രൂത്ത് 3:1-5
രൂത്ത് 3:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞത്: മകളേ, നിനക്കു നന്നായിരിക്കേണ്ടതിന് ഞാൻ നിനക്കുവേണ്ടി ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ? നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ചാർച്ചക്കാരനല്ലയോ? അവൻ ഇന്നു രാത്രി കളത്തിൽ യവം തൂറ്റുന്നു. ആകയാൽ നീ കുളിച്ച് തൈലംപൂശി വസ്ത്രം ധരിച്ച് കളത്തിൽ ചെല്ലുക; ആയാൾ തിന്നു കുടിച്ചു കഴിയുംവരെ നിന്നെ കാണരുത്. ഉറങ്ങുവാൻ പോകുമ്പോൾ അവൻ കിടക്കുന്ന സ്ഥലം മനസ്സിലാക്കി ചെന്ന് അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നുകൊൾക; എന്നാൽ നീ എന്തു ചെയ്യേണമെന്ന് അവൻ നിനക്കു പറഞ്ഞുതരും. അതിന് അവൾ: നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം എന്ന് അവളോടു പറഞ്ഞു.
രൂത്ത് 3:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് നവോമി രൂത്തിനോട് പറഞ്ഞു: “മകളേ, നിന്റെ ഭാവിയുടെ ഭദ്രതയ്‍ക്കുവേണ്ടി ഞാൻ നിനക്ക് ഒരു ഭർത്താവിനെ കണ്ടുപിടിക്കട്ടെ.” നവോമി തുടർന്നു: “നമ്മുടെ ബന്ധുവായ ബോവസിന്റെ വയലിലാണല്ലോ നീ കാലാ പെറുക്കിയത്; അദ്ദേഹം ഇന്നു സന്ധ്യക്കു വരുന്നുണ്ട്. നീ കുളിച്ചു സുഗന്ധദ്രവ്യങ്ങൾ പൂശി നല്ല വസ്ത്രങ്ങൾ അണിഞ്ഞു കളത്തിൽ ചെല്ലുക. അദ്ദേഹം ഭക്ഷണം കഴിച്ചു തീരുന്നതുവരെ നീ അവിടെ ഉണ്ടെന്ന് അറിയരുത്. അദ്ദേഹം ഉറങ്ങാൻ കിടക്കുന്ന സ്ഥലം നീ നോക്കിവയ്‍ക്കണം. പിന്നീടു നീ ചെന്ന് അദ്ദേഹത്തിന്റെ കാലിൽനിന്നു പുതപ്പു മാറ്റി അവിടെ നീയും കിടക്കുക. നീ എന്തു ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞുതരും.” അങ്ങനെ ചെയ്യാമെന്നു രൂത്ത് സമ്മതിച്ചു; അവൾ കളത്തിൽ പോയി നവോമി പറഞ്ഞതുപോലെ എല്ലാം ചെയ്തു. അത്താഴം കഴിഞ്ഞ് ബോവസ് സന്തുഷ്ടനായി ധാന്യക്കൂമ്പാരത്തിന്റെ അരികിൽ ചെന്നുകിടന്നു.
രൂത്ത് 3:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞത്: “മകളേ, നിന്‍റെ നന്മക്കു വേണ്ടി ഞാൻ നിനക്ക് ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ? നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ബന്ധു അല്ലയോ? അവൻ ഇന്ന് രാത്രി മെതിക്കളത്തിൽ യവം പാറ്റുന്നു. ആകയാൽ നീ കുളിച്ച് തൈലം പൂശി നല്ല വസ്ത്രം ധരിച്ചു മെതിക്കളത്തിൽ ചെല്ലുക; എന്നാൽ അയാൾ തിന്നുകുടിച്ചു കഴിയും വരെ നിന്നെ കാണരുത്. അവൻ ഉറങ്ങുവാൻ പോകുമ്പോൾ കിടക്കുന്ന സ്ഥലം മനസ്സിലാക്കുക. എന്നിട്ട് അവന്‍റെ കാലിലെ പുതപ്പ് മാറ്റി അവിടെ കിടന്നുകൊൾക; എന്നാൽ നീ എന്ത് ചെയ്യേണമെന്ന് അവൻ നിനക്ക് പറഞ്ഞുതരും.” അതിന് അവൾ: “നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം” എന്നു അവളോടു പറഞ്ഞു.
രൂത്ത് 3:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞതു: മകളേ, നിനക്കു നന്നായിരിക്കേണ്ടതിന്നു ഞാൻ നിനക്കു വേണ്ടി ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ? നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ചാർച്ചക്കാരനല്ലയോ? അവൻ ഇന്നു രാത്രി കളത്തിൽ യവം തൂറ്റുന്നു. ആകയാൽ നീ കുളിച്ചു തൈലം പൂശി വസ്ത്രം ധരിച്ചു കളത്തിൽ ചെല്ലുക; ആയാൾ തിന്നു കുടിച്ചു കഴിയുംവരെ നിന്നെ കാണരുതു. ഉറങ്ങുവാൻ പോകുമ്പോൾ അവൻ കിടക്കുന്ന സ്ഥലം മനസ്സിലാക്കി ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നുകൊൾക; എന്നാൽ നീ എന്തു ചെയ്യേണമെന്നു അവൻ നിനക്കു പറഞ്ഞുതരും. അതിന്നു അവൾ: നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം എന്നു അവളോടു പറഞ്ഞു.
രൂത്ത് 3:1-5 സമകാലിക മലയാളവിവർത്തനം (MCV)
അമ്മായിയമ്മയായ നവൊമി ഒരു ദിവസം രൂത്തിനോട്: “എന്റെ മോളേ, നീ നന്നായി സംരക്ഷിക്കപ്പെടേണ്ടതിനായി നിനക്ക് ഒരഭയസ്ഥാനം ഞാൻ കണ്ടുപിടിക്കേണ്ടതല്ലേ? നമ്മുടെ ബന്ധുവായ ബോവസിന്റെ വേലക്കാരികളോടുകൂടെയല്ലേ നീ പണിചെയ്തത്? ഇന്നു രാത്രി അദ്ദേഹം മെതിക്കളത്തിൽ യവം പാറ്റും. അപ്പോൾ നീ കുളിച്ചു സുഗന്ധതൈലംപുരട്ടി, നിന്റെ ഏറ്റവും നല്ല വസ്ത്രംധരിച്ച്, മെതിക്കളത്തിലേക്കു പോകുക; എന്നാൽ അദ്ദേഹം ഭക്ഷിച്ചുപാനംചെയ്തു തീരുംവരെ നീ അവിടെ ഉണ്ടെന്ന് അദ്ദേഹം അറിയരുത്. അദ്ദേഹം കിടക്കുന്നത് എവിടെയെന്നു ശ്രദ്ധിക്കുക. പിന്നീട് ചെന്ന് അദ്ദേഹത്തിന്റെ കാൽക്കലെ പുതപ്പുമാറ്റി അവിടെ കിടക്കുക. നീ എന്താണ് ചെയ്യേണ്ടതെന്ന് അപ്പോൾ അദ്ദേഹം നിന്നോടു പറയും” എന്നു പറഞ്ഞു. “അമ്മ പറയുന്നതെന്തും ഞാൻ ചെയ്യാം,” രൂത്ത് പറഞ്ഞു.