രൂത്ത് 1:16-19
രൂത്ത് 1:16-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനു രൂത്ത്: നിന്നെ വിട്ടുപിരിവാനും നിന്റെകൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം. നീ മരിക്കുന്നേടത്ത് ഞാനും മരിച്ച് അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു. തന്നോടുകൂടെ പോരുവാൻ അവൾ ഉറച്ചിരിക്കുന്നു എന്നു കണ്ടപ്പോൾ അവൾ അവളോടു സംസാരിക്കുന്നതു മതിയാക്കി. അങ്ങനെ അവർ രണ്ടു പേരും ബേത്‍ലഹേംവരെ നടന്നു; അവർ ബേത്ലഹേമിൽ എത്തിയപ്പോൾ പട്ടണം മുഴുവനും അവരുടെ നിമിത്തം ഇളകി; ഇവൾ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.
രൂത്ത് 1:16-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ രൂത്തിന്റെ മറുപടി ഇതായിരുന്നു: “അമ്മയെ വിട്ടുപിരിയാൻ എന്നെ നിർബന്ധിക്കരുത്; അമ്മ പോകുന്നിടത്ത് ഞാനും വരും; അമ്മ പാർക്കുന്നിടത്ത് ഞാനും പാർക്കും. അമ്മയുടെ ബന്ധുക്കൾ എന്റെ ബന്ധുക്കളും അമ്മയുടെ ദൈവം എന്റെ ദൈവവും ആയിരിക്കും. അമ്മ മരിക്കുന്ന നാട്ടിൽതന്നെ ഞാനും മരിച്ച് അടക്കപ്പെടട്ടെ. മരണമൊഴികെ മറ്റേതെങ്കിലും കാരണത്താൽ ഞാൻ അമ്മയെ വിട്ടുപിരിഞ്ഞാൽ സർവേശ്വരൻ എന്നെ അതികഠിനമായി ശിക്ഷിച്ചുകൊള്ളട്ടെ.” തന്റെ കൂടെ പോരാനുള്ള രൂത്തിന്റെ ഉറച്ച തീരുമാനം നിമിത്തം നവോമി പിന്നെ അവളെ നിർബന്ധിച്ചില്ല. അങ്ങനെ അവർ ഒരുമിച്ചു യാത്ര പുറപ്പെട്ടു. ബേത്‍ലഹേമിൽ എത്തിയപ്പോൾ നഗരവാസികൾ മുഴുവൻ ഇളകി.
രൂത്ത് 1:16-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന് രൂത്ത്: “നിന്നെ വിട്ടുപിരിഞ്ഞു മടങ്ങിപ്പോകുവാൻ എന്നോട് പറയരുതേ, നീ പോകുന്നിടത്ത് ഞാനും പോകും, നീ പാർക്കുന്നേടത്ത് ഞാനും പാർക്കും, നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം. നീ മരിച്ച് അടക്കപ്പെടുന്നേടത്ത് വരുംകാലത്ത് ഞാനും മരിച്ചു അടക്കപ്പെടും. മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ എന്നെ അധികമായി ശിക്ഷിക്കട്ടെ” എന്നു പറഞ്ഞു. തന്നോടുകൂടെ പോരുവാൻ അവൾ ഉറച്ചിരിക്കുന്നു എന്നു കണ്ടപ്പോൾ അവൾ അവളോടു സംസാരിക്കുന്നത് മതിയാക്കി. അങ്ങനെ അവർ രണ്ടുപേരും ബേത്ലേഹേമിൽ എത്തിച്ചേർന്നു. അപ്പോൾ പട്ടണത്തിലുള്ള ജനം മുഴുവനും അവരെ കണ്ടു അതിശയിച്ചു. ഇവൾ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.
രൂത്ത് 1:16-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നു രൂത്ത്: നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം. നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു. തന്നോടുകൂടെ പോരുവാൻ അവൾ ഉറെച്ചിരിക്കുന്നു എന്നു കണ്ടപ്പോൾ അവൾ അവളോടു സംസാരിക്കുന്നതു മതിയാക്കി. അങ്ങനെ അവർ രണ്ടുപേരും ബേത്ത്ലേഹെംവരെ നടന്നു; അവർ ബേത്ത്ലേഹെമിൽ എത്തിയപ്പോൾ പട്ടണം മുഴുവനും അവരുടെനിമിത്തം ഇളകി; ഇവൾ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.
രൂത്ത് 1:16-19 സമകാലിക മലയാളവിവർത്തനം (MCV)
അതിനു രൂത്ത് അവളോട് ഇങ്ങനെ മറുപടി പറഞ്ഞു: “അമ്മയെ ഉപേക്ഷിക്കാനോ മടങ്ങിപ്പോകാനോ എന്നെ നിർബന്ധിക്കരുത്. അമ്മ പോകുന്നേടത്ത് ഞാനും പോകും; അമ്മ താമസിക്കുന്നേടത്ത് ഞാനും താമസിക്കും. അമ്മയുടെ ജനം എന്റെ ജനവും അമ്മയുടെ ദൈവം എന്റെ ദൈവവും ആയിരിക്കും. അമ്മ എവിടെ മരിക്കുന്നോ അവിടെ ഞാനും മരിച്ച് അടക്കപ്പെടും. മരണത്താൽ അല്ലാതെ മറ്റെന്തിനാലെങ്കിലും ഞാൻ അമ്മയെ ഉപേക്ഷിച്ചുപോയാൽ അതിനനുസരിച്ച് യഹോവ എന്നോട് പ്രതികാരംചെയ്യട്ടെ.” രൂത്ത്, തന്നോടുകൂടെ പോരുന്നു എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്നു മനസ്സിലാക്കിയ നവൊമി പിന്നീട് അവളെ മടങ്ങിപ്പോകാൻ നിർബന്ധിച്ചതുമില്ല. അങ്ങനെ അവർ ബേത്ലഹേമിൽ എത്തുന്നതുവരെ യാത്രതുടർന്നു. അവർ ബേത്ലഹേമിൽ എത്തിയപ്പോൾ, അവർകാരണം പട്ടണം ഇളകി; “ഇവൾ നവൊമിതന്നെയോ?” എന്നു സ്ത്രീകൾ അത്ഭുതത്തോടെ ചോദിച്ചു.