ഉത്തമഗീതം 1:1-6
ഉത്തമഗീതം 1:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശലോമോന്റെ ഉത്തമഗീതം. അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ; നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു. നിന്റെ തൈലം സൗരഭ്യമായത്; നിന്റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു; അതുകൊണ്ടു കന്യകമാർ നിന്നെ സ്നേഹിക്കുന്നു. നിന്റെ പിന്നാലെ എന്നെ വലിക്ക; നാം ഓടിപ്പോക; രാജാവ് എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു; ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും; നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ ശ്ലാഘിക്കും; നിന്നെ സ്നേഹിക്കുന്നത് ഉചിതം തന്നെ. യെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു. എനിക്ക് ഇരുൾനിറം പറ്റിയിരിക്കയാലും ഞാൻ വെയിൽകൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുത്. എന്റെ അമ്മയുടെ പുത്രന്മാർ എന്നോടു കോപിച്ചു; എന്നെ മുന്തിരിത്തോട്ടങ്ങൾക്കു കാവലാക്കി; എന്റെ സ്വന്ത മുന്തിരിത്തോട്ടം ഞാൻ കാത്തിട്ടില്ലതാനും.
ഉത്തമഗീതം 1:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശലോമോന്റെ ഉത്തമഗീതം അങ്ങയുടെ അധരങ്ങൾ എന്നെ ചുംബനംകൊണ്ട് പൊതിയട്ടെ; അങ്ങയുടെ പ്രേമം വീഞ്ഞിനെക്കാൾ ശ്രേഷ്ഠം. അങ്ങയുടെ അഭിഷേകതൈലം സുഗന്ധപൂരിതം; അങ്ങയുടെ നാമംതന്നെ തൈലധാരപോലെ സുരഭിലമാണ്; അതിനാൽ കന്യകമാർ അങ്ങയിൽ പ്രേമം പകരുന്നു. നാഥാ, എന്നെയും കൊണ്ടുപോകുക; നമുക്കു വേഗം പോകാം; രാജാവ് തന്റെ മണവറയിലേക്ക് എന്നെ ആനയിച്ചിരിക്കുന്നു; ഞങ്ങൾ അങ്ങയിൽ ആഹ്ലാദിച്ചുല്ലസിക്കും; അങ്ങയുടെ പ്രേമം വീഞ്ഞിനെക്കാൾ മധുരമെന്നു ഞങ്ങൾ വാഴ്ത്തും. അവർ അങ്ങയെ പ്രേമിക്കുന്നത് ഉചിതംതന്നെ. യെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവളെങ്കിലും കേദാരിലെ കൂടാരങ്ങൾപോലെയും ശലോമോന്റെ യവനികപോലെയും അഴകുറ്റവളാണ്. ഞാൻ നിറം മങ്ങിയവളും വെയിലേറ്റ് ഇരുണ്ടുപോയവളും ആണെന്നോർത്ത് എന്നെ തുറിച്ചുനോക്കരുതേ. എന്റെ അമ്മയുടെ പുത്രന്മാർക്ക് എന്നോട് അനിഷ്ടമുണ്ടായി; അവർ എന്നെ മുന്തിരിത്തോപ്പിനു കാവൽക്കാരിയാക്കി; എന്നാൽ, എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാൻ കാത്തുസൂക്ഷിച്ചുമില്ല.
ഉത്തമഗീതം 1:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശലോമോന്‍റെ ഉത്തമഗീതം. നീ നിന്‍റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ; നിന്റെ പ്രേമം വീഞ്ഞിലും മേന്മയേറിയത്. നിന്‍റെ തൈലം സുഗന്ധം പരത്തുന്നു; നിന്‍റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു; അതുകൊണ്ട് കന്യകമാർ നിന്നെ സ്നേഹിക്കുന്നു. നിന്റെ പിന്നാലെ എന്നെ കൊണ്ടുപോകുക; നാം ഓടിപ്പോകുക; രാജാവ് എന്നെ പള്ളിയറയിലേക്ക് കൊണ്ടുവന്നിരിക്കുന്നു; ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും; നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ പ്രശംസിക്കും; നിന്നെ സ്നേഹിക്കുന്നത് ഉചിതം തന്നെ. യെരൂശലേം പുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു. എനിക്ക് ഇരുൾനിറം ആയതിനാലും, ഞാൻ വെയിൽകൊണ്ട് കറുത്തിരിക്കുകയാലും എന്നെ തുറിച്ചുനോക്കരുത്. എന്‍റെ സഹോദരന്‍മാര്‍ എന്നോട് കോപിച്ചു, എന്നെ മുന്തിരിത്തോട്ടങ്ങൾക്ക് കാവലാക്കി; എന്‍റെ സ്വന്തം മുന്തിരിത്തോട്ടം ഞാൻ കാത്തിട്ടുമില്ല.
