ഉത്തമഗീതം 3:1-5

ഉത്തമഗീതം 3:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

രാത്രിസമയത്ത് എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും. ഞാൻ എഴുന്നേറ്റു നഗരത്തിൽ സഞ്ചരിച്ചു, വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാൻ പറഞ്ഞു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും. നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; എന്റെ പ്രാണപ്രിയനെ കണ്ടുവോ എന്നു ഞാൻ അവരോടു ചോദിച്ചു. അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോൾ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു. ഞാൻ അവനെ പിടിച്ചു, എന്റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല. യെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണർത്തുകയുമരുത്.

ഉത്തമഗീതം 3:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്റെ പ്രാണപ്രിയനെ രാത്രിയിൽ ഞാൻ എന്റെ കിടക്കയിൽ തിരഞ്ഞു; എന്നാൽ കണ്ടില്ല. ഞാൻ വിളിച്ചു, പക്ഷേ വിളികേട്ടില്ല. “ഞാൻ ഇപ്പോൾത്തന്നെ എഴുന്നേറ്റു നഗരത്തിൽ തേടിനടക്കും; തെരുവീഥികളിലും കവലകളിലും എന്റെ പ്രാണപ്രിയനെ തിരയും.” ഞാൻ അന്വേഷിച്ചു; പക്ഷേ കണ്ടെത്തിയില്ല. നഗരത്തിൽ റോന്തുചുറ്റുന്ന കാവൽക്കാർ എന്നെ കണ്ടു; “എന്റെ പ്രാണപ്രിയനെ നിങ്ങൾ കണ്ടോ?” ഞാൻ അവരോടു ചോദിച്ചു. ഞാൻ അവരെ കടന്നുപോയതേയുള്ളൂ. അപ്പോഴതാ എന്റെ പ്രാണനാഥൻ കൺമുമ്പിൽ; ഞാൻ അവനെ പിടികൂടി. എന്റെ അമ്മയുടെ ഗൃഹത്തിൽ എന്നെ ഉദരത്തിൽ വളർത്തിയവളുടെ മുറിയിൽ എത്തുംവരെ ഞാൻ പിടിവിട്ടില്ല. യെരൂശലേംപുത്രിമാരേ, വെളിമ്പ്രദേശത്തെ ചെറുമാനുകളുടെയും പേടമാനുകളുടെയും പേരിൽ ഞാൻ നിങ്ങളോടു കെഞ്ചുന്നു. പ്രേമനിർവൃതിയിൽ മയങ്ങിയ എന്റെ പ്രിയനെ മതിതീരും മുമ്പേ വിളിച്ചുണർത്തരുതേ.

ഉത്തമഗീതം 3:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

രാത്രിസമയത്ത് എന്‍റെ കിടക്കയിൽ ഞാൻ എന്‍റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും. ഞാൻ എഴുന്നേറ്റ് നഗരത്തിൽ സഞ്ചരിച്ചു; “വീഥികളിലും വിശാലസ്ഥലങ്ങളിലും എന്‍റെ പ്രാണപ്രിയനെ അന്വേഷിക്കും” എന്നു ഞാൻ പറഞ്ഞു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും. നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; “എന്‍റെ പ്രാണപ്രിയനെ കണ്ടുവോ” എന്നു ഞാൻ അവരോട് ചോദിച്ചു. അവരെ വിട്ട് അല്പം മുന്നോട്ട് ചെന്നപ്പോൾ ഞാൻ എന്‍റെ പ്രാണപ്രിയനെ കണ്ടു. ഞാൻ അവനെ പിടിച്ച്, എന്‍റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല. യെരൂശലേം പുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണർത്തുകയുമരുത്.

ഉത്തമഗീതം 3:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

രാത്രിസമയത്തു എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും. ഞാൻ എഴുന്നേറ്റു നഗരത്തിൽ സഞ്ചരിച്ചു, വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാൻ പറഞ്ഞു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ല താനും. നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; എന്റെ പ്രാണപ്രിയനെ കണ്ടുവോ എന്നു ഞാൻ അവരോടു ചോദിച്ചു. അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോൾ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു. ഞാൻ അവനെ പിടിച്ചു, എന്റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല. യെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണർത്തുകയുമരുതു.

ഉത്തമഗീതം 3:1-5 സമകാലിക മലയാളവിവർത്തനം (MCV)

രാത്രിമുഴുവനും എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ അതിയായി ആഗ്രഹിച്ചു; ഞാൻ അതിയായി ആഗ്രഹിച്ചു, എന്നാൽ അവൻ വന്നുചേർന്നില്ല. ഞാൻ ഇപ്പോൾ എഴുന്നേറ്റ് നഗരത്തിലേക്കുപോകും, അതിന്റെ വീഥികളിലും ചത്വരങ്ങളിലും ചുറ്റിനടന്ന്, ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിക്കും. അങ്ങനെ ഞാൻ അവനെ അന്വേഷിച്ചു, എന്നാൽ കണ്ടെത്തിയില്ലാതാനും. നഗരവീഥികളിൽ റോന്തുചുറ്റുന്ന കാവൽഭടന്മാർ എന്നെ കണ്ടുമുട്ടി. “എന്റെ പ്രാണപ്രിയനെ നിങ്ങൾ കണ്ടുവോ?” എന്നു ഞാൻ അവരോട് അന്വേഷിച്ചു. ഞാൻ അവരെ കടന്നുപോയതേയുള്ളൂ ഉടനെതന്നെ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടെത്തി. ഞാൻ അവനെ പോകാൻ അനുവദിക്കാതെ മുറുകെപ്പിടിച്ചു അങ്ങനെ ഞാൻ അവനെ എന്റെ മാതൃഭവനത്തിലേക്കു കൊണ്ടുവന്നു, എന്നെ ഉദരത്തിൽ വഹിച്ച അമ്മയുടെ ശയനമുറിയിലേക്കുതന്നെ. ജെറുശലേംപുത്രിമാരേ, വയലേലകളിലെ കലമാനുകളുടെയും മാൻപേടകളുടെയുംപേരിൽ എനിക്കുറപ്പുനൽകുക: അനുയോജ്യസമയം വരുംവരെ പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്.