റോമർ 7:1-12

റോമർ 7:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാൻ സംസാരിക്കുന്നത്: മനുഷ്യൻ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന് അവന്റെമേൽ അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയുന്നില്ലയോ? ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവ് മരിച്ചാൽ അവൾ ഭർത്തൃന്യായപ്രമാണത്തിൽനിന്ന് ഒഴിവുള്ളവളായി. ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ അവൾ വേറേ പുരുഷന് ആയാൽ വ്യഭിചാരിണി എന്നു പേർ വരും; ഭർത്താവ് മരിച്ചു എങ്കിലോ അവൾ വേറേ പുരുഷന് ആയാൽ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തിൽനിന്നു സ്വതന്ത്രയാകുന്നു അതുകൊണ്ടു സഹോദരന്മാരേ, നാം ദൈവത്തിനു ഫലം കായ്ക്കുമാറ് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവനായ വേറൊരുവന് ആകേണ്ടതിന് നിങ്ങളും ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു. നാം ജഡത്തിലായിരുന്നപ്പോൾ ന്യായപ്രമാണത്താൽ ഉളവായ പാപരാഗങ്ങൾ മരണത്തിനു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളിൽ വ്യാപരിച്ചുപോന്നു. ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ട്, അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽതന്നെ സേവിക്കേണ്ടതിനു നാം ന്യായപ്രമാണത്തിൽനിന്ന് ഒഴിവുള്ളവരായിരിക്കുന്നു. ആകയാൽ നാം എന്തു പറയേണ്ടൂ? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുത്. എങ്കിലും ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുത് എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറികയില്ലായിരുന്നു. പാപമോ അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നിൽ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിർജീവമാകുന്നു. ഞാൻ ഒരു കാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പന വന്നപ്പോൾ പാപം വീണ്ടും ജീവിക്കയും ഞാൻ മരിക്കയും ചെയ്തു. ഇങ്ങനെ ജീവനായി ലഭിച്ചിരുന്ന കല്പന എനിക്ക് മരണഹേതുവായി തീർന്നു എന്ന് ഞാൻ കണ്ടു. പാപം അവസരം ലഭിച്ചിട്ട് കല്പനയാൽ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു. ആകയാൽ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതുംതന്നെ.

പങ്ക് വെക്കു
റോമർ 7 വായിക്കുക

റോമർ 7:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സഹോദരരേ, നിങ്ങൾ നിയമത്തെക്കുറിച്ച് അറിവുള്ളവരാണല്ലോ. അതുകൊണ്ടു ഞാൻ പറയുന്നത് നിങ്ങൾക്കു നിശ്ചയമായും മനസ്സിലാകും. നിയമത്തിന്റെ ആധിപത്യം ഒരുവന്റെമേലുള്ളത് അവൻ ജീവിച്ചിരിക്കുമ്പോൾ മാത്രമാണ്. ഉദാഹരണമായി വിവാഹിതയായ ഒരു സ്‍ത്രീ ഭർത്താവു ജീവിച്ചിരിക്കുന്നിടത്തോളം, അയാളോടു നിയമപരമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഭർത്താവു മരിച്ചു കഴിഞ്ഞാൽ അയാളോടു അവൾക്കുള്ള നിയമപരമായ ബന്ധം അവസാനിക്കുന്നു. ഭർത്താവു ജീവിച്ചിരിക്കുമ്പോൾ അന്യപുരുഷനോട് ബന്ധം പുലർത്തിയാൽ അവൾ വ്യഭിചാരിണി എന്നു വിളിക്കപ്പെടും. ഭർത്താവു മരിച്ചശേഷം അവൾ മറ്റൊരുവനെ വിവാഹം ചെയ്താൽ വ്യഭിചാരിണിയാകുന്നില്ല. എന്തെന്നാൽ ആദ്യത്തെ ഭർത്താവിനോട് തന്നെ ബന്ധിപ്പിക്കുന്ന നിയമത്തിൽനിന്ന് അവൾ സ്വതന്ത്രയാണല്ലോ. സഹോദരന്മാരേ, നിങ്ങളുടെ കാര്യവും അങ്ങനെതന്നെ. ക്രിസ്തുവിന്റെ ശരീരത്തോടു നിങ്ങൾ ഏകീഭവിച്ചിരിക്കുന്നതിനാൽ നിയമത്തിന്റെ മുമ്പിൽ നിങ്ങളും മരിച്ചിരിക്കുന്നു. അത് മൃതരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനോടു നിങ്ങൾ ഐക്യപ്പെടുവാനും ദൈവത്തിനുവേണ്ടി ഫലം പുറപ്പെടുവിക്കാനുമാണ്. നമ്മുടെ പാപപ്രകൃതിയനുസരിച്ച് നാം ജീവിച്ചിരുന്നപ്പോൾ നിയമം ഉണർത്തിയ പാപാസക്തികൾ നമ്മുടെ അവയവങ്ങളിൽ മരണത്തിന്റെ ഫലങ്ങൾ ഉളവാക്കിക്കൊണ്ട് പ്രവർത്തിച്ചിരുന്നു. ഒരിക്കൽ നമ്മെ ബന്ധനസ്ഥരാക്കിയിരുന്ന നിയമത്തെ സംബന്ധിച്ചിടത്തോളം നാം മരിച്ചതുകൊണ്ട് ഇപ്പോൾ അതിൽനിന്നു നാം സ്വതന്ത്രരായിരിക്കുന്നു. അതിനാൽ എഴുതപ്പെട്ട നിയമത്തിന്റെ പഴയ മാർഗത്തിലല്ല ആത്മാവിന്റെ പുതിയ മാർഗത്തിലാണ് നാം ദൈവത്തെ സേവിക്കുന്നത്. അപ്പോൾ നാം എന്താണു പറയുക? നിയമസംഹിത പാപകരമാണെന്നോ? ഒരിക്കലുമല്ല! എന്നാൽ പാപം എന്താണെന്ന് എന്നെ ബോധ്യപ്പെടുത്തിയത് നിയമമാണ്. ‘മോഹിക്കരുത്’ എന്ന് നിയമം അനുശാസിക്കാതിരുന്നെങ്കിൽ മോഹം എന്താണെന്നു ഞാൻ അറിയുമായിരുന്നില്ല. ആ കല്പനയാൽ എല്ലാവിധത്തിലുമുള്ള മോഹവും എന്നിൽ ഉണർത്തുന്നതിന് പാപം അവസരം കണ്ടെത്തി. നിയമം ഇല്ലെങ്കിൽ പാപം നിർജീവമാകുന്നു. ഒരു കാലത്ത് നിയമം കൂടാതെ ഞാൻ ജീവിച്ചു. എന്നാൽ കല്പന ആവിർഭവിച്ചപ്പോൾ പാപം എന്നിൽ സജീവമായിത്തീരുകയും ഞാൻ മരിക്കുകയും ചെയ്തു. എന്നെ ജീവനിലേക്കു നയിക്കുവാൻ ഉദ്ദേശിക്കപ്പെട്ട കല്പന എനിക്കു മരണഹേതുവായിത്തീർന്നു. എന്തുകൊണ്ടെന്നാൽ പാപം കല്പനയിൽ കൂടി അവസരം കണ്ടെത്തി എന്നെ വഞ്ചിച്ചു. മാത്രമല്ല, അതിൽ കൂടി എന്നെ കൊലപ്പെടുത്തുകയും ചെയ്തു. യഥാർഥത്തിൽ ധർമശാസ്ത്രം വിശുദ്ധമാണ്; കല്പന വിശുദ്ധവും നീതിയുക്തവും ഉൽകൃഷ്ടവുമാകുന്നു.

പങ്ക് വെക്കു
റോമർ 7 വായിക്കുക

റോമർ 7:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാൻ സംസാരിക്കുന്നത്: മനുഷ്യൻ ജീവനോടിരിക്കുന്ന കാലത്തൊക്കെയും ന്യായപ്രമാണത്തിന് അവന്‍റെമേൽ അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയുന്നില്ലയോ? വിവാഹിതയായ സ്ത്രീ, ഭർത്താവ് ജീവിച്ചിരിക്കുന്ന കാലത്തോളം അവനോട് നിയമത്താൽ ബന്ധിയ്ക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഭർത്താവ് മരിച്ചാൽ അവൾ വിവാഹനിയമത്തിൽനിന്ന് ഒഴിവുള്ളവളായി. ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ അവൾ മറ്റൊരു പുരുഷനോടുകൂടെ ജീവിച്ചാൽ വ്യഭിചാരിണി എന്നു വിളിക്കപ്പെടും; ഭർത്താവ് മരിച്ചു എങ്കിലോ അവൾ മറ്റൊരു പുരുഷനോടുകൂടെ ജീവിച്ചാൽ വ്യഭിചാരിണി എന്നു വരാതവണ്ണം അവൾ നിയമത്തിൽനിന്ന് സ്വതന്ത്രയാകുന്നു. അതുകൊണ്ട് സഹോദരന്മാരേ, നിങ്ങളും മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവനായ മറ്റൊരുവനോട് ചേർന്ന് നാം ദൈവത്തിന് ഫലം പുറപ്പെടുവിക്കേണ്ടതിന്, ക്രിസ്തുവിന്‍റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു. നാം ജഡത്തിലായിരുന്നപ്പോൾ ന്യായപ്രമാണത്താൽ ഉളവായ പാപവികാരങ്ങൾ മരണത്തിന് ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളിൽ പ്രവൃത്തിച്ചുപോന്നു. ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ച് മരിച്ചിരിക്കകൊണ്ട് അക്ഷരത്തിൻ്റെ പഴക്കത്തിലല്ല ആത്മാവിന്‍റെ പുതുക്കത്തിൽത്തന്നെ സേവിക്കേണ്ടതിന് നാം ന്യായപ്രമാണത്തിൽനിന്ന് ഒഴിവുള്ളവരായിരിക്കുന്നു. ആകയാൽ നാം എന്ത് പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അല്ല. എങ്കിലും ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല; “നീ മോഹിക്കരുത്” എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറിയുകയില്ലായിരുന്നു. പാപമോ കല്പനയിലൂടെ അവസരമെടുത്തിട്ട് എന്നിൽ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിർജ്ജീവമാകുന്നു. ഞാൻ ഒരുകാലത്ത് ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പന വന്നപ്പോൾ പാപം വീണ്ടും ജീവിക്കയും ഞാൻ മരിക്കയും ചെയ്തു. ഇങ്ങനെ ജീവൻ കൊണ്ടുവരേണ്ടിയിരുന്ന കല്പന മരണത്തിനായിത്തീർന്നു എന്നു ഞാൻ കണ്ടു. പാപത്തിന് കല്പനയിലൂടെ അവസരം ലഭിച്ചിട്ട് എന്നെ ചതിക്കയും, അത് കൽപ്പനയിലൂടെ എന്നെ കൊല്ലുകയും ചെയ്തു. ആകയാൽ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നെ.

