രൂത്ത് 4:1-10
രൂത്ത് 4:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ബോവസ് പട്ടണവാതിൽക്കൽ ചെന്ന് അവിടെ ഇരുന്നു; ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരൻ കടന്നുപോകുന്നതു കണ്ടു: എടോ, ഇങ്ങോട്ടു വന്ന് ഇവിടെ ഇരിക്ക എന്ന് അവനോടു പറഞ്ഞു. അവൻ ചെന്ന് അവിടെ ഇരുന്നു. പിന്നെ അവൻ പട്ടണത്തിലെ മൂപ്പന്മാരിൽ പത്തു പേരെ വരുത്തി; ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു; അവരും ഇരുന്നു. അപ്പോൾ അവൻ ആ വീണ്ടെടുപ്പുകാരനോടു പറഞ്ഞത്: മോവാബ്‍ദേശത്തുനിന്നു മടങ്ങിവന്നിരിക്കുന്ന നൊവൊമി നമ്മുടെ സഹോദരനായ എലീമേലെക്കിന്റെ വയൽ വില്ക്കുന്നു. ആകയാൽ നിന്നോട് അത് അറിയിപ്പാൻ ഞാൻ വിചാരിച്ചു; ഇവിടെ ഇരിക്കുന്നവരുടെയും ജനത്തിന്റെ മൂപ്പന്മാരുടെയും മുമ്പാകെ നീ അതു വിലയ്ക്കു വാങ്ങുക; നിനക്കു വീണ്ടെടുപ്പാൻ മനസ്സുണ്ടെങ്കിൽ വീണ്ടെടുക്ക; വീണ്ടെടുപ്പാൻ നിനക്കു മനസ്സില്ലെങ്കിൽ ഞാൻ അറിയേണ്ടതിന് എന്നോടു പറക; നീയും നീ കഴിഞ്ഞിട്ട് ഞാനും അല്ലാതെ വീണ്ടെടുപ്പാൻ ആരും ഇല്ല. അതിന് അവൻ: ഞാൻ വീണ്ടെടുക്കാം എന്നു പറഞ്ഞു. അപ്പോൾ ബോവസ്: നീ നൊവൊമിയോടു വയൽ വാങ്ങുന്ന നാളിൽ മരിച്ചവന്റെ അവകാശത്തിന്മേൽ അവന്റെ പേർ നിലനിർത്തുവാൻ തക്കവണ്ണം മരിച്ചവന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും വാങ്ങേണം എന്നു പറഞ്ഞു. അതിന് വീണ്ടെടുപ്പുകാരൻ: എനിക്ക് അതു വീണ്ടെടുപ്പാൻ കഴികയില്ല; എന്റെ സ്വന്തഅവകാശം നഷ്ടമാക്കേണ്ടിവരും; ആകയാൽ ഞാൻ വീണ്ടെടുക്കേണ്ടതു നീ വീണ്ടെടുത്തുകൊൾക; എനിക്കു വീണ്ടെടുപ്പാൻ കഴികയില്ല എന്നു പറഞ്ഞു. എന്നാൽ വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാൻ ഒരുത്തൻ തന്റെ ചെരുപ്പൂരി മറ്റേവനു കൊടുക്കുന്നതു യിസ്രായേലിൽ പണ്ടു നടപ്പായിരുന്നു; ഇതായിരുന്നു യിസ്രായേലിൽ ഉറപ്പാക്കുന്ന വിധം. അങ്ങനെ ആ വീണ്ടെടുപ്പുകാരൻ ബോവസിനോട്: നീ അതു വാങ്ങിക്കൊൾക എന്നു പറഞ്ഞു തന്റെ ചെരുപ്പൂരിക്കൊടുത്തു. അപ്പോൾ ബോവസ് മൂപ്പന്മാരോടും സകല ജനത്തോടും പറഞ്ഞത്: എലീമേലെക്കിനുള്ളതൊക്കെയും കില്യോനും മഹ്ലോനും ഉള്ളതൊക്കെയും ഞാൻ നൊവൊമിയോടു വാങ്ങിയിരിക്കുന്നു എന്നതിനു നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു. അത്രയുമല്ല മരിച്ചവന്റെ പേർ അവന്റെ സഹോദരന്മാരുടെ ഇടയിൽനിന്നും അവന്റെ പട്ടണവാതിൽക്കൽനിന്നും മാഞ്ഞുപോകാതവണ്ണം മരിച്ചവന്റെ പേർ അവന്റെ അവകാശത്തിന്മേൽ നിലനിർത്തേണ്ടതിന് മഹ്ലോന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും എനിക്കു ഭാര്യയായി വാങ്ങിയിരിക്കുന്നു എന്നതിനും നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു.
