രൂത്ത് 3:10-18
രൂത്ത് 3:10-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന് അവൻ പറഞ്ഞത്: മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാൽ ആദ്യത്തേതിൽ അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു. ആകയാൽ മകളേ, ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം; നീ ഉത്തമസ്ത്രീ എന്ന് എന്റെ ജനമായ പട്ടണക്കാർക്ക് എല്ലാവർക്കും അറിയാം. ഞാൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നതു സത്യം തന്നെ; എങ്കിലും എന്നെക്കാൾ അടുത്ത ഒരു വീണ്ടെടുപ്പുകാരൻ ഉണ്ട്. ഈ രാത്രി താമസിക്ക; നാളെ അവൻ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവർത്തിച്ചാൽ കൊള്ളാം; അവൻ നിവർത്തിക്കട്ടെ; വീണ്ടെടുപ്പുകാരന്റെ മുറ നിവർത്തിപ്പാൻ അവനു മനസ്സില്ലെങ്കിലോ യഹോവയാണ ഞാൻ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവർത്തിച്ചുതരും; രാവിലെവരെ കിടന്നുകൊൾക. അങ്ങനെ അവൾ രാവിലെവരെ അവന്റെ കാൽക്കൽ കിടന്നു; ഒരു സ്ത്രീ കളത്തിൽ വന്നത് ആരും അറിയരുതെന്ന് അവൻ പറഞ്ഞിരുന്നതുകൊണ്ട് ആളറിയാറാകും മുമ്പേ അവൾ എഴുന്നേറ്റു. നീ ധരിച്ചിരിക്കുന്ന പുതപ്പു കൊണ്ടുവന്നു പിടിക്ക എന്ന് അവൻ പറഞ്ഞു. അവൾ അതു പിടിച്ചപ്പോൾ അവൻ ആറിടങ്ങഴി യവം അതിൽ അളന്നുകൊടുത്തു; അവൾ പട്ടണത്തിലേക്കു പോയി. അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: നിന്റെ കാര്യം എന്തായി മകളേ എന്ന് അവൾ ചോദിച്ചു; ആയാൾ തനിക്ക് ചെയ്തതൊക്കെയും അവൾ അറിയിച്ചു. അമ്മാവിയമ്മയുടെ അടുക്കൽ വെറുംകൈയായിപ്പോകരുത് എന്ന് അവൻ എന്നോടു പറഞ്ഞ് ഈ ആറിടങ്ങഴി യവവും എനിക്കു തന്നു എന്ന് അവൾ പറഞ്ഞു. അതിന് അവൾ: എന്റെ മകളേ, ഈ കാര്യം എന്താകുമെന്ന് അറിയുവോളം നീ അനങ്ങാതിരിക്ക; ഇന്ന് ഈ കാര്യം തീർക്കുംവരെ ആയാൾ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.
രൂത്ത് 3:10-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനു മറുപടിയായി ബോവസ് പറഞ്ഞു: “സർവേശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ. ഇപ്പോൾ നീ കാണിച്ചിരിക്കുന്ന സ്നേഹം ആദ്യത്തേതിലും മികച്ചതാണ്; ധനികനോ ദരിദ്രനോ ആയ ഒരു യുവാവിനു പിന്നാലെ പോകാതെ നീ എന്റെ അടുക്കൽ വന്നതു നന്നായി. മകളേ, ഭയപ്പെടേണ്ടാ; നിനക്കു വേണ്ടതെല്ലാം ഞാൻ ചെയ്തുതരും; നീ നല്ലവളാണെന്ന് ഈ പട്ടണത്തിലുള്ള എന്റെ ആളുകൾക്കെല്ലാം അറിയാം. ഞാൻ ബന്ധുവാണെന്നു നീ പറയുന്നതു ശരിതന്നെ. എന്നാൽ എന്നെക്കാൾ അടുത്ത മറ്റൊരു ബന്ധു നിനക്കുണ്ട്. ഈ രാത്രിയിൽ നീ ഇവിടെത്തന്നെ ഉറങ്ങുക. രാവിലെ അയാൾ നിന്നോടുള്ള കടമ നിറവേറ്റുമെങ്കിൽ അങ്ങനെയാകട്ടെ. ഇല്ലെങ്കിൽ ഞാൻ നിന്നെ സംരക്ഷിച്ചുകൊള്ളാമെന്നു സർവേശ്വരന്റെ നാമത്തിൽ സത്യം ചെയ്യുന്നു; ഏതായാലും വെളുക്കുവോളം ഇവിടെ കിടന്നുകൊള്ളുക.” പുലരുംവരെ അവൾ അദ്ദേഹത്തിന്റെ കാല്‌ക്കൽ കിടന്നു. ഒരു സ്ത്രീ കളത്തിൽ വന്നിരുന്നതായി ആരും അറിയരുതെന്നു ബോവസ് ആഗ്രഹിച്ചു. അതിരാവിലെ ആൾ കണ്ടാൽ തിരിച്ചറിയാൻ കഴിയുന്നതിനുമുമ്പ് അവൾ എഴുന്നേറ്റു. അവളുടെ മേലങ്കി നിവർത്തിപ്പിടിക്കാൻ ബോവസ് ആവശ്യപ്പെട്ടു; അതിൽ ആറ് ഇടങ്ങഴി ബാർലി അദ്ദേഹം അളന്നു കെട്ടി ചുമലിൽ വച്ചുകൊടുത്തു. അവൾ പട്ടണത്തിലേക്കു മടങ്ങിപ്പോയി. രൂത്തിനെ കണ്ടപ്പോൾ നവോമി ചോദിച്ചു: “മകളേ, നീ പോയ കാര്യമെന്തായി?” ബോവസ് അവൾക്കുവേണ്ടി ചെയ്തതെല്ലാം അവൾ വിവരിച്ചു: “അമ്മയുടെ അടുക്കലേക്കു വെറുംകൈയോടെ പോകരുത് എന്നു പറഞ്ഞ് ഇത്രയും ബാർലി തന്നയച്ചു” എന്നും പറഞ്ഞു. “മകളേ, ഇനി കാര്യങ്ങൾ എങ്ങനെ ആയിത്തീരുമെന്നു വ്യക്തമാകുന്നതുവരെ കാത്തിരിക്കുക; ഇന്ന് ഇക്കാര്യത്തിന് ഒരു തീരുമാനം ഉണ്ടാകുന്നതുവരെ അയാൾ അടങ്ങിയിരിക്കുകയില്ല” എന്നു നവോമി പറഞ്ഞു.
രൂത്ത് 3:10-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന് അവൻ പറഞ്ഞത്: “മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ. ദരിദ്രന്മാരോ ധനവാന്മാരോ ആയ യൗവനക്കാരെ നീ പിന്തുടരാതിരിക്കുകയാൽ തുടക്കത്തേക്കാളും അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു. ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം. നീ സ്വഭാവഗുണമുള്ള സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്ക് എല്ലാവർക്കും അറിയാം. ഞാൻ നിന്‍റെ അടുത്ത ബന്ധു എന്നത് സത്യംതന്നേ; എങ്കിലും എന്നെക്കാൾ അടുത്ത ബന്ധുവായ ഒരു വീണ്ടെടുപ്പുകാരൻ നിനക്ക് ഉണ്ട്. ഈ രാത്രി താമസിക്ക, നാളെ അവൻ നിനക്ക് വീണ്ടെടുപ്പുകാരന്‍റെ ചുമതല നിർവഹിച്ചാൽ നന്ന്, അവൻ അത് ചെയ്യട്ടെ. അത് നിർവഹിപ്പാൻ അവന് മനസ്സില്ലെങ്കിലോ യഹോവയാണ ഞാൻ നിനക്ക് ആ ചുമതല നിർവഹിച്ചുതരും. രാവിലെവരെ കിടന്നുകൊൾക.” അങ്ങനെ അവൾ രാവിലെവരെ അവന്റെ കാല്ക്കൽ കിടന്നു. ഒരു സ്ത്രീ മെതിക്കളത്തിൽ വന്നത് ആരും അറിയരുതെന്ന് അവൻ പറഞ്ഞിരുന്നതുകൊണ്ട് ആളറിയാറാകും മുമ്പെ അവൾ എഴുന്നേറ്റു. നീ പുതച്ചിരിക്കുന്ന പുതപ്പ് കൊണ്ടുവന്നു പിടിക്ക എന്നു അവൻ പറഞ്ഞു. അവൾ അത് പിടിച്ചപ്പോൾ അവൻ ആറു ഇടങ്ങഴി യവം അതിൽ അളന്നുകൊടുത്തു. അവൾ പട്ടണത്തിലേക്ക് പോയി. അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: “നിന്റെ കാര്യം എന്തായി മകളേ” എന്നു അവൾ ചോദിച്ചു; അയാൾ തനിക്കു ചെയ്തതൊക്കെയും അവൾ അറിയിച്ചു. അമ്മാവിയമ്മയുടെ അടുക്കൽ വെറും കയ്യോടെ പോകരുത് എന്നു അവൻ എന്നോട് പറഞ്ഞു ഈ ആറു ഇടങ്ങഴി യവവും എനിക്ക് തന്നു എന്ന് അവൾ പറഞ്ഞു. അതിന് അവൾ: “എന്റെ മകളേ, ഈ കാര്യം എന്താകുമെന്ന് അറിയുവോളം നീ അനങ്ങാതിരിക്ക; ഇതിനു പരിഹാരം കാണുന്നതുവരെ അയാൾ സ്വസ്ഥമായിരിക്കയില്ല” എന്നു പറഞ്ഞു.
രൂത്ത് 3:10-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നു അവൻ പറഞ്ഞതു: മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാൽ ആദ്യത്തേതിൽ അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു. ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം; നീ ഉത്തമ സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്കു എല്ലാവർക്കും അറിയാം. ഞാൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നതു സത്യം തന്നേ; എങ്കിലും എന്നെക്കാൾ അടുത്ത ഒരു വീണ്ടെടുപ്പുകാരൻ ഉണ്ടു. ഈ രാത്രി താമസിക്ക; നാളെ അവൻ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവർത്തിച്ചാൽ കൊള്ളാം; അവൻ നിവർത്തിക്കട്ടെ; വീണ്ടെടുപ്പുകാരന്റെ മുറ നിവർത്തിപ്പാൻ അവന്നു മനസ്സില്ലെങ്കിലോ യഹോവയാണ ഞാൻ നിനക്കു വീണ്ടെടുപ്പുകാരന്റെ മുറ നിവർത്തിച്ചുതരും; രാവിലെവരെ കിടന്നുകൊൾക. അങ്ങനെ അവൾ രാവിലെവരെ അവന്റെ കാല്ക്കൽ കിടന്നു; ഒരു സ്ത്രീ കളത്തിൽ വന്നതു ആരും അറിയരുതെന്നു അവൻ പറഞ്ഞിരുന്നതുകൊണ്ടു ആളറിയാറാകുംമുമ്പെ അവൾ എഴുന്നേറ്റു. നീ ധരിച്ചിരിക്കുന്ന പുതപ്പു കൊണ്ടുവന്നു പിടിക്ക എന്നു അവൻ പറഞ്ഞു. അവൾ അതു പിടിച്ചപ്പോൾ അവൻ ആറിടങ്ങഴി യവം അതിൽ അളന്നുകൊടുത്തു; അവൾ പട്ടണത്തിലേക്കു പോയി. അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: നിന്റെ കാര്യം എന്തായി മകളേ എന്നു അവൾ ചോദിച്ചു; ആയാൾ തനിക്കു ചെയ്തതൊക്കെയും അവൾ അറിയിച്ചു. അമ്മാവിയമ്മയുടെ അടുക്കൽ വെറുങ്കയ്യായി പോകരുതു എന്നു അവൻ എന്നോടു പറഞ്ഞു ഈ ആറിടങ്ങഴി യവവും എനിക്കു തന്നു എന്നു അവൾ പറഞ്ഞു. അതിന്നു അവൾ: എന്റെ മകളേ, ഈ കാര്യം എന്താകുമെന്നു അറിയുവോളം നീ അനങ്ങാതിരിക്ക; ഇന്നു ഈ കാര്യം തീർക്കുംവരെ ആയാൾ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.