പങ്ക് വെക്കു
റോമർ 7 വായിക്കുക

റോമർ 7:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാൻ സംസാരിക്കുന്നതു: മനുഷ്യൻ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന്നു അവന്റെമേൽ അധികാരമുണ്ടു എന്നു നിങ്ങൾ അറിയുന്നില്ലയോ? ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവു മരിച്ചാൽ അവൾ ഭർത്തൃന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവളായി. ഭർത്താവു ജീവിച്ചിരിക്കുമ്പോൾ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു പേർവരും; ഭർത്താവു മരിച്ചു എങ്കിലോ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തിൽനിന്നു സ്വതന്ത്രയാകുന്നു. അതുകൊണ്ടു സഹോദരന്മാരേ, നാം ദൈവത്തിന്നു ഫലം കായ്ക്കുമാറു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനായ വേറോരുവന്നു ആകേണ്ടതിന്നു നിങ്ങളും ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു. നാം ജഡത്തിലായിരുന്നപ്പോൾ ന്യായപ്രമാണത്താൽ ഉളവായ പാപരാഗങ്ങൾ മരണത്തിന്നു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളിൽ വ്യാപരിച്ചുപോന്നു. ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവരായിരിക്കുന്നു. ആകയാൽ നാം എന്തു പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുതു. എങ്കിലും ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുതു എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറികയില്ലായിരുന്നു. പാപമോ അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നിൽ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിർജ്ജീവമാകുന്നു. ഞാൻ ഒരുകാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പന വന്നപ്പോൾ പാപം വീണ്ടും ജീവിക്കയും ഞാൻ മരിക്കയും ചെയ്തു. ഇങ്ങനെ ജീവന്നായി ലഭിച്ചിരുന്ന കല്പന എനിക്കു മരണ ഹേതുവായിത്തീർന്നു എന്നു ഞാൻ കണ്ടു. പാപം അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു. ആകയാൽ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നേ.

പങ്ക് വെക്കു
റോമർ 7 വായിക്കുക

റോമർ 7:1-12 സമകാലിക മലയാളവിവർത്തനം (MCV)