ഉത്തമഗീതം 1:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ശലോമോന്റെ ഉത്തമഗീതം. അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ; നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു. നിന്റെ തൈലം സൗരഭ്യമായതു; നിന്റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു; അതുകൊണ്ടു കന്യകമാർ നിന്നെ സ്നേഹിക്കുന്നു. നിന്റെ പിന്നാലെ എന്നെ വലിക്ക; നാം ഓടിപ്പോക; രാജാവു എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു; ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും; നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ ശ്ലാഘിക്കും; നിന്നെ സ്നേഹിക്കുന്നതു ഉചിതം തന്നേ. യെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു. എനിക്കു ഇരുൾനിറം പറ്റിയിരിക്കയാലും ഞാൻ വെയിൽകൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുതു. എന്റെ അമ്മയുടെ പുത്രന്മാർ എന്നോടു കോപിച്ചു, എന്നെ മുന്തിരിത്തോട്ടങ്ങൾക്കു കാവലാക്കി; എന്റെ സ്വന്ത മുന്തിരിത്തോട്ടം ഞാൻ കാത്തിട്ടില്ലതാനും.
ഉത്തമഗീതം 1:1-6 സമകാലിക മലയാളവിവർത്തനം (MCV)
ശലോമോന്റെ ഉത്തമഗീതം. അധരങ്ങളാൽ എന്മേൽ ചുംബനവർഷം ചൊരിഞ്ഞാലും— നിന്റെ പ്രേമം വീഞ്ഞിനെക്കാൾ ആനന്ദകരം. നിന്റെ സുഗന്ധതൈലങ്ങളുടെ സൗരഭ്യം ഹൃദയഹാരി; നിന്റെ നാമം സുഗന്ധതൈലം പകർന്നതുപോലെതന്നെ. അതുകൊണ്ട് യുവതികൾ നിന്നെ പ്രേമിക്കുന്നതിൽ അത്ഭുതം ലവലേശമില്ല! എന്നെ നിന്നോടൊപ്പം ദൂരത്തേക്കു കൊണ്ടുപോകുക—വേഗമാകട്ടെ! രാജാവ് തന്റെ പള്ളിയറകളിലേക്കെന്നെ ആനയിക്കട്ടെ. ഞങ്ങൾ അത്യാഹ്ലാദത്തോടെ നിന്നിൽ ആനന്ദിക്കും; നിന്റെ പ്രേമത്തെ ഞങ്ങൾ വീഞ്ഞിനെക്കാൾ അധികം പ്രകീർത്തിക്കും. അവർ നിന്നെ പ്രകീർത്തിക്കുന്നത് എത്രയോ ഉചിതം. ജെറുശലേംപുത്രിമാരേ, ഞാൻ കറുത്തിട്ടെങ്കിലും അഴകുള്ളവൾ, കേദാർ കൂടാരങ്ങൾപോലെയും ശലോമോന്റെ കൂടാരശീലകൾപോലെയുംതന്നെ. ഞാൻ ഇരുൾനിറമുള്ളവളാകയാൽ എന്നെ തുറിച്ചുനോക്കരുത്, ഞാൻ ഇരുണ്ടുപോയത് സൂര്യതാപമേറ്റതിനാലാണ്. എന്റെ അമ്മയുടെ പുത്രന്മാർ എന്നോട് കോപിഷ്ഠരായി അവരുടെ മുന്തിരിത്തോപ്പുകൾക്ക് എന്നെ കാവൽനിർത്തി; എന്റെ സ്വന്തം മുന്തിരിത്തോപ്പ് എനിക്ക് അവഗണിക്കേണ്ടിവന്നു.