്കു ലഭിക്കാനുമായി നിത്യജീവന്റെ പ്രത്യാശ അവിടത്തെ വചനത്തിന്റെ പ്രഘോഷണത്തിലൂടെ അവർക്കു വെളിപ്പെടുത്താൻ നമ്മുടെ രക്ഷകനായ ദൈവം എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. ഈ പ്രത്യാശ വ്യാജംപറയാത്ത ദൈവം കാലാരംഭത്തിനു മുമ്പേ വാഗ്ദാനം ചെയ്തതും നിയുക്തസമയത്ത് വെളിപ്പെടുത്തിയതുമാണ്. ഞാൻ കൽപ്പിച്ചപ്രകാരം ന്യൂനതകൾ പരിഹരിക്കാനും എല്ലാ പട്ടണങ്ങളിലും സഭാമുഖ്യന്മാരെ അധികാരപ്പെടുത്താനും ആയിരുന്നു ഞാൻ നിന്നെ ക്രേത്തയിൽ വിട്ടിട്ടുപോന്നത്. സഭാമുഖ്യൻ കുറ്റമില്ലാത്തവനും ഏകപത്നീവ്രതനും ആയിരിക്കണം. അദ്ദേഹത്തിന്റെ മക്കൾ വിശ്വാസികളും വഴിപിഴച്ചവർ എന്ന കുറ്റാരോപണമോ അനുസരണക്കേടോ ഇല്ലാത്തവരും ആകണം. അധ്യക്ഷൻ ദൈവത്തിന്റെ കാര്യസ്ഥനാണ്. അതുകൊണ്ട് അദ്ദേഹം കുറ്റാരോപിതനായിരിക്കരുത്. ശാഠ്യബുദ്ധിക്കാരനും മുൻകോപിയും മദ്യാസക്തി ഉള്ളവനും അക്രമവാസനയുള്ളവനും അത്യാഗ്രഹിയും ആകരുത്. എന്നാൽ, അതിഥിയെ സൽക്കരിക്കുന്നവനും നല്ലതിഷ്ടപ്പെടുന്നവനും സ്വയം നിയന്ത്രിക്കുന്നവനും നീതിമാനും ഭക്തനും ജിതേന്ദ്രിയനും ആയിരിക്കണം അധ്യക്ഷൻ. നിർമലോപദേശംകൊണ്ട് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അതിനെ എതിർക്കുന്നവരെ ഖണ്ഡിക്കാനും കഴിയേണ്ടതിന് തനിക്കു ലഭിച്ച വിശ്വാസയോഗ്യമായസന്ദേശം മുറുകെപ്പിടിക്കുന്നവനും ആയിരിക്കണം. കാരണം, വായാടികളും വഞ്ചകരുമായ അനേകംപേർ ഉണ്ട്. അവർ നിയന്ത്രണവിധേയരല്ല. പ്രത്യേകിച്ച് പരിച്ഛേദനം ആവശ്യമെന്നു വാദിക്കുന്നവരാണിവർ. ഇവരെ നിശ്ശബ്ദരാക്കണം. കാരണം, അവർ അരുതാത്തത് ഉപദേശിച്ച് കുടുംബങ്ങളെ മുഴുവൻ തകിടംമറിച്ച് ലാഭേച്ഛയ്ക്കായി നടക്കുന്നവരാണ്. “ക്രേത്തർ നുണയരും മൃഗീയരും അലസരും അമിതഭക്ഷണപ്രിയരുമാണെന്ന്,” അവരിൽ ഒരാൾ—അവരുടെതന്നെ ഒരു പ്രവാചകൻ—പറഞ്ഞിരിക്കുന്നു. ഈ സാക്ഷ്യം ശരിയാണ്. അവരെ ശക്തമായി ശാസിക്കുക. അവർ വിശ്വാസത്തിൽ സ്ഥിരപ്പെടേണ്ടതിനും, യെഹൂദ ഐതിഹ്യങ്ങൾക്കും സത്യത്തിൽനിന്ന് അകറ്റുന്നവരുടെ കൽപ്പനകൾക്കും ചെവികൊടുക്കാതിരിക്കേണ്ടതിനും ആണിത്. ശുദ്ധിയുള്ളവർക്ക് എല്ലാം ശുദ്ധമാണ്. എന്നാൽ, അശുദ്ധർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല. അവരുടെ മനസ്സും മനസ്സാക്ഷിയും അശുദ്ധമാണ്. അവർ ദൈവത്തെ അറിയുന്നെന്ന് വാദിക്കുന്നെങ്കിലും പ്രവൃത്തികളാൽ അവിടത്തെ നിഷേധിക്കുന്നു. അവർ മ്ലേച്ഛരും അനുസരണയില്ലാത്തവരും യാതൊരു സൽപ്രവൃത്തിക്കും കൊള്ളരുതാത്തവരുമാണ്.