രൂത്ത് 3:10-18 സമകാലിക മലയാളവിവർത്തനം (MCV)
അതിന് അദ്ദേഹം: “മോളേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ. ഈ കുടുംബത്തോട് നീ ഇപ്പോൾ കാട്ടുന്ന ദയ മുമ്പത്തെക്കാൾ അധികം; നിനക്കുബോധിച്ച ധനികരോ ദരിദ്രരോ ആയ യുവാക്കന്മാരുടെ പിറകേ നീ പോയില്ലല്ലോ. അതുകൊണ്ട്, എന്റെ മോളേ, ഭയപ്പെടേണ്ട. നീ ചോദിക്കുന്നതു ഞാൻ നിനക്കുവേണ്ടി ചെയ്തുതരാം. നീ ഒരു കുലീനയായ സ്ത്രീ എന്ന് പട്ടണവാസികളായ എല്ലാവർക്കും അറിയാം. നിന്റെ കുടുംബത്തിന്റെ വീണ്ടെടുപ്പുകാരൻ ഞാനാണ് എന്നത് വാസ്തവം, എന്നാൽ എന്നെക്കാൾ കൂടുതൽ അടുത്ത ബന്ധുവായ മറ്റൊരു വീണ്ടെടുപ്പുകാരൻ ഉണ്ട്. ഇന്നു രാത്രി ഇവിടെ കഴിയുക, നാളെ നിന്റെ വീണ്ടെടുപ്പുകാരന്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കാൻ സമ്മതിക്കുന്നെങ്കിൽ നല്ലത്; അദ്ദേഹം നിന്നെ വീണ്ടെടുക്കട്ടെ. എന്നാൽ അദ്ദേഹം വിസമ്മതിക്കുന്നെങ്കിൽ, ജീവനുള്ള യഹോവയാണെ, ഞാനത് ചെയ്തിരിക്കും. രാത്രികഴിയുന്നതുവരെ ഇവിടെ കിടക്കുക” എന്നു മറുപടി പറഞ്ഞു. അങ്ങനെ അവൾ നേരംപുലരുംവരെ അദ്ദേഹത്തിന്റെ കാൽക്കൽ കിടന്നു. എന്നാൽ ആളറിയുംമുമ്പ് അവൾ എഴുന്നേറ്റു. ബോവസ് അവളോട്: “ഒരു സ്ത്രീ മെതിക്കളത്തിൽ വന്നു എന്നു മറ്റാരും അറിയരുത്” എന്നു പറഞ്ഞു. അദ്ദേഹം പിന്നെയും അവളോട്, “നീ പുതച്ചിരിക്കുന്ന പുതപ്പു നിവർത്തിപ്പിടിക്കുക” എന്നു പറഞ്ഞു. അവൾ അപ്രകാരംചെയ്തപ്പോൾ ബോവസ് അതിൽ ആറുപാത്രം യവം അളന്നുകൊടുത്തു; പിന്നീട് ബോവസ് പട്ടണത്തിലേക്കു മടങ്ങിപ്പോയി. രൂത്ത് തിരികെ അവളുടെ അമ്മായിയമ്മയുടെ അടുക്കൽ എത്തിയപ്പോൾ, നവൊമി അവളോട്: “എന്റെ മോളേ, കാര്യങ്ങൾ എന്തായി?” എന്നു ചോദിച്ചു. തനിക്കുവേണ്ടി ബോവസ് ചെയ്തതെല്ലാം അപ്പോൾ രൂത്ത്, നവൊമിയെ അറിയിച്ചു. “ ‘നിന്റെ അമ്മായിയമ്മയുടെ അടുക്കൽ നീ വെറുംകൈയായി പോകേണ്ട’ എന്നു പറഞ്ഞ് അദ്ദേഹം ആറുപാത്രം യവം തന്നയച്ചു” എന്നും അവൾ പറഞ്ഞു. അപ്പോൾ നവൊമി, “എന്റെ മോളേ, എന്തു സംഭവിക്കും എന്നറിയുന്നതുവരെ കാത്തിരിക്കുക. ഇന്ന് ഈ കാര്യത്തിനൊരു തീരുമാനമുണ്ടാകുന്നതുവരെ അദ്ദേഹം വിശ്രമിക്കുകയില്ല” എന്നു പറഞ്ഞു.