രൂത്ത് 2:1-16
രൂത്ത് 2:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നൊവൊമിക്കു തന്റെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബത്തിൽ മഹാധനവാനായ ഒരു ചാർച്ചക്കാരൻ ഉണ്ടായിരുന്നു; അവനു ബോവസ് എന്നു പേർ. എന്നാൽ മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോട്: ഞാൻ വയലിൽ ചെന്ന് എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിർ പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊൾക മകളേ എന്ന് അവൾ അവളോടു പറഞ്ഞു. അങ്ങനെ അവൾ പോയി; വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി; ഭാഗ്യവശാൽ അവൾ എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിനുള്ള വയലിൽ ആയിരുന്നു ചെന്നത്. അപ്പോൾ ഇതാ, ബോവസ് ബേത്‍ലഹേമിൽനിന്നു വരുന്നു; അവൻ കൊയ്ത്തുകാരോട്: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്ന് അവർ അവനോടും പറഞ്ഞു. കൊയ്ത്തുകാരുടെ മേലാളായ ഭൃത്യനോട്: ഈ യുവതി ഏത് എന്നു ബോവസ് ചോദിച്ചു. കൊയ്ത്തുകാരുടെ മേലാളായ ഭൃത്യൻ: ഇവൾ മോവാബ്‍ദേശത്തുനിന്ന് നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു; ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്ന് അവൾ ചോദിച്ചു; അങ്ങനെ അവൾ കാലത്തു വന്ന് ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടിൽ അല്പനേരമേ താമസിച്ചുള്ളൂ എന്നുത്തരം പറഞ്ഞു. ബോവസ് രൂത്തിനോട്: കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകേണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക. അവർ കൊയ്യുന്ന നിലത്തിന്മേൽ ദൃഷ്‍ടിവച്ച് അവരുടെ പിന്നാലെ പൊയ്ക്കൊൾക; ബാല്യക്കാർ നിന്നെ തൊടരുതെന്ന് ഞാൻ അവരോടു കല്പിച്ചിട്ടുണ്ട്. നിനക്കു ദാഹിക്കുമ്പോൾ പാത്രങ്ങൾക്കരികെ ചെന്ന് ബാല്യക്കാർ കോരിവച്ചതിൽനിന്നു കുടിച്ചുകൊൾക എന്നു പറഞ്ഞു. എന്നാറെ അവൾ സാഷ്ടാംഗം വീണ് അവനോട്: ഞാൻ അന്യദേശക്കാരത്തി ആയിരിക്കെ നീ എന്നെ വിചാരിപ്പാൻ തക്കവണ്ണം നിനക്ക് എന്നോടു ദയ തോന്നിയത് എങ്ങനെ എന്നു പറഞ്ഞു. ബോവസ് അവളോട്: നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മയ്ക്കു നീ ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വദേശത്തെയും വിട്ട്, മുമ്പേ അറിയാത്ത ജനത്തിന്റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു. നിന്റെ പ്രവൃത്തിക്ക് യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്ക് അവൻ പൂർണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു. അതിന് അവൾ: യജമാനനേ, ഞാൻ നിന്റെ ദാസിമാരിൽ ഒരുത്തിയെപ്പോലെയല്ല എന്നു വരികിലും നീ എന്നെ ആശ്വസിപ്പിക്കയും അടിയനോട് ദയയായി സംസാരിക്കയും ചെയ്വാൻ തക്കവണ്ണം എന്നോടു നിനക്കു കൃപതോന്നിയല്ലോ എന്നു പറഞ്ഞു. ഭക്ഷണസമയത്ത് ബോവസ് അവളോട്: ഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം വീഞ്ഞിൽ മുക്കിക്കൊൾക എന്നു പറഞ്ഞു. അങ്ങനെ അവൾ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവൻ അവൾക്കു മലർ കൊടുത്തു; അവൾ തിന്നു തൃപ്തയായി ശേഷിപ്പിക്കയും ചെയ്തു. അവൾ പെറുക്കുവാൻ എഴുന്നേറ്റപ്പോൾ ബോവസ് തന്റെ ബാല്യക്കാരോട്: അവൾ കറ്റകളുടെയിടയിൽത്തന്നെ പെറുക്കിക്കൊള്ളട്ടെ; അവളെ ഉപദ്രവിക്കരുത്. പെറുക്കേണ്ടതിന് അവൾക്കായിട്ടു കററകളിൽനിന്നു വലിച്ചിട്ടേക്കേണം; അവളെ ശകാരിക്കരുത് എന്നു കല്പിച്ചു.