രൂത്ത് 4:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ബോവസ് നഗരവാതില്‌ക്കലേക്കു പോയി അവിടെ ഇരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ബോവസ് രൂത്തിനോടു സൂചിപ്പിച്ചിരുന്ന ബന്ധു അതുവഴി വന്നു. ബോവസ് അയാളെ വിളിച്ച് അവിടെ ഇരുത്തി; പത്തു നഗരപ്രമാണികളെക്കൂടി ബോവസ് ക്ഷണിച്ചു. അവർ ഇരുന്നശേഷം ബോവസ് ബന്ധുവിനോടു പറഞ്ഞു: “മോവാബിൽനിന്നു തിരിച്ചെത്തിയിരിക്കുന്ന നവോമി നമ്മുടെ ബന്ധുവായ എലീമേലെക്കിന്റെ വയൽ വിൽക്കാൻ പോകുകയാണ്; ഇക്കാര്യം നിന്നെ അറിയിക്കാമെന്നു ഞാൻ വിചാരിച്ചു. നീ ആ സ്ഥലം വീണ്ടെടുക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ നഗരപ്രമാണികളുടെയും ഇവിടെ കൂടിയിരിക്കുന്ന മറ്റുള്ളവരുടെയും മുൻപാകെ അതു പറയുക; സാധിക്കുകയില്ലെങ്കിൽ അതും എനിക്കറിയണം. അതു വീണ്ടെടുക്കാനുള്ള പ്രധാന അവകാശി നീ ആണ്. ഞാൻ കുറേക്കൂടെ അകന്ന ബന്ധുവാണല്ലോ.” “ഞാനതു വീണ്ടെടുക്കാം” എന്നു ബന്ധു ഉത്തരം നല്‌കി. അപ്പോൾ ബോവസ് പറഞ്ഞു: “നീ ആ വയൽ വാങ്ങുമ്പോൾ മരിച്ചുപോയവന്റെ പേര് അവകാശികളിലൂടെ നിലനിർത്താൻ വിധവയായ മോവാബുകാരി രൂത്തിനെ സ്വീകരിക്കുകയും വേണം. അവന്റെ അവകാശം നിലനിർത്താൻ അതാണു വഴി.” അപ്പോൾ ആ ബന്ധു പറഞ്ഞു: “അത് എനിക്കു സാധ്യമല്ല; ഞാൻ ആ സ്ഥലം വീണ്ടെടുത്താൽ എന്റെ പിതൃസ്വത്ത് നഷ്ടപ്പെടുത്തേണ്ടിവരും. അതുകൊണ്ടു ഞാൻ അതു വാങ്ങുന്നില്ല; വീണ്ടെടുക്കാനുള്ള എന്റെ അവകാശം ഞാൻ നിനക്കു വിട്ടുതരുന്നു.” വസ്തുക്കൾ വീണ്ടെടുക്കുമ്പോഴും വീണ്ടെടുപ്പവകാശം കൈമാറുമ്പോഴും ഇടപാടു ഉറപ്പിക്കാൻ അവകാശം ലഭിക്കുന്നവന് മറ്റേയാൾ തന്റെ ചെരുപ്പ് ഊരിക്കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു. അങ്ങനെ ആ ബന്ധു തന്റെ വീണ്ടെടുപ്പവകാശം കൈമാറിക്കൊണ്ട് തന്റെ ചെരുപ്പൂരി ബോവസിനു കൊടുത്തു. അപ്പോൾ ബോവസ് അവിടെ കൂടിയിരുന്ന നഗരപ്രമാണികളോടും മറ്റുള്ളവരോടും ഇപ്രകാരം പറഞ്ഞു: “എലീമേലെക്കിനും അദ്ദേഹത്തിന്റെ മരണശേഷം പുത്രന്മാരായ കില്യോൻ, മഹ്‍ലോൻ എന്നിവർക്കും അവകാശപ്പെട്ടിരുന്ന സകലതും ഞാൻ നവോമിയിൽനിന്നു വാങ്ങിയിരിക്കുന്നു. നിങ്ങൾ അതിനു സാക്ഷികളാണ്. സ്വന്തം നാട്ടിലും കുടുംബത്തിലും പരേതന്റെ വംശവും അവകാശവും നിലനിർത്താനായി മഹ്‍ലോന്റെ ഭാര്യ മോവാബുകാരിയായ രൂത്തിനെ എന്റെ ഭാര്യയായി ഞാൻ സ്വീകരിക്കുന്നു. ഇതിന് നിങ്ങൾ സാക്ഷികൾ.”
