ഉത്തമഗീതം 5:2-8

ഉത്തമഗീതം 5:2-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു. വാതിൽക്കൽ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം: എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സ് മഞ്ഞുകൊണ്ടും കുറുനിരകൾ രാത്രിയിൽ പെയ്യുന്ന തുള്ളികൊണ്ടും നനഞ്ഞിരിക്കുന്നു. എന്റെ അങ്കി ഞാൻ ഊരിയിരിക്കുന്നു; അതു വീണ്ടും ധരിക്കുന്നത് എങ്ങനെ? ഞാൻ കാലുകളെ കഴുകിയിരിക്കുന്നു; അവയെ മലിനമാക്കുന്നത് എങ്ങനെ? എന്റെ പ്രിയൻ ദ്വാരത്തിൽക്കൂടി കൈ നീട്ടി; എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി. എന്റെ പ്രിയനു തുറക്കേണ്ടതിനു ഞാൻ എഴുന്നേറ്റു; എന്റെ കൈ മൂറും, എന്റെ വിരൽ മൂറിൻ തൈലവും തഴുതുപിടികളിന്മേൽ പൊഴിച്ചു. ഞാൻ എന്റെ പ്രിയനുവേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു; ഞാൻ അന്വേഷിച്ചു അവനെ കണ്ടില്ല; ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല. നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; അവർ എന്നെ അടിച്ചു, മുറിവേല്പിച്ചു; മതിൽകാവല്ക്കാർ എന്റെ മൂടുപടം എടുത്തുകളഞ്ഞു. യെരൂശലേംപുത്രിമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടെങ്കിൽ ഞാൻ പ്രേമപരവശയായിരിക്കുന്നു എന്ന് അവനോട് അറിയിക്കേണം എന്നു ഞാൻ നിങ്ങളോട് ആണയിടുന്നു.

ഉത്തമഗീതം 5:2-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാൻ ഉറങ്ങി, എങ്കിലും എന്റെ ഹൃദയം ഉണർന്നിരുന്നു; അതാ, എന്റെ പ്രിയൻ വാതില്‌ക്കൽ മുട്ടുന്നു. “എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, അവികലസൗന്ദര്യധാമമേ, വാതിൽ തുറക്കൂ; എന്റെ തല മഞ്ഞുതുള്ളികൾകൊണ്ടും; എന്റെ മുടിച്ചുരുൾ നീഹാരബിന്ദുക്കൾകൊണ്ടും നനഞ്ഞിരിക്കുന്നു.” ഞാൻ എന്റെ അങ്കി ഊരിവച്ചു; അതു വീണ്ടും ധരിക്കുന്നത് എങ്ങനെ? എന്റെ കാലുകൾ കഴുകിക്കഴിഞ്ഞു; ഇനിയെങ്ങനെ അവയിൽ പൊടി പറ്റിക്കും? എന്റെ പ്രിയൻ വാതിൽക്കൊളുത്തിൽ കൈ വച്ചു; എന്റെ ഹൃദയം വികാരപരവശമായി. “എന്റെ പ്രിയനു വാതിൽ തുറന്നുകൊടുക്കാൻ ഞാൻ എഴുന്നേറ്റു; എന്റെ കൈകളിൽനിന്നു മൂറും കൈവിരലുകളിൽനിന്നു മൂറിൻതൈലവും വാതിൽപ്പടിയിൽ ഇറ്റുവീണു. എന്റെ പ്രിയനുവേണ്ടി ഞാൻ വാതിൽ തുറന്നു; പക്ഷേ, അപ്പോഴേക്കും അവൻ തിരിച്ചുപോയിക്കഴിഞ്ഞിരുന്നു. അവന്റെ ഭാഷണത്തിൽ എന്റെ ഹൃദയം തരളമായി; ഞാൻ അവനെ തിരഞ്ഞു, പക്ഷേ കണ്ടില്ല; ഞാൻ അവനെ വിളിച്ചു, അവൻ വിളികേട്ടില്ല. നഗരത്തിൽ റോന്തുചുറ്റുന്ന കാവൽക്കാർ എന്നെ കണ്ടു; അവർ എന്നെ അടിച്ചു, എന്നെ പരുക്കേല്പിച്ചു; കാവൽക്കാർ എന്റെ മൂടുപടം മാറ്റി. യെരൂശലേംപുത്രിമാരേ, ഞാൻ നിങ്ങളോടു കെഞ്ചുന്നു: എന്റെ പ്രിയതമനെ കണ്ടാൽ ഞാൻ പ്രേമവിവശയായിരിക്കുന്നു എന്ന് അറിയിക്കണേ.