രൂത്ത് 2:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നവോമിക്കു തന്റെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബത്തിൽ ബോവസ് എന്ന പ്രമുഖനായ ഒരു ബന്ധു ഉണ്ടായിരുന്നു. ഒരിക്കൽ രൂത്ത് നവോമിയോടു ചോദിച്ചു: “ഞാൻ ഏതെങ്കിലും വയലിൽ പോയി കാലാ പെറുക്കട്ടെ; അതിന് എന്നെ ആരും വിലക്കുകയില്ല.” നവോമി സമ്മതം നല്‌കി. അവൾ കൊയ്ത്തുനടക്കുന്ന ഒരു വയലിൽ പോയി കാലാ പെറുക്കാൻ തുടങ്ങി. അത് ബേത്‍ലഹേംകാരൻ ബോവസിന്റെ വയൽ ആയിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ബോവസ് അവിടെ എത്തി ജോലിക്കാരോട്: “സർവേശ്വരൻ നിങ്ങളുടെകൂടെ ഉണ്ടായിരിക്കട്ടെ” എന്ന് അഭിവാദനം ചെയ്തു. “സർവേശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ” എന്ന് അവരും പറഞ്ഞു. രൂത്തിനെ കണ്ടപ്പോൾ അവൾ ആരെന്ന് കൊയ്ത്തിന്റെ മേൽനോട്ടക്കാരനോട് ചോദിച്ചു. “ഇവളാണ് നവോമിയുടെകൂടെ വന്ന മോവാബുകാരി; കറ്റകൾക്കിടയിൽ കൊയ്ത്തുകാരുടെ പിന്നിൽനിന്നു കാലാ പെറുക്കാൻ അവൾ അനുവാദം ചോദിച്ചു. രാവിലെ തുടങ്ങി ഒട്ടും സമയം കളയാതെ ഇതുവരെയും അവൾ പെറുക്കിക്കൊണ്ടിരിക്കുകയാണ്.” അയാൾ മറുപടി പറഞ്ഞു. ഇതു കേട്ടു ബോവസ് രൂത്തിനോടു പറഞ്ഞു: “മകളേ, കേൾക്കൂ, കാലാ പെറുക്കാൻ മറ്റൊരു വയലിലും നീ പോകണ്ടാ; കൊയ്ത്തു നീങ്ങുന്നതനുസരിച്ചു മറ്റു സ്‍ത്രീകളോടൊപ്പം നിനക്കും കാലാ പെറുക്കാം; ആരും നിന്നെ ശല്യപ്പെടുത്തരുതെന്നു ജോലിക്കാരോട് ഞാൻ പറഞ്ഞിട്ടുണ്ട്. ദാഹിക്കുമ്പോൾ ഇവിടെ കോരിവച്ചിട്ടുള്ള വെള്ളം കുടിച്ചുകൊള്ളുക.” രൂത്ത് താണുവീണു ബോവസിനെ വണങ്ങിക്കൊണ്ടു ചോദിച്ചു: “ഒരു പരദേശിയായ എന്നോട് അങ്ങ് ഇത്രയ്‍ക്കു ദയകാണിക്കാൻ കാരണം എന്ത്?” ബോവസ് മറുപടി നല്‌കി: “നിന്റെ ഭർത്താവു മരിച്ചശേഷം ഭർത്തൃമാതാവിനോടു നീ എങ്ങനെ പെരുമാറിയെന്നു ഞാൻ കേട്ടു. സ്വന്തം പിതാവിനെയും മാതാവിനെയും ജന്മദേശവും വിട്ടു നിനക്ക് ഒരു പരിചയവും ഇല്ലാത്ത ഈ അന്യനാട്ടിലേക്കു നീ വന്ന വിവരവും ഞാൻ അറിഞ്ഞു; സർവേശ്വരൻ നിന്റെ പ്രവൃത്തിക്ക് തക്ക പ്രതിഫലം നല്‌കട്ടെ. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ നിന്നെ സമ്പൂർണമായി അനുഗ്രഹിക്കട്ടെ; അവിടുത്തെ അടുക്കലാണല്ലോ നീ അഭയം തേടിയിരിക്കുന്നത്.” അവൾ പറഞ്ഞു: “അങ്ങ് എന്നോടു എത്രമാത്രം ദയ കാട്ടിയിരിക്കുന്നു! അങ്ങയുടെ ഒരു ജോലിക്കാരിയാകാൻ പോലും ഞാൻ യോഗ്യയല്ലെങ്കിലും എന്നോടു ദയതോന്നി അങ്ങു പറഞ്ഞ വാക്കുകൾ എന്നെ സമാശ്വസിപ്പിച്ചിരിക്കുന്നു.” ഭക്ഷണസമയമായപ്പോൾ ബോവസ് അവളെ അരികെ വിളിച്ചു. അപ്പമെടുത്തു ചാറിൽമുക്കി ഭക്ഷിച്ചുകൊള്ളാൻ പറഞ്ഞു. അവൾ കൊയ്ത്തുകാരുടെ സമീപം ഇരുന്നു ഭക്ഷണം കഴിച്ചു; ബോവസ് അവൾക്കു മലർ കൊടുത്തു; അവൾ ഭക്ഷിച്ചു തൃപ്തയായി, ശേഷിപ്പിക്കുകയും ചെയ്തു. കാലാ പെറുക്കാൻ അവൾ വീണ്ടും എഴുന്നേറ്റപ്പോൾ ബോവസ് ജോലിക്കാരോട് ആജ്ഞാപിച്ചു: “അവൾ കറ്റകൾക്കിടയിൽനിന്നുകൂടി പെറുക്കിക്കൊള്ളട്ടെ; അവളെ ശാസിക്കുകയോ ശല്യപ്പെടുത്തുകയോ അരുത്. അവൾക്കു പെറുക്കാൻ കറ്റകളിൽനിന്നു കുറെ കതിരു വലിച്ചെടുത്ത് ഇട്ടേക്കണം.”
രൂത്ത് 2:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നൊവൊമിക്കു തന്റെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബത്തിൽ മഹാധനവാനായ ഒരു ബന്ധു ഉണ്ടായിരുന്നു; അവന് ബോവസ് എന്നു പേർ. ഒരു ദിവസം മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോട്: “എന്നോട് ദയ കാണിക്കുന്നവന്‍റെ വയലിൽ ചെന്നു കതിർ പെറുക്കട്ടെ എന്നു ചോദിച്ചു.” “പൊയ്ക്കൊൾക മകളേ” എന്നു അവൾ അവളോടു പറഞ്ഞു. അങ്ങനെ അവൾ പോയി വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ നടന്നു പെറുക്കി. എലീമേലെക്കിന്‍റെ കുടുംബക്കാരനായ ബോവസിന്‍റെ വയലിൽ ആയിരുന്നു അവൾ എത്തിച്ചേരാൻ ഇടയായത്. അപ്പോൾ ഇതാ, ബോവസ് ബേത്ലേഹേമിൽ നിന്നു വന്ന് കൊയ്ത്തുകാരോട്: “യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ” എന്നു പറഞ്ഞു. “യഹോവ നിന്നെ അനുഗ്രഹിക്കട്ടെ” എന്നു അവർ അവനോടും പറഞ്ഞു. കൊയ്ത്തുകാരുടെ ചുമതലയുള്ള ദാസനോട്: ഈ യുവതി ഏതു എന്നു ബോവസ് ചോദിച്ചു. അതിന് ആ ദാസൻ: “ഇവൾ മോവാബ് ദേശത്തുനിന്ന് നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു; ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്നു അവൾ ചോദിച്ചു. അല്പനേരം വീട്ടിൽ വിശ്രമിക്കുന്നതിന് മുന്‍പ് അവൾ രാവിലെ മുതൽ ഇപ്പോൾ വരെ പെറുക്കിക്കൊണ്ടിരിക്കുകയായിരുന്നു” എന്നുത്തരം പറഞ്ഞു. ബോവസ് രൂത്തിനോടു: “കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകണ്ടാ; ഇവിടം വിടുകയും വേണ്ടാ, ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക. അവർ കൊയ്യുന്ന നിലത്തിന്മേൽ ശ്രദ്ധവച്ച് അവരുടെ പിന്നാലെ പൊയ്ക്കൊൾക; ബാല്യക്കാർ നിന്നെ തൊടരുതെന്ന് ഞാൻ അവരോടു കല്പിച്ചിട്ടുണ്ട്. നിനക്ക് ദാഹിക്കുമ്പോൾ പാത്രങ്ങൾക്കരികെ ചെന്നു ബാല്യക്കാർ കോരിവെച്ചതിൽ നിന്ന് കുടിച്ചുകൊൾക” എന്നു പറഞ്ഞു. എന്നാറെ അവൾ നിലത്തു കവിണ്ണുവീണു നമസ്കരിച്ചുകൊണ്ട് അവനോട്: “അന്യദേശക്കാരത്തി ആയിരിക്കെ എന്നെ കരുതിയതും എന്നോട് ദയ കാണിച്ചതും എന്തുകൊണ്ട്” എന്നു ചോദിച്ചു. ബോവസ് അവളോടു: “നിന്‍റെ ഭർത്താവിന്റെ മരണശേഷം നീ നിന്‍റെ അമ്മാവിയമ്മെക്കു ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വന്ത ദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ഒരു ജനത്തിന്‍റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു. നിന്റെ പ്രവൃത്തിക്കു യഹോവ പകരം നൽകുമാറാകട്ടെ. യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴിൽ നീ ആശ്രയിച്ചുവന്നിരിക്കുന്നതു കൊണ്ട് അവിടുന്ന് നിനക്ക് പൂർണപ്രതിഫലം തരുമാറാകട്ടെ” എന്നുത്തരം പറഞ്ഞു. അതിന് അവൾ: “യജമാനനേ, നിന്‍റെ ദാസിമാരിൽ ഒരുത്തിയെപ്പോലെയല്ല എങ്കിലും നീ എന്നെ ആശ്വസിപ്പിക്കുകയും അടിയനോടു ദയവോടെ സംസാരിക്കുകയും ചെയ്യുവാൻ തക്കവണ്ണം എന്നോട് നിനക്ക് കൃപ തോന്നിയല്ലോ.” ഭക്ഷണസമയത്തു ബോവസ് അവളോട്: “ഇവിടെ വന്നു ഭക്ഷണം കഴിക്ക; അപ്പക്കഷണം ചാറിൽ മുക്കിക്കൊൾക” എന്നു പറഞ്ഞു. അങ്ങനെ അവൾ കൊയ്ത്തുകാരുടെ അരികെ ഇരുന്നു. അവൻ അവൾക്കു മലർ കൊടുത്തു. അവൾ തിന്നു തൃപ്തയായി ശേഷിപ്പിക്കുകയും ചെയ്തു. അവൾ പെറുക്കുവാൻ എഴുന്നേറ്റപ്പോൾ ബോവസ് തന്റെ ബാല്യക്കാരോടു: “അവൾ കറ്റകളുടെ ഇടയിൽത്തന്നെ പെറുക്കിക്കൊള്ളട്ടെ, അവളെ ശകാരിക്കരുത്. കൂടാതെ, പെറുക്കേണ്ടതിന്നു അവൾക്കായിട്ട് കറ്റകളിൽനിന്നു മാറ്റിയിട്ടേക്കേണം, അവളെ ശാസിക്കരുത്” എന്നും കല്പിച്ചു.
