ഉത്തമഗീതം 8:1-7
ഉത്തമഗീതം 8:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ! ഞാൻ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു; ആരും എന്നെ നിന്ദിക്കയില്ലായിരുന്നു. നീ എനിക്ക് ഉപദേശം തരേണ്ടതിനു ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവർഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും ഞാൻ നിനക്കു കുടിപ്പാൻ തരുമായിരുന്നു. അവന്റെ ഇടംകൈ എന്റെ തലയിൻകീഴെ ഇരിക്കട്ടെ; അവന്റെ വലംകൈ എന്നെ ആശ്ലേഷിക്കട്ടെ. യെരൂശലേംപുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണർത്തുകയുമരുത് എന്നു ഞാൻ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു. മരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെമേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആർ? നാരകത്തിൻ ചുവട്ടിൽവച്ചു ഞാൻ നിന്നെ ഉണർത്തി; അവിടെ വച്ചല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചത്; അവിടെ വച്ചല്ലോ നിന്നെ പെറ്റവൾക്ക് ഈറ്റുനോവു കിട്ടിയത്. എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നെ. ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ; നദികൾ അതിനെ മുക്കിക്കളകയില്ല. ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സർവസമ്പത്തും പ്രേമത്തിനുവേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.
ഉത്തമഗീതം 8:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങ്, എന്റെ അമ്മയുടെ മുലപ്പാൽ കുടിച്ച സ്വന്തം സഹോദരൻ ആയിരുന്നെങ്കിൽ! വെളിയിൽ വച്ചു കണ്ടുമുട്ടുമ്പോഴും ഞാൻ അങ്ങയെ ചുംബിക്കുമായിരുന്നു; ആരും എന്നെ പഴിക്കുകയില്ല. എന്റെ അമ്മയുടെ വീട്ടിലേക്ക്, എന്നെ ഉദരത്തിൽ പോറ്റിയവളുടെ ഉറക്കറയിലേക്ക് അങ്ങയെ ഞാൻ കൂട്ടിക്കൊണ്ടു പോകുമായിരുന്നു; അങ്ങേക്കു കുടിക്കാൻ സുഗന്ധ മുന്തിരിച്ചാറും എന്റെ മാതളപ്പഴങ്ങളുടെ ചാറും ഞാൻ തരുമായിരുന്നു. അവിടുത്തെ ഇടങ്കൈ എനിക്കു തലയണയായിരുന്നെങ്കിൽ! അങ്ങയുടെ വലങ്കൈ എന്നെ പുണർന്നിരുന്നെങ്കിൽ! യെരൂശലേംപുത്രിമാരേ, ഞാൻ നിങ്ങളോടു കെഞ്ചുന്നു; പ്രേമനിർവൃതിയിൽ മുഴുകിയ എന്റെ പ്രേമഭാജനത്തെ മതിവരുംമുമ്പേ വിളിച്ചുണർത്തരുതേ. ആത്മപ്രിയന്റെ തോളിൽ ചാരി വിജനതയിൽനിന്നു വരുന്ന ഇവൾ ആരാണ്? മാതളനാരകത്തിന്റെ ചുവട്ടിൽ വച്ച് ഞാൻ നിന്നെ ഉണർത്തി; അവിടെവച്ചാണല്ലോ, നിന്നെ പെറ്റവൾക്ക് ഈറ്റുനോവ് ആരംഭിച്ചത്; അവിടെവച്ചാണല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചത്; ഹൃദയത്തിൽ ഒരു മുദ്രയായും ഭുജത്തിൽ ഒരു അടയാളമായും നീ എന്നെ ധരിച്ചാലും; പ്രേമം മൃത്യുപോലെ ശക്തം; ജാരശങ്ക ശവക്കുഴിപോലെ ക്രൂരം; ജ്വലിക്കുന്ന അഗ്നിപോലെ അതും ആളിക്കത്തുന്നു. സാഗരങ്ങൾ ഒത്തുചേർന്നാലും പ്രേമാഗ്നി കെടുത്താൻ സാധ്യമല്ല. പ്രളയത്തിനും അതു മുക്കിക്കെടുത്താൻ കഴിയുകയില്ല. പ്രേമത്തിനുവേണ്ടി കുടുംബസ്വത്തു മുഴുവൻ കൊടുത്താലും അതു തുച്ഛമായിരിക്കും.
