റോമർ 9:6-23
റോമർ 9:6-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്ന് ഉദ്ഭവിച്ചവർ എല്ലാം യിസ്രായേല്യർ എന്നും അബ്രാഹാമിന്റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നും വരികയില്ല: “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളൂ. അതിന്റെ അർഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്ന് എണ്ണുന്നു. “ഈ സമയത്തേക്കു ഞാൻ വരും; അപ്പോൾ സാറായ്ക്ക് ഒരു മകൻ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം. അത്രയുമല്ല, റിബെക്കായും നമ്മുടെ പിതാവായ യിസ്ഹാക് എന്ന ഏകനാൽ ഗർഭം ധരിച്ചു, കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ” ദോഷമാകട്ടെ” ഒന്നും പ്രവർത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നെ വരേണ്ടതിന്: “മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അവളോട് അരുളിച്ചെയ്തു. “ഞാൻ യാക്കോബിനെ സ്നേഹിച്ച് ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ നാം എന്തു പറയേണ്ടൂ? ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരുനാളും ഇല്ല. “എനിക്കു കരുണ തോന്നേണം എന്നുള്ളവനോട് കരുണ തോന്നുകയും എനിക്കു കനിവ് തോന്നേണം എന്നുള്ളവനോട് കനിവു തോന്നുകയും ചെയ്യും” എന്ന് അവൻ മോശെയോട് അരുളിച്ചെയ്യുന്നു. അതുകൊണ്ട് ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നത്. “ഇതിനായിട്ടുതന്നെ ഞാൻ നിന്നെ നിർത്തിയിരിക്കുന്നത്; നിന്നിൽ എന്റെ ശക്തി കാണിക്കേണ്ടതിനും എന്റെ നാമം സർവഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും തന്നെ” എന്നു തിരുവെഴുത്തിൽ ഫറവോനോട് അരുളിച്ചെയ്യുന്നു. അങ്ങനെ തനിക്കു മനസ്സുള്ളവനോട് അവനു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനനാക്കുന്നു. ആകയാൽ അവൻ പിന്നെ കുറ്റം പറയുന്നത് എന്ത്? ആർ അവന്റെ ഇഷ്ടത്തോട് എതിർത്തുനില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും. അയ്യോ, മനുഷ്യാ, ദൈവത്തോടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോട്: നീ എന്നെ ഇങ്ങനെ ചമച്ചത് എന്ത് എന്നു ചോദിക്കുമോ? അല്ല, കുശവന് അതേ പിണ്ഡത്തിൽനിന്ന് ഒരു പാത്രം മാനത്തിനും മറ്റൊരു പാത്രം അപമാനത്തിനും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ? എന്നാൽ ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരിൽനിന്നു മാത്രമല്ല; ജാതികളിൽനിന്നും വിളിച്ചു തേജസ്സിനായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ
റോമർ 9:6-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവത്തിന്റെ വചനം വ്യർഥമായി എന്നല്ല ഞാൻ പറയുന്നത്. ഇസ്രായേലിൽനിന്നു ജനിച്ചവരെല്ലാം തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേല്യരല്ല. അബ്രഹാമിൽനിന്നു ജനിച്ചവരെല്ലാം യഥാർഥത്തിൽ അബ്രഹാമിന്റെ സന്തതികളല്ല. ‘ഇസ്ഹാക്കിൽനിന്നു ജനിക്കുന്നവർ മാത്രം നിന്റെ സന്തതികളായി എണ്ണപ്പെടും’ എന്നു ദൈവം അബ്രഹാമിനോട് അരുൾചെയ്തു. പ്രകൃത്യാ ജനിച്ച സന്താനങ്ങളല്ല ദൈവത്തിന്റെ മക്കൾ എന്നത്രേ ഇതിന്റെ സാരം. ദൈവത്തിന്റെ വാഗ്ദാനഫലമായി ജനിച്ചവരെയത്രേ യഥാർഥ സന്താനങ്ങളായി പരിഗണിക്കുന്നത്. ‘ഞാൻ യഥാവസരം തിരിച്ചുവരുമ്പോൾ സാറായ്‍ക്ക് ഒരു പുത്രനുണ്ടായിരിക്കും’ എന്നായിരുന്നു ദൈവത്തിന്റെ വാഗ്ദാനം. അതുമാത്രമല്ല, നമ്മുടെ പൂർവികനായ ഇസ്ഹാക്കിൽനിന്ന് റിബേക്കായ്‍ക്കു രണ്ടു പുത്രന്മാരാണു ജനിച്ചത്. എന്നാൽ അവർ ജനിക്കുന്നതിനുമുമ്പ്, നന്മയോ തിന്മയോ ചെയ്യുന്നതിനുമുമ്പു തന്നെ ‘മൂത്തവൻ ഇളയവനെ സേവിക്കും’ എന്നു ദൈവം റിബേക്കയോട് അരുൾചെയ്തു; പുത്രന്റെ തിരഞ്ഞെടുപ്പ് തികച്ചും ദൈവേഷ്ടപ്രകാരമായിരിക്കണം; അതുകൊണ്ടാണ് അവിടുന്ന് ഇപ്രകാരം അരുൾചെയ്തത്. ദൈവത്തിന്റെ തിരഞ്ഞെടുപ്പ് ഏതെങ്കിലും പ്രവൃത്തിയെ ആധാരമാക്കിയല്ല, പ്രത്യുത അവിടുത്തെ വിളിയുടെ അടിസ്ഥാനത്തിലാണ്. ‘ഞാൻ യാക്കോബിനെ സ്നേഹിച്ചു; ഏശാവിനെ വെറുത്തു’ എന്നു വേദഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ടല്ലോ. അങ്ങനെയെങ്കിൽ എന്താണു പറയുക? ദൈവം നീതിരഹിതനാണെന്നോ? ഒരിക്കലും അല്ല. “എനിക്കു കരുണ തോന്നുന്നവനോടു ഞാൻ കാരുണ്യം കാണിക്കുന്നു; എനിക്കു കനിവു തോന്നുന്നവനോടു കനിവു കാണിക്കുകയും ചെയ്യുന്നു” എന്നു ദൈവം മോശയോട് അരുൾചെയ്തു. അതുകൊണ്ട് മനുഷ്യന്റെ ഇച്ഛയിലോ പ്രയത്നത്തിലോ അല്ല ദൈവകാരുണ്യത്തിലത്രേ എല്ലാം അടിസ്ഥാനപ്പെട്ടിരിക്കുന്നത്. “എന്റെ ശക്തി പ്രദർശിപ്പിക്കുന്നതിനു നിന്നെ ഉപയോഗിക്കുവാനും എന്റെ കീർത്തി ലോകത്തെങ്ങും പരത്തുവാനും മാത്രമാണ് ഞാൻ നിന്നെ രാജാവാക്കിയത്” എന്ന് ഈജിപ്തിലെ രാജാവായ ഫറവോനോടു പറയുന്നതായി വേദലിഖിതത്തിൽ കാണുന്നു. അങ്ങനെ തനിക്കു മനസ്സുള്ളവനോടു ദൈവത്തിനു കാരുണ്യമുണ്ട്; മനസ്സുള്ളവനെ അവിടുന്നു കഠിനഹൃദയനാക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ ‘ദൈവം മനുഷ്യനെ എന്തിനു കുറ്റപ്പെടുത്തണം? ദൈവത്തിന്റെ ഇഷ്ടത്തെ എതിർക്കുവാൻ ആർക്കു കഴിയും?” എന്നു നിങ്ങൾ എന്നോടു ചോദിച്ചേക്കാം. എന്റെ സ്നേഹിതാ, ദൈവത്തോടു എതിർവാദം ചെയ്യുവാൻ നീ ആരാണ്? “അവിടുന്ന് എന്നെ ഇങ്ങനെ നിർമിച്ചതെന്തിന്?” എന്ന് ഒരു മൺകലം അതിന്റെ നിർമിതാവിനോടു ചോദിക്കുമോ? തന്റെ ഇഷ്ടംപോലെ കളിമണ്ണ് ഉപയോഗിക്കുന്നതിനും, വിശേഷാവസരത്തിൽ ഉപയോഗിക്കാനുള്ള പാത്രവും സാധാരണ ഉപയോഗത്തിനുള്ള പാത്രവും ഒരേ പിണ്ഡത്തിൽനിന്നു നിർമിക്കുന്നതിനും കുശവന് അവകാശമില്ലേ? ദൈവം ചെയ്തിരിക്കുന്നതും ഇതുപോലെയത്രേ. തന്റെ കോപം പ്രകടമാക്കുവാനും ശക്തി വെളിപ്പെടുത്തുവാനും ദൈവം ആഗ്രഹിച്ചു എങ്കിലും നശിപ്പിക്കപ്പെടുന്നതിന് നിർമിതമായ കോപപാത്രങ്ങളോട് അവിടുന്നു നിരന്തരക്ഷമയുള്ളവനായിരുന്നു. തന്റെ തേജസ്സ് പ്രാപിക്കുന്നതിനുവേണ്ടി അവിടുന്നു ഒരുക്കിയിരിക്കുന്നവരും അവിടുത്തെ കാരുണ്യപാത്രങ്ങളുമായ നമ്മുടെമേൽ തന്റെ മഹാതേജസ്സ് പ്രത്യക്ഷമാക്കുവാനും അവിടുന്നു നിശ്ചയിച്ചു.