രൂത്ത് 2:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നൊവൊമിക്കു തന്റെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബത്തിൽ മഹാധനവാനായ ഒരു ചാർച്ചക്കാരൻ ഉണ്ടായിരുന്നു; അവന്നു ബോവസ് എന്നു പേർ. എന്നാൽ മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോടു: ഞാൻ വയലിൽ ചെന്നു എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിർ പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊൾക മകളേ എന്നു അവൾ അവളോടു പറഞ്ഞു. അങ്ങനെ അവൾ പോയി; വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി; ഭാഗ്യവശാൽ അവൾ എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്നുള്ള വയലിൽ ആയിരുന്നു ചെന്നതു. അപ്പോൾ ഇതാ, ബോവസ് ബേത്ത്ലേഹെമിൽനിന്നു വരുന്നു; അവൻ കൊയ്ത്തുകാരോടു: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവർ അവനോടും പറഞ്ഞു. കൊയ്ത്തുകാരുടെ മേലാളായിരുന്ന ഭൃത്യനോടു: ഈ യുവതി ഏതു എന്നു ബോവസ് ചോദിച്ചു. കൊയ്ത്തുകാരുടെ മേലാളായ ഭൃത്യൻ: ഇവൾ മോവാബ്ദേശത്തുനിന്നു നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു; ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്നു അവൾ ചോദിച്ചു; അങ്ങനെ അവൾ കാലത്തു വന്നു ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടിൽ അല്പനേരമേ താമസിച്ചുള്ളു എന്നുത്തരം പറഞ്ഞു. ബോവസ് രൂത്തിനോടു: കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകേണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക. അവർ കൊയ്യുന്ന നിലത്തിന്മേൽ ദൃഷ്ടിവെച്ചു അവരുടെ പിന്നാലെ പൊയ്ക്കൊൾക; ബാല്യക്കാർ നിന്നെ തൊടരുതെന്നു ഞാൻ അവരോടു കല്പിച്ചിട്ടുണ്ടു. നിനക്കു ദാഹിക്കുമ്പോൾ പാത്രങ്ങൾക്കരികെ ചെന്നു ബാല്യക്കാർ കോരിവെച്ചതിൽനിന്നു കുടിച്ചുകൊൾക എന്നു പറഞ്ഞു. എന്നാറെ അവൾ സാഷ്ടാംഗം വീണു അവനോടു: ഞാൻ അന്യദേശക്കാരത്തി ആയിരിക്കെ നീ എന്നെ വിചാരിപ്പാൻ തക്കവണ്ണം നിനക്കു എന്നോടു ദയതോന്നിയതു എങ്ങനെ എന്നു പറഞ്ഞു. ബോവസ് അവളോടു: നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ജനത്തിന്റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു. നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്കു അവൻ പൂർണ്ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു. അതിന്നു അവൾ: യജമാനനേ, ഞാൻ നിന്റെ ദാസിമാരിൽ ഒരുത്തിയെപ്പോലെയല്ല എന്നുവരികിലും നീ എന്നെ ആശ്വസിപ്പിക്കയും അടിയനോടു ദയയായി സംസാരിക്കയും ചെയ്വാൻ തക്കവണ്ണം എന്നോടു നിനക്കു കൃപതോന്നിയല്ലോ എന്നു പറഞ്ഞു. ഭക്ഷണസമയത്തു ബോവസ് അവളോടു: ഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം ചാറ്റിൽ മുക്കിക്കൊൾക എന്നു പറഞ്ഞു. അങ്ങനെ അവൾ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവൻ അവൾക്കു മലർ കൊടുത്തു; അവൾ തിന്നു തൃപ്തയായി ശേഷിപ്പിക്കയും ചെയ്തു. അവൾ പെറുക്കുവാൻ എഴുന്നേറ്റപ്പോൾ ബോവസ് തന്റെ ബാല്യക്കാരോടു: അവൾ കറ്റകളുടെ ഇടയിൽതന്നേ പെറുക്കിക്കൊള്ളട്ടെ; അവളെ ഉപദ്രവിക്കരുതു. പെറുക്കേണ്ടതിന്നു അവൾക്കായിട്ടു കറ്റകളിൽനിന്നു വലിച്ചിട്ടേക്കേണം; അവളെ ശകാരിക്കരുതു എന്നു കല്പിച്ചു.