ഉത്തമഗീതം 5:2-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞാൻ ഉറങ്ങുന്നു എങ്കിലും എന്‍റെ ഹൃദയം ഉണർന്നിരിക്കുന്നു. വാതില്ക്കൽ മുട്ടുന്ന എന്‍റെ പ്രിയന്‍റെ സ്വരം: “എന്‍റെ സഹോദരീ, എന്‍റെ പ്രിയേ, എന്‍റെ പ്രാവേ, എന്‍റെ നിഷ്കളങ്കേ, തുറക്കുക; എന്‍റെ ശിരസ്സ് മഞ്ഞുകൊണ്ടും കുറുനിരകൾ രാത്രിയിൽ പെയ്യുന്ന മഞ്ഞുകൊണ്ടും നനഞ്ഞിരിക്കുന്നു.” എന്‍റെ അങ്കി ഞാൻ ഊരിയിരിക്കുന്നു; അത് വീണ്ടും ധരിക്കുന്നത് എങ്ങനെ? ഞാൻ കാലുകൾ കഴുകിയിരിക്കുന്നു; അവയെ മലിനമാക്കുന്നത് എങ്ങനെ? എന്‍റെ പ്രിയൻ വാതില്പഴുതിൽ കൂടി കൈ നീട്ടി; എന്‍റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി. എന്‍റെ പ്രിയനു തുറക്കേണ്ടതിന് ഞാൻ എഴുന്നേറ്റു; എന്‍റെ കൈ മൂറും, എന്‍റെ വിരൽ മൂറിൻ തൈലവും വാതിൽപിടികളിന്മേൽ പൊഴിഞ്ഞു. ഞാൻ എന്‍റെ പ്രിയനു വേണ്ടി തുറന്നു എന്‍റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു; ഞാൻ അന്വേഷിച്ചു; അവനെ കണ്ടില്ല; ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല. നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; അവർ എന്നെ അടിച്ച്, മുറിവേല്പിച്ചു; മതിൽകാവല്ക്കാർ എന്‍റെ മൂടുപടം എടുത്തുകളഞ്ഞു. യെരൂശലേം പുത്രിമാരേ, നിങ്ങൾ എന്‍റെ പ്രിയനെ കണ്ടെങ്കിൽ “ഞാൻ പ്രേമവിവശയായിരിക്കുന്നു എന്നു അവനെ അറിയിക്കേണം” എന്നു ഞാൻ നിങ്ങളോട് ആണയിടുന്നു.