റോമർ 9:6-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവത്തിന്‍റെ വാഗ്ദത്തം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്ന് ഉത്ഭവിച്ചവർ എല്ലാം യഥാർത്ഥമായി യിസ്രായേല്യർ എന്നും അബ്രാഹാമിന്റെ സന്തതിയാകയാൽ എല്ലാവരും യഥാർത്ഥമായി അവന്‍റെ മക്കൾ എന്നും വരികയില്ല; “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു. അതായത്: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നത്. “ഈ സമയത്തേക്ക് ഞാൻ വരും; അപ്പോൾ സാറായ്ക്കു ഒരു മകൻ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം. അതുമാത്രമല്ല, റിബെക്കായും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാൽ ഗർഭംധരിച്ചു, കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവർത്തിക്കയോ ചെയ്യും മുമ്പേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണ്ണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവൻ്റെ ഇഷ്ടം നിമിത്തംതന്നെ എന്നു വരേണ്ടതിന്: “മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അവളോട് അരുളിച്ചെയ്തു. “ഞാൻ യാക്കോബിനെ സ്നേഹിച്ച് ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ. ആകയാൽ നാം എന്ത് പറയേണ്ടു? ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരുനാളും ഇല്ല. “എനിക്ക് കരുണയുള്ളവനോട് കരുണ തോന്നുകയും എനിക്ക് കനിവുള്ളവനോട് കനിവ് തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു. അതുകൊണ്ട് ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രെ. “ഇതിനായിട്ട് തന്നെ ഞാൻ നിന്നെ നിർത്തിയിരിക്കുന്നത്; നിന്നിൽ എന്റെ ശക്തി വെളിപ്പെടുത്തേണ്ടതിനും എന്‍റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും തന്നെ” എന്നു തിരുവെഴുത്തിൽ ഫറവോനോട് അരുളിച്ചെയ്യുന്നു. അങ്ങനെ തനിക്കു മനസ്സുള്ളവനോട് അവനു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനരാക്കുന്നു. ആകയാൽ അവൻ പിന്നെ കുറ്റം കണ്ടുപിടിക്കുന്നത് എന്ത്? ആർ അവന്റെ ഇഷ്ടത്തോട് എതിർത്തുനില്ക്കുന്നു? എന്നു നീ എന്നോട് ചോദിക്കും. അയ്യോ, മനുഷ്യാ, ദൈവത്തോട് പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമച്ചത് എന്ത് എന്നു ചോദിക്കുമോ? അല്ല, കുശവന് ഒരേ പിണ്ഡത്തിൽനിന്ന് ഒരു പാത്രം വിശേഷ ഉപയോഗത്തിനും മറ്റൊരു പാത്രം ദിവസേനയുള്ള ഉപയോഗത്തിനും ഉണ്ടാക്കുവാൻ കളിമണ്ണിന്മേൽ അധികാരം ഇല്ലയോ? എന്നാൽ ദൈവം തന്റെ കോപം കാണിക്കുവാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരിൽനിന്നു മാത്രമല്ല, ജാതികളിൽനിന്നും വിളിച്ചു തേജസ്സിനായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ
റോമർ 9:6-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്നു ഉത്ഭവിച്ചവർ എല്ലാം യിസ്രായേല്യർ എന്നും അബ്രാഹാമിന്റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നും വരികയില്ല; “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു. അതിന്റെ അർത്ഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു. “ഈ സമയത്തേക്കു ഞാൻ വരും; അപ്പോൾ സാറെക്കു ഒരു മകൻ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം. അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാൽ ഗർഭം ധരിച്ചു, കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവർത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണ്ണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു: “മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അവളോടു അരുളിച്ചെയ്തു. “ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ നാം എന്തു പറയേണ്ടു? ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരു നാളും ഇല്ല. “എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു. അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു. “ഇതിന്നായിട്ടു തന്നേ ഞാൻ നിന്നെ നിർത്തിയിരിക്കുന്നതു; നിന്നിൽ എന്റെ ശക്തി കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും തന്നേ” എന്നു തിരുവെഴുത്തിൽ ഫറവോനോടു അരുളിച്ചെയ്യുന്നു. അങ്ങനെ തനിക്കു മനസ്സുള്ളവനോടു അവന്നു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനനാക്കുന്നു. ആകയാൽ അവൻ പിന്നെ കുറ്റം പറയുന്നതു എന്തു? ആർ അവന്റെ ഇഷ്ടത്തോടു എതിർത്തുനില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും. അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ? അല്ല, കുശവന്നു അതേ പിണ്ഡത്തിൽനിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ? എന്നാൽ ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരിൽനിന്നു മാത്രമല്ല, ജാതികളിൽനിന്നും വിളിച്ചു തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ
റോമർ 9:6-23 സമകാലിക മലയാളവിവർത്തനം (MCV)
ദൈവത്തിന്റെ വചനം പാഴായിപ്പോയെന്നല്ല. ഇസ്രായേല്യവംശത്തിൽ ജനിച്ചവരെല്ലാം യഥാർഥ ഇസ്രായേല്യർ ആകുന്നില്ല. അബ്രാഹാമിന്റെ കുലത്തിൽ ജനിച്ചു എന്ന കാരണത്താൽ അവരെല്ലാവരും അബ്രാഹാമിന്റെ മക്കൾ ആകുന്നുമില്ല. പിന്നെയോ, “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവൻ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നാണ് തിരുവെഴുത്തിൽ പറഞ്ഞിരിക്കുന്നത്. അതായത്, അബ്രാഹാമിൽനിന്ന് ശാരീരികമായി ജനിച്ച മക്കളല്ല