രൂത്ത് 2:1-16 സമകാലിക മലയാളവിവർത്തനം (MCV)
നവൊമിയുടെ ഭർത്താവായ എലീമെലെക്കിന്റെ കുടുംബത്തിൽ ധനവാനും ആദരണീയനുമായ ഒരു ബന്ധു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ബോവസ് എന്നായിരുന്നു. മോവാബ്യയായ രൂത്ത് നവൊമിയോട്, “എന്നോട് ദയതോന്നി എനിക്ക് അനുവാദം തരുന്ന ആരുടെയെങ്കിലും വയലിൽ കാലാപെറുക്കാൻ ഞാൻ പോകട്ടെ” എന്നു ചോദിച്ചു. നവൊമി അവളോട്, “എന്റെ മോളേ, പോയ്ക്കൊള്ളൂ” എന്നു പറഞ്ഞു. അങ്ങനെ അവൾ പുറപ്പെട്ട് വയലിൽ കൊയ്ത്തുകാരുടെ പിറകേ നടന്ന് കാലാപെറുക്കി. അവൾ എലീമെലെക്കിന്റെ കുടുംബത്തിലുള്ള ബോവസിന്റെ വയലിൽ ജോലിക്ക് എത്തിച്ചേർന്നു എന്നനിലയിൽ കാര്യങ്ങൾ സംഭവിച്ചു. ആ സമയത്തുതന്നെ ബോവസ് ബേത്ലഹേമിൽനിന്നു വന്നു; അദ്ദേഹം കൊയ്ത്തുകാരെ അഭിവാദ്യംചെയ്ത്, “യഹോവ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ!” എന്നു പറഞ്ഞു. “യഹോവ അങ്ങയെ അനുഗ്രഹിക്കട്ടെ!” എന്ന് അവരും അദ്ദേഹത്തോടു പറഞ്ഞു. ബോവസ് കൊയ്ത്തുകാരുടെ മേൽനോട്ടക്കാരനായ ഭൃത്യനോട്: “ആ യുവതി ഏതു കുടുംബത്തിലെയാണ്?” എന്നു ചോദിച്ചു. മേൽനോട്ടക്കാരൻ അദ്ദേഹത്തോട്, “നവൊമിയോടൊപ്പം മോവാബിൽനിന്നു വന്ന മോവാബ്യസ്ത്രീയാണവൾ. ‘കൊയ്ത്തുകാരുടെ പിന്നാലെ കാലാപെറുക്കാൻ ദയവായി എന്നെ അനുവദിച്ചാലും’ എന്ന് അവൾ അപേക്ഷിച്ചു. അങ്ങനെ അവൾ രാവിലെമുതൽ വയലിൽ കാലാപെറുക്കുന്നു. അൽപ്പസമയമേ അവൾ വിശ്രമിച്ചുള്ളൂ” എന്ന് ഉത്തരംനൽകി. അപ്പോൾ ബോവസ് രൂത്തിനോട്: “എന്റെ മോളേ, ശ്രദ്ധിക്കുക. കാലാപെറുക്കാൻ മറ്റൊരു വയലിൽ പോകേണ്ട. ഇവിടം വിട്ടുപോകുകയേ വേണ്ട. ഇവിടെ എന്റെ ജോലിക്കാരൊടൊപ്പം കൂടിക്കൊള്ളൂ. കൊയ്ത്തുകാരായ പുരുഷന്മാർ കൊയ്യുന്ന സ്ഥലം ശ്രദ്ധിച്ച്, ജോലിക്കാരികളോടൊപ്പം പൊയ്ക്കൊള്ളൂ. നിന്നെ ഉപദ്രവിക്കരുതെന്ന് ജോലിക്കാരായ യുവാക്കളോട് ഞാൻ കൽപ്പിച്ചിട്ടുണ്ട്. നിനക്കു