ഉത്തമഗീതം 5:2-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു. വാതില്ക്കൽ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം: എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സു മഞ്ഞുകൊണ്ടും കുറുനിരകൾ രാത്രിയിൽ പെയ്യുന്ന തുള്ളികൊണ്ടും നനെഞ്ഞിരിക്കുന്നു. എന്റെ അങ്കി ഞാൻ ഊരിയിരിക്കുന്നു; അതു വീണ്ടും ധരിക്കുന്നതു എങ്ങനെ? ഞാൻ കാലുകളെ കഴുകിയിരിക്കുന്നു; അവയെ മലിനമാക്കുന്നതു എങ്ങനെ? എന്റെ പ്രിയൻ ദ്വാരത്തിൽ കൂടി കൈ നീട്ടി; എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി. എന്റെ പ്രിയന്നു തുറക്കേണ്ടതിന്നു ഞാൻ എഴുന്നേറ്റു; എന്റെ കൈ മൂറും, എന്റെ വിരൽ മൂറിൻ തൈലവും തഴുതുപിടികളിന്മേൽ പൊഴിച്ചു. ഞാൻ എന്റെ പ്രിയന്നു വേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു; ഞാൻ അന്വേഷിച്ചു അവനെ കണ്ടില്ല; ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല. നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; അവർ എന്നെ അടിച്ചു, മുറിവേല്പിച്ചു; മതിൽകാവല്ക്കാർ എന്റെ മൂടുപടം എടുത്തുകളഞ്ഞു. യെരൂശലേംപുത്രിമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടെങ്കിൽ ഞാൻ പ്രേമപരവശയായിരിക്കുന്നു എന്നു അവനോടു അറിയിക്കേണം എന്നു ഞാൻ നിങ്ങളോടു ആണയിടുന്നു.

ഉത്തമഗീതം 5:2-8 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ നിദ്രാധീനയായി എങ്കിലും എന്റെ ഹൃദയം ഉണർന്നിരുന്നു. ശ്രദ്ധിക്കൂ! എന്റെ പ്രിയൻ വാതിലിൽ മുട്ടുന്നു: “എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, എനിക്കായി തുറന്നുതരൂ. എന്റെ ശിരസ്സ് തുഷാരബിന്ദുക്കളാലും എന്റെ മുടി രാമഞ്ഞിനാലും കുതിർന്നിരിക്കുന്നു.” അതിനു ഞാൻ, “എന്റെ അങ്കി ഞാൻ അഴിച്ചുവെച്ചിരിക്കുന്നു— അതു ഞാൻ വീണ്ടും അണിയണമോ? എന്റെ പാദങ്ങൾ ഞാൻ കഴുകിയിരിക്കുന്നു— അതു ഞാൻ വീണ്ടും അഴുക്കാക്കണമോ?” എന്റെ പ്രിയൻ വാതിൽക്കൊളുത്തിലേക്ക് തന്റെ കൈനീട്ടി; എന്റെ ഹൃദയം അവനുവേണ്ടി തുടിക്കാൻ തുടങ്ങി. ഞാൻ എന്റെ പ്രിയനായി വാതിൽ തുറക്കാൻ എഴുന്നേറ്റു, എന്റെ കൈയിൽനിന്ന് മീറയിൻകണങ്ങൾ ഇറ്റിറ്റുവീണു, മീറയിൻധാരയുമായി എന്റെ വിരലുകൾ വാതിലിൻതഴുതുകളിൽവെച്ചു. ഞാൻ എന്റെ പ്രിയനുവേണ്ടി തുറന്നു, അപ്പോഴേക്കും എന്റെ കാന്തൻ പോയിമറഞ്ഞിരുന്നു. അവന്റെ പിൻവാങ്ങലിൽ എന്റെ ഹൃദയം സങ്കടത്തിലാണ്ടു. ഞാൻ അവനെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ഞാൻ അവനെ വിളിച്ചെങ്കിലും അവൻ വിളികേട്ടില്ല. നഗരത്തിൽ റോന്തുചുറ്റുന്ന കാവൽഭടന്മാർ എന്നെ കണ്ടെത്തി. അവർ എന്നെ അടിച്ചു, എന്നെ മുറിവേൽപ്പിച്ചു; മതിലുകളുടെ സംരക്ഷണസേനയിലുള്ളവർ, എന്റെ അങ്കി കവർന്നെടുത്തു! ജെറുശലേംപുത്രിമാരേ, എനിക്കുറപ്പുനൽകുക— നിങ്ങൾ എന്റെ പ്രിയനെ കാണുന്നെങ്കിൽ, അവനോട് നിങ്ങൾ എന്തുപറയും? ഞാൻ പ്രേമവിവശയായിരിക്കുന്നു എന്ന് അവനെ അറിയിക്കണമേ.