റോമർ 9:8-12
റോമർ 9:8-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന്റെ അർഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്ന് എണ്ണുന്നു. “ഈ സമയത്തേക്കു ഞാൻ വരും; അപ്പോൾ സാറായ്ക്ക് ഒരു മകൻ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം. അത്രയുമല്ല, റിബെക്കായും നമ്മുടെ പിതാവായ യിസ്ഹാക് എന്ന ഏകനാൽ ഗർഭം ധരിച്ചു, കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ” ദോഷമാകട്ടെ” ഒന്നും പ്രവർത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നെ വരേണ്ടതിന്: “മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അവളോട് അരുളിച്ചെയ്തു.
റോമർ 9:8-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രകൃത്യാ ജനിച്ച സന്താനങ്ങളല്ല ദൈവത്തിന്റെ മക്കൾ എന്നത്രേ ഇതിന്റെ സാരം. ദൈവത്തിന്റെ വാഗ്ദാനഫലമായി ജനിച്ചവരെയത്രേ യഥാർഥ സന്താനങ്ങളായി പരിഗണിക്കുന്നത്. ‘ഞാൻ യഥാവസരം തിരിച്ചുവരുമ്പോൾ സാറായ്‍ക്ക് ഒരു പുത്രനുണ്ടായിരിക്കും’ എന്നായിരുന്നു ദൈവത്തിന്റെ വാഗ്ദാനം. അതുമാത്രമല്ല, നമ്മുടെ പൂർവികനായ ഇസ്ഹാക്കിൽനിന്ന് റിബേക്കായ്‍ക്കു രണ്ടു പുത്രന്മാരാണു ജനിച്ചത്. എന്നാൽ അവർ ജനിക്കുന്നതിനുമുമ്പ്, നന്മയോ തിന്മയോ ചെയ്യുന്നതിനുമുമ്പു തന്നെ ‘മൂത്തവൻ ഇളയവനെ സേവിക്കും’ എന്നു ദൈവം റിബേക്കയോട് അരുൾചെയ്തു; പുത്രന്റെ തിരഞ്ഞെടുപ്പ് തികച്ചും ദൈവേഷ്ടപ്രകാരമായിരിക്കണം; അതുകൊണ്ടാണ് അവിടുന്ന് ഇപ്രകാരം അരുൾചെയ്തത്. ദൈവത്തിന്റെ തിരഞ്ഞെടുപ്പ് ഏതെങ്കിലും പ്രവൃത്തിയെ ആധാരമാക്കിയല്ല, പ്രത്യുത അവിടുത്തെ വിളിയുടെ അടിസ്ഥാനത്തിലാണ്.
റോമർ 9:8-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതായത്: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നത്. “ഈ സമയത്തേക്ക് ഞാൻ വരും; അപ്പോൾ സാറായ്ക്കു ഒരു മകൻ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം. അതുമാത്രമല്ല, റിബെക്കായും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാൽ ഗർഭംധരിച്ചു, കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവർത്തിക്കയോ ചെയ്യും മുമ്പേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണ്ണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവൻ്റെ ഇഷ്ടം നിമിത്തംതന്നെ എന്നു വരേണ്ടതിന്: “മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അവളോട് അരുളിച്ചെയ്തു.
റോമർ 9:8-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്റെ അർത്ഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു. “ഈ സമയത്തേക്കു ഞാൻ വരും; അപ്പോൾ സാറെക്കു ഒരു മകൻ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം. അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാൽ ഗർഭം ധരിച്ചു, കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവർത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണ്ണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു: “മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അവളോടു അരുളിച്ചെയ്തു.
റോമർ 9:8-12 സമകാലിക മലയാളവിവർത്തനം (MCV)
അതായത്, അബ്രാഹാമിൽനിന്ന് ശാരീരികമായി ജനിച്ച മക്കളല്ല ദൈവത്തിന്റെമക്കൾ. പിന്നെയോ, വാഗ്ദാനപ്രകാരം ജനിച്ചവരാണ് അബ്രാഹാമിന്റെ സന്തതികൾ എന്നു കണക്കാക്കപ്പെടുന്നത്. വാഗ്ദാനവചസ്സ് ഇപ്രകാരമാണ് നൽകപ്പെട്ടത്: “നിശ്ചിതസമയത്തു ഞാൻ മടങ്ങിവരും; അപ്പോൾ സാറയ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും.” ഈ മകനാണ് നമ്മുടെ പിതാവായ യിസ്ഹാക്ക്. അദ്ദേഹത്തിൽനിന്ന് റിബേക്ക ഗർഭവതിയായി. അവൾക്ക് ഇരട്ട ശിശുക്കൾ ജനിക്കുന്നതിനും അവർ ഗുണമോ ദോഷമോ പ്രവർത്തിക്കുന്നതിനും മുമ്പുതന്നെ, “മൂത്തവൻ ഇളയവനെ സേവിക്കും” എന്നു ദൈവം റിബേക്കയോട് അരുളിച്ചെയ്തു. ഈ ആഹ്വാനം നൽകുന്ന ദൈവം അവിടത്തെ ഹിതം നിറവേറ്റാൻ തീരുമാനിക്കുന്നു. അതു പ്രവൃത്തികളുടെ അടിസ്ഥാനത്തിലല്ല എന്നു പ്രകടമാക്കേണ്ടതിനാണ് ഇങ്ങനെ ചെയ്യുന്നത്.