ദാഹിക്കുമ്പോഴൊക്കെ, അവർ വെള്ളം കോരിനിറച്ച പാത്രങ്ങളിൽനിന്ന് കോരി കുടിച്ചുകൊള്ളൂ” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ അവൾ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട് അദ്ദേഹത്തോട്: “ഞാൻ ഒരു അന്യദേശക്കാരിയായിട്ടും എന്നെ ശ്രദ്ധിക്കത്തക്കവണ്ണം അങ്ങേക്ക് എന്നോടു ദയ തോന്നിയത് എന്ത്?” എന്നു ചോദിച്ചു. മറുപടിയായി, “നിന്റെ ഭർത്താവിന്റെ മരണശേഷം നീ നിന്റെ അമ്മായിയമ്മയ്ക്കുവേണ്ടി ചെയ്ത കാര്യങ്ങളും നീ നിന്റെ മാതാപിതാക്കളെയും നിന്റെ സ്വന്തം ദേശത്തെയും വിട്ടിട്ട് നിനക്ക് അപരിചിതമായ ഒരു ജനത്തിന്റെ മധ്യത്തിൽ പാർക്കുന്നതും ഞാൻ കേട്ടിരിക്കുന്നു. നീ ചെയ്തതിനു തക്കവണ്ണം യഹോവ നിനക്കു പ്രതിഫലം തരട്ടെ. ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴിൽ നീ ശരണം പ്രാപിച്ചിരിക്കുകയാൽ അവിടന്ന് നിന്നെ അത്യധികമായി അനുഗ്രഹിക്കട്ടെ” എന്നു ബോവസ് പറഞ്ഞു. “യജമാനനേ, എനിക്കു തുടർന്നും അങ്ങയുടെ കണ്ണിൽനിന്നു ദയ ലഭിക്കുമാറാകട്ടെ. ഞാൻ അങ്ങയുടെ ദാസികളുടെ കൂട്ടത്തിൽപ്പെട്ട ഒരാളല്ലെങ്കിൽപോലും അങ്ങ് എന്നോട് കരുണാപൂർവം സംസാരിച്ച് എന്നെ ആശ്വസിപ്പിച്ചിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു. ഭക്ഷണസമയത്ത് ബോവസ് അവളോട്, “ഇവിടെ വന്ന് ഇരുന്നുകൊള്ളൂ; അപ്പം എടുത്തു പുളിച്ച വീഞ്ഞിൽ മുക്കി കഴിച്ചോളൂ” എന്നു പറഞ്ഞു. അവൾ കൊയ്ത്തുകാരോടൊപ്പം ഇരുന്നപ്പോൾ, ബോവസ് അവൾക്കു മലർ കൊടുത്തു. അവൾക്ക് ആവശ്യമുള്ളടത്തോളം ഭക്ഷിച്ചു, കുറച്ച് അധികം വരികയും ചെയ്തു. അവൾ വീണ്ടും കാലാപെറുക്കാൻ എഴുന്നേറ്റപ്പോൾ ബോവസ് ഭൃത്യന്മാരോട്, “അവൾ കറ്റകൾക്കിടയിൽനിന്ന് പെറുക്കിയാൽപോലും അവളെ ശാസിക്കരുത്. കറ്റകളിൽനിന്നും അവൾക്കു പെറുക്കാൻവേണ്ടി കതിർക്കുലകൾ മനഃപൂർവം നിലത്തു വലിച്ചിട്ടുകൊടുക്കുക, അവളെ ശകാരിക്കരുത്” എന്നു പറഞ്ഞു.