ഉത്തമഗീതം 8:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ! ഞാൻ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു; ആരും എന്നെ നിന്ദിക്കുകയില്ലായിരുന്നു. അവള്‍ എനിക്ക് ഉപദേശം തരേണ്ടതിന് ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും ഞാൻ നിനക്കു കുടിക്കുവാൻ തരുമായിരുന്നു. അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ. യെരൂശലേം പുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത് എന്നു ഞാൻ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു. മരുഭൂമിയിൽനിന്ന് തന്‍റെ പ്രിയന്റെ മേൽ ചാരിക്കൊണ്ട് വരുന്നോരിവൾ ആർ? നാരകത്തിൻ ചുവട്ടിൽവച്ച് ഞാൻ നിന്നെ ഉണർത്തി; അവിടെവച്ചല്ലയോ നിന്‍റെ അമ്മ നിന്നെ പ്രസവിച്ചത്; അവിടെവച്ചല്ലയോ നിന്നെ പ്രസവിച്ചവൾക്ക് ഈറ്റുനോവ് കിട്ടിയത്. എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കഠിനവുമാകുന്നു; അതിന്‍റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നെ. ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുത്തുകയില്ല; നദികൾ അതിനെ മുക്കിക്കളയുകയില്ല. ഒരുവൻ തന്‍റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും പ്രേമത്തിനു വേണ്ടി കൊടുത്താലും അത് നിന്ദ്യമായേക്കാം.
ഉത്തമഗീതം 8:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ! ഞാൻ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു; ആരും എന്നെ നിന്ദിക്കയില്ലായിരുന്നു. നീ എനിക്കു ഉപദേശം തരേണ്ടതിന്നു ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും ഞാൻ നിനക്കു കുടിപ്പാൻ തരുമായിരുന്നു. അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ. യെരൂശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണർത്തുകയുമരുതു എന്നു ഞാൻ നിങ്ങളോടു ആണയിട്ടപേക്ഷിക്കുന്നു. മരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെ മേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആർ? നാരകത്തിൻ ചുവട്ടിൽവെച്ചു ഞാൻ നിന്നെ ഉണർത്തി; അവിടെ വെച്ചല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചതു; അവിടെവെച്ചല്ലോ നിന്നെ പെറ്റവൾക്കു ഈറ്റുനോവു കിട്ടിയതു. എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ. ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ; നദികൾ അതിനെ മുക്കിക്കളകയില്ല. ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.
ഉത്തമഗീതം 8:1-7 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ അമ്മ മുലയൂട്ടിവളർത്തിയ ഒരു സഹോദരൻ ആയിരുന്നു നീ എങ്കിൽ! ഞാൻ നിന്നെ വെളിയിൽ കാണുമ്പോൾ, എനിക്കു നിന്നെ ചുംബിക്കാമായിരുന്നു, ആരും എന്നെ നിന്ദിക്കുമായിരുന്നില്ല. ഞാൻ നിന്നെ എന്റെ മാതൃഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു— എനിക്കു പരിശീലനംതന്നവളുടെ ചാരത്തേക്കുതന്നെ. സുഗന്ധരസംചേർത്ത വീഞ്ഞും മാതളപ്പഴച്ചാറും ഞാൻ നിനക്ക് പാനംചെയ്യാൻ നൽകുമായിരുന്നു. അവന്റെ ഇടതുകരത്തിന്മേൽ എന്റെ ശിരസ്സ് വിശ്രമിക്കുന്നു, അവന്റെ വലതുകരം എന്നെ പുണരുന്നു. ജെറുശലേംപുത്രിമാരേ, എനിക്കുറപ്പുനൽകുക: അനുയോജ്യസമയം വരുംവരെ പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്. തന്റെ പ്രിയന്റെമേൽ ചാരി, മരുഭൂമിയിൽനിന്ന് കയറിവരുന്നോരിവളാരാണ്? നിന്റെ അമ്മ നിന്നെ ഗർഭംധരിച്ച, അതേ ആപ്പിൾമരച്ചുവട്ടിൽവെച്ചുതന്നെ ഞാൻ നിന്നെ ഉണർത്തി; അവിടെത്തന്നെയാണല്ലോ പ്രസവവേദനയേറ്റ് അവൾ നിനക്കു ജന്മംനൽകിയത്. നിന്റെ ഹൃദയത്തിന്മേൽ എന്നെ ഒരു മുദ്രയായണിയൂ, നിന്റെ ഭുജത്തിലെ മുദ്രപോലെതന്നെ; കാരണം പ്രേമം മരണംപോലെതന്നെ ശക്തവും അതിന്റെ തീവ്രത ശവക്കുഴിപോലെതന്നെ കഠിനവുമാകുന്നു. ജ്വലിക്കുന്ന അഗ്നിപോലെ അത് എരിയുന്നു, ഉഗ്രമായ അഗ്നിനാളംപോലെതന്നെ. പ്രേമാഗ്നി അണയ്ക്കാൻ ഒരു പ്രളയത്താലും കഴിയില്ല; നദികൾക്കതിനെ ഒഴുക്കിക്കളയുന്നതിനും കഴിയില്ല. ഒരാൾ സ്വഭവനത്തിലെ സർവസമ്പത്തും പ്രേമസാക്ഷാത്കാരത്തിനായി നൽകിയാലും ആ വാഗ്ദാനവും അപഹാസ്യമാകുകയേയുള്ളൂ.