റോമർ 7:7-12

റോമർ 7:7-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആകയാൽ നാം എന്തു പറയേണ്ടൂ? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുത്. എങ്കിലും ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുത് എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറികയില്ലായിരുന്നു. പാപമോ അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നിൽ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിർജീവമാകുന്നു. ഞാൻ ഒരു കാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പന വന്നപ്പോൾ പാപം വീണ്ടും ജീവിക്കയും ഞാൻ മരിക്കയും ചെയ്തു. ഇങ്ങനെ ജീവനായി ലഭിച്ചിരുന്ന കല്പന എനിക്ക് മരണഹേതുവായി തീർന്നു എന്ന് ഞാൻ കണ്ടു. പാപം അവസരം ലഭിച്ചിട്ട് കല്പനയാൽ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു. ആകയാൽ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതുംതന്നെ.

പങ്ക് വെക്കു
റോമർ 7 വായിക്കുക

റോമർ 7:7-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അപ്പോൾ നാം എന്താണു പറയുക? നിയമസംഹിത പാപകരമാണെന്നോ? ഒരിക്കലുമല്ല! എന്നാൽ പാപം എന്താണെന്ന് എന്നെ ബോധ്യപ്പെടുത്തിയത് നിയമമാണ്. ‘മോഹിക്കരുത്’ എന്ന് നിയമം അനുശാസിക്കാതിരുന്നെങ്കിൽ മോഹം എന്താണെന്നു ഞാൻ അറിയുമായിരുന്നില്ല. ആ കല്പനയാൽ എല്ലാവിധത്തിലുമുള്ള മോഹവും എന്നിൽ ഉണർത്തുന്നതിന് പാപം അവസരം കണ്ടെത്തി. നിയമം ഇല്ലെങ്കിൽ പാപം നിർജീവമാകുന്നു. ഒരു കാലത്ത് നിയമം കൂടാതെ ഞാൻ ജീവിച്ചു. എന്നാൽ കല്പന ആവിർഭവിച്ചപ്പോൾ പാപം എന്നിൽ സജീവമായിത്തീരുകയും ഞാൻ മരിക്കുകയും ചെയ്തു. എന്നെ ജീവനിലേക്കു നയിക്കുവാൻ ഉദ്ദേശിക്കപ്പെട്ട കല്പന എനിക്കു മരണഹേതുവായിത്തീർന്നു. എന്തുകൊണ്ടെന്നാൽ പാപം കല്പനയിൽ കൂടി അവസരം കണ്ടെത്തി എന്നെ വഞ്ചിച്ചു. മാത്രമല്ല, അതിൽ കൂടി എന്നെ കൊലപ്പെടുത്തുകയും ചെയ്തു. യഥാർഥത്തിൽ ധർമശാസ്ത്രം വിശുദ്ധമാണ്; കല്പന വിശുദ്ധവും നീതിയുക്തവും ഉൽകൃഷ്ടവുമാകുന്നു.

പങ്ക് വെക്കു
റോമർ 7 വായിക്കുക

റോമർ 7:7-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആകയാൽ നാം എന്ത് പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അല്ല. എങ്കിലും ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല; “നീ മോഹിക്കരുത്” എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറിയുകയില്ലായിരുന്നു. പാപമോ കല്പനയിലൂടെ അവസരമെടുത്തിട്ട് എന്നിൽ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിർജ്ജീവമാകുന്നു. ഞാൻ ഒരുകാലത്ത് ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പന വന്നപ്പോൾ പാപം വീണ്ടും ജീവിക്കയും ഞാൻ മരിക്കയും ചെയ്തു. ഇങ്ങനെ ജീവൻ കൊണ്ടുവരേണ്ടിയിരുന്ന കല്പന മരണത്തിനായിത്തീർന്നു എന്നു ഞാൻ കണ്ടു. പാപത്തിന് കല്പനയിലൂടെ അവസരം ലഭിച്ചിട്ട് എന്നെ ചതിക്കയും, അത് കൽപ്പനയിലൂടെ എന്നെ കൊല്ലുകയും ചെയ്തു. ആകയാൽ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നെ.

പങ്ക് വെക്കു
റോമർ 7 വായിക്കുക

റോമർ 7:7-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആകയാൽ നാം എന്തു പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുതു. എങ്കിലും ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുതു എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറികയില്ലായിരുന്നു. പാപമോ അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നിൽ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിർജ്ജീവമാകുന്നു. ഞാൻ ഒരുകാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പന വന്നപ്പോൾ പാപം വീണ്ടും ജീവിക്കയും ഞാൻ മരിക്കയും ചെയ്തു. ഇങ്ങനെ ജീവന്നായി ലഭിച്ചിരുന്ന കല്പന എനിക്കു മരണ ഹേതുവായിത്തീർന്നു എന്നു ഞാൻ കണ്ടു. പാപം അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു. ആകയാൽ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നേ.

പങ്ക് വെക്കു
റോമർ 7 വായിക്കുക

റോമർ 7:7-12 സമകാലിക മലയാളവിവർത്തനം (MCV)

എന്താണ് ഇതിന്റെ അർഥം? ന്യായപ്രമാണം പാപമെന്നോ? ഒരിക്കലുമല്ല. എങ്കിലും ന്യായപ്രമാണം ഇല്ലായിരുന്നു എങ്കിൽ പാപം എന്തെന്നു ഞാൻ അറിയുമായിരുന്നില്ല. “മോഹിക്കരുത്,” എന്നു ന്യായപ്രമാണം പറഞ്ഞിരുന്നില്ലെങ്കിൽ മോഹിക്കുന്നത് പാപമോ അല്ലയോ എന്നു ഞാൻ അറിയുകയില്ലായിരുന്നു. എന്നാൽ ഈ കൽപ്പനയിലൂടെ പാപം എന്നിൽ എല്ലാവിധ ദുർമോഹങ്ങൾക്കും അവസരം ഉണ്ടാക്കി. കാരണം ന്യായപ്രമാണത്തിന്റെ അഭാവത്തിൽ പാപം നിർജീവമായിരുന്നു. ഒരുകാലത്ത് ഞാൻ ന്യായപ്രമാണം ഇല്ലാതെ ജീവിച്ചിരുന്നു; എന്നാൽ ന്യായപ്രമാണത്തിലെ കൽപ്പന വന്നപ്പോൾ പാപം എന്നിൽ സജീവമാകുകയും ഞാൻ മരിക്കുകയും ചെയ്തു. ഇങ്ങനെ, ജീവദായകമായിത്തീരേണ്ടിയിരുന്ന ന്യായപ്രമാണകൽപ്പനതന്നെ എന്റെ മരണത്തിനു ഹേതുവായിത്തീർന്നു എന്നു ഞാൻ കണ്ടെത്തി. കൽപ്പന മുഖാന്തരം ലഭിച്ച അവസരം മുതലെടുത്ത് പാപം എന്നെ വഞ്ചിക്കുകയും കൊല്ലുകയും ചെയ്തു. ന്യായപ്രമാണം വിശുദ്ധമാണ്; അതിലെ കൽപ്പനകൾ വിശുദ്ധവും നീതിയുക്തവും നല്ലതുംതന്നെ.

പങ്ക് വെക്കു
റോമർ 7 വായിക്കുക