ദൈവത്തിന്റെമക്കൾ. പിന്നെയോ, വാഗ്ദാനപ്രകാരം ജനിച്ചവരാണ് അബ്രാഹാമിന്റെ സന്തതികൾ എന്നു കണക്കാക്കപ്പെടുന്നത്. വാഗ്ദാനവചസ്സ് ഇപ്രകാരമാണ് നൽകപ്പെട്ടത്: “നിശ്ചിതസമയത്തു ഞാൻ മടങ്ങിവരും; അപ്പോൾ സാറയ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും.” ഈ മകനാണ് നമ്മുടെ പിതാവായ യിസ്ഹാക്ക്. അദ്ദേഹത്തിൽനിന്ന് റിബേക്ക ഗർഭവതിയായി. അവൾക്ക് ഇരട്ട ശിശുക്കൾ ജനിക്കുന്നതിനും അവർ ഗുണമോ ദോഷമോ പ്രവർത്തിക്കുന്നതിനും മുമ്പുതന്നെ, “മൂത്തവൻ ഇളയവനെ സേവിക്കും” എന്നു ദൈവം റിബേക്കയോട് അരുളിച്ചെയ്തു. ഈ ആഹ്വാനം നൽകുന്ന ദൈവം അവിടത്തെ ഹിതം നിറവേറ്റാൻ തീരുമാനിക്കുന്നു. അതു പ്രവൃത്തികളുടെ അടിസ്ഥാനത്തിലല്ല എന്നു പ്രകടമാക്കേണ്ടതിനാണ് ഇങ്ങനെ ചെയ്യുന്നത്. “യാക്കോബിനെ ഞാൻ സ്നേഹിച്ചു. എന്നാൽ ഏശാവിനെ ഞാൻ വെറുത്തു” എന്ന് എഴുതിയിരിക്കുന്നല്ലോ. അപ്പോൾ നാം എന്തുപറയും? ദൈവം അനീതിയുള്ളവൻ എന്നാണോ? ഒരിക്കലുമല്ല! “കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കൃപ ചെയ്യും. കരുണകാണിക്കാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കരുണകാണിക്കും,” എന്നു ദൈവം മോശയോടും അരുളിച്ചെയ്യുന്നു. ഇങ്ങനെ, മനുഷ്യന്റെ ആഗ്രഹമോ കഠിനാധ്വാനമോ അല്ല, ദൈവത്തിന്റെ കാരുണ്യമാണ് എല്ലാറ്റിനും അടിസ്ഥാനം. “എന്റെ ശക്തി നിന്നിലൂടെ പ്രദർശിപ്പിക്കുകയും എന്റെ നാമം ഭൂമിയിലെല്ലായിടത്തും ഘോഷിക്കപ്പെടുകയും വേണം എന്ന ഉദ്ദേശ്യത്തിനായിത്തന്നെ ഞാൻ നിന്നെ ഉയർത്തിയിരിക്കുന്നു,” എന്ന് ഫറവോനോട് അരുളിച്ചെയ്യുന്നതു തിരുവെഴുത്തിൽ കാണുന്നു. ഇങ്ങനെ, ദൈവം തന്റെ ഇഷ്ടപ്രകാരം ഒരുവനോടു കരുണ കാണിക്കുന്നു; മറ്റൊരുവനെ കഠിനഹൃദയനാക്കുന്നു. അപ്പോൾ, “നമ്മെ കുറ്റപ്പെടുത്താൻ ദൈവത്തിനെങ്ങനെ കഴിയും? കാരണം, ദൈവത്തിന്റെ തിരുഹിതത്തോട് എതിർക്കാൻ ആർക്കാണു സാധിക്കുക?” എന്നു നിങ്ങൾ എന്നോടു ചോദിച്ചേക്കാം. അല്ലയോ മനുഷ്യാ, “ദൈവത്തോട് എതിർവാദം പറയാൻ നീ ആരാണ്?” സ്രഷ്ടാവിനോട്, “ ‘നീ എന്നെ ഇങ്ങനെ സൃഷ്ടിച്ചത് എന്തിനാണ്?’ എന്നു സൃഷ്ടിക്കു ചോദിക്കാൻ കഴിയുമോ?” ഒരേ കളിമണ്ണുപയോഗിച്ച് ചില പാത്രങ്ങൾ ശ്രേഷ്ഠമായ ഉപയോഗത്തിനും മറ്റുചിലതു സാധാരണ ഉപയോഗത്തിനുംവേണ്ടി ഉണ്ടാക്കാൻ കുശവന് അധികാരമില്ലേ? ദൈവം തന്റെ കോപം പ്രദർശിപ്പിക്കാനും ശക്തി വെളിപ്പെടുത്താനുമുള്ള ഉദ്ദേശ്യത്തോടെ, നാശത്തിനുമാത്രമായി ഒരുക്കപ്പെട്ടിരുന്ന കോപപാത്രങ്ങളായവരെ ദീർഘക്ഷമയോടെ സഹിച്ചു; ഇങ്ങനെ തേജസ്സു പ്രാപിക്കാനായി ദൈവം മുൻകൂട്ടി ഒരുക്കിയ കരുണാപാത്രങ്ങളാണു നാം. അവിടത്തെ മഹത്ത്വസമ്പന്നത വെളിപ്പെടുത്താൻവേണ്ടി ദൈവം നമ്മിൽ ഇപ്രകാരം പ്രവർത്തിച്ചു എന്നതിൽ നമുക്ക് എന്താണ് പറയാൻ കഴിയുക?