രൂത്ത് 4:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനന്തരം ബോവസ് പട്ടണവാതില്ക്കൽ ചെന്നു അവിടെ ഇരുന്നു. ബോവസ് പറഞ്ഞിരുന്ന ബന്ധുവായ വീണ്ടെടുപ്പുകാരൻ കടന്നുപോകുന്നത് കണ്ടു: “സ്നേഹിതാ, വന്ന് ഇവിടെ ഇരിക്ക” എന്നു അവനോട് പറഞ്ഞു. അവൻ ചെന്നു അവിടെ ഇരുന്നു. പിന്നെ അവൻ പട്ടണത്തിലെ മൂപ്പന്മാരിൽ പത്തുപേരെ വരുത്തി; ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു; അവരും ഇരുന്നു. അപ്പോൾ അവൻ ആ ബന്ധുവായ വീണ്ടെടുപ്പുകാരനോട് പറഞ്ഞത്: “മോവാബ് ദേശത്തു നിന്നു മടങ്ങിവന്നിരിക്കുന്ന നൊവൊമി നമ്മുടെ സഹോദരനായ എലീമേലെക്കിന്റെ വയൽ വില്ക്കുന്നു. ആകയാൽ നിന്നോട് അത് അറിയിക്കുവാൻ ഞാൻ വിചാരിച്ചു; ഇവിടെ ഇരിക്കുന്നവരുടെയും ജനത്തിന്റെ മൂപ്പന്മാരുടെയും മുമ്പാകെ നീ അത് വിലയ്ക്കു വാങ്ങുക. നിനക്ക് വീണ്ടെടുപ്പാൻ മനസ്സുണ്ടെങ്കിൽ വീണ്ടെടുക്കുക; ഇല്ലെങ്കിൽ ഞാൻ അറിയേണ്ടതിന്ന് എന്നോട് പറയുക; നീയും നീ കഴിഞ്ഞാൽ ഞാനും അല്ലാതെ വീണ്ടെടുപ്പാൻ മറ്റാരുമില്ല.” അതിന് അവൻ: “ഞാൻ വീണ്ടെടുക്കാം” എന്ന് പറഞ്ഞു. അപ്പോൾ ബോവസ്: “നീ നൊവൊമിയോടു വയൽ വാങ്ങുമ്പോൾ തന്നെ, മരിച്ചവന്‍റെ പേർ അവന്റെ അവകാശത്തിന്മേൽ നിലനിർത്തേണ്ടതിന് അവന്‍റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും വാങ്ങേണം” എന്നു പറഞ്ഞു. അതിന് ആ അടുത്ത വീണ്ടെടുപ്പുകാരൻ: “എനിക്ക് അത് വീണ്ടെടുപ്പാൻ കഴിയുകയില്ല; അല്ലെങ്കിൽ എന്‍റെ സ്വന്ത അവകാശം നഷ്ടപ്പെടുത്തേണ്ടിവരും; ആകയാൽ ഞാൻ വീണ്ടെടുക്കേണ്ടത് നീ വീണ്ടെടുത്തുകൊള്ളുക; എന്തെന്നാൽ എനിക്ക് വീണ്ടെടുക്കുവാൻ കഴിയുകയില്ല” എന്നു പറഞ്ഞു. എന്നാൽ വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യത്തിന്‍റെ ഉറപ്പിനായി ഒരുവൻ തന്‍റെ കാലിലെ ചെരിപ്പൂരി മറ്റേയാൾക്ക് കൊടുക്കുന്നത് യിസ്രായേലിലെ പഴയ ആചാരം ആയിരുന്നു. ഇത് ഉറപ്പിനു വേണ്ടി യിസ്രായേലിൽ ചെയ്തിരുന്നു. അങ്ങനെ ആ വീണ്ടെടുപ്പുകാരൻ ബോവസിനോട്: “നീ അത് വാങ്ങിക്കൊള്ളുക” എന്നു പറഞ്ഞ് തന്‍റെ ചെരിപ്പൂരിക്കൊടുത്തു. അപ്പോൾ ബോവസ് മൂപ്പന്മാരോടും സകലജനത്തോടും പറഞ്ഞത്: “എലീമേലെക്കിനും കില്യോന്നും മഹ്ലോനും ഉള്ളതൊക്കെയും ഞാൻ നൊവൊമിയോടു വാങ്ങിയിരിക്കുന്നു എന്നതിന് നിങ്ങൾ ഇന്ന് സാക്ഷികൾ ആകുന്നു. അത്രയുമല്ല, മരിച്ചവന്‍റെ അവകാശം നിലനിർത്തുന്നതിനും അവന്‍റെ പേർ സഹോദരന്മാരുടെ ഇടയിൽനിന്നും അവന്‍റെ സ്ഥാനം പട്ടണവാതില്ക്കൽനിന്നും മാറ്റപ്പെടാതിരിക്കേണ്ടതിനും മരിച്ചുപോയ മഹ്ലോന്‍റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും ഞാൻ ഭാര്യയായി എടുത്തിരിക്കുന്നു എന്നതിന്നും നിങ്ങൾ ഇന്ന് സാക്ഷികൾ ആകുന്നു.”
രൂത്ത് 4:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ ബോവസ് പട്ടണവാതില്ക്കൽ ചെന്നു അവിടെ ഇരുന്നു; ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരൻ കടന്നുപോകുന്നതു കണ്ടു: എടോ, ഇങ്ങോട്ടു വന്നു ഇവിടെ ഇരിക്ക എന്നു അവനോടു പറഞ്ഞു. അവൻ ചെന്നു അവിടെ ഇരുന്നു. പിന്നെ അവൻ പട്ടണത്തിലെ മൂപ്പന്മാരിൽ പത്തുപേരെ വരുത്തി; ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു; അവരും ഇരുന്നു. അപ്പോൾ അവൻ ആ വീണ്ടെടുപ്പുകാരനോടു പറഞ്ഞതു: മോവാബ് ദേശത്തുനിന്നു മടങ്ങിവന്നിരിക്കുന്ന നൊവൊമി നമ്മുടെ സഹോദരനായ എലീമേലെക്കിന്റെ വയൽ വില്ക്കുന്നു. ആകയാൽ നിന്നോടു അതു അറിയിപ്പാൻ ഞാൻ വിചാരിച്ചു; ഇവിടെ ഇരിക്കുന്നവരുടെയും ജനത്തിന്റെ മൂപ്പന്മാരുടെയും മുമ്പാകെ നീ അതു വിലെക്കു വാങ്ങുക; നിനക്കു വീണ്ടെടുപ്പാൻ മനസ്സുണ്ടെങ്കിൽ വീണ്ടെടുക്ക; വീണ്ടെടുപ്പാൻ നിനക്കു മനസ്സില്ലെങ്കിൽ ഞാൻ അറിയേണ്ടതിന്നു എന്നോടു പറക; നീയും നീ കഴിഞ്ഞിട്ടു ഞാനും അല്ലാതെ വീണ്ടെടുപ്പാൻ ആരും ഇല്ല. അതിന്നു അവൻ: ഞാൻ വീണ്ടെടുക്കാം എന്നു പറഞ്ഞു. അപ്പോൾ ബോവസ്: നീ നൊവൊമിയോടു വയൽ വാങ്ങുന്ന നാളിൽ മരിച്ചവന്റെ അവകാശത്തിന്മേൽ അവന്റെ പേർ നിലനിർത്തുവാൻ തക്കവണ്ണം മരിച്ചവന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും വാങ്ങേണം എന്നു പറഞ്ഞു. അതിന്നു വീണ്ടെടുപ്പുകാരൻ: എനിക്കു അതു വീണ്ടെടുപ്പാൻ കഴികയില്ല; എന്റെ സ്വന്ത അവകാശം നഷ്ടമാക്കേണ്ടിവരും; ആകയാൽ ഞാൻ വീണ്ടെടുക്കേണ്ടതു നീ വീണ്ടെടുത്തുകൊൾക; എനിക്കു വീണ്ടെടുപ്പാൻ കഴികയില്ല എന്നു പറഞ്ഞു. എന്നാൽ വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാൻ ഒരുത്തൻ തന്റെ ചെരിപ്പൂരി മറ്റേവന്നു കൊടുക്കുന്നതു യിസ്രായേലിൽ പണ്ടു നടപ്പായിരുന്നു; ഇതായിരുന്നു യിസ്രായേലിൽ ഉറപ്പാക്കുന്നവിധം. അങ്ങനെ ആ വീണ്ടെടുപ്പുകാരൻ ബോവസിനോടു: നീ അതു വാങ്ങിക്കൊൾക എന്നു പറഞ്ഞു തന്റെ ചെരിപ്പൂരിക്കൊടുത്തു. അപ്പോൾ ബോവസ് മൂപ്പന്മാരോടും സകല ജനത്തോടും പറഞ്ഞതു: എലീമേലെക്കിന്നുള്ളതൊക്കെയും കില്യോന്നും മഹ്ലോന്നും ഉള്ളതൊക്കെയും ഞാൻ നൊവൊമിയോടു വാങ്ങിയിരിക്കുന്നു എന്നതിന്നു നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു. അത്രയുമല്ല മരിച്ചവന്റെ പേർ അവന്റെ സഹോദരന്മാരുടെ ഇടയിൽനിന്നും അവന്റെ പട്ടണവാതില്ക്കൽനിന്നും മാഞ്ഞുപോകാതവണ്ണം മരിച്ചവന്റെ പേർ അവന്റെ അവകാശത്തിന്മേൽ നിലനിർത്തേണ്ടതിന്നു മഹ്ലോന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും എനിക്കു ഭാര്യയായി വാങ്ങിയിരിക്കുന്നു എന്നതിന്നും നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു.
രൂത്ത് 4:1-10 സമകാലിക മലയാളവിവർത്തനം (MCV)
ഈ സമയം ബോവസ് പട്ടണകവാടത്തിൽ എത്തി അവിടെയിരുന്നു. ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരൻ അതുവഴി വന്നപ്പോൾ, അദ്ദേഹത്തോട്: “എന്റെ സുഹൃത്തേ, ഇങ്ങോട്ടുവന്ന് ഇവിടെ ഇരുന്നാലും” എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം ചെന്ന് അവിടെ ഇരുന്നു. ബോവസ് പട്ടണത്തലവന്മാരിൽ പത്തുപേരെ ക്ഷണിച്ചുകൊണ്ടുവന്ന്, “ഇവിടെ ഇരുന്നാലും” എന്നു പറഞ്ഞു, അവർ അങ്ങനെ ചെയ്തു. അതിനുശേഷം ബോവസ് വീണ്ടെടുപ്പുകാരനോട്: “മോവാബിൽനിന്നും തിരികെവന്ന നവൊമി, നമ്മുടെ സഹോദരനായ എലീമെലെക്കിന്റെ വയൽ വിൽക്കുന്നു. ഈ വസ്തുത താങ്കളെ അറിയിക്കണമെന്നു ഞാൻ കരുതി. ഇവിടെ കൂടിവന്നിരിക്കുന്ന