സഹോദരങ്ങളേ, ഒരാൾ ജീവിച്ചിരിക്കുന്ന കാലത്തുമാത്രമാണ് ന്യായപ്രമാണത്തിന് അയാളുടെമേൽ അധികാരമുള്ളത് എന്നു നിങ്ങൾക്കറിഞ്ഞുകൂടേ? ന്യായപ്രമാണം അറിയുന്നവരോടാണല്ലോ ഞാൻ സംസാരിക്കുന്നത്. ഉദാഹരണമായി, വിവാഹിതയായ സ്ത്രീ ജീവനോടിരിക്കുന്ന ഭർത്താവിനോട് നിയമത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഭർത്താവു മരിച്ചാൽ, അയാളോട് ബന്ധിക്കുന്ന നിയമത്തിൽനിന്ന് അവൾ വിമുക്തയായിത്തീരുന്നു. ഭർത്താവ് ജീവിച്ചിരിക്കെ ഒരു സ്ത്രീ മറ്റൊരാളെ സ്വീകരിച്ചാൽ അവൾ വ്യഭിചാരിണി എന്നു വിളിക്കപ്പെടും. എന്നാൽ ഭർത്താവു മരിച്ചാലോ ഭർത്താവിനോട് അവളെ ബന്ധിക്കുന്ന നിയമത്തിൽനിന്ന് അവൾ സ്വതന്ത്രയായിത്തീരുന്നു. പിന്നീട് മറ്റൊരു പുരുഷനെ സ്വീകരിച്ചാൽ അവൾ വ്യഭിചാരിണിയാകുകയില്ല. അതുപോലെതന്നെ, എന്റെ സഹോദരങ്ങളേ, ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമായതിലൂടെ ന്യായപ്രമാണസംബന്ധമായി നിങ്ങളും മരിച്ചിരിക്കുന്നു. അതാകട്ടെ, മറ്റൊരാളിന്റെ, മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട ക്രിസ്തുവിന്റെ, സ്വന്തമായി നാം തീരേണ്ടതിനും തന്മൂലം നാം ദൈവത്തിനു സത്ഫലം പുറപ്പെടുവിക്കുന്നവരായി ജീവിക്കേണ്ടതിനുമാണ്. നാം പഴയ സ്വഭാവത്തിന്റെ നിയന്ത്രണത്തിലായിരുന്നപ്പോൾ ന്യായപ്രമാണം വിലക്കുന്നവ ചെയ്യാനുള്ള പാപപ്രലോഭനങ്ങൾ നമ്മുടെ അവയവങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു. ആ പ്രവർത്തനങ്ങൾ മരണത്തിൽ അവസാനിക്കുന്നവയായിരുന്നു. എന്നാൽ ഇപ്പോഴാകട്ടെ, ന്യായപ്രമാണത്തിൽനിന്ന് നാം സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു. നമ്മെ അധീനപ്പെടുത്തിയിരുന്ന ന്യായപ്രമാണത്തെ സംബന്ധിച്ചിടത്തോളം നാം ഇപ്പോൾ മരിച്ചവരാണ്. എഴുതപ്പെട്ട ന്യായപ്രമാണം ആചരിക്കുകയെന്ന പഴയ രീതിയിലല്ല, ആത്മാവിനാൽ നിയന്ത്രിതമായ പുതിയ ജീവിതത്തിലൂടെ നാം ദൈവത്തിനു ശുശ്രൂഷ ചെയ്യുകയാണ് അതിന്റെ ഉദ്ദേശ്യം. എന്താണ് ഇതിന്റെ അർഥം? ന്യായപ്രമാണം പാപമെന്നോ? ഒരിക്കലുമല്ല. എങ്കിലും ന്യായപ്രമാണം ഇല്ലായിരുന്നു എങ്കിൽ പാപം എന്തെന്നു ഞാൻ അറിയുമായിരുന്നില്ല. “മോഹിക്കരുത്,” എന്നു ന്യായപ്രമാണം പറഞ്ഞിരുന്നില്ലെങ്കിൽ മോഹിക്കുന്നത് പാപമോ അല്ലയോ എന്നു ഞാൻ അറിയുകയില്ലായിരുന്നു. എന്നാൽ ഈ കൽപ്പനയിലൂടെ പാപം എന്നിൽ എല്ലാവിധ ദുർമോഹങ്ങൾക്കും അവസരം ഉണ്ടാക്കി. കാരണം ന്യായപ്രമാണത്തിന്റെ അഭാവത്തിൽ പാപം നിർജീവമായിരുന്നു. ഒരുകാലത്ത് ഞാൻ ന്യായപ്രമാണം ഇല്ലാതെ ജീവിച്ചിരുന്നു; എന്നാൽ ന്യായപ്രമാണത്തിലെ കൽപ്പന വന്നപ്പോൾ പാപം എന്നിൽ സജീവമാകുകയും ഞാൻ മരിക്കുകയും ചെയ്തു. ഇങ്ങനെ, ജീവദായകമായിത്തീരേണ്ടിയിരുന്ന ന്യായപ്രമാണകൽപ്പനതന്നെ എന്റെ മരണത്തിനു ഹേതുവായിത്തീർന്നു എന്നു ഞാൻ കണ്ടെത്തി. കൽപ്പന മുഖാന്തരം ലഭിച്ച അവസരം മുതലെടുത്ത് പാപം എന്നെ വഞ്ചിക്കുകയും കൊല്ലുകയും ചെയ്തു. ന്യായപ്രമാണം വിശുദ്ധമാണ്; അതിലെ കൽപ്പനകൾ വിശുദ്ധവും നീതിയുക്തവും നല്ലതുംതന്നെ.

പങ്ക് വെക്കു
റോമർ 7 വായിക്കുക