ജനത്തെയും എന്റെ ജനത്തിന്റെ നേതാക്കന്മാരെയും സാക്ഷികളാക്കി താങ്കൾ അതുവാങ്ങണം എന്ന നിർദേശമാണുള്ളത്. താങ്കൾക്ക് വീണ്ടെടുക്കാൻ താത്പര്യമെങ്കിൽ അങ്ങനെ ചെയ്യുക, വീണ്ടെടുക്കാൻ താത്പര്യമില്ലെങ്കിൽ അത് എന്നോടു വ്യക്തമാക്കിയാലും. നാം ഇരുവരുമൊഴികെ അതു വീണ്ടെടുക്കാനുള്ള അവകാശം മറ്റാർക്കുമില്ല; ഇതിൽ ആദ്യസ്ഥാനം താങ്കൾക്കും താങ്കൾക്കുശേഷം എനിക്കുമാണല്ലോ” എന്നു പറഞ്ഞു. “ഞാൻ അതു വീണ്ടെടുക്കാം,” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അപ്പോൾ ബോവസ്: “നവൊമിയിൽനിന്ന് ആ സ്ഥലം വാങ്ങുന്ന ദിവസം, വസ്തുവിന്മേൽ മരിച്ചയാളിന്റെ പേര് നിലനിർത്തേണ്ടതിന്, അദ്ദേഹത്തിന്റെ വിധവയായ രൂത്ത് എന്ന മോവാബ്യസ്ത്രീയെയും വീണ്ടുകൊള്ളണം” എന്നു പറഞ്ഞു. ഉടനെ ആ വീണ്ടെടുപ്പുകാരൻ: “അങ്ങനെയെങ്കിൽ എനിക്കതു വീണ്ടെടുക്കാൻ കഴിയുകയില്ല; അതിലൂടെ എനിക്കെന്റെ സ്വന്തം ഓഹരി നഷ്ടമാക്കേണ്ടിവരും. താങ്കൾതന്നെ അതു വീണ്ടെടുത്തുകൊള്ളുക. എനിക്കതിന് കഴിയുകയില്ല” എന്നു പറഞ്ഞു. (മുൻകാലങ്ങളിൽ ഇസ്രായേലിൽ, വീണ്ടെടുപ്പും സ്ഥലകൈമാറ്റവും ഉറപ്പിക്കാൻ ഒരാൾ തന്റെ ചെരിപ്പൂരി മറ്റേയാൾക്ക് കൊടുത്തിരുന്നു. ഇങ്ങനെയായിരുന്നു ഇസ്രായേലിൽ കൈമാറ്റങ്ങൾക്ക് നിയമസാധുത വരുത്തിയിരുന്നത്.) അങ്ങനെ വീണ്ടെടുപ്പുകാരൻ ബോവസിനോട്, “താങ്കൾതന്നെ അതു വാങ്ങിക്കൊള്ളുക” എന്നു പറഞ്ഞു. അതിനുശേഷം തന്റെ ചെരിപ്പൂരി ബോവസിന് കൊടുത്തു. അപ്പോൾ ബോവസ് ഗോത്രത്തലവന്മാരോടും ചുറ്റുംനിന്ന ജനത്തോടും ഇപ്രകാരം പറഞ്ഞു: “എലീമെലെക്കിന്റെയും, കില്യോന്റെയും മഹ്ലോന്റെയും സകലസ്വത്തുക്കളും ഞാൻ നവൊമിയുടെ പക്കൽനിന്നും ഏറ്റുവാങ്ങി എന്നതിനു നിങ്ങൾ ഇന്നു സാക്ഷികളാകുന്നു. മരിച്ചയാളുടെ പേര് അയാളുടെ അവകാശത്തിന്മേൽ നിലനിർത്താൻ മഹ്ലോന്റെ വിധവയായ രൂത്ത് എന്ന മോവാബ്യസ്ത്രീയെയും ഞാൻ ഭാര്യയായി സ്വീകരിക്കുന്നു, ഇതിനാൽ, അവന്റെ പേര് അവന്റെ കുടുംബത്തിൽനിന്നോ അവന്റെ പട്ടണരേഖകളിൽനിന്നോ മാഞ്ഞുപോകുകയില്ല. നിങ്ങൾ ഇന്ന് അതിനു സാക്ഷികളുമാകുന്നു!”